അവസാനമായി എന്റെ അരികിലേക്ക് നടന്നു വന്നു എന്റെ കവിളിൽ ഒരുമ്മയും തന്നു ഇത് കൂടി പറഞ്ഞിട്ട് അവൾ എന്റെ വീടിന്റെ വാതിൽ കടന്നു പുറത്തേക്ക് പോയി..
‘ ഞാൻ ശരിക്കും സീരിയസ് ആയ ഒരേയൊരാൾ.. അത് നീ മാത്രം ആയിരുന്നു അർജൂ…’
അവൾ പോയിട്ടും അവൾ മുത്തം തന്ന എന്റെ കവിളിൽ ഞാൻ തൊട്ട് കൊണ്ട് നിന്നു. ഞാൻ അവളെക്കുറിച്ച് എന്തൊക്കെ ആണ് കരുതിയത് കുറച്ചു മുന്നേ. എന്നെ വിഷം തന്നു കൊല്ലുമെന്നും ആസിഡ് എറിയുമെന്നും ഒക്കെ.. എന്നാൽ അവൾ ചെയ്തത് ചങ്ക് പൊട്ടുന്ന വേദനയിലും എന്നെ ഹാപ്പി ആക്കാൻ സ്വയം മാറി തന്നു.. അവളെക്കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചതിൽ എനിക്ക് സ്വയം വെറുപ്പ് തോന്നി..
ഉള്ളിലെ സങ്കടം പിന്നെയും ഇരച്ചു കയറിയപ്പോൾ ഞാൻ ഷർട്ട് ഊരി നേരെ ഷവറിന്റെ ചോട്ടിൽ പോയി നിന്നു. ഷവറിൽ നിന്ന് സൂചി പോലെ വെള്ളത്തുള്ളികൾ ദേഹത്തേക്ക് പതിച്ചു. ഞാൻ മുഖം ഉയർത്തി നിന്നപ്പോൾ വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞു പതിച്ചു. വെള്ളത്തിനൊപ്പം എന്റെ കണ്ണീരും മുഖത്ത് നിന്ന് താഴേക്ക് ഒഴുകി
ലച്ചു എന്നോട് യാത്ര പറഞ്ഞു ഇറങ്ങിയതിന് ശേഷം എനിക്ക് ഒന്നിലും ഒരു താല്പര്യം ഇല്ലാതെയായി.. വീട് വിട്ടു പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ചുരുക്കം ആയി. വല്ലപ്പോഴും കോളേജിൽ പോകും. അതും പ്രാക്ടീസിന് മാത്രം.. ഇഷാനിയുടെ മുന്നിൽ നിന്നും പരമാവധി ഒഴിവാകാൻ ഞാൻ ശ്രമിച്ചു. രണ്ട് തവണ അവളെന്നെ കാണാൻ ഗ്രൗണ്ടിൽ വന്നപ്പോളും ഞാൻ അവൾ കാണാതെ മുങ്ങി.. അവളുടെ കോളുകൾക്കും ആൻസർ ചെയ്യാതെ ആയി. ജിമ്മിൽ പോക്ക് പദ്മയെ കാണുന്നത് കാരണം കുറച്ചു മുന്നേ നിർത്തിയത് കാരണം ആ വഴിയും അടഞ്ഞു.. മൊത്തത്തിൽ വീട്ടിൽ അടയിരിപ്പായി എന്റെ ദിനചര്യ
ഇതിനിടെ അത്ഭുതകരമാംവണ്ണം ഞങ്ങളുടെ ടീം സെമി ജയിച്ചു. ആദ്യമായ് ആണെന്ന് തോന്നുന്നു ഞങ്ങളുടെ കോളേജ് ടീം യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ചിൽ ഫൈനൽ കളിക്കാൻ പോകുന്നത്.. അതും ഞങ്ങളുടെ കോളേജിൽ വച്ചു.. കപ്പ് അടിക്കാൻ ഇതിലും മികച്ച അവസരം ഞങ്ങൾക്ക് കിട്ടാൻ പോണില്ല. ടീമിൽ ഞാനൊഴിച്ചു ബാക്കിയെല്ലാവരും മുടിഞ്ഞ ത്രില്ലിൽ ആയിരുന്നു. ജയിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും എനിക്കെന്തോ പഴയ പോലെ ഹാപ്പി മോഡ് ഒന്നും വർക്ക് ആകുന്നില്ല എന്ന് തോന്നി..
സെമി ജയിച്ചതിന്റെ പിറ്റേന്ന് ഹോളിഡേ ആയിരുന്നു. കുറെ ദിവസം ആയി ഫുഡ് ഓർഡർ ചെയ്തു വരുത്തിച്ചത് കൊണ്ട് എനിക്ക് ആകെ മടുത്തു. അത് കൊണ്ട് ഇന്ന് എഴുന്നേറ്റ് ഇവിടെ തന്നെ എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി അടുക്കളയിൽ കയറി. ഫുഡ് റെഡി ആയി കൊണ്ട് ഇരിക്കുമ്പോളാണ് കോളിങ് ബെല്ലിന്റെ ശബ്ദം കേൾക്കുന്നത്.. ആരാണ് ഈ രാവിലെ എന്നെ കാണാൻ വന്നതെന്ന് മനസ്സിൽ ഓർത്ത് ഞാൻ ഡോർ തുറന്നു..
‘നീ ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ കരുതി നാട് വിട്ടു പോയി കാണുമെന്ന്..’
ഇഷാനി സ്വല്പം ദേഷ്യത്തിൽ ആണ് അത് പറഞ്ഞത്
‘നീ എന്താ ഇവിടെ.. ഇങ്ങോട്ട് വന്നതാണോ..?
ഞാൻ അവളെ പെട്ടന്ന് കണ്ട അന്ധാളിപ്പിൽ ചോദിച്ചു
‘ഇങ്ങോട്ട് തന്നെ വന്നതാ.. നിന്നെ ഒന്ന് കാണാൻ..’
അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു
‘എന്നാൽ വെളിയിൽ നിക്കാതെ വാ.. ‘
ഞാൻ അവളെ അകത്തോട്ടു ക്ഷണിച്ചു
‘ നീ എന്താ ഇപ്പോൾ എന്നെ ഒഴിവാക്കുന്നെ..? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ നിന്നോട്..?
ഇഷാനി സംശയഭാവത്തിൽ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു
‘ എന്ത് തെറ്റ്.. ആര് ഒഴിവാക്കി എന്ന്.. നീ വാ..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കയറ്റാൻ നോക്കിയപ്പോൾ ബലം പിടിച്ചു അവൾ കൈ വിടുവിച്ചു
‘ ഇല്ല.. നീ എന്തോ ഒളിച്ചു വയ്ക്കുന്നുണ്ട്.. പണ്ടത്തെ പോലെ നമ്മൾ പിന്നെയും കമ്പനി ആയി വന്നതല്ലേ.. ഇപ്പോൾ നീ ആയിട്ട് എന്നെ അവോയ്ഡ് ചെയ്യുന്നു. ക്ലാസ്സിൽ വരില്ല, ഞാൻ വിളിച്ചാൽ എടുക്കില്ല. നിന്നെ കാണാൻ തന്നെ ഞാൻ എത്ര തവണ വന്നെന്നു അറിയാമോ..?
