എന്റെ മറുപടി കേട്ട് രേണു പെട്ടന്ന് ഒന്ന് അമ്പരന്ന് ചുറ്റും നോക്കി.. ക്ലാസ്സ് കഴിഞ്ഞു സംസാരിക്കാം എന്ന മട്ടിൽ അവൾ എന്നെ കണ്ണ് കാണിച്ചു.. ഞാൻ അവരൊന്നും കേൾക്കില്ല എന്ന മട്ടിൽ തിരിച്ചു ആംഗ്യം കാണിച്ചു ബെഞ്ചിന് അറ്റത്തേക്ക് കുറച്ചു കൂടെ നീങ്ങി ഇരുന്നു. രേണു ഡെസ്കിന്റെ അറ്റത്തു എന്നോട് ചേർന്ന് നിന്നു. ഞാൻ ചുമ്മാ ഒരു ബുക്ക് ഞങ്ങൾക്ക് ഇടയിൽ തുറന്നു വച്ചു അതിൽ നോക്കി സംസാരിച്ചു..
‘ആരും കേൾക്കില്ല.. നീ എന്തെങ്കിലും ഒന്ന് പറ..’
ഞാൻ അവളോട് പറഞ്ഞു. അവൾ എന്റെ അടുത്തിരിക്കുന്ന രാഹുലിനെയും ആഷിക്കിനെയും നോക്കി. അവർക്ക് മാത്രേ ഞങ്ങൾ സംസാരിക്കുന്നത് കേൾക്കാവൂ..
‘ഞാൻ എന്ത് പറയാൻ ആട ഇതിൽ ഇപ്പൊ..? നീ അവളോട് കാര്യം പറഞ്ഞോ..?
രേണു എന്നോട് ചോദിച്ചു
‘ഇല്ല.. എങ്ങനെ ഇത് അവളോട് അവതരിപ്പിക്കും എന്നൊരു സംശയം..’
‘നീ അവളോട് നേരിട്ട് പറ മനസ്സിൽ ഇട്ടോണ്ട് നടക്കാതെ.. മനസ്സിൽ പറയാതെ വച്ചോണ്ട് ഇരുന്നാൽ അന്ന് അവൾ തള്ളിയ കല്യാണ ആലോചന പോലെ ശരിക്കും എന്തെങ്കിലും ഒക്കെ വരും..’
അവൾ എന്നെ ഉപദേശിച്ചു
‘പക്ഷെ ഇത് പറഞ്ഞാൽ അവൾ എങ്ങനെ റിയാക്ട് ചെയ്യും എന്ന് അറിയില്ല. ചിലപ്പോ ഇപ്പൊ ഉള്ള കമ്പനി പോയാലോ..? അതാണ് എനിക്കൊരു പേടി..’
‘അതൊന്നും ഇല്ല.. നീ കാര്യം പറ..’
അടുത്തിരുന്ന ആഷിക്ക് എനിക്ക് ധൈര്യം തന്നു
‘നിനക്ക് അവൾ കംഫർട്ടബിള് ആണെന്ന് തോന്നുന്ന ഒരു ടൈം നോക്കി കാര്യം അവതരിപ്പിക്ക്.. ഒട്ടും വൈകിക്കരുത്..’
രേണു എന്റെ ബുക്കിൽ വെറുതെ കയ്യോടിച്ചു കൊണ്ട് പറഞ്ഞു.. ഈ സമയം ഞങ്ങൾ എല്ലാരും ഇഷാനിയെ ഒരുമിച്ചു നോക്കി. അത് അവൾ ശ്രദ്ധിക്കുകയും ചെയ്തു.. ഞങ്ങൾ എല്ലാവരും അവളെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് അവൾക്ക് തോന്നാൻ തുടങ്ങി..
‘അവൾ ശ്രദ്ധിക്കുന്നുണ്ട്.. അങ്ങോട്ട് നോക്കാതെ നേരെ ഇരിയെടാ..’
രേണു ആഷിക്കിന്റെ കയ്യിൽ ഒരു കൊട്ട് കൊടുത്തു തിരികെ ബോർഡിന് അടുത്തേക്ക് നടന്നു..
അന്ന് ഇന്റർവെൽ ആയപ്പോ ഇഷാനി ഞങ്ങൾ സംസാരിച്ചത് എന്താണെന്ന് എന്നോട് ചോദിച്ചു.. ഞാൻ ക്ലാസ്സിൽ സംശയം തോന്നിയ കാര്യം ചോദിച്ചത് ആണെന്ന് പറഞ്ഞിട്ടും അവൾക്ക് വിശ്വാസം വന്നില്ല. അവളെപ്പറ്റി എന്തോ പറഞ്ഞു എന്ന് അവൾ ശരിക്കും വിശ്വസിച്ചു.. എന്റെ മറുപടികളിൽ എല്ലാം കുറച്ചു കള്ളത്തരം മുഴച്ചു നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയിരിക്കണം..
അന്ന് വൈകുന്നേരം തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ആണ് വീടിന്റെ പടിയിൽ എന്നെ കാത്തു ഒരാൾ ഇരിക്കുന്നത് ഞാൻ കണ്ടത്.. ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ – ലക്ഷ്മി
‘നീ എപ്പോ.. എപ്പോ വന്നു..?
അവൾ എപ്പോ വന്നു എന്നതിന് ഉപരി എന്തിന് ഇപ്പൊ ഇവിടെ വന്നു എന്നതാണ് എനിക്ക് സംശയം ഉണ്ടാക്കിയത്.. അവളുടെ മുഖത്ത് ആണേൽ യാതൊരു വിധ ദേഷ്യവും പരിഭവവും ഇല്ല. ഏറ്റവും നല്ല മൂഡിൽ ലച്ചുവിനെ എങ്ങനെ കാണാൻ കഴിയുമോ അതെ മുഖം.. അതാണ് ശരിക്കും എന്നെ പേടിപ്പിച്ചത്
ഞാൻ അവളോട് ചതി കാണിച്ചു എന്നാണ് അവൾ കരുതിയിരിക്കുന്നത്. അങ്ങനെ ഒരാൾക്ക് എങ്ങനെ എന്നോട് ഇത്ര സൗമ്യമായി പെരുമാറാൻ കഴിയും…? അവളുടെ സ്വഭാവം വച്ചു അവളുടെ ഉദ്ദേശം എന്താണെന്ന് ഊഹിക്കാൻ തുടങ്ങിയപ്പോൾ നല്ലതൊന്നും എന്റെ തലച്ചോർ എനിക്ക് കാണിച്ചു തന്നില്ല.. വല്ല വിഷ ജ്യൂസോ ആസിഡ് കുപ്പിയോ വല്ലോം ആയിട്ടാണോ അവളുടെ വരവ്.. ഹേയ് എന്നോട് അവൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. ഞാൻ സമാധാനിക്കാൻ ശ്രമിച്ചു
‘ഞാൻ വന്നിട്ട് കുറച്ചു നേരമായി..’
വളരെ പതുക്കെ അവൾ പറഞ്ഞു.
‘വിളിക്കരുന്നില്ലേ..? ഞാൻ ലേറ്റ് ആയിരുന്നെലോ..?
കതക് തുറന്നു അവളെ ഉള്ളിലേക്ക് ക്ഷണിച്ചു കൊണ്ട് ഞാൻ പറഞ്ഞു
‘എത്ര ലേറ്റ് ആയാലും നിന്നെ വെയിറ്റ് ചെയ്തോളാമായിരുന്നു..’
ഒരു ചെറിയ ചിരിയോടെ അവൾ പറഞ്ഞു
‘നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്ത്.. ജ്യൂസ് അടിക്കട്ടെ..’
