റോക്കി – 4 12അടിപൊളി  

 

‘തല്ലിക്കൊന്നവരുടെ കൂട്ടത്തിൽ ഞാനില്ല. ഞാൻ ജസ്റ്റ്‌ കാൽ തല്ലിയൊടിച്ചതെ ഉള്ളു.. അത് പോലെ ഉണ്ട് നിന്റെ പറച്ചിൽ..’

ഞാൻ എടുത്തടിച്ചത് പോലെ പറഞ്ഞു

 

‘നീ കളിയാക്കിക്കോ.. ഞാൻ ചെയ്തത് തെറ്റ് തന്നെ ആണെന്ന് ഞാൻ സമ്മതിച്ചല്ലോ… അതിന് ശേഷം ലച്ചു അവളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് നീ അവളോട് ചോദിച്ചു നോക്ക്..’

അത് കൃഷ്ണ പറഞ്ഞത് നേരാവും. അതിന് ശേഷം ലക്ഷ്മി ഇഷാനിയെ ഉപദ്രവിക്കുന്നത് അന്ന് നൂനുവിന്റെ വിഷയത്തിൽ ന്യൂഡ് ഫോട്ടോ എടുത്ത ആ പ്രശ്നത്തിൽ ആണ്. അതാണെങ്കിൽ കൃഷ്ണയ്ക്ക് അറിയുകയും ഇല്ല.

 

‘പക്ഷെ അത് കഴിഞ്ഞു നീ തന്നെ അവളെ ഉപദ്രവിക്കാൻ നോക്കീട്ടില്ലെ..? അന്നൊരിക്കൽ ക്ലാസിൽ നടന്ന മാല മോഷണം ഡ്രാമ.. പിന്നെ അന്ന് ഓണത്തിന് നടന്നത്..?

ഞാൻ വീണ്ടും അവളെ ചോദ്യം ചോദിച്ചു കുരുക്കിൽ ആക്കി

 

‘ഓണത്തിന് നടന്നത് സത്യം ആയും ഞാൻ അറിഞ്ഞല്ല. എന്റെ അപ്പ സത്യം.. പക്ഷെ അന്നത്തെ മാല കേസ്… അതെനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു.. നീ അന്ന് അവളുടെ വീട്ടിലെ കാര്യം പറഞ്ഞു കഴിഞ്ഞു ഒരിക്കൽ പോലും ഞാൻ അവളെ ഹേർട്ട് ചെയ്യാൻ നോക്കിയിട്ടില്ല. ആക്ച്വലി അത് കഴിഞ്ഞു അവളായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കാൻ ഞാൻ പലവട്ടം ട്രൈ ചെയ്തിരുന്നു..’

കൃഷ്ണ ആത്മവിശ്വാസം ചോർന്ന പോലെ പറഞ്ഞു

 

‘ഇത്രയും ഒക്കെ ചെയ്തിട്ട് അവൾ നിന്നെ പിടിച്ചു ഫ്രണ്ട് ആക്കും ഉടനെ എന്ന് കരുതിയോ.. പിന്നെ ആരും ഇല്ലാത്ത കുട്ടി ആണെങ്കിലും നിന്നെ പോലെ എല്ലാവരും ഉള്ള ആൾക്ക് ആണെങ്കിലും വിഷമം എല്ലാം ഒരുപോലെ ആണ്. അത് നീ മനസിലാക്കു..’

ഉപദേശം പോലെയോ ഒരു ചെറിയ ശകാരം പോലെയോ ഞാൻ അത് പറഞ്ഞു. കൃഷ്ണ തല കുനിച്ചു നിൽക്കുക ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിട്ട് ഉണ്ടായിരുന്നു. ഇഷാനിയോട് ചെയ്തതിന്റെ കുറ്റബോധം തികട്ടി വന്നതാണോ അതോ എന്റെ മുന്നിൽ ഉള്ള നല്ല കുട്ടി ഇമേജ് പൊളിഞ്ഞതിന്റെ നിരാശ കൊണ്ടാണോ ആ കണ്ണ് നിറഞ്ഞത് എന്ന് എനിക്ക് അറിയില്ല. എന്തായാലും എല്ലാം ഏറ്റ് പറഞ്ഞ സ്‌ഥിതിക്ക് അവളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാൻ അവളുടെ തലയിൽ ഒന്ന് സ്നേഹത്തോടെ തടവി. മതി, പോട്ടെ എന്നൊരു അർഥം ആ തലോടലിൽ ഉണ്ടായിരുന്നു. ഞാൻ ബൈക്ക് എടുത്തു കോമ്പൗണ്ടിന് വെളിയിൽ പോകുമ്പോളും അവൾ അവിടെ തല കുനിച്ചു തന്നെ നിൽക്കുകയായിരുന്നു…

 

കൃഷ്ണയോട് ആ കാര്യം സംസാരിച്ചത് ഇഷാനിയോട് ഞാൻ പറഞ്ഞതേയില്ല. കൃഷ്ണയോട് ആ കാര്യം ഉള്ളിൽ വച്ചു പെരുമാറിയതും ഇല്ല. അതിനിടയിൽ ഇഷാനിയോടുള്ള എന്റെ പ്രേമം ഉള്ളിൽ മൂടി വയ്ക്കാൻ കഴിയാത്ത വിധം വളർന്നു കൊണ്ടിരുന്നു. ക്ലാസ്സ്‌ ടൈം പോലും എന്റെ കണ്ണുകൾ അവൾ ഒറ്റയ്ക്ക് മാറിയിരിക്കുന്ന മൂലയിലേക്ക് പലപ്പോഴും വീണു കൊണ്ടിരുന്നു..

അന്ന് രേണുവിന്റെ ക്ലാസ്സ്‌ ആയിരുന്നു. ക്ലാസ്സിന്റെ ഇടയിലും എന്റെ വായ്നോട്ടം തകൃതിയായ് നടന്നോണ്ട് ഇരുന്നു. രേണു ക്ലാസ്സ്‌ എടുത്തോണ്ട് ഇരിക്കുന്നതിനു ഇടയിൽ ആണ് ഞാൻ കയ്യുയർത്തി എന്തോ സംശയം ഉണ്ടെന്ന രീതിയിൽ അവളെ എന്റെ അടുത്തേക്ക് വിളിച്ചത്.

 

ഒട്ടുമിക്ക ക്ലാസും ഞാൻ മര്യാദക്ക് ശ്രദ്ധിച്ചു ഇരിക്കും. എന്തെങ്കിലും ഡൌട്ട് തോന്നിയാൽ അപ്പൊ തന്നെ ഇത് പോലെ വിളിച്ചു ക്ലിയർ ചെയ്യും. പിന്നെ പരീക്ഷക്ക് രണ്ട് ദിവസം മുമ്പായിരിക്കും അതൊക്കെ തുറന്നു നോക്കുന്നത്. റാങ്ക് ഒന്നും നേടാൻ അല്ലാതെ പാസ്സ് ആകാൻ മാത്രം ലക്ഷ്യം വച്ചു പഠിക്കുന്നത് കൊണ്ട് അതൊക്കെ ധാരാളം ആയിരുന്നു. ഇതും അത് പോലെ എന്തോ സംശയം ഉണ്ടായിട്ട് ഞാൻ വിളിച്ചത് ആണെന്നാണ് എല്ലാവരും കരുതിയത്. രേണുവും..

 

‘ നീ അന്ന് പറഞ്ഞത് ശരിയായിരുന്നു..’

എന്റെ അരികിലേക്ക് ഡൌട്ട് ക്ലിയർ ചെയ്യാൻ വന്ന രേണുവിനോട് സ്വകാര്യം എന്ന പോലെ ഞാൻ പറഞ്ഞു. എന്താണ് കാര്യം എന്നറിയാതെ അവൾ കണ്ണ് മിഴിച്ചപ്പോൾ ഞാൻ കാര്യം അവതരിപ്പിച്ചു..

‘ഇഷാനി… അവളോട് എനിക്ക് ഇപ്പൊ മുടിഞ്ഞ പ്രേമം ആണ്…!