റോക്കി – 4അടിപൊളി  

 

‘അപ്പോൾ ഫുഡ്‌ കഴിച്ചില്ലേ..? കൊള്ളാം.. വാ എണീക്ക് പോയി ഫുഡ്‌ കഴിക്ക്..’

അവൾ എന്നെ ഫുഡ്‌ കഴിക്കാൻ നിർബന്ധിച്ചു

 

‘അത് ഞാൻ കഴിച്ചോളാം, നീ ആദ്യം നമ്മുടെ കാര്യം പറ..’

 

‘നമ്മുടെ എന്ത് കാര്യം..?

അവൾ ഒന്നും അറിയാത്തത് പോലെ സംസാരിച്ചു

 

‘എന്താന്ന് നിനക്ക് അറിയില്ലേ..?

ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു

 

‘ഇല്ല.. എന്താ…?

അവൾ പിടി തരുന്ന ലക്ഷണം ഇല്ല.. എനിക്ക് ആണേൽ ദേഷ്യവും വരുന്നു..’

 

‘നമ്മുടെ കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ കാര്യം… നിനക്ക് എന്നെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം..’

ഞാൻ ദേഷ്യത്തിൽ തന്നെ അത് പറഞ്ഞു

 

‘നീയെന്തൊക്കെയാ പറയുന്നെ.. നിന്നെ ഇഷ്ടം ആണെന്ന് ഞാൻ പറയണമെന്നോ..?

ഞാൻ ദേഷ്യപ്പെട്ടിട്ടും അതൊന്നും കാര്യം ആക്കാതെ ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു

 

‘ഇഷാനി നീ ചുമ്മ കുഞ്ഞ് കളിക്കല്ലേ.. കളി ജയിച്ചാൽ ഇഷ്ടം ആണെന്ന് പറയാമെന്നു നീ തന്നെ അല്ലേ പറഞ്ഞെ..?

എന്റെ ദേഷ്യം കൂടി കൂടി വന്നു

 

‘ഞാനോ…? എപ്പോ..?

അവൾ വീണ്ടും ഒന്നും അറിയാത്ത പോലെ നടിച്ചു

 

‘എന്നാൽ നീ ഒരു കോപ്പും പറയണ്ട..’

ഞാൻ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു. എന്റെ ദേഷ്യം കണ്ടു ചിരിച്ചു കൊണ്ട് തന്നെ അവളും എഴുന്നേറ്റു

 

‘അയ്യോ ദേഷ്യം വന്നോ…? ഞാൻ നിന്നോട് എന്റെ തീരുമാനം പറയാമെന്നല്ലേ പറഞ്ഞത്… ഇഷ്ടം പറയാമെന്നല്ലല്ലോ..’

ഇഷാനി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു

 

‘അതെങ്കിലും ഓർമ ഉണ്ടല്ലോ.. അപ്പോൾ നിന്റെ തീരുമാനം എന്താ..’

ഞാൻ ചോദിച്ചു

 

‘തീരുമാനം എന്താണെന്ന് ചോദിച്ചാൽ…. എനിക്ക് നിന്നെ ഫ്രണ്ട് അല്ലാതെ കാണാൻ പറ്റില്ല…’

അവൾ വളരെ നിസാരമായി പറഞ്ഞു. എനിക്ക് അരിശം കയറി അവളെ കാലിൽ തൂക്കി ആ മരച്ചോട്ടിൽ അടിക്കാൻ തോന്നി. പക്ഷെ ഞാൻ സംയമനം പാലിച്ചു

 

‘നീ പിന്നെ കളി ജയിച്ചാൽ ഉണ്ടാക്കാം എന്ന് തൊലിച്ചതോ..? ഇഷ്ടം അല്ലെന്ന് പറയാൻ ആണേൽ പിന്നെ നീ എന്തിനാ അന്ന് എനിക്ക് ഹോപ്പ് തരുന്ന പോലെ ഒക്കെ സംസാരിച്ചത്..?

ഞാൻ ന്യായമായ സംശയം ചോദിച്ചു

 

‘അത് നിന്നെ ഒന്ന് ചൂടാക്കാൻ അല്ലേ. അതോണ്ട് അല്ലേ നീ കളിക്കാൻ ഇറങ്ങിയതും നമ്മൾ ജയിച്ചതും…’

 

‘നീ സീരിയസ് ആയിട്ടാണോ ഈ പറയുന്നത്..? അതോ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറയുന്നതാണോ..?

ഞാൻ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു

 

‘സീരിയസ് ആയിട്ടാടാ.. സത്യത്തിൽ നമ്മൾ ജയിക്കും എന്ന് ഞാൻ കരുതിയില്ല.. നീ നല്ലപോലെ കളിക്കണം എന്ന ഉദ്ദേശത്തിൽ പറഞ്ഞതാ..’

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘ശെരി.. ആയിക്കോട്ടെ..’

ഞാൻ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് അവളിൽ നിന്നും തിരിഞ്ഞു നടന്നു

 

‘പിണങ്ങി പോവാണോ..?

ഇഷാനി എന്റെ പിന്നാലെ വന്നു ചോദിച്ചു

 

‘ഇനി മേലാൽ നീ എന്നോട് മിണ്ടാൻ വന്നേക്കല്ല്.. നിന്നെ എനിക്ക് കാണുന്ന പോലും ഇഷ്ടം അല്ല..’

പല്ല് കടിച്ചെന്ന പോലെ ദേഷ്യത്തിൽ കൈ ചൂണ്ടി ഞാൻ പറഞ്ഞു.. എന്റെ ദേഷ്യം ശരിക്കും മനസിലായത് കൊണ്ട് അവൾ അവിടെ പെട്ടന്ന് പ്രതിമ കണക്കെ നിശ്ചലമായി നിന്നു.. അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഞാൻ തിരിച്ചു നടന്നു. ഞാൻ ദേഷ്യപ്പെട്ടത് കൊണ്ടാവാം പിന്നെ അവൾ പിന്നിൽ നിന്നും വിളിച്ചില്ല. ഞാൻ രോഷത്തോടെ കോളേജിനു പുറത്ത് ഒരു ഹോട്ടലിലേക്ക് ആണ് പോയത്. അവളെ കാണാനായി ആഹാരം പോലും കഴിക്കാതെ വന്നതാണ് നേരെ. എന്നിട്ട് അവൾ കാണിച്ചത് ഓർത്തപ്പോ എനിക്ക് എന്നെ കൂടാതെ ദേഷ്യം വന്നു. ആ ദേഷ്യത്തിൽ രണ്ട് ബിരിയാണി ആണ് ഞാൻ അകത്താക്കിയത്…

അവൾ പറഞ്ഞതൊക്കെ കാര്യം ആയിട്ടാണോ എന്ന് ഞാൻ ശരിക്കും ഇരുന്നു ആലോചിച്ചു. എന്നോട് ഇഷ്ടം ഉള്ളത് പോലെ തന്നേ ആണ് അവൾ അന്ന് സംസാരിച്ചത്. ഇപ്പോൾ പറയുന്നു അങ്ങനെ ഒന്നും ഇല്ലായിരുന്നു, എന്നെ കളിയുടെ വാശി കയറ്റാൻ ആണ് അങ്ങനെ ഒക്കെ പറഞ്ഞതെന്ന്. അത് വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയി ഞാൻ. അതെന്ത് തന്നെ ആയാലും അവൾ എന്റെ ഈഗോ ആണ് ഹേർട്ട് ആക്കിയിരിക്കുന്നത്. അതിന് അവൾ പരിഹാരം കാണാതെ ഇനി അവളോട് മിണ്ടണ്ട എന്ന് ഞാൻ തീരുമാനിച്ചു. വൈകുന്നേരം അവൾ ഫോൺ വിളിച്ചെങ്കിലും ഞാൻ എടുത്തില്ല. പിറ്റേന്ന് രാവിലെ കോളേജിൽ എന്നെ കാണാഞ്ഞപ്പോളും അവൾ വിളിച്ചു. അപ്പോളും ഞാൻ എടുത്തില്ല. രണ്ട് ദിവസം ഞാൻ കോളേജിൽ പോയില്ല. അവൾ എനിക്ക് തുരു തുര മെസ്സേജ് ഒക്കെ അയച്ചോണ്ട് ഇരുന്നു.. മിക്കതും കോളേജിൽ വരണം എന്നൊക്കെ ആയിരുന്നു. ഞാൻ ഒന്നിനും റിപ്ലൈ കൊടുത്തില്ല. രണ്ട് ദിവസം കഴിഞ്ഞു ഇന്റെർണൽ എക്സാം ആയിരുന്നു. അതിന് ഞാൻ വരുമെന്ന് അവൾ കരുതി. എന്നാൽ അതും ഉണ്ടായില്ല. അവൾക്ക് മുന്നിൽ തോറ്റു കൊടുക്കാൻ വയ്യ എന്ന് ഉറപ്പിച്ചത് കൊണ്ടാണ് എക്സാമിന് പോകാഞ്ഞത്. അവൾ കാരണം ആണ് ഞാൻ എക്സാമിന് ചെല്ലാഞ്ഞത് അവൾ മനസിലാക്കും. എന്നെ കാണാഞ്ഞു ഇഷാനി രാഹുലിനോടും ആഷിക്കിനോടും തിരക്കി. അവന്മാർ ഞാൻ പറഞ്ഞത് പോലെ അറിയില്ല എന്ന് മാത്രം ഉദാസീനമായി പറഞ്ഞു. ഞാൻ വന്നില്ലെങ്കിലും ഒന്നുമില്ല മട്ടിൽ അവർ പെരുമാറി. അവർ വഴിയും എന്നെ ഫോഴ്സ് ചെയ്യാൻ പറ്റില്ല എന്ന് മനസിലാക്കിയപ്പോൾ ഇഷാനിക്ക് നേരിട്ട് എന്റെ അടുത്ത് വരേണ്ടി വന്നു.. ഉച്ച കഴിഞ്ഞു വെയിൽ ആറി തണുക്കുന്ന നേരത്താണ് അവൾ വീട്ടിലേക്ക് കയറി വരുന്നത്. ഞാൻ സോഫയിൽ ഇരുന്നു വെറുതെ ഫുട്ബോൾ ഭിത്തിയിലേക്ക് എറിഞ്ഞു കൊള്ളിച്ചു കൊണ്ട് ഇരിക്കുവായിരുന്നു.. ഭിത്തിയിൽ തട്ടി ബോൾ എന്റെ അരികിലേക്ക് തന്നെ തിരിച്ചു വന്നു കൊണ്ട് ഇരുന്നു. അപ്പോളാണ് ചാരിയ വാതിൽ തുറന്നു അവൾ അകത്തേക്ക് വന്നത്

 

‘നീ എന്താ എക്സാം എഴുതാൻ വരാഞ്ഞത്..?

അവൾ ചോദിച്ചു. ഞാൻ ആ ചോദ്യം കേൾക്കാത്ത പോലെ ബോൾ എറിയുന്ന എന്റെ പ്രവർത്തി തുടർന്നു.

 

‘ചോദിച്ചത് കേട്ടില്ലേ എന്താ എക്സാം എഴുതാൻ വരാഞ്ഞത് എന്ന്..?

ചെറിയ ഒരു ദേഷ്യം അവളുടെ ചോദ്യത്തിൽ ഉണ്ടായിരുന്നു. അവളോടുള്ള വാശി കാരണം ഞാൻ പരീക്ഷ എഴുതാഞ്ഞത് അവളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ ചോദ്യം ഞാൻ ഗൗനിച്ചില്ല എന്ന് മാത്രം അല്ല അവൾ അവിടെ ഉണ്ടെന്നത് പോലും കാര്യം ആക്കാതെ ഞാൻ ബോൾ ഭിത്തിയിലേക്ക് എറിഞ്ഞു കൊള്ളിച്ചു കൊണ്ടിരുന്നു. ഇത് കണ്ടു ദേഷ്യം കയറി ഇഷാനി ഞാൻ ബോൾ എറിയുന്ന ഭിത്തിയുടെ മുന്നിലേക്ക് കയറി നിന്നു. ഇപ്പോൾ എനിക്ക് ഭിത്തിയിലേക്ക് എറിയാൻ കഴിയില്ല, അതിന് തടസമായി അവൾ കയറി നിൽക്കുകയാണ്

 

‘ഞാൻ വീണ്ടും ചോദിക്കുവാ.. നീ എന്താ എക്സാം എഴുതാൻ വരാഞ്ഞത്..?

 

‘എനിക്ക് വയ്യായിരുന്നു..’