റോക്കി – 4അടിപൊളി  

 

‘നിനക്ക് എന്റെ അടുത്ത് നിന്ന് ഒരു ഉത്തരം വേണ്ടേ… എന്നോട് ഈയിടെ ചോദിച്ച ഒരു കാര്യത്തിന്..? അത് തരാം…’

അവൾ ഉദ്ദേശിച്ചത് അവൾക്ക് എന്നെ ഇഷ്ടം ആണോന്ന് ഞാൻ ചോദിച്ച ചോദ്യം ആണ്.. അതിന് ഉത്തരം നൽകാം എന്നാണ് അവൾ പറയുന്നത്..

 

‘സീരിയസ്ലി…? ഞാൻ കളി ജയിച്ചാൽ നീ അത് എന്നോട് പറയുമോ..?

ഞാൻ ആകാംക്ഷ കൊണ്ട് ഉറക്കെ ചോദിച്ചു

 

‘പറയാം.. എന്താ വിശ്വാസം ഇല്ലേ..?

അവൾ ചോദിച്ചു

 

‘വിശ്വാസത്തിന്റെ അല്ല… അന്ന് കളി ജയിച്ചാൽ നീ പറയും എന്നല്ലേ പറഞ്ഞത്.. സപ്പോസ് ജയിച്ചില്ല എങ്കിലും നിന്റെ ഉള്ളിൽ ഉള്ള തീരുമാനം മാറില്ലല്ലോ.. മാത്രം അല്ല അന്ന് പറയാം എന്ന് തീരുമാനിച്ചു എങ്കിൽ ഇപ്പോളെ നിന്റെ ഉള്ളിൽ ആ ഉത്തരം ഉണ്ട്.. ഇനിയിപ്പോ നീയത് പറഞ്ഞില്ല എങ്കിൽ പോലും എനിക്ക് മനസിലായി നിന്റെ ഉത്തരം..’

ഞാൻ ഒരു വിജയിയെ പോലെ പറഞ്ഞു

 

‘ശരിയാണ് നീ പറഞ്ഞത്.. എന്നാലും എന്റെ നാവിൽ നിന്ന് അത് കേൾക്കണം എന്ന് നിനക്കില്ലേ.. നീ ചോദിച്ചതിന്റെ ആൻസർ എന്റെ അടുത്ത് അപ്പോൾ തന്നെ ഉണ്ടായിരുന്നു. പക്ഷെ അന്ന് ഞാൻ മനഃപൂർവം പറയാതെ ഇരുന്നതാണ്. അത് പറയാതെ എത്ര നാൾ വേണേലും ഉള്ളിൽ കൊണ്ട് നടക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. അതിനി അന്നല്ലെങ്കിൽ ഒരുപക്ഷെ ഒരിക്കലും ഞാൻ പറയുകയും ഇല്ലായിരിക്കും.. അത് കൊണ്ട് അന്ന് എന്നെ കൊണ്ട് പറയിക്കാൻ പറ്റുമെങ്കിൽ നീ പറയിക്ക്…’

ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. അതായത് അവളുടെ ഉള്ളിൽ ഇഷ്ടം ഉണ്ടെങ്കിൽ പോലും അവളത് തുറന്നു പറയാൻ പോണില്ല എന്ന്. എന്നാൽ ഫൈനൽ ജയിച്ചാൽ അവളെ കൊണ്ട് അത് പറയിക്കാൻ എനിക്ക് സാധിക്കും..

 

‘എന്നാലും എന്റെ ആ ചോദ്യത്തിന് ഒരു ഗെയിം വച്ചു നീ വില ഇടരുത്. അന്ന് അഥവാ എനിക്ക് ജയിക്കാൻ പറ്റിയില്ല എങ്കിൽ ഞാൻ അതൊരിക്കലും കേൾക്കാതെ പോകില്ലേ.. ഗെയിം ജയിച്ചാലും ഇല്ലെങ്കിലും എന്റെ ഉള്ളിലെ ഇഷ്ടം സെയിം അല്ലേ..? ഒരു കളിയുടെ റിസൾട്ട്‌ നോക്കി ലൈഫ് ചൂസ് ചെയ്യുന്ന ആളാണ് നീയെന്നു എനിക്ക് തോന്നുന്നില്ല..’

 

‘ഞാൻ നിന്റെ ഇഷ്ടത്തെ കുറച്ചു കാണുക അല്ല.. ജയിച്ചാലും തോറ്റാലും എനിക്ക് പറയാൻ ഉള്ള ഉത്തരത്തിൽ മാറ്റം ഒന്നും വരില്ല.. പക്ഷെ ഈ കളി നീ അവരാരും പറഞ്ഞിട്ട് അല്ലല്ലോ കളിക്കാൻ ഇറങ്ങിയത്.. നീ ഈ കളി കളിക്കുന്നതും ജയിക്കാൻ പോണതും എനിക്ക് വേണ്ടിയാണ്.. അങ്ങനെ ഒരാൾക്ക് വേണ്ടി എനിക്ക് ലൈഫ് ചൂസ് ചെയ്യാമല്ലോ..’

അവൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു.. ആ പറഞ്ഞത് ശരിക്കും എന്നെ ഇഷ്ടം ആണെന്ന് തന്നെ ആണ്. പക്ഷെ അതിന് അവളുടെ ഉറപ്പ് കിട്ടണം എങ്കിൽ ഫൈനൽ ഞാൻ ജയിക്കണം..

 

പിന്നീടുള്ള ഓരോ ദിവസവും ഫൈനൽ മാത്രം ആയി എന്റെ മനസ്സിൽ. പ്രാക്ടീസ് സെക്ഷൻ ഒക്കെ ഞാൻ എന്റെ ഉയിർ കൊടുത്തു നിന്നു. രാത്രി പലതവണ ഞാൻ ഫൈനൽ സ്വപ്നം കണ്ടു.. അതിലൊന്നും തന്നെ ഞങ്ങൾ ജയിച്ചിരുന്നില്ല.. രാവിലെ എഴുന്നേൽക്കുമ്പോ മൂഡോഫ് ആകാൻ ആ കാരണം മതിയായിരുന്നു.. പക്ഷെ അത് മനസിൽ വച്ചോണ്ട് ഇരിക്കാതെ ഞാൻ വീണ്ടും മനസിനെ ഏകാഗ്രമാക്കി.. പകൽ പരിശീലനത്തിന് ഇറങ്ങിയും രാത്രി കളി തന്ത്രങ്ങൾ മെനഞ്ഞും ശരീരവും മനസും ഫൈനലിലേക്ക് തയ്യാറെടുത്തു..

 

ഫൈനൽ ഞങ്ങളുടെ കോളേജിൽ വച്ചായിരുന്നു.. അതിന്റെ ഒരു അഡ്വാന്റേജ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു മത്സരം. വെയിൽ അത്ര കാഠിന്യതിൽ ഒന്നും അല്ല. മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ് ഉണ്ട്.. ഞങ്ങളുടെ എതിരാളികൾ ആയ എസ് എൻ കോളേജ് ടീം നേരത്തെ തന്നേ എത്തിയിരുന്നു. മാച്ച് തുടങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പാണ് അവരുടെ കോളേജിൽ നിന്നും രണ്ട് ബസിൽ ആളുകൾ കളി കാണാൻ വന്നത്. ഇത്രയും ദൂരം കളി കാണാൻ തന്നേ വരണം എങ്കിൽ അവരുടെ സ്പിരിറ്റ്‌ അന്യായം തന്നെ എന്ന് ഞാൻ ഊഹിച്ചു. ആൺകുട്ടികളും പെൺകുട്ടികളുമായി ഒരു പട തന്നെ ഉണ്ടായിരുന്നു.. ഗ്രൗണ്ടിന് ചുറ്റും ഉള്ള പടവുകളിൽ കളി കാണാൻ എത്തിയവർ ഗാലറിയിൽ എന്ന പോലെ സ്‌ഥാനം പിടിച്ചു. ആളെണ്ണത്തിൽ ഞങ്ങളുടെ കോളേജ് ആയിരുന്നു മുന്നിൽ എങ്കിലും എസ് എൻ കോളേജിൽ നിന്നും ബസ് പിടിച്ചു വന്ന പിള്ളേരുടെ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു..

 

അവർ ഒരു മഞ്ഞ ജേഴ്‌സി ആണ് ധരിച്ചിരിക്കുന്നത്.. ഞങ്ങളുടേത് നീല ആണ്.. കളി തുടങ്ങാൻ കുറച്ചു മിനിറ്റ്കൾ കൂടിയേ ഉള്ളു.. എന്റെ കണ്ണുകൾ എല്ലായിടത്തും ഇഷാനിയെ തിരഞ്ഞു. അവളെ ഇന്നത്തെ ദിവസം താൻ കണ്ടില്ല. അവൾ ഉറപ്പായും കളി കാണാൻ വരേണ്ടത് ആണ്. ഇന്നത്തെ തിരക്കിനിടയിൽ അവളെ വിളിക്കാനും സാധിച്ചില്ല. എന്റെ തിരക്ക് ഓർത്താവും അവളും എന്നെ തപ്പി വന്നുമില്ല..

ഇഷാനിയെ തിരയുന്ന കണ്ണുകൾക്ക് മുന്നിലേക്കാണ് കൃഷ്ണ ഒരു പുഞ്ചിരിയോടെ ഓടി എത്തിയത്.. യൂണിവേഴ്സിറ്റി ഫൈനൽ മാച്ച് കോളേജിൽ നടക്കുന്നത് കൊണ്ട് പിള്ളേർ ഒട്ടുമിക്ക പേരും ജേഴ്സി ഒക്കെ ഇട്ടാണ് വന്നത്. കൃഷ്ണ മാഡ്രിഡഡിന്റെ ജേഴ്‌സി ആണ് ധരിച്ചിരിക്കുന്നത്.. അതിൽ അവളെ കാണാൻ നല്ല രസമുണ്ട്. മുടി പോണി ടൈൽ സ്റ്റൈലിൽ കെട്ടി വച്ചിരിക്കുന്നു.. മുഖത്ത് എന്തോ കുറച്ചു കളറും തിളക്കവും ഒക്കെ ഉണ്ട്. കയ്യിൽ റിബൺ എല്ലാം ചുറ്റി വച്ചേക്കുന്നു..

 

‘നീയെന്താ ഒരു ചിയർ ഗേൾ സെറ്റപ്പിൽ..?

ഞാൻ ചിരിച്ചോണ്ട് ചോദിച്ചു

 

‘ശരിക്കും ചിയർ ഗേൾ തന്നെയാ.. നീ അവിടെ ഗോൾ അടിക്കുമ്പോ ഞാൻ ഇവിടെ ഡാൻസ് കളിക്കും.. ഞാൻ മാത്രം അല്ല ക്രിസ്റ്റിയും നേഹയും ഒക്കെ ഉണ്ട്.. നിങ്ങൾക്ക് ഒരു സപ്പോർട്ട് ആയിട്ട്.. എങ്ങനെ ഉണ്ട്..?

 

‘കൊള്ളാം. കൊള്ളാം.. ഞാൻ ഗോൾ അടിച്ചിട്ട് ഡാൻസ് കളിക്കാൻ ആണേൽ മോൾ കളിച്ചത് തന്നെ..’

അവളുടെ സുന്ദരി മൂക്കിൽ ഒരു വലി വലിച്ചിട്ടു ഞാൻ തിരിച്ചു നടന്നു.. കളി തുടങ്ങാൻ ഇനി മിനിട്ടുകൾ മാത്രമേ ഉള്ളു..

 

‘റോക്കി ഭായ്… ബെസ്റ്റ് ഓഫ് ലക്ക്..’

കൃഷ്ണ വിളിച്ചു പറഞ്ഞു.. ഞാൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി ചിരിച്ചിട്ട് നടന്നു.. കളി തുടങ്ങുന്നത് വരെയും ഇഷാനിയെ ഞാൻ കണ്ടില്ല.. അവളെ കാണാത്തത് എന്റെ ഉള്ളിൽ എന്തോ ഒരു വിമ്മിഷ്ടം സൃഷ്ടിച്ചു.. വേറെ ആർക്ക് കാണാനാണ് ഞാൻ ഇന്നിവിടെ കളിക്കേണ്ടത്..? അവൾ ഇല്ലെങ്കിൽ പിന്നെ ഇന്ന് ഞാൻ കളിക്കുന്നതിന് പോലും അർഥം ഇല്ലല്ലോ എന്നൊക്കെ ഞാൻ ചിന്തിച്ചു.. ഒരുപക്ഷെ എന്റെ മനസ്സ് അവളും മനസിലാക്കി കാണണം.. ഗെയിം സ്റ്റാർട്ട്‌ ചെയ്യാൻ വിസിൽ ഊതാൻ പോകുന്നതിന് തൊട്ട് മുമ്പ് പടവുകളിൽ കുട്ടികൾ നിരന്നിരിക്കുന്നതിൽ ഒരിടത്തു നിന്ന് ആഷിക്ക് എന്നെ കൈ വീശി കാണിച്ചു.. കൈ വീശി അവൻ ഇവിടേക്ക് നോക്കാൻ പറഞ്ഞു കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവന്റെ കൈ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവന് കുറച്ചു അടുത്തായി എന്നെ തന്നെ നോക്കികൊണ്ട് ഇഷാനി ഇരിക്കുന്നത് ഞാൻ കണ്ടു. ഇഷാനി പറഞ്ഞിട്ട് ആകണം ആഷി എന്നെ കൈ കാണിച്ചത്.. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.. അവളും തിരിച്ചൊരു സ്‌മൈൽ എനിക്ക് സമ്മാനിച്ചു…