റോക്കി – 4അടിപൊളി  

 

അന്ന് ഇഷാനിയുടെ അമ്മ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷയായ ആ ദിവസം, ഇഷാനിയോട് എനിക്കുള്ള ഫീലിംഗ്സ് പ്രണയം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞ ആ ദിവസം മുതൽ ഞാൻ ലച്ചുവിൽ നിന്നും അകലാൻ തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവൾ എന്തോ തിരക്കിന്റെ പിറകിൽ ആയിരുന്നു. അത് വേഗം തീർത്തു അവൾ എന്റെ അടുത്ത് എത്തിയപ്പോൾ പല പല കള്ളങ്ങൾ പറഞ്ഞു ഞാൻ അവളുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറി. ഇഷാനിയാണ് കാരണം എന്ന് എനിക്ക് അവളോട് പറയാമായിരുന്നു. പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്ക് ഉള്ളിലൊരു പേടി ഉണ്ടായി. കാര്യം ലച്ചു ഇപ്പോൾ അലമ്പ് പണി ഒന്നും എടുക്കാറില്ല എങ്കിലും എന്നോടുള്ള ഇഷ്ടം കൊണ്ട് അവൾ ഇഷാനിയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഞാൻ ഭയന്നു. ആകെയുള്ള വഴി ലച്ചു ആയി ഒരു ഗ്യാപ് ഇടുകയാണ്. അങ്ങനെ പതുകെ അവളോട് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പറയുക. അതായിരിക്കും നല്ലതെന്ന് ഞാൻ കരുതി. ലച്ചുവിനോട് അകലം ഇടാൻ എനിക്ക് കിട്ടിയ ഏറ്റവും ബെസ്റ്റ് മാർഗം ആയിരുന്നു യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ച്.. അത് കഴിയുന്നത് വരെ ഞാൻ ഒടുക്കത്തെ ബിസി ആയിരിക്കും എന്നും കലാപരിപാടികൾ ഒന്നും അതിനിടക്ക് വേണ്ട എന്നും അവളോട് ഞാൻ പറഞ്ഞു. കുറച്ചു സെന്റി അടിച്ചു എങ്കിലും കോളേജിന് വേണ്ടി ഞാൻ കപ്പടിക്കുന്ന കാണാൻ ഉള്ള ആഗ്രഹത്തിൽ ആ പാവം അത് സമ്മതിച്ചു.

 

ലച്ചുവുമായി ഒരു അകലം സൃഷ്ടിച്ചപ്പോൾ അതേ സമയം ഇഷാനി ആയി ഞാൻ കൂടുതൽ അടുത്തു കൊണ്ടിരുന്നു. അന്ന് മാച്ച് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു. അത് കൊണ്ട് തന്നെ ഇഷാനിയെ അന്നത്തെ ദിവസം കാണാൻ പറ്റിയില്ല. അവളുടെ കടയിൽ ചെന്നാൽ ഇപ്പോൾ അവളെ കാണാൻ പറ്റിയേക്കും. പക്ഷെ ഞാൻ കടയ്ക്ക് ഉള്ളിൽ കയറാതെ വഴിയിൽ മാറി നിന്നതേ ഉള്ളു. അവൾ ഷോപ്പ് അടച്ചു കഴിഞ്ഞു വരുമ്പോൾ കാണാമെന്ന ചിന്തയിൽ ഞാൻ കടയിൽ നിന്നും അല്പം മാറി നിന്നു. ഒരു പത്തു പതിനഞ്ചു മിനിറ്റ് അവിടെ നിന്നപ്പോളേക്കും ഷോപ്പ് അടച്ചു ഇഷാനിയും ഷോപ്പ് ഓണറും പുറത്തേക്ക് വന്നു. അപ്പോളാണ് രണ്ട് പേരും എന്നെ കണ്ടത്. എന്നെ കണ്ടതും ഓണർ ചേച്ചിയോട് എന്തോ പറഞ്ഞിട്ട് എന്റെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ വന്നു

 

‘ഇന്ന് ക്വാർട്ടർ ആയിരുന്നു. ഞങ്ങൾ ജയിച്ചു..’

ഇന്നത്തെ യൂണിവേഴ്സിറ്റി മാച്ച് ജയിച്ചതിനെപ്പറ്റി ഞാൻ അവളോട് പറഞ്ഞു.

 

‘ കൺഗ്രാറ്റ്ലഷൻസ്… നിങ്ങൾ ജയിച്ചത് ഞാൻ കോളേജിൽ വച്ചു അറിഞ്ഞിരുന്നു..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘എന്നിട്ട് ഒന്ന് വിളിച്ചു കൺഗ്രാട്സ് പറഞ്ഞില്ലല്ലോ..’

ഞാൻ വെറുതെ പറഞ്ഞു

 

‘കളിയൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കുവല്ലേ.. കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് കരുതി..’

ഞാൻ ചാരി നിൽക്കുന്ന ബൈക്കിലെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് എന്നോട് ചേർന്നു നിന്ന് അവൾ പറഞ്ഞു

 

‘ഞാൻ ഇറങ്ങിയില്ല. പിന്നെ എങ്ങനെ ക്ഷീണിക്കും..’

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

 

‘അപ്പോൾ ഇന്നും ഇറങ്ങിയില്ലേ..? ശോ എന്റെ ഒരു കൺഗ്രാറ്റ്ലഷൻസ് വേസ്റ്റ് ആയല്ലോ..’

അവൾ എന്നെ കളിയാക്കി പറഞ്ഞു

 

‘വേസ്റ്റ് ഒന്നും ആയില്ല. കളിക്കാൻ ഇറങ്ങിയില്ലേലും എന്റെ കോച്ചിങ്ങിൽ ആണ് പിള്ളേർ ജയിച്ചത്… മുടിയുള്ള പെപ് ഗ്വാർഡിയോള ആയിരുന്നു ഇന്ന് ഞാൻ..’

ഞാൻ പറഞ്ഞ പേര് മനസിലാകാതെ അവൾ എന്നെ ഒന്ന് നോക്കി

 

‘അതാര്…?

 

‘എൻസൈക്ലോപീഡിയായ്ക്ക് പെപ്പിനെ അറിയില്ലേ..’

ഞാൻ അവളുടെ നെറ്റിയിൽ ഒരു കൊട്ട് കൊടുത്തു. ഇഷാനി സ്പോർട്സ് ഒന്നും അത്ര ഫോളോ ചെയ്യുന്ന കൂട്ടത്തിൽ അല്ല. അവളുടെ ക്യാരാക്ടറിൽ എനിക്ക് നിരാശ തോന്നിയ ഒരു കാര്യം അതായിരുന്നു.. ലച്ചു ഒക്കെ എല്ലാ സ്പോർട്സും നല്ലത് പോലെ ഫോളോ ചെയ്യുന്ന ആളായിരുന്നു

 

എന്റെ കൈ നെറ്റിയിൽ കൊട്ടി കഴിഞ്ഞു ഇഷാനി എന്തോ വല്ലാതെ പോലെ ആയത് പോലെ എനിക്ക് തോന്നി. ഞാൻ അത്ര ബലത്തിൽ ഒന്നും അല്ല കൊട്ടിയത്. പിന്നെ എന്താണ് അവളിങ്ങനെ പരുങ്ങിയത് പോലെ നിൽക്കുന്നത് എന്ന് ചിന്തിച്ചു വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ ആണ് ലച്ചു കുറച്ചു മാറി ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്..

 

ദൈവമേ.. ഇവൾ ഇതെപ്പോ ഇവിടെ വന്നു. കളിക്കിടയിലും അത് കഴിഞ്ഞും ഒക്കെ അവൾ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു. ഞാൻ അതൊക്കെ ഇഗ്നോർ ചെയ്തതും ആണ്. ഇപ്പോൾ കൃത്യമായി ഇഷാനിയുടെ കൂടെ നിക്കുമ്പോ തന്നെ അവൾ എവിടെ നിന്നൊ കറക്റ്റ് വന്നിരിക്കുന്നു.. ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവളുടെ മുഖഭാവം കണ്ടിട്ട് നല്ല കലിപ്പിൽ ആണെന്ന് ആണ് തോന്നുന്നത്. കൈ കെട്ടി കാറിന് അരികിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് അവൾ. ഞാൻ അങ്ങോട്ട് ചെല്ലണോ അതൊ അവൾ ഇങ്ങോട്ട് വരുമോ..? എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോളാണ് ഒരു ബസ് ഞങ്ങൾ നിൽക്കുന്ന സ്റ്റോപ്പിന് അവിടേക്ക് വന്നു നിന്നത്. അത് ഇഷാനിക്ക് വീട്ടിലേക്ക് പോണ വഴിയുള്ള ബസാണ്. അവളെ ബൈക്കിൽ ഡ്രോപ്പ് ചെയ്യാൻ ഇരുന്നതാണ്. ഇപ്പോളത്തെ സാഹചര്യത്തിൽ അതെന്തായാലും നല്ലതല്ല

 

ഇഷാനി ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി. കാര്യം അത്ര രസത്തിൽ അല്ല ഇപ്പോൾ ഞങ്ങൾക്ക് ഇടയിൽ ഓടുന്നത് എന്ന് അവൾക്ക് മനസിലായി. എന്റെ എക്സ്പ്രഷനിൽ നിന്ന് അവൾക്ക് ഇവിടെ നിന്ന് വിട്ടോളാൻ പറഞ്ഞത് മനസിലായി എന്ന് തോന്നി

 

‘റോക്കി ഭായ്.. ബൈ ബൈ..’

എന്നോട് അത് പതിയെ പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ അവൾ ഓടി ബസിൽ കയറി. ബസ് പോയി കഴിഞ്ഞു ഞാൻ മെല്ലെ ലച്ചുവിന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. അവൾ ഒരു അനക്കവും ഇല്ലാതെ പ്രതിമ കണക്ക് എന്നെ തന്നെ നോക്കി നിൽക്കുകയാണ്

 

‘ലച്ചു.. നീ എന്താ ഇവിടെ..? എവിടെ പോയതാ… ഞങ്ങൾ ഇന്ന് മാച്ച് ജയിച്ചു..’

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് എങ്ങനെയോ വിഷയം തിരിക്കാൻ ശ്രമിച്ചു

 

‘നീ എന്താ ഞാൻ വിളിച്ചാൽ ഒന്നും എടുക്കാത്തത്..?

അവളുടെ ചോദ്യം വളരെ ഉറച്ച ശബ്ദത്തിൽ ആയിരുന്നു. രണ്ടിൽ ഒന്നിന് ഇന്ന് തീരുമാനം ആകുമെന്ന് എനിക്ക് തോന്നി

 

‘ഞാൻ മാച്ചിന്റെ ആ തിരക്കിൽ തിരിച്ചു വിളിക്കാൻ വിട്ടു പോയെടി.. കളി കഴിഞ്ഞും ഫോൺ അങ്ങനെ ശ്രദ്ധിച്ചില്ല..’

ഞാൻ അവളുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞത് ആണ് അവൾക്ക് ശരിക്കും മനസിലായത് പോലെ തോന്നി

 

‘ഇന്നത്തെ മാത്രം കാര്യം അല്ല അർജുൻ. നീ കുറച്ചു ദിവസങ്ങൾ ആയി എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുകയാണ്. നീ മാച്ചിന്റെ കാര്യം പറഞ്ഞു എന്നെ ഒഴിവാക്കി ഒരുപാട്. പക്ഷെ നിനക്ക് അവളെ കാണാനും മിണ്ടാനും ഒക്കെ ഒരുപാട് സമയം ഉണ്ട്. എന്റെ കോൾ ഒന്ന് ജസ്റ്റ്‌ എടുക്കാൻ ആണ് സമയം ഇല്ലാത്തത് അല്ലേ..?