റോക്കി – 4 12അടിപൊളി  

 

‘എങ്കിൽ നിങ്ങൾ രണ്ടും പൊക്കൂടായിരുന്നോ.. എന്നെ എന്തിനാ വിളിച്ചു കയറ്റിയത്.. നിങ്ങൾ രണ്ടും കറങ്ങി നടക്കുന്നതിന് കൂട്ട് വരാനായിരുന്നോ…?

ദേഷ്യവും കുശുമ്പും എല്ലാം നിറഞ്ഞ മുഖഭാവത്തോടെ ഇഷാനി ചോദിച്ചു

 

‘അവൾ എന്നോട് വളാ വളാ ചിലച്ചോണ്ട് ഇരിക്കുന്നത് പോലെ നിനക്കും മിണ്ടി കൂടെ.. നീ എന്തിനാ ഉൾവലിഞ്ഞു നിക്കുന്നെ..?

ഞാൻ ഇഷാനിയോട് ചോദിച്ചു

 

അതിന് ഇഷാനി എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോൾ ആണ് ബാത്‌റൂമിൽ നിന്നും വന്ന കൃഷ്ണ ഞങ്ങൾക്ക് ഇടയിലേക്ക് കയറി നിന്നത്

 

‘ദേ അവിടെ ഐസ് ക്രീം…’

ഞങ്ങൾക്ക് ഇടയിലേക്ക് കയറിയപ്പോൾ തന്നെ കൃഷ്ണ വിദഗ്ദമായി ഇഷാനിയിൽ നിന്ന് എന്നെ മാറ്റി. എന്റെ കൈ പിടിച്ചോണ്ട് അവൾ ഐസക്രീം വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഞങ്ങൾക്ക് പിറകെ അരിശത്തോടെ ഇഷാനിയും..

 

‘എനിക്ക് ചോക്ലേറ്റ് മതി.. നിനക്ക് ഏതാ അർജുൻ..?

കൃഷ്ണ എന്നോട് ഫ്ലേവർ ഏതാണെന്നു ചോദിച്ചു. ഞാൻ ചോക്ലേറ്റ് തന്നെ മതിയെന്ന് പറഞ്ഞു..

‘ജുന് ജി ഹ്യുന്നിന് ഏതാ വേണ്ടത്..?

 

ഇഷാനി ആദ്യം ഒന്ന് മുഖം ചുളിച്ചെങ്കിലും പിന്നെ പതിയെ പറഞ്ഞു

‘അത് തന്നെ മതി..’

 

കൃഷ്ണ ഞങ്ങൾക്ക് മൂന്ന് പേർക്കും ചോക്ലേറ്റ് തന്നു പൈസ കൊടുക്കാൻ തിരിഞ്ഞപ്പോൾ ഇഷാനി എന്റെ കയ്യിൽ പിടിച്ചു വലിച്ചു പതിയെ ചോദിച്ചു

‘ഇവൾ എന്തിനാ എന്നെ ജുന് ജി ഹ്യുന്നെന്നൊക്കെ വിളിക്കുന്നെ..?

 

‘അത് ചുമ്മാ നിന്നെ തമാശക്ക് വിളിക്കുന്നതാ.. നിന്റെ അപ്പിയറൻസ് ഒക്കെ കണ്ടു കൊറിയൻ നടിമാരെ പോലെ ഉണ്ടെന്ന് പറഞ്ഞു..’

 

‘കൊറിയൻ അവളുടെ….’

ഇഷാനി ദേഷ്യത്തോടെ കൃഷ്ണയേ നോക്കി പല്ലുറുമ്മി.. രണ്ടെണ്ണവും ഇവിടെ കിടന്നു അടി ആകുമോ എന്ന് എനിക്ക് തോന്നി. ഐസ്ക്രീം തിന്ന് കഴിഞ്ഞു ഞങ്ങൾ അടുത്ത ബ്ലോക്കിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ഇഷാനി കൃഷ്ണയുടെ ഡ്രെസ്സിനു പിന്നിൽ ഐസ്ക്രീം പട്ടിപ്പിടിച്ചു ഇരിക്കുന്നത് കാണിച്ചു കൊടുത്തത്

 

‘അയ്യോ.. ഇതെങ്ങനെ ഇവിടെ പറ്റി.. ശോ പുത്തൻ ഡ്രെസ്സാണ്..’

കൃഷ്ണ അല്ലേലും ഇടുന്ന ഭൂരിഭാഗം ഡ്രെസ്സും പുത്തൻ ആയിരിക്കും. ഒരിക്കൽ ഇട്ട ഡ്രസ്സ്‌ അവൾ പിന്നെ ഇടണം എങ്കിൽ മാസങ്ങൾ എടുക്കും. അതും അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നാലും തന്റെ വെള്ള ടോപ്പിൽ ചോക്ലേറ്റ് ഒരു കളങ്കം പോലെ കിടക്കുന്നത് കണ്ടപ്പോ കൃഷ്ണയ്ക്ക് വിഷമം വന്നു

 

‘ശോ.. എന്ത് കഷ്ടമാ.. എങ്ങനെ പിറകിൽ പറ്റിയോ..?

കൃഷ്ണ സംശയത്തോടെ ഞങ്ങളെ നോക്കി. ഇഷാനി ഒന്നും അറിയാത്തത് പോലെ നിന്നു.

‘ഞാൻ ഇതൊന്ന് കഴുകി കളഞ്ഞിട്ട് വരാം.. ഫൈവ് മിനിറ്റ്സ്..’

 

പെട്ടന്ന് വരാമെന്ന് പറഞ്ഞു കൃഷ്ണ മാറിയപ്പോൾ ഇഷാനി എന്റെ കയ്യും പിടിച്ചു അടുത്ത ബ്ലോക്കിലേക്ക് ഒരോട്ടം ആയിരുന്നു. കൃഷ്ണയുടെ അടുത്ത് നിന്നും എന്നെ കിട്ടിയ മൊമെന്റ് അവൾ ശരിക്കും വിനിയോഗിച്ചു..

 

‘എന്തിനാ ഓടിയത്.. അവൾ കൂടെ വരണ്ടേ..?

ഞാൻ കാര്യം അറിയാതെ അവളോട് ചോദിച്ചു

 

‘അവൾ വരാൻ ആണെങ്കിൽ ഞാൻ മനഃപൂർവം അവളുടെ ഡ്രെസ്സിൽ ചോക്ലേറ്റ് തേക്കില്ലല്ലോ..’

ഇഷാനി ഒരു കള്ളച്ചിരിയോടെ എന്നോട് പറഞ്ഞു

 

‘എഡി ദുഷ്ടേ.. നീ ആണോ അപ്പോൾ അത് ചെയ്തെ..?

ഞാൻ അന്തം വിട്ടു ചോദിച്ചു. ഇഷാനിയുടെ കയ്യിൽ ഇമ്മാതിരി തരികിട ഒക്കെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല

 

‘പിന്നെ സഹിക്കുന്നതിനു ഒരു പരിധി ഇല്ലെ.. ഇനി കുറച്ചു നേരം അവളുടെ ബോറടി ഉണ്ടാവില്ല..’.

ഇഷാനി ആശ്വാസത്തോടെ പറഞ്ഞു

 

അത് പറഞ്ഞു തീർന്നതും എന്റെ ഫോൺ ശബ്ദിച്ചു.. ഞങ്ങളെ അവിടെ കാണാഞ്ഞിട്ട് കൃഷ്ണ വിളിക്കുന്നതാണ്..

‘അവളാ വിളിക്കുന്നത്.. എന്ത് ചെയ്യും..?

 

‘എടുക്കണ്ട.. ‘

ഇഷാനി എന്നോട് പറഞ്ഞു

 

‘അത് മോശം അല്ലേ. ബെല്ല് ഉണ്ട്. അപ്പോൾ എടുത്തില്ലേൽ അവൾ കരുതും മനഃപൂർവം ആണെന്ന്..’

 

‘എന്നാൽ ഒരു പണി ചെയ്യ്. നമ്മൾ ഇവിടെ ഓഡിറ്റോറിയത്തിന്റെ അവിടെ ആണെന്ന് പറ..’