റോക്കി – 4അടിപൊളി  

 

‘വേഗം ഒരുങ്ങ്.. സമയം പോയി..’

ഇഷാനി കൈയിലെ വാച്ചിൽ നോക്കി എന്നോട് പറഞ്ഞു

 

‘എങ്ങോട്ട് പോവാൻ..?

ഞാൻ അലസമായി ചോദിച്ചു. മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല. രണ്ടെണ്ണം കേൾക്കാതെ ഇവൾ പോവില്ല

 

‘കോളേജിൽ. അല്ലാണ്ട് എവിടെയാ..?

 

‘ഞാൻ ഇല്ല.. നീ പൊക്കോ.. ഇപ്പോൾ പോയാൽ സമയത്ത് ചെല്ലാം..’

ഞാൻ പറഞ്ഞു

 

‘എന്ത് കഷ്ടം ഉണ്ട് അർജുൻ.. ഞാൻ ഇന്നലെ എന്ത് കാല് പിടിച്ചു പറഞ്ഞു വാട്സാപ്പിൽ. നീ ഒരു റിപ്ലൈ പോലും തന്നില്ല. അത് പോട്ടെ. എന്നോട് ദേഷ്യം മാറ്റണ്ട. പക്ഷെ എക്സാം എഴുതാതെ ഇരിക്കുന്നത് എന്തിനാ..?

അവൾ വിഷമത്തോടെ ചോദിച്ചു

 

‘എഴുതണ്ട എന്ന് തോന്നി. എഴുതുന്നില്ല..’

ഞാൻ തറപ്പിച്ചു പറഞ്ഞു

 

‘അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ.. വന്നേ.. നമുക്ക് പോകാം..’

അവൾ നിർബന്ധിക്കാൻ തുടങ്ങി

 

‘ഞാൻ മാത്രം തീരുമാനിച്ചാൽ മതി..’

ഞാൻ വീണ്ടും ശക്തമായി പറഞ്ഞു

 

‘അപ്പൊ ഞാൻ പറയുന്നതിന് ഒരു വാല്യൂവുമില്ല.. ഞാൻ ആരുമല്ല…?

ഇഷാനി ചോദിച്ചു

 

‘അല്ല….’

ഞാൻ വളരെ പെട്ടന്ന് തന്നെ മറുപടി കൊടുത്തു. അത് അവളെ ശരിക്കും വേദനിപ്പിച്ചു. മറ്റൊരു സാഹചര്യത്തിൽ ആയിരുന്നേൽ ആ പറച്ചിലിന് അവൾ ഒരു മാസം എങ്കിലും വഴക്കിട്ടു നടന്നേനെ.. ഇപ്പോൾ തെറ്റ് തന്റെ ഭാഗത്തു ആയതു കൊണ്ടും പിണക്കം മാറ്റേണ്ടത് സ്വന്തം കടമ ആയതു കൊണ്ടും അതിന് അവൾ മുതിർന്നില്ല.

 

‘ഞാൻ പറയാനുള്ളത് ഇപ്പോൾ പറഞ്ഞാൽ നിനക്ക് എക്സാം എഴുതാൻ സമ്മതം ആണോ..?

ഇഷാനി ഒടുവിൽ അത് പറയാൻ തയ്യാറായി.. ഇന്നലെ മുഴുവൻ ഇരുന്നു അവൾ അത് ആലോചിച്ചു. അർജുന്റെ പിണക്കം വെറുതെ ഒന്നും മാറില്ല എന്ന് അവൾക്ക് മനസിലായിരുന്നു..

 

‘നീയിനി ഒന്നും പറയണ്ട.. എന്റെ ഫീലിംഗ്സ് വച്ചു നീയിപ്പോ കുറെ ആയി കളിക്കുന്നു..’

അർജുൻ അത് പറഞ്ഞപ്പോൾ ഇഷാനിക്ക് നൊന്തു

 

‘എടാ നിന്നെ ഹെർട്ട് ചെയ്യാൻ ഒന്നും ആയിരുന്നില്ല. നീ അത് എന്റെ ഒരു തമാശ പോലെ എടുക്കുമെന്ന് ഞാൻ കരുതി…’

ഇഷാനി അവളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു

 

‘അതാണ് പറഞ്ഞത്.. നിനക്ക് എന്റെ ഫീലിംഗ്സ് എല്ലാം തമാശ ആയിരുന്നു എന്ന്..’

അർജുൻ തന്റെ വാദം ശരിയായിരുന്നു എന്ന് സമർത്ഥിച്ചു

 

‘അല്ല.. നിന്റെ അടുത്ത് ഇത് പറയാതെ ഇരുന്നത് അത് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് എന്റെ പേഴ്സണാലിറ്റിയിൽ എന്തെങ്കിലും മാറ്റം വരുമോ എന്ന് പേടിച്ചിട്ടാണ്.. നീ എന്നോടുണ്ട് എന്ന് പറഞ്ഞ ഫീലിംഗ്സ് ഇപ്പോൾ എനിക്ക് നിന്റെ അടുത്തുമുണ്ട്.. ഞാൻ തമാശ അല്ല ഈ പറയുന്നത്… സീരിയസ് ആയാണ് പറയുന്നേ…’

 

അവളത് പറഞ്ഞു.. എന്റെ അടുത്ത് ഫീലിംഗ്സ് ഉണ്ടെന്ന്.. എന്നോട് ഇഷ്ടം ഉണ്ടെന്ന് എന്റെ മുഖത്ത് നോക്കി അവൾ പറഞ്ഞു. എന്റെ ഉള്ളിൽ ഒരായിരം ദീപങ്ങൾ ഒരുമിച്ചു തെളിയിച്ച ദീപാവലി മഹോത്സവം കോടിയേറി.. പക്ഷെ അവളുടെ പറച്ചിലിൽ അപ്പോളും എന്തോ ഒന്ന് മിസ്സിഗ് ആണ്… എന്തോ പിടിച്ചു വച്ചു സംസാരിക്കുന്ന പോലെ അർജുന് തോന്നി

 

‘പക്ഷെ ഒരു കാര്യം… ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.. വേറെ ആരും ഇതറിയണ്ട.. രാഹുലും ആഷിക്കും പോലും.. പിന്നെ നമ്മളുടെ വീട്ടിൽ കാര്യം പറഞ്ഞു ഉറപ്പിക്കുന്ന വരെ റിലേഷൻ ഇത് പോലെ തന്നെ പോയാൽ മതി. നമ്മൾ രണ്ട് പേരും സ്റ്റുഡന്റ്സ് ആണ്.. അത്കൊണ്ടാണ് ഞാൻ പറഞ്ഞെ.. എനിക്ക് ആണേൽ ശ്രദ്ധ ഒന്നും കിട്ടില്ല വേറെ എന്തിലെങ്കിലും മൈൻഡ് പോയാൽ.. ഓക്കേ…?

ഒരു ചോദ്യ ഭാവത്തിൽ ചെറിയൊരു പരിഭ്രമം കലർന്ന ചിരിയോടെ അവൾ ചോദിച്ചു

 

‘ നിനക്ക് എന്നോട് ഇഷ്ടം ആണ്. പക്ഷെ അത് ആരും അറിയാനും പാടില്ല, ഞാൻ നിന്റെ അടുത്ത് അങ്ങനെ കാണിക്കാനും പാടില്ല അല്ലെ..?

ഞാൻ ചോദിച്ചു

 

‘അതെ.. നമ്മളുടെ പഠിത്തം കഴിയുന്നത് വരെയുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.. അത് വരെ ഇപ്പോൾ ഉള്ളത് പോലെ തന്നെ നമുക്ക് മുന്നോട്ടു പോകാം..’

 

അവൾ പറഞ്ഞത് എന്നിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് അവൾക്ക് മനസിലായി.

‘പിണക്കം ഇനിയും മാറിയില്ലേ.. നിന്റെ മുഖം എന്താ ഉം എന്നിരിക്കുന്നെ..?

അവളുടെ ചോദ്യത്തിനും ഞാൻ മറുപടി കൊടുത്തില്ല

‘ഞാൻ വാക്ക് പാലിച്ചു.. ഇനി നീ മര്യാദക്ക് എണീറ്റ് വാ. സമയം പോയി..’

എക്സാമിന് വരാൻ അവൾ എന്നെ നിർബന്ധിച്ചു. ഞാൻ അനങ്ങാതെ ഇരിക്കുന്ന കണ്ടപ്പോ അവൾ എന്റെ അടുത്ത് വന്നു എന്റെ കയ്യിൽ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചു

 

‘ഞാൻ വരുന്നില്ല. നീ പൊക്കോ..’

ഞാൻ പറഞ്ഞു

 

‘ഇനി എന്താ നിന്റെ പ്രശ്നം.. ഞാൻ പറഞ്ഞില്ലേ നിനക്ക് കേൾക്കണ്ട കാര്യം..’

 

‘നിന്റെ ഡിമാൻഡ് വച്ചുള്ള പ്രേമം എനിക്ക് വേണ്ട..’

ഞാൻ കടുപ്പത്തിൽ പറഞ്ഞു

 

‘ഡിമാൻഡ് വച്ചോ..?

അവൾക്ക് മനസിലായില്ല ഞാൻ പറഞ്ഞത്

 

‘അതേ. ഇഷ്ടം ഉണ്ട്. പക്ഷെ ഫ്രണ്ട്സ് പോലെ തന്നെ പെരുമാറിയാൽ മതി. വീട്ടിൽ ആലോചിച്ചു കല്യാണം ഉറപ്പിക്കുമ്പോ ശരിക്കും പ്രേമിക്കാം.. ഇതൊക്കെ അല്ലേ നീ പറഞ്ഞ ഡിമാൻഡ്.. അങ്ങനെ ഇപ്പോൾ എനിക്ക് സൗകര്യം ഇല്ല.. ഇഷ്ടം ആണേൽ ശരിക്കും ഇഷ്ടം ആയിരിക്കണം..’

 

‘എടാ എന്റെ അവസ്‌ഥ കൂടി നീ നോക്ക്.. എനിക്ക് ഇപ്പോൾ നിനക്ക് പ്രയോരിറ്റി തരാൻ ബുദ്ധിമുട്ട് ആണ്. സ്റ്റഡീസിൽ ഒന്നും എനിക്ക് പിന്നെ കോൺസെന്റ്‌റെഷൻ കിട്ടില്ല. പിന്നെ അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്… അല്ലാതെ നിന്നോട് ഇഷ്ടക്കുറവ് ഉള്ളത് കൊണ്ട് പറഞ്ഞതല്ല. അങ്ങനെ ആണേൽ എനിക്ക് ഫീലിംഗ്സ് ഉള്ള കാര്യം നിന്നോട് പറയണ്ട കാര്യം ഇല്ലല്ലോ.’

ഇഷാനി തന്റെ ബുദ്ധിമുട്ട് പറഞ്ഞു

 

‘ഓക്കേ. എന്നേക്കാൾ പ്രയോരിറ്റി നിനക്ക് വേറെ ഉണ്ടെങ്കിൽ അത് അങ്ങനെ തന്നെ ആവട്ടെ. എനിക്ക് സെക്കന്റ്‌ ആയി ഇരിക്കാൻ താല്പര്യം ഇല്ല. ഇത് പറഞ്ഞു നിന്നെ ബുദ്ധിമുട്ടിക്കാനും വരില്ല..’

 

‘എന്ത് കഷ്ടം ആട.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്നെ മനസിലാക്കാത്തത് എന്താ..? ഇനി ഇത് സംസാരിക്കാൻ ആണേൽ നമുക്ക് എക്സാം കഴിഞ്ഞു സംസാരിക്കാം.. ഇപ്പോൾ നീ വാ..’

അവൾ വീണ്ടും എന്റെ കയ്യിൽ ബലമായി പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ പാറ പോലെ ഇരുന്നു

 

‘ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. നീ പൊക്കോ..’

 

‘അതെന്താ നിനക്ക് വന്നാൽ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. എന്നേ കൊണ്ട് പറ്റാവുന്ന പോലെ ഞാൻ പറഞ്ഞു. ഇനി നീ വാശി പിടിച്ചോണ്ട് ഇരുന്നാലാണെ അർജുൻ….!

ഇഷാനി വളരെ ഉറക്കെ എന്നോട് ദേഷ്യപ്പെട്ടു. എന്റെ പിണക്കവും എക്സാം തുടങ്ങാൻ സമയം ആകുന്നതിന്റെ ഒക്കെ വെപ്രാളവും കൊണ്ട് അവൾ നല്ലപോലെ എന്നോട് ദേഷ്യപ്പെട്ടു

 

‘ ഞാൻ വരുന്നില്ല. നീ ഇനി എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഞാൻ വരുന്നില്ല.. മോൾ വാശി കാണിച്ചു ഇവിടെയും ജയിക്കാൻ നോക്കണ്ട..’