റോക്കി – 4അടിപൊളി  

 

‘വിനീത് ഇറങ്ങട്ടെ…’

ചന്തുവിന് പകരം ഞാൻ വിനീതിന്റെ പേര് പറഞ്ഞു

 

‘അവൻ തന്നെ ഇറങ്ങട്ടെ.. പക്ഷെ എന്റെ ക്യാപ്റ്റൻ റോൾ… അത് നീ ഏൽക്കണം..’

 

‘ദേ അടുത്തത്.. നീ ഇല്ലെങ്കിൽ രാഹുൽ അല്ലേ സാധാരണ ക്യാപ്റ്റൻ ആവാറുള്ളെ..?

ഞാൻ ആ തീരുമാനത്തെ എതിർത്തു

 

‘അതേ പക്ഷെ നീ ആണ് ഇന്ന് എനിക്ക് പകരം ടീമിനെ ലീഡ് ചെയ്യണ്ടത്.. ഇത് ക്യാപ്റ്റന്റെ തീരുമാനം ആണ്. നിനക്ക് ഒഴിയാൻ പറ്റില്ല..’

അവൻ നിർബന്ധപൂർവ്വം പറഞ്ഞു

 

‘ഓ നിന്റെ വേറൊരു തീരുമാനം ആയിരുന്നല്ലോ എന്നെ സ്റ്റാർട്ടിങ് ലവനിൽ ഇറക്കുന്നത്.. എന്നിട്ട് ഇപ്പോൾ കൊട്ട കണക്കിന് കിട്ടിയല്ലോ ഗോൾ..’

ഞാൻ സ്വയം പരിഹസിച്ചു കൊണ്ട് പറഞ്ഞു

 

‘എന്റെ തീരുമാനം ഇപ്പോളും ശരിയാണ് എന്നാണ് എന്റെ വിശ്വാസം.. നീ നമ്മുടെ പിള്ളേരുടെ എല്ലാം മുഖത്തോട്ട് നോക്ക്.. അവരൊക്കെ ആൾറെഡി തോറ്റിരിക്കുവാണ്. അങ്ങനെ ഉള്ള ഒരാളുടെ കയ്യിൽ ഞാൻ ടീമിനെ ഏൽപ്പിച്ചാൽ നമുക്ക് പിന്നെ ഒരു ചാൻസും ഇല്ല..’

അല്ലെങ്കിലും നമുക്ക് ഒരു ചാൻസും ഇല്ല എന്ന് എനിക്ക് പറയണം എന്ന് തോന്നി. പക്ഷെ നെഗറ്റീവ്റ്റി കൂട്ടണ്ട എന്ന് കരുതി ഞാൻ മിണ്ടിയില്ല. ചന്തു പറഞ്ഞ കാര്യം സത്യമാണ്. രാഹുൽ അടക്കം ടീം എല്ലാം അവിഞ്ഞു ആണ് നിൽപ്പ്.. പലരും പതിയെ അടുത്ത ഹാഫിൽ നമ്മൾ എത്ര വാങ്ങി കൂട്ടും എന്ന് വരെ ചർച്ച തുടങ്ങിയിരുന്നു.. ചന്തുവിന്റെ നോട്ടത്തിൽ ഇപ്പോളും കുറച്ചു ആത്മവിശ്വാസം ഉള്ളത് എനിക്ക് മാത്രം ആണ്. അതൊരുപക്ഷെ എന്റെ മുഖത്ത് ഉണ്ടായിരുന്ന പുഞ്ചിരി കാരണം ആവണം.. അത് ഇഷാനിയുടെ കാര്യം ഓർത്തിട്ടാണ് എന്ന് ഇവന് അറിയില്ലല്ലോ.. എന്തായാലും ഈ സമയത്തു ഒരു തർക്കം വേണ്ട എന്ന് ഞാൻ വച്ചു.. അടുത്ത ഹാഫ് ടീമിനെ ലീഡ് ചെയ്യാൻ ഞാൻ തന്നെ ഇറങ്ങി

 

തോൽവി സമ്മതിച്ച ടീമിനെ കൊണ്ട് വാശി കേറ്റി കളിപ്പിക്കുക വളരെ ബുദ്ധിമുട്ട് ആണ്. അത് ഞാൻ ശരിക്കും അനുഭവിച്ചറിഞ്ഞു.. ചന്തു ഇല്ലാത്തത് ഞങ്ങളുടെ ഡിഫെൻസ്ൽ നല്ലത് പോലെ അറിയാൻ ഉണ്ടായിരുന്നു.. ഞങ്ങളുടെ പ്രതിരോധത്തെ കീറി മുറിച്ചു പലവട്ടം എതിർ ടീം ബോക്സിലേക്ക് ഇരച്ചു കയറി.. എല്ലാവരും തോൽവി സമ്മതിച്ചിട്ടും തളരാതെ ഒരാൾ മാത്രം ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു.. അവിനാശ് എന്ന ഞങ്ങളുടെ ഗോളി. കളിയിൽ ഞങ്ങൾ വരുത്തിയ പിഴവുകൾ ഗോൾ മുഖത്തേക്ക് വെടിയുണ്ട പോലെ പാഞ്ഞപ്പോൾ നെഞ്ച് കൊണ്ടും കൈ കൊണ്ടും എല്ലാം അവനതിനെ തടുത്തു നിർത്തി.. ഇനിയീ പോസ്റ്റിൽ പന്ത് കയറണം എങ്കിൽ ഞാൻ ചാവണം എന്ന ആറ്റിട്യൂടിൽ അവൻ നെഞ്ച് വിരിച്ചു ഞങ്ങളുടെ വല കാത്തു.. ഈ സമയത്തിന് ഉള്ളിൽ തന്നെ ഒരു അര ഡസൻ സേവ് എങ്കിലും അവൻ നടത്തി കാണണം.. കളി എസ് എൻ കോളേജിലെ പതിനൊന്നു പേരും ഞങ്ങളുടെ ഗോളി അച്ചുവും തമ്മിൽ ആയി.. എന്നാൽ ഏത് വന്മരത്തിനും പിടിച്ചു നിക്കുന്നതിനു ഒരു പരിധി ഉണ്ട്. ഒടുവിൽ അവന്റെ മേലെയും എസ് എൻ കോളേജ് ആധിപത്യം നേടി

 

അവർക്ക് അനുവദിച്ച ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോളിലേക്കുള്ള തുടക്കം. പന്ത് കുറിയ പാസുകളിലൂടെ അവർ വിദഗ്ദമായി ബോക്സിനുള്ളിൽ കടത്തി. ഹാട്രിക്കിനായി ആർത്തിയോടെ ബോളുമായി പായുന്ന ഡിവിന്റെ കാലിൽ നിന്നും പന്ത് എടുത്തു മാറ്റാനായി ഞാൻ ചെരിഞ്ഞു തെന്നി അവന്റെ കാലിന് ഇടയിലൂടെ കാലിട്ടു.. എന്നാൽ അത് മുൻകൂട്ടി കണ്ടിട്ടെന്ന പോലെ വെട്ടി മാറി ഡിവിൻ പന്തുമായി മുന്നോട്ട് നീട്ടിയൊരു പാസ്സ് കൊടുത്തു. അത് സ്വീകരിച്ച അവരുടെ ആറാം നമ്പർ കളിക്കാരന് പന്തൊന്ന് ഗതി തിരിച്ചു വിടേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു.. മൂന്നാമത്തെ ഗോൾ ഗ്രൗണ്ടിൽ കിടന്നു കൊണ്ടാണ് ഞാൻ കണ്ടത്..

എല്ലാം അവസാനിച്ചിരിക്കുന്നു.. കളി തീരാൻ ഇനിയും മിനിട്ടുകൾ ബാക്കിയുള്ളപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എനിക്ക് ഗ്രൗണ്ടിൽ നിന്ന് എഴുന്നേൽക്കാൻ പോലും തോന്നിയില്ല. ഇനി എന്താണ് ചെയ്യണ്ടത് എന്നറിയില്ല. എന്ത് പറഞ്ഞു ടീമിനെ ഒത്തിണക്കി നിർത്തേണ്ടത് എന്നറിയില്ല. ഞാൻ കണ്ണുകൾ മെല്ലെ അടച്ചു.. കണ്ണടച്ചു ഉള്ളിൽ എന്ത് ചെയ്യണം എന്ന് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് ഒരു ആരവം എന്റെ ചെവിയിൽ മുഴങ്ങി. ഗോൾ വീണപ്പോൾ ഉള്ള ആരവം അല്ല. ഇത് കേൾക്കുന്നത് ഞങ്ങളുടെ പിള്ളേരുടെ സൈഡിൽ നിന്നാണ്. ഞാൻ കണ്ണ് തുറന്നു

 

ഓഫ് സൈഡ് – എസ് എൻ കോളേജിന്റെ മൂന്നാമത്തെ ഗോൾ അസാധുവാക്കിയിരിക്കുന്നു. പാസ്സ് ചെയ്യുമ്പോ എപ്പോളോ അവരുടെ കളിക്കാരൻ മുന്നോട്ടു കയറി ഓടിയിരുന്നു. തൽക്കാലത്തേക്ക് എങ്കിലും ഞങ്ങൾക്ക് ജീവൻ തിരിച്ചു കിട്ടി. ആ ഉണർവോടെ ഞാൻ ചാടി എഴുന്നേറ്റു. കളി വീണ്ടും മുറുകി. ഞങ്ങളുടെ ഭാഗത്തു നിന്നും വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാലും പതിയെ പതിയെ ഞങ്ങൾക്ക് ഇടയിൽ ഒരു ഒത്തിണക്കം ഉണ്ടായി വന്നു. ഞങ്ങളുടെ പ്രതിരോധം കുറച്ചു കൂടി കടുപ്പം ആകാൻ തുടങ്ങി..

 

കളിയുടെ ഒരു റിഥം ഞങ്ങൾക്ക് തിരിച്ചു കിട്ടിയെങ്കിലും കളി ജയിക്കാനുള്ള വാശി ഇപ്പോളും ഞങ്ങൾക്ക് അകലെ ആയിരുന്നു. മിക്കവരും വലിയ നാണക്കേട് ഒഴിവാക്കാൻ എന്ന രീതിയിൽ ആണ് കളിക്കുന്നത്. ഇനി ഗോൾ കയറാതെ ഇരിക്കുക എന്നത് മാത്രം ആണ് അവരുടെ മനസ്സിൽ എന്ന് തോന്നി. കളി ജയിക്കാം എന്നുള്ള വിചാരം ഇപ്പോളും പലർക്കും ഇല്ല. എന്നാലും ഞാൻ അങ്ങനെ ആവരുതല്ലോ. വാശി കയറിയത് പോലെ ഞാൻ കളിക്കാൻ തുടങ്ങി.. ബോൾ എവിടെ ആണെങ്കിലും അതിന് പിന്നാലെ ഞാൻ പോകാൻ തുടങ്ങി. വലിയ രീതിയിൽ ശോഭിച്ചില്ല എങ്കിലും ഡിവിനെ അടക്കം പല തവണ ഞാൻ സ്റ്റോപ്പ്‌ ചെയ്തു.

 

കളിക്കാൻ ഇറങ്ങിയ പതിനൊന്നു പേരിൽ നിന്ന് മാത്രം ആയിരുന്നില്ല ഞങ്ങൾക്ക് പ്രഷർ ഉണ്ടായിരുന്നത്. അവരുടെ കോളേജിൽ നിന്നും വണ്ടി പിടിച്ചു വന്ന പിള്ളേർ ഞങ്ങളെ നല്ലരീതിയിൽ കളിയാക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓരോ പിഴവിലും ഓരോ വീഴ്ചയിലും അവർ കൂക്കി വിളിച്ചു.. അതും ഈണത്തിൽ.. ഞങ്ങളെ കളിയാക്കി പാട്ടുകൾ പോലെ പാടാനും തുടങ്ങി.. എനിക്ക് കിട്ടിയ ഗ്രൗണ്ട് സപ്പോർട്ട് കണ്ടു ഞാൻ ആണ് മെയിൻ എന്ന് കരുതി എന്റെ കാലിൽ ബോൾ വന്നപ്പോൾ എല്ലാം അവർ കൂകി. ശ്രദ്ധ തെറിച്ചു പോകുന്ന തരത്തിൽ അവന്മാർ കൂകി.. തിരിച്ചും കൂകാൻ അവരുടെ ഇരട്ടിയുടെഇരട്ടിക്ക് പിള്ളേർ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ടീമിൽ ഒത്തിണക്കം ഇല്ലാത്തത് പോലെ തന്നെ ഞങ്ങളുടെ ആരാധകർ ആയ പിള്ളേർക്കും അതില്ലായിരുന്നു.. നല്ലൊരു ഫുട്ബോൾ പാരമ്പര്യം ഉള്ള കോളേജിൽ നിന്ന് വന്ന എസ് എൻ കോളേജിലെ പിള്ളേർക്ക് എന്നാൽ ഈ പറഞ്ഞ ഒത്തിണക്കം ഉണ്ടായിരുന്നു..