ഞാൻ ധൃതി വച്ചു റോഡിൽ ഇറങ്ങി. ബസ് ഒന്നും നോക്കി മിനക്കെട്ടില്ല, ഒരു ഓട്ടോ വന്നപ്പോ അതിൽ കൈ കാണിച്ചു കയറി ഹോട്ടലിൽ പോയി ഇറങ്ങി. വിശപ്പ് നല്ലവണ്ണം എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ എരിയുന്ന വിശപ്പിനും മേൽ ഞാൻ നെഞ്ചിൽ എരിയുന്ന പ്രണയത്തിനു സ്‌ഥാനം കൊടുത്തു. അവളെ കണ്ടിട്ടേ ഇനി എനിക്ക് എന്തെങ്കിലും ഇറങ്ങൂ എന്ന് തോന്നി. ഞാൻ വേഗം ബൈക്ക് എടുത്തു കോളേജിൽ ചെന്നു. ഞാൻ ചെന്നപ്പോളേക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു. ആഷിക്കും ഫാത്തിമയും ഞങ്ങളുടെ ബെഞ്ചിൽ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നു. രാഹുൽ വന്നിട്ടില്ല. അവനും ചിലപ്പോ എണീറ്റ് കാണില്ല. ആഷിക്ക് എന്നെ കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ നിന്നില്ല. ഇഷാനി എവിടെ കാണുമെന്ന് നോക്കി ഞാൻ പുറത്തേക്ക് പോയി. ഭക്ഷണമൊക്കെ കഴിച്ചു ഗ്രൗണ്ടിന് അടുത്ത് ഞങ്ങൾ പണ്ട് സ്‌ഥിരം വന്നിരിക്കാറുള്ള വാകയുടെ ചുവട്ടിൽ ആയിരുന്നു അവൾ. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നിരുന്നു..
‘എന്താ താമസിച്ചു വന്നെ.. ഞാൻ കരുതി ഇന്ന് വരില്ലെന്ന്..?
അവൾ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു
‘നല്ല ക്ഷീണം ഉണ്ടായിരുന്നു.. അതാ എണീക്കാൻ താമസിച്ചത്..’
ഞാൻ പറഞ്ഞു
‘ക്ഷീണം ഉണ്ടേൽ ഇന്ന് ലീവ് എടുത്തൂടെയിരുന്നോ..?
‘എടുത്തേനേ.. പക്ഷെ ഇന്ന് എനിക്ക് ലീവ് എടുത്തു അവിടെ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കില്ല..’
‘അതെന്താ..?
അവളുടെ മുഖത്ത് ഒരു ഭാവ മാറ്റവും കാണാൻ കഴിയുന്നില്ല. ഈ കാര്യം ആലോചിക്കുമ്പോൾ അവൾക്കൊരു നാണം വരേണ്ടത് ആണല്ലോ എന്ന് ഞാൻ ഓർത്തു
‘നിന്റെ മറുപടി കിട്ടാൻ..! അതിനാ ഫുഡ് പോലും അടിക്കാതെ ഞാൻ ഓടി പിടച്ചു ഇവിടേക്ക് വന്നത്..’
‘അപ്പോൾ ഫുഡ് കഴിച്ചില്ലേ..? കൊള്ളാം.. വാ എണീക്ക് പോയി ഫുഡ് കഴിക്ക്..’
അവൾ എന്നെ ഫുഡ് കഴിക്കാൻ നിർബന്ധിച്ചു
‘അത് ഞാൻ കഴിച്ചോളാം, നീ ആദ്യം നമ്മുടെ കാര്യം പറ..’
‘നമ്മുടെ എന്ത് കാര്യം..?
അവൾ ഒന്നും അറിയാത്തത് പോലെ സംസാരിച്ചു
‘എന്താന്ന് നിനക്ക് അറിയില്ലേ..?
ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു
‘ഇല്ല.. എന്താ…?
അവൾ പിടി തരുന്ന ലക്ഷണം ഇല്ല.. എനിക്ക് ആണേൽ ദേഷ്യവും വരുന്നു..’
‘നമ്മുടെ കാര്യം എന്ന് പറഞ്ഞാൽ നമ്മുടെ കാര്യം… നിനക്ക് എന്നെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം..’
ഞാൻ ദേഷ്യത്തിൽ തന്നെ അത് പറഞ്ഞു
‘നീയെന്തൊക്കെയാ പറയുന്നെ.. നിന്നെ ഇഷ്ടം ആണെന്ന് ഞാൻ പറയണമെന്നോ..?
ഞാൻ ദേഷ്യപ്പെട്ടിട്ടും അതൊന്നും കാര്യം ആക്കാതെ ഒരു കുസൃതിചിരിയോടെ അവൾ ചോദിച്ചു
‘ഇഷാനി നീ ചുമ്മ കുഞ്ഞ് കളിക്കല്ലേ.. കളി ജയിച്ചാൽ ഇഷ്ടം ആണെന്ന് പറയാമെന്നു നീ തന്നെ അല്ലേ പറഞ്ഞെ..?
എന്റെ ദേഷ്യം കൂടി കൂടി വന്നു
‘ഞാനോ…? എപ്പോ..?
അവൾ വീണ്ടും ഒന്നും അറിയാത്ത പോലെ നടിച്ചു
‘എന്നാൽ നീ ഒരു കോപ്പും പറയണ്ട..’
ഞാൻ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു. എന്റെ ദേഷ്യം കണ്ടു ചിരിച്ചു കൊണ്ട് തന്നെ അവളും എഴുന്നേറ്റു
‘അയ്യോ ദേഷ്യം വന്നോ…? ഞാൻ നിന്നോട് എന്റെ തീരുമാനം പറയാമെന്നല്ലേ പറഞ്ഞത്… ഇഷ്ടം പറയാമെന്നല്ലല്ലോ..’
ഇഷാനി ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു
‘അതെങ്കിലും ഓർമ ഉണ്ടല്ലോ.. അപ്പോൾ നിന്റെ തീരുമാനം എന്താ..’
ഞാൻ ചോദിച്ചു
‘തീരുമാനം എന്താണെന്ന് ചോദിച്ചാൽ…. എനിക്ക് നിന്നെ ഫ്രണ്ട് അല്ലാതെ കാണാൻ പറ്റില്ല…’
അവൾ വളരെ നിസാരമായി പറഞ്ഞു. എനിക്ക് അരിശം കയറി അവളെ കാലിൽ തൂക്കി ആ മരച്ചോട്ടിൽ അടിക്കാൻ തോന്നി. പക്ഷെ ഞാൻ സംയമനം പാലിച്ചു
‘നീ പിന്നെ കളി ജയിച്ചാൽ ഉണ്ടാക്കാം എന്ന് തൊലിച്ചതോ..? ഇഷ്ടം അല്ലെന്ന് പറയാൻ ആണേൽ പിന്നെ നീ എന്തിനാ അന്ന് എനിക്ക് ഹോപ്പ് തരുന്ന പോലെ ഒക്കെ സംസാരിച്ചത്..?
ഞാൻ ന്യായമായ സംശയം ചോദിച്ചു
‘അത് നിന്നെ ഒന്ന് ചൂടാക്കാൻ അല്ലേ. അതോണ്ട് അല്ലേ നീ കളിക്കാൻ ഇറങ്ങിയതും നമ്മൾ ജയിച്ചതും…’
