റോക്കി – 4അടിപൊളി  

 

‘എല്ലാരും ഉണ്ടേൽ അല്ലേ ഒരു രസമുള്ളൂ.. ഇവന്മാർ ഒക്കെ അടിച്ചു ഓഫ് ആയി.. നീ വേണേൽ ഒരു കമ്പിനി താ..’

ഞാൻ ഗ്ലാസ് ഒരെണ്ണം അവൾക്ക് നേരെ നീട്ടി

 

‘വേണ്ട. ഞാൻ അടിക്കുന്നില്ല..’

കൃഷ്ണ അത് നിരസിച്ചു

 

‘നിർത്തിയോ..?

അവൾ വെള്ളമടി നിർത്തിയോ എന്ന് ഞാൻ ചോദിച്ചു

 

‘അങ്ങനെ ഒന്നുമില്ല. എന്നാലും ഇപ്പോൾ അങ്ങനെ അടിക്കാറില്ല. പിന്നെ നിന്റെ മുന്നിൽ ഇനി ഒരിക്കലും പൂസായി നിക്കില്ല എന്ന് തീരുമാനിച്ചതാ..’

അവൾ കളിയായി പറഞ്ഞു

അന്ന് ഒരിക്കൽ അവളെ ഫിറ്റായി ബാറിൽ നിന്ന് കൊണ്ട് വന്നതും വീട്ടിൽ വച്ചു അവളെന്നെ പെട്ടന്ന് കയറി ചുംബിച്ചതും ഒക്കെ ഞാൻ ഓർത്തു.

 

‘ഇന്ന് മിക്കവാറും നീ എന്നെ കൊണ്ട് വീട്ടിൽ വിടേണ്ടി വരും പകരം. ഞാൻ കുറച്ചു ഓവറായി. ബൈക്ക് ഓടിക്കാമെങ്കിലും റിസ്ക് ആണ്.. നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ..?

ഞാൻ അവസാനത്തെ എന്ന് മനസ്സിൽ ഉറപ്പിച്ചു ഒന്ന് കൂടി പിടിപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു

 

‘ഒരു ബുദ്ധിമുട്ടും ഇല്ല..’

അവൾ പറഞ്ഞു

 

കുറച്ചു നേരം കൂടി അവളോട് അവിടെ ഇരുന്ന് സൊള്ളിയിട്ട് അവിടെ ബോധം ഉള്ളവരോട് ഒക്കെ യാത്ര പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി. കൃഷ്ണ അന്ന് കാർ ആയിരുന്നു എടുത്തത്. അത് നന്നായി. കാറിൽ കയറിയതും ഞാൻ ഉറക്കം പിടിച്ചു. വീട് വരെ സംസാരിച്ചു ഇരിക്കാമെന്ന് കരുതിയ കൃഷ്ണയ്ക്ക് അതൊരു നിരാശ ആയി. വീട് എത്തിയപ്പോൾ ശരിക്കും ഒന്ന് കുലുക്കി വിളിച്ചു ഉണർത്തേണ്ടി വന്നു അവൾക്ക് എന്നെ. അടിച്ചു പെരുത്തത് കൊണ്ടും ഉറക്കം തലയിൽ നിന്ന് വിട്ടു മാറാത്തത് കൊണ്ടും ഒരു തരം മന്ദിപ്പ് എന്റെ തലയിൽ ഉണ്ടായിരുന്നു. ഞാൻ ആടി ആടി വീട്ടിൽ കയറി. കട്ടിലാണ് ലക്ഷ്യം വച്ചു നടന്നത് എങ്കിലും സോഫ വരെ എത്തിയപ്പോൾ ബാക്കി പത്തു മീറ്റർ കൂടി നടക്കാൻ മടിയായി ഞാൻ അതിലേക്ക് കയറി കിടന്നു. കൃഷ്ണ എന്നെ കട്ടിലിൽ വന്നു കിടക്കാൻ പറഞ്ഞെങ്കിലും അത് മൈൻഡ് ചെയ്യാതെ ഞാൻ പെട്ടന്ന് തന്നെ ഉറക്കം പിടിച്ചു. പിന്നെ അവൾ തന്നെ തലയിണ എടുത്തു കൊണ്ട് വന്നു എന്റെ തല പൊക്കി വച്ചു തന്നു. പുതപ്പ് എടുത്തു എന്നെ പുതപ്പിച്ചു..

 

‘ഞാൻ പോവാ…’

കൃഷ്ണ എന്നോട് യാത്ര പറയാൻ വേണ്ടി എന്റെ നേരെ അല്പം കുനിഞ്ഞു നിന്നു.

ഞാൻ കണ്ണുകൾ മെല്ലെ തുറന്നു. എന്താ ഇപ്പോൾ ഇവൾ പറഞ്ഞത്.. ഞാൻ ഒന്നും കേട്ടില്ലല്ലോ. ഇവൾ എപ്പോളാണ് എന്റെ വീട്ടിൽ വന്നത്.. ഞാൻ കൃഷ്ണയേ ഒരു നിഴൽ പോലെ കണ്ടപ്പോ ഇഷാനി ആണെന്ന് ഓർത്തു. രണ്ട് പേരുടെയും ശരീര ആകൃതി കുറച്ചു സാമ്യം ഉള്ളത് കൊണ്ട് മദ്യം എന്നെ കൊണ്ട് തോന്നിപ്പിച്ചത് ആയിരുന്നു. മദ്യം തീർത്ത പിന്നീട് ഓർമ കിട്ടാത്ത ഏതോ മായികസ്വപ്നത്തിൽ കണ്ട ഇഷാനിയോട് ഞാൻ പതിയെ ‘അയിലവ്യൂ..’ എന്ന് പറഞ്ഞു

 

അത് കേട്ടതും പോകാൻ നിന്ന കൃഷ്ണയുടെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയത് പോലെ തോന്നി. അവൾ അർജുന്റെ മുഖത്ത് കൈ വച്ചു. ആ കൈകളുടെ തണുപ്പ് അനുഭപ്പെട്ടു അർജുൻ കണ്ണ് തുറക്കാതെ തന്നെ അവളുടെ കയ്യിൽ പിടിച്ചു. കൃഷ്ണയ്ക്ക് രോമാഞ്ചം വരുന്നത് പോലെ തോന്നി.

‘എന്നോട് തന്നെ ആണോ പറഞ്ഞത്..?

 

വിശ്വാസം വരാത്ത പോലെ കൃഷ്ണ ചോദിച്ചു. അർജുൻ ആ ഉദ്ദേശിച്ചത് ഒരുപക്ഷെ ആരെ ആയിരിക്കാം എന്നൊരു ബോധ്യം കൃഷ്ണയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ ആ ചോദ്യം ഉറക്കത്തിൽ ആണ്ടു പൊയ്ക്കൊണ്ട് ഇരുന്ന അർജുനെ സ്പർശിച്ചില്ല. എന്നിരുന്നാലും അവന്റെ കയ്യിൽ അവളുടെ കൈകൾ ഉണ്ടായിരുന്നു. കൃഷ്ണയ്ക്ക് ഒരു നിമിഷം ചിന്ത ഒന്ന് വഴി പിഴച്ചെങ്കിലും മുമ്പ് ഇതേ സാഹചര്യത്തിൽ അർജുൻ തന്നോട് കാണിച്ച മര്യാദ ഓർത്തു അവൾ കൈ മെല്ലെ വിടുവിച്ചിട്ട് എഴുന്നേറ്റു.

 

ഞാൻ പിന്നെ കണ്ണ് തുറന്നത് പിറ്റേന്ന് ഒരുപാട് വൈകി ആണ്. സമയം ഏകദേശം ഉച്ച ആകാറായി കാണണം. തലേന്നത്തെ കളിയുടെ ക്ഷീണവും വെള്ളമടിച്ചു ബോധം ഇല്ലാത്ത ഉറക്കവും എല്ലാം കാരണം എഴുന്നേൽക്കാൻ താമസിച്ചു.. എണീറ്റപ്പോൾ തന്നെ നല്ലത് പോലെ വിശക്കാൻ തുടങ്ങി. വീട്ടിൽ ആണേൽ ഒന്നും ഉണ്ടാക്കിയിട്ടും ഇല്ല. എന്തെങ്കിലും ഉണ്ടാക്കിയാലോ എന്ന് ആലോചിച്ചു. പിന്നെ അത് വേണ്ടന്ന് വച്ചു. സമയം പോകും. കോളേജിൽ ചെന്നു ഇഷാനിയെ കാണേണ്ടത് ആണ്. അവളുടെ മുഖത്ത് നിന്നും ഇഷ്ടം ആണെന്ന് കേൾക്കണ്ടതാണ്.. ഞാൻ അതോർത്തു എന്റെ കാലി വയറിനെ ആശ്വസിപ്പിച്ചു. പെട്ടന്ന് റെഡി ആയി വെളിയിൽ ഇറങ്ങിയപ്പോൾ ആണ് ബൈക്ക് ഇവിടെ ഇല്ല. പിന്നെ അതെവിടെ പോയി.. ഇന്നലെ ഇവിടെ എങ്ങനെ വന്നെന്ന് ഞാൻ മറന്നിരുന്നു.. തല ഒന്ന് പുകച്ചപ്പോൾ കൃഷ്ണ ആണ് ഇന്നലെ എന്നെ ഇവിടെ കൊണ്ട് വിട്ടതെന്ന് ഓർമ വന്നു. അവൾ എന്നെ ഹോട്ടലിൽ നിന്നാണ് പിക്ക് ചെയ്തത്. അപ്പോൾ ബൈക്ക് ഹോട്ടലിൽ ആണ്. കീ ഭാഗ്യത്തിന് പാന്റിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു.

 

ഞാൻ ധൃതി വച്ചു റോഡിൽ ഇറങ്ങി. ബസ് ഒന്നും നോക്കി മിനക്കെട്ടില്ല, ഒരു ഓട്ടോ വന്നപ്പോ അതിൽ കൈ കാണിച്ചു കയറി ഹോട്ടലിൽ പോയി ഇറങ്ങി. വിശപ്പ് നല്ലവണ്ണം എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ എരിയുന്ന വിശപ്പിനും മേൽ ഞാൻ നെഞ്ചിൽ എരിയുന്ന പ്രണയത്തിനു സ്‌ഥാനം കൊടുത്തു. അവളെ കണ്ടിട്ടേ ഇനി എനിക്ക് എന്തെങ്കിലും ഇറങ്ങൂ എന്ന് തോന്നി. ഞാൻ വേഗം ബൈക്ക് എടുത്തു കോളേജിൽ ചെന്നു. ഞാൻ ചെന്നപ്പോളേക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു. ആഷിക്കും ഫാത്തിമയും ഞങ്ങളുടെ ബെഞ്ചിൽ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നു. രാഹുൽ വന്നിട്ടില്ല. അവനും ചിലപ്പോ എണീറ്റ് കാണില്ല. ആഷിക്ക് എന്നെ കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ നിന്നില്ല. ഇഷാനി എവിടെ കാണുമെന്ന് നോക്കി ഞാൻ പുറത്തേക്ക് പോയി. ഭക്ഷണമൊക്കെ കഴിച്ചു ഗ്രൗണ്ടിന് അടുത്ത് ഞങ്ങൾ പണ്ട് സ്‌ഥിരം വന്നിരിക്കാറുള്ള വാകയുടെ ചുവട്ടിൽ ആയിരുന്നു അവൾ. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നിരുന്നു..

 

‘എന്താ താമസിച്ചു വന്നെ.. ഞാൻ കരുതി ഇന്ന് വരില്ലെന്ന്..?

അവൾ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു

 

‘നല്ല ക്ഷീണം ഉണ്ടായിരുന്നു.. അതാ എണീക്കാൻ താമസിച്ചത്..’

ഞാൻ പറഞ്ഞു

 

‘ക്ഷീണം ഉണ്ടേൽ ഇന്ന് ലീവ് എടുത്തൂടെയിരുന്നോ..?

 

‘എടുത്തേനേ.. പക്ഷെ ഇന്ന് എനിക്ക് ലീവ് എടുത്തു അവിടെ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കില്ല..’

 

‘അതെന്താ..?

അവളുടെ മുഖത്ത് ഒരു ഭാവ മാറ്റവും കാണാൻ കഴിയുന്നില്ല. ഈ കാര്യം ആലോചിക്കുമ്പോൾ അവൾക്കൊരു നാണം വരേണ്ടത് ആണല്ലോ എന്ന് ഞാൻ ഓർത്തു

 

‘നിന്റെ മറുപടി കിട്ടാൻ..! അതിനാ ഫുഡ്‌ പോലും അടിക്കാതെ ഞാൻ ഓടി പിടച്ചു ഇവിടേക്ക് വന്നത്..’