ഞാൻ പറഞ്ഞു
‘അതും ശരിയാ.. എന്നാൽ വേറെ എന്തെങ്കിലും വഴി കാണും. നമുക്ക് കണ്ടു പിടിക്കാം.. എനിക്ക് ദേഹം വിറയ്ക്കുന്നു.. നീ വാ..’
അവൾ എന്നെ ബലമായി പിടിച്ചു വലിച്ചു മാറ്റാൻ നോക്കി
‘ഇനിയിപ്പോ വേറെ വഴിയില്ല.. നല്ല വണ്ണം ഇരുട്ടി.. ഞാൻ പെട്ടന്ന് വരാം..’
‘എടാ ക്യാമറ ഒക്കെ ഉള്ളതല്ലേ.. നിന്നെ മനസിലാകില്ലേ..?
അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാൻ തുടങ്ങി
‘അതിനല്ലേ ഞാൻ ഈ ജാക്കറ്റ് മോളിൽ കൂടെ ഇട്ടത്. എന്നിട്ട് ദേ ഈ ടവ്വൽ അങ്ങോട്ട് മുഖത്ത് കെട്ടും..’
ടവ്വൽ മുഖത്ത് കെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. മഴയത്ത് ഇടുന്ന ഒരു മഞ്ഞ നിറത്തിലെ എന്റെ ജാക്കറ്റ് ഞാൻ ധരിച്ചിരുന്നു..
‘ഈശ്വരാ… ആരും കാണാതെ ഇരുന്നാൽ മതിയായിരുന്നു..’
ഇഷാനി കണ്ണടച്ച് പ്രാർഥിക്കുന്ന പോലെ പറഞ്ഞു
‘നീ ഇവിടെ നിക്കണ്ട. കുറച്ചു അങ്ങോട്ട് മാറി നിന്നൊ.. ഇരുട്ടാണ് ഇവിടെ. തന്നെ നീ നിക്കുന്നത് സീനാണ്..’.
അവളോട് പോകാൻ പറഞ്ഞിട്ട് ഞാൻ കുറച്ചു പിന്നിലേക്ക് ചാടാനുള്ള ആയത്തിന് വേണ്ടി നീങ്ങി. ആയം എടുത്തു ഓടി ഒരു കാൽ മതിലിൽ ചവുട്ടി ഞാൻ ഉയർന്നു പൊങ്ങിയപ്പോൾ ഇഷാനി അന്തം വിട്ട് വാ പൊളിച്ചു നിന്നു. ഒരു കൈ മതിലിനു മുകളിൽ ഞാൻ പിടിച്ചിരുന്നു. ആ ബലത്തിൽ അടുത്ത കയ്യ് കൂടി പിടിചു ബലം എടുത്തു ഞാൻ മുകളിലേക്ക് ആഞ്ഞു പൊങ്ങി. ഇപ്പോൾ എന്റെ നെഞ്ച് വരെ മതിലിനു മേലെ ഉണ്ട്. ഞാൻ വലത് കാൽ ഉയർത്തി മതിലിനു മേലെ വച്ചു.. രണ്ടു കാലും മതിലിനു മേലെ കയറ്റി അതിന് മുകളിൽ സ്വസ്‌ഥമായി ഇരുന്ന് ഞാൻ ഇഷാനിയോട് പോകാൻ ആംഗ്യം കാണിച്ചു. അവൾ മടിച്ചു മടിച്ചു പിന്നിലേക്ക് നീങ്ങി.. നോട്ടം അപ്പോളും എന്നിൽ തന്നെ ആയിരുന്നു..
എല്ലാം സെറ്റ് ആക്കാമെന്ന ഒരു ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ മതിലിൽ നിന്ന് താഴേക്ക് ഒരു ചാട്ടം കൊടുത്തു.. എന്റെ കാൽ നിലത്തു കുത്തിയപ്പോൾ ആണ് ഒരു ചിമിട്ടൻ കൊള്ളിയാൻ ആകാശത്തു പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷത്തേക്ക് ഭൂമി മുഴുവൻ ആ രാത്രിയിൽ പകലായത് പോലെ.. ഇരുട്ടത്ത് കോളേജിൽ ഒളിച്ചു കയറിയ എനിക്ക് പ്രകൃതി പണി തന്നു.. പക്ഷെ ഭാഗ്യത്തിന് ബാത്രൂം സൈഡ് ആയത് കൊണ്ട് സെക്യൂരിറ്റി ഒന്നും എന്നെ കണ്ടില്ല..
കൊള്ളിയാൻ മിന്നുന്നതും ഇടി ഭൂകമ്പം പോലെ മുഴങ്ങുന്നതും ഇഷാനിയിൽ ഭയം വിതച്ചു കൊണ്ടിരുന്നു. വൃത്തികെട്ട സമയത്തു ഓരോ വൃത്തികെട്ട അറ്റ്മോസ്ഫിയർ..! അവൾ മനസ്സിൽ പറഞ്ഞു. ഒരു അഞ്ചു മിനിറ്റ് ആയി കാണും അർജുൻ പോയിട്ട്.. ആ അഞ്ചു മിനിറ്റ് അവൾ തള്ളി വിട്ടത് എത്ര പ്രയാസം ആണെന്ന് പറഞ്ഞാൽ മനസിലാവില്ല.. ഇഷാനി തിരിച്ചു മതിലിനു അടുത്ത് വന്നു ചെവിയോർത്തു.. എന്തെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ..? എന്തോ ശബ്ദം കേട്ടത് പോലെ അവൾ മതിലിൽ ചെവി വച്ചു കേൾക്കാൻ ശ്രമിച്ചപ്പോൾ ആണ് അവളുടെ തൊട്ട് സൈഡിൽ മുകളിൽ നിന്ന് എന്തോ വന്നു പതിച്ചത്.. ഇഷാനി ഞെട്ടി തരിച്ചു കൊണ്ട് പിന്നിലേക്ക് മാറി
‘നീയാരുന്നോ..? പേടിപ്പിച്ചല്ലോ… പേപ്പർ കിട്ടിയോ..?
അർജുനെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ അവളിൽ ഇല്ലാതെ ആയി. ആ ആവേശത്തിൽ അവൾ ചോദിച്ചു
‘നീ എന്താ മതിലിന്റെ അടുത്ത് വന്നു ബഷീർ കളിക്കുവായിരുന്നോ..? നിന്നോട് ഞാൻ മാറി നിൽക്കാൻ അല്ലേ പറഞ്ഞത്..’
വല്ലാതെ അണച്ചു കൊണ്ട് ഞാൻ പറഞ്ഞു
‘നീ എന്താ ഇങ്ങനെ അണയ്ക്കുന്നെ..? കാര്യം ശരിയായോ..?
ഇഷാനിക്ക് എന്തോ പന്തികേട് തോന്നി
‘ഞാൻ.. എന്നെ.. ഓടിച്ചു…’
ഞാൻ അണച്ചു കൊണ്ട് പറഞ്ഞു. പെട്ടന്ന് മതിലിനു മുകളിലേക്ക് നോക്കി ഞാൻ ഒന്ന് ഞെട്ടി തരിച്ചു.. ഓടാൻ പറഞ്ഞു ഇഷാനിയുടെ കൈ പിടിച്ചു ഞാൻ ബൈക്ക് വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഓടി.. അർജുന്റെ ഞെട്ടൽ കണ്ടത് കൊണ്ട് മതിലിനു മുകളിലേക്ക് നോക്കാനുള്ള ധൈര്യം ഇഷാനിക്ക് ഇല്ലായിരുന്നു.. എന്തോ ഒന്ന് തങ്ങളുടെ പിറകെ ഉണ്ടെന്ന് മാത്രം അവൾക്ക് മനസിലായി
