റോക്കി – 4അടിപൊളി  

 

‘ എന്തായാലും അവന്മാർക്ക് വലിയ പരിക്ക് ഒന്നും ഇല്ലല്ലോ.. ഞാൻ പെട്ടന്ന് പേടിച്ചു പോയി..’

ഞാൻ പറഞ്ഞു

 

‘ ഹേയ് അവർക്ക് പ്രശ്നം ഒന്നും ഇല്ല. തൊലി കുറച്ചു ഉരഞ്ഞതാ. പക്ഷെ ശരിക്കും പ്രശ്നം അതല്ല.. ഫൈനലിന് ഇനി ഒരാഴ്ച തികച്ചില്ല. അവന്മാർ ഇല്ലാതെ നമ്മുടെ അറ്റാക്ക് ചിന്തിക്കാൻ പോലും വയ്യ… അളിയാ… നീ ഇറങ്ങണം.. അല്ലാതെ വേറെ ഒരു വഴിയും നമുക്ക് മുന്നിൽ ഇല്ല..’

ചന്തു എന്നോട് പറഞ്ഞു. സത്യത്തിൽ അപ്പോളാണ് ഞാൻ കളിയുടെ കാര്യം ചിന്തിച്ചത്. അവർ ഇല്ലാതെ ജയിക്കുക എന്നത് ഹിമാലയൻ ടാസ്ക് ആണ്. ഞാൻ കളിക്കാൻ ഇറങ്ങിയാലും അത് കൊണ്ടൊന്നും കൂടില്ല..

 

‘ ഡാ അവസ്‌ഥ എനിക്ക് മനസിലാകും.. പക്ഷെ എന്നേക്കാൾ കളിക്കുന്ന പിള്ളേർ ഇല്ലെടാ. അവന്മാർ ഇറങ്ങട്ടെ. എന്നെ വച്ചു വെറുതെ ഇല്ലാത്ത ഒരു ചാൻസ് എടുക്കണ്ട..’

ഞാൻ ഒഴിയാൻ ശ്രമിച്ചു

 

‘നീ വേറൊന്നും പറയരുത്. നീ ഇറങ്ങണം. ഇത് എന്റെ മാത്രം തീരുമാനം അല്ല. ഫൈസി ആണ് നിന്റെ പേര് പറഞ്ഞത്. അവൻ ഒന്നും കാണാതെ പറയില്ലല്ലോ..’

ചന്തു എന്നെ നിർബന്ധിച്ചു

 

‘ നീ ക്യാപ്റ്റൻ ആണ്. നീ ഇറങ്ങാൻ പറഞ്ഞാൽ ഞാൻ ഇറങ്ങും. പക്ഷെ ഇപ്പോൾ നീ ഞാൻ പറയുന്നത് കേൾക്ക്. ഞാൻ മര്യാദക്ക് ഒരു കളി സബ് ആയി പോലും ഇറങ്ങിയില്ല. അജുവിനൊക്കെ സബ് ഇറങ്ങുന്ന ശ്രീക്കുട്ടൻ ഒക്കെ ഉണ്ടല്ലോ. അവർ ഇറങ്ങട്ടെ. എന്നേക്കാൾ ബെറ്റർ അവരാണ്..’

ചന്തു പിന്നെയും എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ അതെല്ലാം ഞാൻ ഒഴിവായി സംസാരിച്ചു. രാഹുലും ഇതിനിടക്ക് അവന്റെ ഒപ്പം ചേർന്നു എന്നെ നിർബന്ധിച്ചു എങ്കിലും ഞാൻ പിടി കൊടുക്കാതെ നിന്നു.. അന്ന് അവർക്ക് പരിക്ക് പറ്റിയത് കൊണ്ട് പ്രാക്ടീസ് ഇല്ലായിരുന്നു. അത് കൊണ്ട് ഞാൻ ഇഷാനി ആയി ഒരുമിച്ച് കോളേജിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു വെളിയിൽ എന്നെ നോക്കി ഫൈസി നിൽക്കുന്നത് കണ്ടത്…

ഞാൻ ബൈക്ക് അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. ഇഷാനിയും ഞാനും ബൈക്കിൽ നിന്നിറങ്ങി അവന്റെ അടുത്ത് ചെന്നു

 

‘ഞാൻ നിന്നെ നോക്കി അകത്തേക്ക് വരുവായിരുന്നു..’

ഫൈസി പറഞ്ഞു. അവൻ എന്ത് കാര്യം സംസാരിക്കാൻ ആണ് വന്നതെന്ന് എനിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.

 

‘നീ ഹോസ്പിറ്റലിൽ പോയോ.. അവന്മാർക്ക് എങ്ങനെ ഉണ്ട്?

ഞാൻ ചോദിച്ചു

 

‘അവർക്ക് അങ്ങനെ കുഴപ്പം ഒന്നുമില്ല. ഞാൻ വന്നത് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ്..’

 

‘എനിക്കറിയാം.. ചന്തു എന്നോട് കുറെ പറഞ്ഞിരുന്നു..’

 

‘അവൻ പറഞ്ഞിട്ട് നീ കേൾക്കുന്നില്ല എന്ന് പറഞ്ഞു. അതാണ് ഞാൻ തന്നെ നേരിട്ട് വന്നു പറയാമെന്നു കരുതിയത്.. നീ ഇറങ്ങിയേ പറ്റൂ.. അതിൽ വേറെ എസ്ക്യൂസ്‌ ഇല്ല..’

ഞങ്ങളുടെ സൗഹൃദത്തിന്റെ ബലത്തിൽ ആജ്ഞാപിക്കുക ആണ് ഫൈസി

 

‘ഞാൻ പറയാൻ ഉള്ളതെല്ലാം അവനോട് പറഞ്ഞതാ.. എടാ ഞാൻ ഇറങ്ങിയാൽ ശരി ആവില്ല. നല്ലവണ്ണം കളിക്കുന്ന പിള്ളേർക്ക് അവസരം കൊടുക്ക്.. ഫൈനൽ അല്ലേ വെറുതെ ചാൻസ് എടുക്കണ്ട എന്നെ വച്ചു..’

 

‘നീയാണ് ഞാൻ കണ്ട ഏക ചാൻസ്. ഇത് കളിയുടെ മാത്രം മികവല്ല. മൈൻഡ് കൂടി നോക്കിയാണ് ഞാൻ നിന്നെ പറഞ്ഞത്. ടീമിന്റെ മൊത്തം മെന്റാലിറ്റിക്ക് ബെറ്റർ ഇപ്പോൾ നീ ഇറങ്ങുന്നതാണ്..’

 

‘ഞാൻ ഇറങ്ങിയാൽ എന്ത് മൈൻഡ്സെറ്റ് മാറും എന്നാണ് നീ പറയുന്നെ..?

ഞാൻ ചോദിച്ചു

 

‘എടാ നമ്മുടെ ടീം ഇപ്പോൾ തോറ്റു ഇരിക്കുകയാണ്. കളി തുടങ്ങുന്നതിനു മുമ്പ് തന്നെ. സൈമൺ ഒന്നും ഇല്ലാതെ നമുക്ക് ഒരു ചാൻസും ഇല്ലെന്ന് എല്ലാവർക്കും അറിയാം. ബട്ട്‌ നീ വന്നാൽ അത് മൊത്തത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കും.. നിനക്കൊരു ഹീറോ ഇമേജ് മൊത്തത്തിൽ ഉള്ളതാണ്. പിന്നെ നമ്മുടെ എതിർ ടീം നല്ല ഫൗൾ കളിയാണ്. നിന്റെ അഗ്രെഷൻ ഒക്കെ അവിടെ കിട്ടിയാൽ നമുക്കൊരു ചെറിയ ചാൻസ് ഉണ്ട്.. അല്ലാതെ ആൾറെഡി ചത്ത ടീമും ആയിട്ട് കളിക്കാൻ ഇറങ്ങിയാൽ നമ്മൾ അടപടലം ആകും. അതും ഇവിടെ എല്ലാവരുടെയും മുന്നിൽ വച്ചു..’

ഫൈസി പറഞ്ഞു

 

‘എടാ എനിക്ക് തൊണ്ണൂർ മിനിറ്റ് ഫുൾ കളിക്കാൻ ഇപ്പോൾ പറ്റുമോ എന്ന് പോലും ഉറപ്പില്ല. ഇത്രയും നാൾ കളിച്ച അവർ തന്നെ ആണ് കോർഡിനേഷൻ.. ഞാൻ കേറിയാൽ ഒരു മിസ്സ്‌ ഫീലാകും..’

ഞാൻ വീണ്ടും ഒഴികഴിവുകൾ പറഞ്ഞു നോക്കി

 

‘ഞാൻ ഒന്നും ചിന്തിക്കാതെ ആണ് ഇതൊക്കെ പറയുന്നത് എന്ന് നിനക്ക് തോന്നുന്നുണ്ടോ..? നീയും രാഹുലും തമ്മിൽ അന്യായ കോമ്പിനേഷൻ ഉണ്ട് ഗ്രൗണ്ടിൽ. അതൊക്കെ നമുക്ക് യൂസ്ഫുൾ ആകും..’

ആ കാര്യം ഫൈസി പറഞ്ഞത് നേരാണ്. ഞങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പിൽ ഉള്ള സിങ്ക് പോലെ തന്നെ ഗെയിലും മുടിഞ്ഞ കോർഡിനേഷൻ ആണ്. അവൻ എപ്പോ എവിടെ പന്ത് ഇടുമെന്നു എനിക്ക് ഊഹിക്കാൻ കഴിയും. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ എവിടെ ഉണ്ടാകും എന്ന് അവനും അറിയാൻ കഴിയും. പ്രാക്ടീസ് മാച്ച്കളിൽ പലതവണ ഞങ്ങൾ അവിശ്വസനീയമായ മുന്നേറ്റങ്ങൾ നടത്തിയിട്ടുണ്ട്

 

‘എടാ അതൊക്കെ കൊണ്ട് അവന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കണം പറ്റുമെന്ന് തോന്നുന്നുണ്ടോ..?

ഞാൻ വീണ്ടും വീണ്ടും ഒഴിഞ്ഞു മാറി

 

‘എന്റെ റീന ചേച്ചി.. ഇനി നിങ്ങൾ എങ്കിലും ഒന്ന് പറ.. ഞങ്ങൾ ആരും പറഞ്ഞിട്ട് കേൾക്കുന്നില്ല..’

ഫൈസി ഇഷാനിയോടായി പറഞ്ഞു. അത്രയും നേരം ഞങ്ങളുടെ സംസാരം കേട്ട് ഒന്നും മിണ്ടാതെ ഒരു മൂലക്ക് നിന്ന ഇഷാനി താൻ എന്ത് പറയാൻ എന്ന ഭാവത്തിൽ ഞങ്ങളെ രണ്ടിനെയും നോക്കി.. ഫൈസി കുറച്ചു നേരം കൂടെ എന്നോട് സംസാരിച്ചിട്ട് എന്നോട് ശരിക്കും ഒന്ന് ആലോചിക്കാൻ പറഞ്ഞിട്ട് പോയി. ഞാൻ ബൈക്ക് എടുത്തു അവളുമായി സ്റ്റാൻഡിനു പിറകിൽ ഉള്ള സർബത്ത് കടയിലേക്ക് പോയി. ഇടയ്ക്കൊക്കെ ഞങ്ങൾ അവിടുന്ന് കുലുക്കി സർബത്ത് കുടിക്കാറുണ്ട്.. കുലുക്കി മെല്ലെ രുചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനിയുടെ വക പ്രഷർ വന്നത്

 

‘എല്ലാരും നിർബന്ധിക്കുന്നില്ലേ.. നിനക്ക് കളിക്കാൻ ഇറങ്ങി കൂടെ..?

 

‘അതൊന്നും ശരിയാവില്ലെടി.. ഫൈനൽ ആണ്.. ചുമ്മ ചാൻസ് എടുക്കണ്ട. നല്ലവണ്ണം കളിക്കുന്ന പിള്ളേർ തന്നെ ഇറങ്ങട്ടെ..’

ഞാൻ സർബത്ത് കുടിച്ചു കൊണ്ട് പറഞ്ഞു

 

‘എല്ലാവരും നിന്നെ പറയുന്നുണ്ടെങ്കിൽ നീ ആണ് നല്ലത് പോലെ കളിക്കുന്നത് എന്നല്ലേ അർഥം.. ഇത്രയും നിർബന്ധിച്ചിട്ട് കളിക്കാതെ ഇരിക്കുന്നത് മോശം ആണ്..’

 

‘അറിയാം.. എനിക്ക് ശരിക്കും ഒന്ന് ആലോചിക്കണം..’

ഞാൻ പറഞ്ഞു

 

‘കൂടുതൽ ആലോചിക്കാൻ ഒന്നുമില്ല.. മോൻ ഇറങ്ങും കളിക്കാൻ..’

ഇഷാനി അധികാരപ്പൂർവം പറഞ്ഞു

 

‘നിനക്ക് അങ്ങനെ പറഞ്ഞാൽ മതി. ഒന്നും അറിയണ്ടല്ലോ.. എടി നമ്മൾ ഫൈനൽ കളിക്കുന്ന എസ് എൻ കോളേജ് ഒക്കെ സ്‌ഥിരം ചാമ്പ്യൻമാരാണ്.. ഞാനൊക്കെ മുക്രി ഇടും അവരോട് മുട്ടി നിക്കാൻ..’