റോക്കി – 4 12അടിപൊളി  

റൊണാൾഡോയുടെ ഐക്കണിക്ക് സെലിബ്രേഷൻ ഇട്ടു അവൻ കളിയിലെ താരം ആയി.. ഗാലറിയിൽ ഞങ്ങളുടെ പിള്ളേർ മരിപ്പിനു വന്നിരിക്കുന്ന പോലെ മൂകരായി.. ഞങ്ങളും ഏകദേശം മരിച്ച അവസ്‌ഥ തന്നെ ആയിരുന്നു

 

എനിക്ക് എന്നിൽ തന്നെ ഉള്ള വിശ്വാസം നഷ്ടം ആയി. രണ്ടാമത്തെ ഗോൾ എന്റെ പിഴവിൽ നിന്നാണ്.. ഗോളി മാത്രം മുന്നിലുള്ള ഒരു അവസരം ആയിരുന്നു എനിക്ക് കിട്ടിയത്.. ഞാൻ കുറച്ചു കൂടി വേഗത്തിൽ ഓടിയിരുന്നു എങ്കിൽ ഞങ്ങൾക്ക് അതൊരു അവസരം ആയേനെ.. എന്നാൽ സംഭവിച്ചത് എന്നെ കീഴ്പ്പെടുത്തി ബോളും സ്വന്തം ആക്കി അവർ വീണ്ടുമൊരു ഗോൾ കൂടി അടിച്ചിരിക്കുന്നു.. ഞാൻ നിരാശയോടെ കൈ ഉരത്തിൽ വച്ചു ഗാലറിയിലേക്ക് നോക്കി.. എന്റെ മുഖത്തുള്ള അതേ നിരാശ എല്ലാവരുടെയും മുഖത്തുണ്ട്.. എസ് എൻ കോളേജിലെ പിള്ളേർ ആകട്ടെ ഒരു സൈഡിൽ ഇരുന്ന് വമ്പൻ ഓളം ഉണ്ടാക്കുന്നുമുണ്ട്.. ഞാൻ ഇഷാനി ഇരിക്കുന്ന സ്ഥലത്തേക്ക് നോക്കി. ഞാൻ നോക്കുന്നത് അവൾ കണ്ടു. ഞാൻ വിഷമത്തോടെ എന്നെ കൊണ്ട് പറ്റുന്നില്ല എന്ന മട്ടിൽ ചെറുതായ് ഒന്ന് തലയാട്ടി. നിനക്ക് സാധിക്കും എന്നൊരു അർഥത്തിൽ അവൾ തിരിച്ചു തലയാട്ടി..

 

അവൾ പറഞ്ഞത് പോലെ എന്നെ കൊണ്ട് സാധിക്കും എന്നൊക്കെ ഞാൻ സ്വയം വിശ്വസിച്ചു. പക്ഷെ യാഥാർഥ്യം മറ്റൊന്നായിരുന്നു.. എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ലായിരുന്നു.. ബോൾ എന്നിലേക്ക് എത്തിയപ്പോൾ എല്ലാം എന്നെ മാർക്ക്‌ ചെയ്ത് നിന്നിരുന്ന ഒരു കറുത്ത പയ്യൻ എന്നെ മുന്നോട്ടു ഓടാൻ നോക്കാതെ പൂട്ടി. ശരിക്കും അവന്റെ പോക്കറ്റിൽ ആയിരുന്നു ഞാൻ പിന്നീട്.. ബോൾ ഞാൻ തൊടുന്നത് പോലും കുറഞ്ഞു

 

ഞങ്ങളുടെ ബോക്സിൽ എതിർ ടീമിന്റെ ഒരു ജാലിയൻ വാലാബാഗ് ആയിരുന്നു നടന്നത്. ഞങ്ങളുടെ ഓരോ കളിക്കാരെയും അവർ തിരഞ്ഞു പിടിച്ചു ഊക്കി വിടുന്നത് പോലെ ആയിരുന്നു പിന്നെ കളി. എന്നേ മാത്രം അല്ല എന്റെ ടീമിലെ എല്ലാവരെയും അവർ പൊട്ടന്മാരാക്കി കൊണ്ടിരുന്നു. ആകെ ഞങ്ങളുടെ കൂട്ടത്തിൽ കുറച്ചെങ്കിലും നന്നായി കളിച്ചത് ഞങ്ങളുടെ ക്യാപ്റ്റൻ ചന്തു മാത്രം ആയിരുന്നു.. അവരുടെ പല നീക്കങ്ങളും അവസാനം തകർന്നത് അവന്റെ ബൂട്ട് വഴി ആയിരുന്നു.. അതിന് അവർ അവനൊരു പാരിതോഷികവും കൊടുത്തു. ബോളിനായി ശ്രമിക്കുന്നതിനു ഇടയിൽ അറിയാത്തത് പോലെ അവന്റെ മുട്ടിൽ ആഞ്ഞൊരു ചവിട്ട്..

വേദന കൊണ്ട് പിടഞ്ഞു ചന്തു നിലത്തുരുണ്ടു.. താൻ ഒന്നും ചെയ്തില്ല എന്ന മട്ടിൽ ചവിട്ടിയ ചെമ്പൻ മുടിക്കാരൻ പയ്യൻ കൈ മലർത്തി റഫറിയേ നോക്കി.. അവൻ ശരിക്കും ചവിട്ടിയത് ഞാൻ കണ്ടതാണ്. അത് ബോളിന് വേണ്ടി ആയിരുന്നില്ല എന്നും വ്യക്തമാണ്.. ഞാൻ ഓടി വന്നു അവന്റെ നെഞ്ചിൽ ഒരു തള്ള് കൊടുത്തു. എന്റെ തള്ളിന്റെ ആയത്തിൽ അവൻ മറിഞ്ഞു വീണു.. കടന്നൽ പോലെ അവരുടെ ടീം എനിക്ക് നേരെ ഇരച്ചു വന്നു..

വാ… ഞാൻ പല്ലിറുമ്മി കൈ ചുരുട്ടി നിന്നു. എന്നാൽ അവർ എന്നെ തൊടുന്നതിനും മുമ്പ് എന്റെ ടീം അംഗങ്ങൾ എന്നെ വളഞ്ഞു. വാഗ്വാദം കുറച്ചു നേരം നീണ്ടു നിന്നു.. ചന്തു മെല്ലെ എഴുന്നേറ്റു നിന്നു. വേദന ഉണ്ടെങ്കിലും കളിക്കാം എന്ന് അവൻ പറഞ്ഞു.. ചന്തുവിനെ ചവിട്ടിയ ചെമ്പൻ മുടിക്കാരന് യെല്ലോ കാർഡും എനിക്കൊരു വാണിങ്ങും കിട്ടി.. ശരിക്കും അവന് റെഡ് കിട്ടണ്ട ചവുട്ടായിരുന്നു.. എന്റെ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലായിരുന്നു

 

‘നീ ഒന്ന് അടങ്ങ്.. നമ്മൾ ഇപ്പോൾ രണ്ട് ഗോൾ ബാക്കിൽ ആണ്.. കളിയിൽ ശ്രദ്ധിക്ക്. കാർഡ് വാങ്ങി വെളിയിൽ പോകാതെ നോക്ക്…’

ചന്തു എന്റെ അടുത്ത് വന്നു പതിയെ ഉപദേശിച്ചു

അവന്റെ കാലിനു നല്ല വേദന ഉണ്ടായിരുന്നു.. എന്നാലും അത് വച്ചു അവൻ കളിച്ചു. പക്ഷെ പഴയത് പോലെ ആയിരുന്നില്ല എന്ന് മാത്രം. ചന്തു തളർന്നതോടെ കുത്തഴിഞ്ഞ ഞങ്ങളുടെ പ്രതിരോധത്തിൽ അവർ കേറി മേഞ്ഞു.. ഞങ്ങൾക്ക് കുറച്ചു ഭാഗ്യം എവിടെയോ മിച്ചം ഉള്ളത് പോലെ എനിക്ക് തോന്നി.. അവർ അടിച്ച രണ്ട് ബോൾ പോസ്റ്റിൽ തട്ടിയാണ് ഗോൾ ആകാഞ്ഞത്. ഭാഗ്യത്തിന് മാത്രം ക്രെഡിറ്റ്‌ കൊടുക്കുന്നതും ശരിയല്ല.. ഗോൾ എന്നുറപ്പിച്ച മൂന്നെണ്ണം അത്യുഗ്രൻ സേവിലൂടെ ഞങ്ങളുടെ ഗോളി അച്ചു എന്ന് വിളിപ്പേരുള്ള അവിനാശ് കയ്യിലൊതുക്കി. ടീമിൽ ഇപ്പോളും കുറച്ചെങ്കിലും ജീവൻ ബാക്കിയുള്ളത് അവനിൽ മാത്രം ആയിരുന്നു. മൊത്തത്തിൽ ശോകം ആയിരുന്ന ഞങളുടെ കാണികൾക്ക് ചെറുതായ് ഒന്ന് കയ്യടിക്കാൻ പാകത്തിന് എന്തെങ്കിലും കൊടുക്കാൻ അവന്റെ സേവിന് കഴിഞ്ഞു. ഒരു അഞ്ചു ഗോൾ എങ്കിലും കേറണ്ട കളി പകുതി സമയം ആയപ്പോൾ രണ്ട് – പൂജ്യത്തിന് നിന്നത് കുറെയൊക്കെ ഭാഗ്യവും അവനും കാരണം ആയിരുന്നു