എന്റെ ചോദ്യം ഗൗനിക്കാതെ ഇഷാനി പെട്ടന്ന് ഷെൽഫിൽ നിന്നും കുറച്ചു വലിയ ഒരു ബുക്ക് കൈ നീട്ടി എടുത്തു
‘എടാ ഇത് നമ്മുടെ അറ്റൻഡൻസ് രജിസ്റ്റർ അല്ലേ..? ഈയിടെ കാണാതെ പോയത്..? അതെങ്ങനെ ഇവിടെ വന്നു..?
അവൾ അത്ഭുതത്തോടെ രജിസ്റ്റർ മറിച്ചു കൊണ്ട് ചോദിച്ചു
‘അയ്യോ ശരിയാണല്ലോ.. ഇതെങ്ങനെ ഇവിടെ വന്നു..?
ഞാൻ ഒന്നും അറിയാത്ത പോലെ വെറുതെ അഭിനയിച്ചു.. എന്റെ അഭിനയം അവൾക്ക് പിടി കിട്ടി
‘എടാ ദ്രോഹി.. അപ്പോൾ നീയാണല്ലോ ഇത് മാറ്റിയത്.. എന്നിട്ട് നമ്മുടെ ക്ലാസ്സിനെ മൊത്തത്തിൽ ചീത്ത കേൾപ്പിച്ചില്ലേ..’
‘അത് പിന്നെ എനിക്ക് എക്സാം എഴുതാൻ ഉള്ള അറ്റൻഡൻസ് പോലും ഇല്ലായിരുന്നു.. വേറെ വഴി ഒന്നും കണ്ടില്ല. കിട്ടിയ ഗ്യാപ്പിൽ ഇത് മുക്കി..’
‘കണ്ട പെണ്ണുങ്ങളുടെ പുറകെ നടന്നു ക്ലാസ്സിൽ കയറാതെ ഇരുന്നാൽ അറ്റന്റൻസ് കിട്ടില്ല..’
ഇഷാനി സ്വല്പം ഗർവ്വോടെ എന്നെ നോക്കി പറഞ്ഞു
‘അതിപ്പോ പറ്റി പോയില്ലേ.. ഇനി ഏതായാലും നീയിത് ആരോടും പറയണ്ട. നമ്മൾ ആണിത് അടിച്ചു മാറ്റിയത് എന്ന് മൂന്നാമത് ഒരാൾ അറിയാൻ പാടില്ല..’
ഞാൻ വളരെ സ്വാകാര്യം പറയുന്നത് പോലെ അവളോട് ചേർന്നു നിന്ന് പറഞ്ഞു. ആദ്യം അവൾ അത് സീരിയസ് ആയി കേട്ടെങ്കിലും പിന്നെ ആണ് അവൾക്ക് അതിലെ എന്റെ കുരുട്ട് ബുദ്ധി മനസിലായത്..
‘നമ്മളോ..? നീയല്ലേ ഇത് അടിച്ചു മാറ്റിയത്.. ഞാൻ ഒന്നുമില്ല നിന്റെ കൂടെ.. പിന്നെ ഞാൻ എങ്ങനെ പെടും..?
അവൾ ചോദിച്ചു
‘നീയിപ്പോ അറിഞ്ഞില്ലേ.. ഇപ്പോൾ തൊട്ട് നീയും കൂട്ട് പ്രതിയാണ്..’
ഞാൻ തമാശ പറഞ്ഞു
‘ഒന്ന് പോടാ..’
അവൾ തമാശക്ക് എനിക്കൊരു തള്ള് വച്ചു തന്നിട്ട് ഷെൽഫിലെ ബാക്കി പുസ്തകങ്ങൾ പരിശോധിച്ചു..
‘ഇത് പിള്ളേരുടെ ബുക്സ് ഉണ്ടല്ലോ.. ഇതൊക്കെ നീ എന്തിനാ വാങ്ങിച്ചു വെച്ചിരിക്കുന്നെ..?
ഷെൽഫിൽ കൊച്ചു കുട്ടികളുടെ കുറച്ചു ഇംഗ്ലീഷ് കഥകൾ കണ്ടു അവൾ എന്നോട് ചോദിച്ചു
‘എന്റെ പിഞ്ചു മനസ്സല്ലേ.. അതോണ്ട് ഇതൊക്കെ വായിക്കാം..’
‘തമാശ വിടെടാ.. ദേ ഞാൻ അന്ന് പൊതിഞ്ഞു തന്ന ബുക്ക് ആണോ ഇത്. പൊതി പോലും കളയാതെ നീ ഇത് ഇവിടെ വച്ചിരിക്കുവാണോ..? ഞാൻ കരുതി ആർക്കോ ഗിഫ്റ്റ് കൊടുക്കാൻ വാങ്ങിയത് ആണെന്ന്..’
ആദ്യമായ് അവളെ കടയിൽ വച്ച കണ്ട അന്ന് വാങ്ങിയ ബുക്ക് കയ്യിലെടുത്തു കൊണ്ട് അവൾ പറഞ്ഞു
‘ഗിഫ്റ്റ് ഒന്നുമല്ല.. ഞാൻ അത് വെറുതെ ഒരു രസത്തിന് വാങ്ങിയതാണ്..’
ഞാൻ ചെറിയ ഒരു വേദനയോടെ അത് പറഞ്ഞു
‘നിന്റെ ഒരു രസം..’
ഇഷാനിയുടെ പകുതി ശ്രദ്ധ അപ്പോളും ബാക്കി പുസ്തകങ്ങളിൽ ആയിരുന്നു.. അവൾ ഓരോന്നും എടുത്തു നോക്കുന്നതിന് ഇടയിൽ ഒരു ബുക്ക് തുറന്നപ്പോൾ ആണ് അതിൽ ഒരു കടലാസ്സിൽ ഒരു ചിത്രം വരച്ചിരിക്കുന്നത് ശ്രദ്ധിച്ചത്.. ഒരു പെൺകുട്ടിയുടെ ചിത്രം..
മുഖത്തേക്ക് കുറച്ചു മുടി വീണു കിടക്കുന്ന, നീളൻ പിരികം ഉള്ള, വിടർന്ന ചുണ്ടുകൾ ഉള്ള ഒരു പെൺകുട്ടി.. ആ ചിത്രം ഒന്ന് കൂടി സൂക്ഷിച്ചു നോക്കുമ്പോ തന്റെ തന്നെ പ്രതിരൂപം പോലെ അവൾക്ക് തോന്നി..
‘ഇതാരുടെ പടമാ.. എന്നെ പോലെ ഉണ്ടല്ലോ…?
ഇഷാനി ആ ചിത്രം അർജുന് നേരെ നീട്ടി.. അവൻ അത് കയ്യിലെടുത്തു നോക്കി
ഈശ്വരാ.. ഇത് പണ്ട് ഇവളുടെ മുഖം എങ്ങനെ ഉണ്ടെന്ന് അറിയാൻ ആഷിക്കിനെ കൊണ്ട് ഞാൻ വരപ്പിച്ച ചിത്രം ആണ്.. ഇതിന് അവളുടെ ഏകദേശ ഛായ ഉണ്ട് താനും.. എന്നാൽ അതിലും ഡോസ് കൂടിയ ഒന്ന് കൂടി അതിനടിയിൽ ഉണ്ടായിരുന്നു. ആദ്യത്തെ കടലാസ് അർജുന് കൊടുത്തപ്പോൾ ആണ് ഇഷാനി രണ്ടാമത്തെ ചിത്രം ശ്രദ്ധിച്ചത്
തലയിൽ ഒരു പൂവും ചൂടി മന്ദഹാസത്തോടെ ഇരിക്കുന്ന ഒരു പെൺകുട്ടി.. ഈ ചിത്രത്തിൽ ഇഷാനിക്ക് സംശയം വേണ്ടി വന്നില്ല. അത് അവൾ തന്നെ ആണെന്ന് അവൾക്ക് ഉറപ്പായിരുന്നു. ചിത്രത്തിൽ അത്രക്ക് വ്യക്തമായി അവളെ വരച്ചിട്ടിട്ടുണ്ട്.. മാത്രം അല്ല ഇത് പണ്ടൊരിക്കൽ അർജുൻ അൺ-എക്സ്പെക്ടഡ് ആയി എടുത്ത തന്റെ ഫോട്ടോ നോക്കി ആരോ വരച്ചതാണ്.. താൻ മനസറിഞ്ഞു ചിരിച്ച കുറച്ചു ഫോട്ടോകളിൽ ഒന്ന് ഇഷാനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.. അതിന്റെ ഡ്രോയിങ് വേർഷൻ ആണ് ഇപ്പോൾ അവളുടെ കയ്യിൽ ഇരിക്കുന്ന ചിത്രം
