റോക്കി – 4അടിപൊളി  

ഞാൻ പറഞ്ഞു

 

‘ആണല്ലോ.. ശരി… എങ്കിൽ ഞാനും പോകുന്നില്ല.. ഇവിടെ ഇരിക്കുവാ നിന്റെ കൂടെ..’

ഇഷാനി എന്റെ അടുത്ത് നിന്നും മാറി ഒരു കസേരയിൽ പോയി ദേഷ്യത്തോടെ കൈ കെട്ടി ഇരുന്നു

 

‘നീ എന്തിനാ പോകാതെ ഇരിക്കുന്നെ..?

ഞാൻ വെറുതെ ചൊറിയാൻ ചോദിച്ചു. ചൊറിഞ്ഞാൽ ചിലപ്പോൾ ആ കലിപ്പിൽ അവൾ ഇറങ്ങി പൊക്കോളും

 

‘ഞാൻ കാരണമല്ലേ എല്ലാം. അതല്ലേ നീ ഒന്നും എഴുതാൻ വരാത്തത്. അപ്പോൾ ഞാനും എഴുതുന്നില്ല..’

ഇഷാനി വാശി കാണിച്ചു എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

‘ദേ ഇപ്പോൾ പോയാൽ ഒരു ബസ് ഉണ്ട്. അതിന് പോയാൽ സമയത്തു നിനക്ക് എക്സമിനു കേറാം.. വാശി കാണിച്ചാൽ ഇവിടെ ഇരിക്കത്തെ ഉള്ളു..’

ഞാൻ അവളോട് കാര്യമായി പറഞ്ഞു

 

‘ഇരുന്നോളാം..’

അവൾ ദേഷ്യത്തിൽ മറുപടി തന്നു.

എങ്കിൽ അവിടെ ഇരുന്നോ എന്ന മട്ടിൽ ഞാൻ അത് കാര്യമാക്കാതെ എണീറ്റ് അടുക്കളയിലേക്ക് പോയി. മാഗി ഒരു പാക്കറ്റ് പൊട്ടിച്ചു കുക്ക് ചെയ്തു. അവളോട് വേണോ എന്ന് ചോദിച്ചു മുന്നിൽ നീട്ടിയപ്പോൾ അവൾ മുഖം തിരിച്ചു. അത് കൊണ്ട് ഞാൻ തന്നെ അത് ഇരുന്നു തിന്നു. സമയം പിന്നെയും നീങ്ങി. എക്സാം തുടങ്ങാൻ പതിനഞ്ച് മിനിറ്റ് കൂടെയേ കാണൂ.. ഇവൾ ആണേൽ അനങ്ങുന്നും ഇല്ല.. എനിക്ക് ഒരു പേടി ആയി തുടങ്ങി. ഇവൾ ഇനി ശരിക്കും പോണില്ലേ..?

 

‘ദേ ക്ലോക്കിലേക്ക് നോക്കിക്കേ.. പതിനഞ്ച് മിനിറ്റ് കൂടെയേ ഉള്ളു. ഇനി നീ പോയാലും സമയത്ത് എത്തില്ല..’

ഞാൻ അവളെ പേടിപ്പിക്കാൻ നോക്കി

 

‘അത് നിനക്കും ബാധകം ആണ്..’

അവൾ തിരിച്ചു പറഞ്ഞു

 

‘ഞാൻ അതിന് പോകാൻ ഉദ്ദേശിച്ചിട്ടില്ല..’

ഞാൻ മറുപടി കൊടുത്തു

 

‘ഞാനും..’

ഞാൻ കൊടുത്തത്തിലും വേഗം മറുപടി തിരിച്ചു വന്നു.

 

‘ഇന്റെർണൽ എഴുതി ഇല്ലേൽ സി മാർക്ക് പോകും. പിന്നെ നിന്റെ റിസൾട്ടിൽ അത് അഫ്ഫക്റ്റ് ചെയ്യും.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..’

ഞാൻ അവളെ പേടിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു

 

‘സെയിം റ്റൂ യൂ..’

എന്നെ നോക്കാതെ അവൾ പറഞ്ഞു

 

‘എനിക്ക് സി മാർക്ക് ഒന്നും വേണ്ട. ഫുൾ മാർക്ക് വാങ്ങിക്കാൻ അല്ല ഞാൻ എക്സാം എഴുതുന്നതും. നിനക്ക് അല്ലേ രണ്ട് മാർക്ക് കുറഞ്ഞാൽ തന്നെ വിഷമം..?

 

‘ആ വിഷമം ഞാൻ അങ്ങ് സഹിച്ചു..’

അവൾ എന്റെ പേടിപ്പിക്കലിൽ ഒന്നും വീഴുന്നില്ല

 

‘നിനക്ക് എക്സാംനെക്കാളും മാർക്കിനെക്കാളും ഒക്കെ പ്രയോരിറ്റി അപ്പോൾ ഞാനാണോ..? എനിക്ക് വേണ്ടി ഇവിടെ കുത്തിയിരിക്കുന്നു..?

ഞാൻ പറഞ്ഞത് കേട്ട് ഇഷാനി കുറച്ചു നേരത്തിനു ശേഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നിട്ടു പിന്നെയും മുഖം മാറ്റി

‘അങ്ങനെ ആണേൽ പിന്നെ ശരിക്കും തുറന്നു അത് സമ്മതിച്ചാൽ പോരേ.. ഈ ഡിമാൻഡ് വയ്ക്കുന്ന എന്തിനാണ്..?

എന്റെ ചോദ്യത്തിന് അവൾ മറുപടി തന്നില്ല. ഒരുപക്ഷെ അവൾക്ക് മറുപടി കാണില്ല. എക്സാം എഴുതാതെ എന്റെ ചെറിയ വാശിക്ക് മുന്നിൽ അവൾ ഇവിടെ ഇരിക്കണം എങ്കിൽ അവളുടെ മുന്നിൽ അതിനേക്കാൾ ഒക്കെ വലുതാണ് ഞാൻ. അതെനിക്ക് മനസിലായി. പക്ഷെ എന്നിട്ടും എന്തിനാണ് അവൾ എന്നോട് ഗ്യാപ് ഇടാൻ ശ്രമിക്കുന്നത്.. എനിക്ക് മനസിലാകാത്ത എന്തോ ഇപ്പോളും അവളിൽ ഉണ്ട്..

 

‘ദേ ഇനി പത്തു മിനിറ്റ് കൂടെയേ ഉള്ളു. താമസിച്ചു ചെന്നാലും കയറ്റണം എങ്കിൽ ഇപ്പോൾ ചെല്ലണം.. ‘

ഞാൻ ക്ലോക്കിൽ നോക്കി ഓരോ മിനിറ്റ് കുറയുമ്പോളും അവളെ പേടിപ്പിച്ചു കൊണ്ടിരുന്നു.. അവൾക്ക് അസ്വസ്‌ഥത ഉണ്ടെങ്കിലും പോകാൻ ഇത് വരെ അവൾ തയ്യാറായില്ല. സമയം വീണ്ടും മുന്നോട്ടു പോയി

 

‘വെറുതെ വാശി പിടിച്ചു എക്സാം കളയണ്ട. ഞാൻ വേണേൽ അവിടെ ഡ്രോപ്പ് ചെയ്യാം നിന്നെ..’

ഞാൻ ഒന്ന് മയപ്പെട്ടു. ഞാൻ കാരണം അവൾ എക്സാം എഴുതാതെ ഇരിക്കുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ്

 

‘അപ്പോൾ എന്നോട് പിണക്കം മാറിയോ..?

അവൾ ഏറെ നേരത്തിനു ശേഷം കുറച്ചു മുഖപ്രസാദം വരുത്തി ചോദിച്ചു

 

‘ആ കുറച്ചു.. ഞാൻ കാരണം നീ പരീക്ഷ എഴുതാതെ ഇരിക്കേണ്ട.. വാ..’

ഞാൻ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു

 

‘അപ്പോൾ നീ എഴുതുന്നില്ലേ..?

അവൾ സംശയത്തോടെ ചോദിച്ചു

 

‘ഇല്ല..’

ഞാൻ മറുപടി കൊടുത്തു

 

‘എന്നാൽ ഞാനുമില്ല..’

ഇഷാനിയുടെ മുഖത്തെ തെളിച്ചം പോയി. അവൾ വീണ്ടും ശോകം ആയി

 

‘നീ ഇവിടെ ഇരുന്നാൽ നിനക്ക് തന്നെ ആണ് നഷ്ടം..’

എനിക്ക് ദേഷ്യം വന്നു തുടങ്ങി. ഈ പെണ്ണിന് കാര്യം മാനസിലാക്കുന്നുമില്ലല്ലോ

 

‘നമ്മൾ രണ്ട് പേർക്കും ഒരുപോലെ ആണ് നഷ്ടം..’

അവൾ പറഞ്ഞു

 

‘അല്ല. ഈ എക്സാം ഇല്ലെലോ ഡിഗ്രി ഇല്ലെലോ എനിക്കൊരു ചുക്കുമില്ല. എനിക്ക് ഒരു ജോലി വേണേൽ തന്നെ അതിന് ഇതിന് മുമ്പ് പഠിച്ച സർട്ടിഫിക്കറ്റ്സ് ഉണ്ട്. ഇനി പണിക്ക് പോയില്ലേലും എനിക്ക് ജീവിക്കാം.. എന്റെ അപ്പൻ അതിനുള്ളത് സമ്പാദിച്ചു ഇട്ടിട്ടുണ്ട്.. അതേ പോലെ ആണോ നീ..?

ഞാൻ കുറച്ചു ഹാർഷ് ആയി ചോദിച്ചു. എന്റെ ആ ചോദ്യം പെട്ടന്ന് ഒരു മുള്ള് പോലെ ഇഷാനിയെ വേദനിപ്പിച്ചത് ഞാൻ കണ്ടു. എന്റെ സാമ്പത്തികഭദ്രത അവളെ മനസിലാക്കാൻ പറഞ്ഞതാണ് എങ്കിലും അതിലെ മറ്റൊരു വശമാണ് അവൾ കണ്ടത്. അവൾക്ക് ആരുമില്ല എന്നൊരു വശം കൂടി അതിന് ഉണ്ടായിരുന്നു. പക്ഷെ അതൊരിക്കലും ഞാൻ ചിന്തിച്ചത് അല്ല. അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.. അത് കണ്ടു എനിക്കും സങ്കടം വന്നു

 

‘ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. സോറി.. ശേ..’

എന്റെ നാക്ക് പിഴയിൽ എനിക്ക് സ്വയം പുച്ഛം തോന്നി

‘നീ വാ.. എഴുന്നേൽക്ക്.. ഞാൻ വരാം എക്സാമിന്..’

അവസാനം ഞാൻ തന്നെ തോറ്റു കൊടുക്കാൻ തീരുമാനിച്ചു.

 

‘സത്യം…?

കണ്ണുകൾ നിറഞ്ഞെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു അവൾ ചോദിച്ചു

 

‘മ്മ്..’

എനിക്ക് അത്ര സന്തോഷം ഇല്ലായിരുന്നു. എന്നാലും ഞാൻ ചെറുതായ് ചിരിച്ചു. അവൾ എഴുന്നേറ്റ് ബാഗ് എടുത്തു. ഞാൻ വെറും കയ്യോടെ എഴുന്നേറ്റ് വീടിന് പുറത്തേക്ക് നടക്കുന്നത് കണ്ടു ഇഷാനി ചോദിച്ചു

 

‘ബാഗ് ഒന്നും എടുക്കുന്നില്ലേ..?

 

‘ഓ.. ഇല്ല..’

ഒരു താല്പര്യം ഇല്ലായ്മ എന്റെ പറച്ചിലിൽ ഉണ്ടായിരുന്നു

 

‘പേന പോലും എടുക്കുന്നില്ലേ..?

അവിൾ സംശയത്തോടെ വീണ്ടും ചോദിച്ചു

 

‘ആ അതിനി അവിടെ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം.. നിന്റെ കയ്യിൽ രണ്ട് പേന ഉണ്ടോ..?

ഞാൻ അലസമായി ചോദിച്ചു

 

‘നീ ശരിക്കും എക്സാം എഴുതാൻ തന്നെ പോവണോ..? നീ ഇങ്ങനെ പോയിട്ട് അവിടെ പോയി എന്ത് എഴുതാൻ ആണ്..’

 

‘ഞാൻ എക്സമിനു വന്നാൽ പോരേ നിനക്ക്.. ഇനി ഫുൾ മാർക്ക് കൂടെ വാങ്ങിക്കണോ..?

ഞാൻ നീരസത്തോടെ ചോദിച്ചു

 

‘ചുമ്മാ വരാൻ അല്ല. എക്സാം മര്യാദക്ക് എഴുതാൻ ആണ് ഞാൻ നിന്നെ വിളിച്ചത്.. നീ അവിടെ പോയി ഒന്നും എഴുതാതെ തിരിച്ചു വരാൻ പോവണോ..?