ആഷിക്ക് പറഞ്ഞു
‘അവൻ പറഞ്ഞത് കാര്യം ആട.. സ്വന്തം കാര്യം വരുമ്പോൾ നീ എപ്പോളും പൊട്ടൻ ആണ്. അല്ലാത്തപ്പോ നീ എല്ലാം ചിന്തിച്ചു കറക്റ്റ് കാര്യം പറയുകയും ചെയ്യുകയും ഒക്കെ ചെയ്യും..’
രാഹുലും ആഷിക്ക് പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചു
അവർ പറയുന്നതും ശരിയാണ് എന്നെനിക്ക് തോന്നി.. പക്ഷെ ഞാൻ അത് പ്രാക്റ്റിക്കൽ ആക്കാൻ നോക്കിയില്ല. അവളോട് പഴയത് പോലെ മാത്രം ഞാൻ പെരുമാറി.. ഉള്ളിൽ ഇഷ്ടം ഉള്ളത് അധികം പുറത്ത് വരാത്തത് പോലെ തന്നെ പെരുമാറി. അവളുടെ ഇഷ്ടം അവൾക്ക് തോന്നുന്ന അന്ന് പറയട്ടെ.. അത് വരെ അവളെ ശല്യം ചെയ്യാതെ ഞാൻ ശ്രദ്ധിച്ചു..
ദിവസങ്ങൾ കുറച്ചു കൂടി അങ്ങനെ തന്നെ മുന്നോട്ടു പോയി.. യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ചിന്റെ ഫൈനൽ ആകാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടിയേ ഉള്ളു.. കപ്പ് കിട്ടാൻ ഒരു വിദൂര സാധ്യതയെ ഉള്ളെങ്കിലും ഞങ്ങൾ എല്ലാം ഭയങ്കര ത്രില്ലിൽ ആയിരുന്നു. ഫൈനൽ വരെ എങ്കിലും എത്തിയത് കോളേജിന്റെ സമീപകാലത്തെ ഏറ്റവും വലിയ നേട്ടമാണ്.. ഫൈനലിനു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ആണ് അതിന്റെ ഒരു പ്രധാന ദൗത്യം എന്റെ തലയിലേക്ക് വരുന്നത്. ഞാൻ അപ്പോൾ കാന്റീനിൽ രാഹുലിനും ആഷിക്കിനും ഒപ്പം ഇരിക്കുകയായിരുന്നു..
‘ഡാ ചായ മാത്രം ഉള്ളോ.. വേറെ എന്തെങ്കിലും കഴിക്കാൻ പറ..’
ചായ ഓർഡർ ചെയ്ത എന്നോട് ആഷിക്ക് പറഞ്ഞു
‘ ചായയും ഓരോ സുവാരസ് കൂടി ആകാം.. അല്ലേടാ..’
രാഹുൽ എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു
‘ഹഹഹ…. പെട്ടി ബാല്ലൻഡോർ അടിക്കുന്ന കാലത്തുള്ള തമാശ ആണല്ലോ..’
ഞാനും തിരിച്ചു ഊക്കി.. ഞങ്ങളുടെ ഫുട്ബോൾ തൂറിയെറിയലിന്റെ ഇടയിൽ ആണ് ചന്ദു അവിടേക്ക് പെട്ടന്ന് ഓടി പിടച്ചു വരുന്നത്. ചന്തു ആണ് ഇപ്പോളത്തെ ഫുട്ബോൾ ടീം ക്യാപ്റ്റൻ..
‘ഡാ നീയറിഞ്ഞോ.. നമ്മുടെ സൈമണും അജുവും പോയ വണ്ടി ഒന്ന് സ്‌കിഡ് ആയി. അവന്മാർ ട്രിപ്പിൾ വച്ചാണ് പോയത്.. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്..’
ചന്തു പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് അവിടെ നിന്നും എഴുന്നേറ്റു.. സൈമണും അജുവും ഞങ്ങളുടെ ടീമിലെ മെയിൻ പ്ലയെര്സ് ആണ്. ഫോർവേഡ് കളിക്കുന്ന അവരാണ് ഞങ്ങളുടെ ടീമിലെ സ്റ്റാർ പ്ലയെര്സ്..
‘എടാ.. എപ്പോ..? എന്നിട്ട് അവന്മാർക്ക് എങ്ങനെ ഉണ്ട്..?
ഞാൻ ആസ്വസ്‌ഥതയോടെ ചോദിച്ചു. ആരെങ്കിലും ആക്‌സിഡന്റ് ആയെന്ന് അറിഞ്ഞാൽ എനിക്ക് വല്ലാതെ ടെൻഷൻ ആകും
‘കുറച്ചു മുന്നേ.. ചെറിയ സ്ക്രാച്ച് ഉള്ളു മൂന്നിനും.. പക്ഷെ ഇപ്പോൾ മിക്കവാറും അവന്മാരുടെ കാല് ഒടിയും. ഫൈസി അവരെ കാണാൻ പോയിട്ടുണ്ട്..’
ചന്തു പറഞ്ഞു
ഫൈനലിനു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഇങ്ങനെ ശ്രദ്ധയില്ലാതെ കാണിച്ചു അപകടം ഉണ്ടാക്കിയതിന് അവർക്ക് ഫൈസിയുടെ കയ്യിൽ നിന്നും നല്ല തെറി കേൾക്കും എന്ന് ഷുവർ ആണ്. പാസ്സ് ഔട്ട് ആയെങ്കിലും ഫുട്ബോൾ ടീമിൽ ഇപ്പോളും ഫൈസി ഒരു ഭാഗം ആണ്. കളിക്കാൻ പറ്റില്ല എങ്കിലും ബാക്കി എല്ലാ സപ്പോർട്ട് നും അവൻ ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നു. ഇത്തവണ കപ്പ് അടിക്കുന്നത് ഏറ്റവും പ്രതീക്ഷിച്ചു ഇരുന്നത് അവനാണ്. അപ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമ്പോ അവൻ എത്രമാത്രം വിഷമിക്കും എന്ന് ഊഹിക്കാം. എന്തായാലും പിള്ളേർക്ക് വലിയ പരിക്ക് ഒന്നും ഇല്ലല്ലോ എന്ന് ചിന്തിച്ചപ്പോൾ ശ്വാസം നേരെ വീണു
‘ എന്തായാലും അവന്മാർക്ക് വലിയ പരിക്ക് ഒന്നും ഇല്ലല്ലോ.. ഞാൻ പെട്ടന്ന് പേടിച്ചു പോയി..’
ഞാൻ പറഞ്ഞു
‘ ഹേയ് അവർക്ക് പ്രശ്നം ഒന്നും ഇല്ല. തൊലി കുറച്ചു ഉരഞ്ഞതാ. പക്ഷെ ശരിക്കും പ്രശ്നം അതല്ല.. ഫൈനലിന് ഇനി ഒരാഴ്ച തികച്ചില്ല. അവന്മാർ ഇല്ലാതെ നമ്മുടെ അറ്റാക്ക് ചിന്തിക്കാൻ പോലും വയ്യ… അളിയാ… നീ ഇറങ്ങണം.. അല്ലാതെ വേറെ ഒരു വഴിയും നമുക്ക് മുന്നിൽ ഇല്ല..’
ചന്തു എന്നോട് പറഞ്ഞു. സത്യത്തിൽ അപ്പോളാണ് ഞാൻ കളിയുടെ കാര്യം ചിന്തിച്ചത്. അവർ ഇല്ലാതെ ജയിക്കുക എന്നത് ഹിമാലയൻ ടാസ്ക് ആണ്. ഞാൻ കളിക്കാൻ ഇറങ്ങിയാലും അത് കൊണ്ടൊന്നും കൂടില്ല..
