റോക്കി – 4 12അടിപൊളി  

അതും പറഞ്ഞു അവളുടെ കവിളിൽ ഒരു തട്ടും കൊടുത്തിട്ട് ഞാൻ അവളെ കടന്ന് പോയി. ഇഷാനി ഇത്രയും നേരം ഇവിടെ സംഭവിച്ചത് ഓർത്ത് അവിടെ തന്നെ നിന്നു. വാശി പുറത്തു ആണേലും അവന്റെ അടുത്ത് താൻ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. അതാണ് ഇപ്പോൾ അവൻ കാര്യം ആക്കുന്നില്ല എന്ന് പറഞ്ഞു നടന്നു നീങ്ങിയത്. തന്റെ ഒരു യെസ്-ന് വേണ്ടി ഇനി എത്ര കാലം വേണമെങ്കിലും കാത്തിരുന്നോളാം എന്നും പറഞ്ഞു. അവനങ്ങനെ പറഞ്ഞത് തന്റെ ഉള്ളിൽ ഇഷ്ടം ഉണ്ടെന്ന് അവനത്ര ഉറപ്പുള്ളത് കൊണ്ടാണ്…

ക്ലാസ്സിന് വെളിയിലെ തൂണിൽ ചാരി നിന്ന് കൊണ്ട് ഇഷാനി ഓർത്തു

 

അടുത്ത ദിവസങ്ങളിൽ എല്ലാം എക്സാം ആയിരുന്നു. ഞാൻ ഇഷാനിയോട് പഴയത് പോലെ തന്നെ പെരുമാറി. കളിയാക്കലും വഴക്കിടലും കുസൃതികളും എല്ലാം അതിന്റെ മുറ പോലെ പോയി. അതിലൊരു തമാശ ഞങ്ങൾ രണ്ട് പേരുടെയും കയ്യിൽ നിന്ന് പോയി..

ലാസ്റ്റ് എക്സമിനു ഇടയ്ക്കാണ് അത് സംഭവിച്ചത്. പരീക്ഷക്ക് എന്റെ മുമ്പിലായാണ് ഇഷാനി ഇരിക്കുന്നത്. എക്സാം ഹോളിൽ നിക്കുന്നത് ഞങ്ങളുടെ വിനയ് സാറും. പുള്ളിക്ക് എന്നെ വലിയ പഥ്യമില്ല. ഞാൻ എന്തോ കോപ്പി അടിക്കുന്ന പോലെയാണ് അങ്ങേരുടെ ചില സമയത്തെ നോട്ടം ഒക്കെ. കുറെ ആയപ്പോ എനിക്ക് കലിപ്പടിച്ചു. ഞാൻ മുമ്പിൽ ഇരുന്ന ഇഷാനിയെ പതിയെ ശബ്ദം ഉണ്ടാക്കി വിളിച്ചു. അവൾ മെല്ലെ തിരിഞ്ഞു നോക്കി. ഞാൻ കൈ കൊണ്ട് ഒരു പേപ്പർ തരാൻ ആംഗ്യം കാണിച്ചു. അവൾ ദേഷ്യത്തോടെ ഇല്ല എന്ന മട്ടിൽ തലയാട്ടി. ഞാൻ വീണ്ടും നിർബന്ധിച്ചു. ഇഷാനിക്ക് ഇത്തരം കാര്യങ്ങൾ ഒക്കെ പേടിയാണ്. ഞാൻ വീണ്ടും നിർബന്ധിച്ചപ്പോൾ അവൾ എക്സ്ട്രാ വാങ്ങി എഴുതിയ പേപ്പർകളിൽ ഒന്ന് എനിക്ക് തന്നു. അത് തരാൻ തന്നെ അവൾ നല്ലപോലെ പണിപ്പെട്ടു.

 

സത്യത്തിൽ ഞാൻ പേപ്പർ വാങ്ങിയത് നോക്കി എഴുതാൻ ഒന്നും അല്ലായിരുന്നു. വെറുതെ ഒരു രസത്തിനു. രസം പിന്നെയും കൂടിയപ്പോൾ ഞാൻ ഒരു തമാശ കാണിച്ചു. ഇഷാനിക്ക് പേപ്പർ തിരിച്ചു കൊടുത്ത കൂട്ടത്തിൽ എന്റെ കയ്യിൽ ഇരുന്ന ഒരു പേപ്പർ കൂടെ കൊടുത്തു. അത് കയ്യിൽ വാങ്ങി നോക്കിയപ്പോൾ അതിൽ വലിയ അക്ഷരത്തിൽ I LOVE YOU എന്ന് എഴുതിയിരിക്കുന്നത് ഇഷാനി വായിച്ചു. അവൾ ദേഷ്യത്തോടെ എന്നെ തിരിഞ്ഞു നോക്കി. എന്താടാ ഈ എഴുതിയെ എന്ന് പതിയെ ചോദിച്ചു കണ്ണുരുട്ടി. ഇഷാനി തല വെട്ടിച്ചു എന്നെ നോക്കുന്നത് സാർ കണ്ടു. പുള്ളി പതിയെ എന്റെ അടുത്ത് വന്നു എന്നെ ചൊറിഞ്ഞു. അവളെ പുള്ളിക്ക് കാര്യം ആയതു കൊണ്ട് അവൾ തിരിഞ്ഞു ഇരുന്നു സംസാരിച്ചതിനും ഊക്ക് എനിക്ക്..

 

‘മതി എല്ലാവരും പേപ്പർ ടൈ ചെയ്തോളു.. ഇനി കുറച്ചു മിനിറ്റ് കൂടെ എക്സാം ഉള്ളു. ബെല്ലടിച്ചാൽ അപ്പൊ ഞാൻ പേപ്പർ വാങ്ങിക്കും. അതിന് മുന്നേ എല്ലാവരും പേപ്പർ ടൈ ചെയ്യൂ. ഇനിയും പേപ്പർ വേണം എന്നുള്ളവർ പറ..’

സാർ ഉറക്കെ ക്ലാസ്സിനോട് മുഴുവൻ ആയി പറഞ്ഞു.

അത് കേട്ട് ഞാൻ അടക്കം ഉള്ളവർ പേന കൊണ്ട് പേപ്പർ കിഴിച്ചു നൂൽ അതിലൂടെ കയറ്റി പേപ്പർ കെട്ടാൻ തുടങ്ങി, ഇഷാനി ഒഴിച്ച്..

അവളുടെ പേപ്പറിനു ഇടയിൽ ഞാൻ കൊടുത്ത പേപ്പർ ഉണ്ടല്ലോ.. അതിൽ ഐ ലവ് യൂ എന്ന് എഴുതിയിട്ട് ഉണ്ടല്ലോ.. അത് എങ്ങനെ എങ്കിലും മാറ്റാൻ ഇഷാനി ശ്രമിക്കുമ്പോൾ ആണ് എന്തോ പന്തികേട് തോന്നി വിനയ് സാർ അവളുടെ അടുത്തേക്ക് ചെന്നത്

 

‘താൻ ഇത് വരെ ടൈ ചെയ്തില്ലേ. ഞാൻ എല്ലാവരോടും കൂടിയാണ് പറഞ്ഞത്..’

സാർ പറഞ്ഞത് കേട്ട് ഇഷാനി പേപ്പർ ടൈ ചെയ്യുന്ന പോലെ എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചു. അവളുടെ കൈ വിറയൽ എനിക്ക് പിന്നിൽ ഇരുന്നാൽ കാണാമായിരുന്നു. ഇത്രയ്ക്കും വിറയ്ക്കാൻ എന്താണ് എന്ന് കാര്യം ആലോചിക്കാതെ ഞാൻ ഓർത്തു. ഇഷാനി പേപ്പർ കൂട്ടിക്കെട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ട് അലിവ് തോന്നി വിനയ് സാർ അവളുടെ പേപ്പർ വാങ്ങി അത് നൂലിൽ കയറ്റി കെട്ടിക്കൊടുത്തു. ഇഷാനി അങ്കലാപ്പോടെ എന്നെ തിരിഞ്ഞു നോക്കുമ്പോളേക്കും ഞാൻ എഴുത്തു പൂർത്തിയാക്കി പേപ്പർ കെട്ടി പോകാൻ വേണ്ടി എണീറ്റിരുന്നു. പേപ്പർ സാറിന്റെ കയ്യിൽ കൊടുത്തു പുറത്തേക്ക് പോകുന്ന വഴി അവളെ നോക്കിയപ്പോൾ എടാ വഞ്ചകാ എന്നൊരു മട്ടിലൊരു നോട്ടമാണ് എനിക്ക് കിട്ടിയത്. പരീക്ഷ കഴിഞ്ഞു ഇറങ്ങിയ അവളുടെ കയ്യിൽ നിന്ന് പുറത്തിന് രണ്ട് ഇടിയാണ് എനിക്ക് കിട്ടിയത്. ശ്രുതിയോട് സംസാരിച്ചു കൊണ്ട് നിന്ന ഞാൻ അവൾ പിന്നിലൂടെ വന്നത് കണ്ടില്ല. പുറത്ത് രണ്ടു ക്ഷീണിച്ച ഇടി വന്നു വീണപ്പോൾ ആണ് ഇഷാനിയെ ഞാൻ കാണുന്നത്.. ശ്രുതിയുടെ അടുത്ത് നിന്ന് ഈ കാര്യം സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവൾ എന്നെ മാറ്റി വിളിച്ചു കൊണ്ട് പോയി