‘നീ ചൂടാകാതെ.. ഞാൻ ജയിക്കും..’
ഞാൻ പറഞ്ഞു
‘ജയിച്ചാൽ മതി.. ഇല്ലേൽ മോന് സുഖമാ..’
ഇഷാനി ദേഷ്യത്തോടെ എന്നെ കുത്തി നോക്കി കൊണ്ട് പറഞ്ഞു
‘ഭയങ്കര മടുപ്പ്.. ഒരു പടത്തിന് പോയാലോ..?
ഞാൻ വിഷയം മാറ്റാൻ വെറുതെ എടുത്തിട്ടു
‘ഞാനെങ്ങും ഇല്ല..’
ഇഷാനി താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു
‘അതെന്താ നീ ഇല്ലാത്തത്..?
‘എനിക്കിപ്പോ പടം കാണാൻ തോന്നുന്നില്ല..’
അവൾ പറഞ്ഞു
‘അത് സാരമില്ല.. എന്റെ കൂടെ വന്നാൽ മതി..’
‘ഞാനില്ല.. മോൻ തന്നെ പോയാൽ മതി.. ഇല്ലേൽ ഫ്രണ്ട്സിനെ വിളിക്ക്..’
‘ലവർ ആയി നീ ഉള്ളപ്പോ ഞാൻ എന്തിനാ അവരായി പടത്തിന് പോകുന്നെ..?
ഞാൻ അത് പറഞ്ഞതും അവൾ വല്ലാതെ ആയി
‘നീ ചുമ്മ തമാശ കളിക്കാതെ.. നമുക്ക് വേറൊരു ദിവസം പോകാം..’
അവൾ പറഞ്ഞു
‘ഇപ്പോൾ പോകാൻ തോന്നുമ്പോ ഇപ്പോളാണ് പോകേണ്ടത്.. നീ വരുന്നുണ്ടോ ഇല്ലയോ..?
ഞാൻ ചോദിച്ചു
‘ഇല്ല…’
അവൾ കടുപ്പത്തിൽ മറുപടി തന്നു
‘ഓ ശരി.. അപ്പോൾ അങ്ങനെ ആണല്ലോ..’
ഞാൻ പിണങ്ങിയ പോലെ പറഞ്ഞിട്ട് തിരിഞ്ഞു നടന്നു
‘എങ്ങനെ..?
ഇഷാനി എന്റെ ഒപ്പം കയറി നടന്നു കൊണ്ട് ചോദിച്ചു
‘ഞാൻ വിചാരിച്ച പോലെ തന്നെ.. നീ വീട്ടിൽ വച്ചു കള്ളം പറഞ്ഞാണ് എന്നെ ഇവിടേക്ക് കൊണ്ട് വന്നത്..’
‘എന്റെ അച്ഛനെ ഇട്ട് വരെ ഞാൻ സത്യം ചെയ്തതല്ലേ.. എന്നിട്ടും നിനക്ക് എന്നെ വിശ്വാസം ഇല്ലല്ലേ..?
‘എങ്കിൽ പിന്നെ എന്തിനാ നീ ഇങ്ങനെ പെരുമാറുന്നത്..?
ഞാൻ ചോദിച്ചു
‘എങ്ങനെ..? സിനിമക്ക് വന്നില്ലേൽ ഇഷ്ടം അല്ല എന്നാണോ അർഥം.. എനിക്ക് ഇപ്പോൾ പോകാൻ താല്പര്യം ഇല്ല എന്നല്ലേ ഞാൻ പറഞ്ഞെ..’
‘ഞാൻ നിന്നെ ടെസ്റ്റ് ചെയ്യാൻ ചോദിച്ചതാ.. അത് ചോദിച്ചപ്പോ തന്നേ നിന്റെ മുഖം മാറി.. നിന്റെ പറച്ചിലിൽ മാത്രേ സ്നേഹം ഉള്ളു.. പ്രവൃത്തിയിൽ ഇല്ല..’
‘എന്തുവാടാ നീ ഇങ്ങനെ തുടങ്ങുന്നേ.. ഈ ചെറിയ കാര്യം ഒക്കെ വച്ചു നീ എന്നെ അളക്കുക ആണോ..?
അവൾ വിഷമത്തോടെ ചോദിച്ചു
‘ഈ ചെറിയ കാര്യത്തിൽ പോലും നീ എന്നോട് ഇഷ്ടം ഉള്ളത് പോലെ പെരുമാറുന്നില്ല.. പിന്നെ ഞാൻ എന്താ കരുതേണ്ടത്..?
ഞാനും തിരിച്ചു വിഷമം കാണിച്ചു പറഞ്ഞു
‘വാ.. ഞാൻ വരാം പടത്തിന്.. അപ്പോൾ നിനക്ക് എന്നെ വിശ്വാസം ആകുമല്ലോ..’
അവൾ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
‘വേണ്ട.. എന്നെ ബോധിപ്പിക്കാൻ വേണ്ടി അല്ലേ..?
‘വന്നാലും വന്നില്ലേലും പിണക്കമാണോ… ഞാൻ ഇപ്പോൾ എന്തോ ചെയ്യണം.. അത് പറ..’
അവൾ വിഷമത്തോടെ ചോദിച്ചു
‘താല്പര്യം ഇല്ലാതെ അല്ലെ വരുന്നത്. അല്ലാതെ ഇഷ്ടം ഉണ്ടായിട്ട് അല്ലല്ലോ..?
ഞാൻ ചോദിച്ചു
‘ഇപ്പോൾ പടത്തിന് പോകാൻ എനിക്കൊരു താല്പര്യം ഇല്ലായിരുന്നു. അതാണ് ഞാൻ ആദ്യേ ഇല്ലെന്ന് പറഞ്ഞത്. പിന്നെ നീ നിർബന്ധം പിടിച്ച കൊണ്ടാണ് വരാമെന്ന് പറഞ്ഞത്. എനിക്ക് ഇഷ്ടം ഉണ്ടേലും ഇല്ലേലും നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ ഞാൻ വരാം.. അത് പോരെ..’
അവൾ പറഞ്ഞത് കേട്ട് ഞാൻ ചെറുതായ് ഒന്ന് ചിരിച്ചു. പിണക്കം മാറി ചിരിച്ചത് ആണെന്ന് അവൾക്ക് മനസിലായി
‘നീ കുറെ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലേ എന്റെ അടുത്ത്..’
ഞാൻ ചോദിച്ചത് കേട്ട് എന്ത് മറുപടി പറയണം എന്നറിയാതെ അവൾ ഒന്ന് കുഴങ്ങി. പിന്നെ അവൾ എന്തോ പറയാൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ സംസാരിച്ചു
‘ നീ അങ്ങനെ കഷ്ടപ്പെടണ്ട.. എന്നോട് ശരിക്കും ഫീലിംഗ്സ് വരുമ്പോൾ നീ അത് പറഞ്ഞാൽ മതി. അത് കാണിക്കണം എന്ന് നിനക്ക് തോന്നുമ്പോ കാണിച്ചാൽ മതി. നിന്നെ ഫോഴ്സ് ചെയ്തു നിന്റെ ഇഷ്ടം സ്വന്തം ആക്കണമെന്ന് എനിക്കില്ല..’
ഞാൻ ചിരിച്ചു കൊണ്ട് തന്നെ ആണ് അത് പറഞ്ഞത്. അവൾ ഞാൻ പറഞ്ഞത് കേട്ട് അന്തം വിട്ട് നിൽക്കുകയാണ്.
‘അപ്പൊ സിനിമ..?
‘സിനിമയും കോപ്പും ഒന്നുമില്ല. അത് ഞാൻ ചുമ്മാ നിന്നെ ഇളക്കാൻ പറഞ്ഞതാണ്. ഇന്ന് രാവിലെ നിന്നെ കൊണ്ട് പറയിച്ചതും ഒരു വാശി പുറത്തു ആയിരുന്നു. ഞാൻ അത് സീരിയസ് ആയി എടുക്കുന്നില്ല. നിനക്ക് മനസ് മാറുന്നത് വരെ നമുക്ക് പഴയ പോലെ ഫ്രണ്ട്സ് ആയി പോകാം.. നിന്റെ യെസ്-ന് വേണ്ടി എത്ര വേണേൽ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്..’
