റോക്കി – 4അടിപൊളി  

 

‘ഉമ്മ അല്ലേ ചോദിച്ചത്.. അത് തന്നല്ലോ..’

ഞാൻ പറഞ്ഞു

 

‘ഇത് പോലെ അല്ല.. ഇന്ന് പാർക്കിൽ വച്ചു ആ പിള്ളേർ കിസ്സ് ചെയ്തില്ലേ..? അത് പോലെ വേണം..’

അവൾ ചെറിയൊരു നാണത്തോടെ പറഞ്ഞു

 

‘ഓ.. അപ്പോൾ അവിടുന്നാണോ ഈ ഉമ്മയുടെ പൂതി കിട്ടിയത്..? അതിനി പിന്നെ തരാം..’

 

‘നോ.. ഇപ്പോൾ…. ഞാൻ അതാ ചോദിച്ചേ..’

അവൾ പിന്നെയും വാശി പിടിക്കാൻ തുടങ്ങി

 

‘ ഇഷാനി വാശി പിടിക്കല്ലേ.. അതിപ്പോ നടക്കില്ല..’

ഞാൻ പറഞ്ഞു

 

‘ അപ്പോൾ നീ തരില്ല…?

അവൾ എന്തോ ഉറപ്പിച്ച മട്ടിൽ എന്നോട് ചോദിച്ചു

 

‘ഇപ്പോൾ എന്തായാലും ഇല്ല..’

ഞാനും ഉറച്ച മറുപടി കൊടുത്തു

 

എന്റെ മറുപടി കിട്ടിയതും ഇഷാനി എന്റെ മുഖത്ത് രണ്ട് കൈയും ചേർത്ത് പിടിച്ചു അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു.. എനിക്ക് എന്തെങ്കിലും മനസിലാകുന്നതിനു മുമ്പ് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ തൊട്ടു. ഇഷാനി എന്റെ മുഖം കൂടുതൽ അവളിലേക്ക് അമർത്തി.. ഞങ്ങളുടെ ചുണ്ടുകൾ ഒട്ടിച്ചു വച്ചത് പോലെ തൊട്ടിരുന്നു.. ഒന്ന് എതിർക്കാൻ പോലും സാധിക്കാത്ത വിധം ഞാൻ നിസ്സഹായനായിരുന്നു.. നെഞ്ചിൽ ഒരു പൂത്തിരി വിടരുന്ന പോലെ ഒരു ഫീൽ… ശരീരം അപ്പൂപ്പൻ താടി പോലെ ഭൂമിയിൽ നിന്നും ഭാരമില്ലത്തെ ഉയരുന്നത് പോലെ… നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ഒരു ചുംബനം എന്റെ തലച്ചോറിലെ സകലമാന ചിന്തകളുടെയും അടിവേര് പിഴുതെറിഞ്ഞു ഉള്ള് ശൂന്യമാക്കി…

 

എന്റെ ചുണ്ടിൽ നിന്ന് അവൾ ചുണ്ടുകൾ പിൻവലിക്കുമ്പോളും ഞാൻ ബോധമണ്ഡലത്തിൽ എത്തിയിരുന്നില്ല.. നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന, തീർത്തും അവിചാരിതമായ ഒരു ചെറിയ ചുംബനത്തിന് എന്ത് കൊണ്ടാണ് ഞാൻ ഇത്രയും ഫീലടിക്കുന്നത്…? ഒരുപക്ഷെ നാളുകളായി ഞാൻ ഒരുപാട് മോഹിച്ച കാര്യം പെട്ടന്ന് സംഭവിച്ചപ്പോൾ ഉണ്ടായ വികാരവേലിയേറ്റം ആയിരിക്കും…

 

‘നിനക്കല്ലേ തരാൻ മടി.. എനിക്ക് തരാമല്ലോ…!

അവൾ കള്ളച്ചിരിയോടെ പറഞ്ഞു

 

‘എന്ത്.. പണിയാണ് കാണിച്ചേ… ഞാൻ ആകെ…’

ഞാൻ പെട്ടന്ന് തിരിച്ചു വന്നു

 

‘ പേടിച്ചു പോയോ മോൻ..?

അവൾ എന്നെ കളിയാക്കി ചോദിച്ചു

 

‘നാളെ കാണുമ്പോൾ ഇങ്ങനെ തന്നെ ഈ ചിരി കണ്ടാൽ മതി.. അപ്പോൾ ഇനി തനി സ്വഭാവം കാണിച്ചാൽ ഞാൻ കാലേ വാരി അടിക്കും..’

ഞാൻ പറഞ്ഞു

 

‘നോ പ്രോബ്ലം മാൻ… ഞാൻ ഒന്നൂടി തരട്ടെ… ഏഹ്…’

അവൾ കുഴഞ്ഞ ശബ്ദത്തിൽ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘നീ ഓവർ ആണ്. വൻ ഓവർ.. ജാക്കറ്റ് എടുത്തിട്.. മഴ ഒന്നും കഴിയണ്ട, നിന്നെ ഇപ്പോൾ തന്നെ കൊണ്ട് വിടാം..’

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അവൾ പെട്ടന്ന് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു

 

‘അയ്യോ എണീക്കല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. എനിക്ക് തല വേദനിക്കുന്നു.. ഞാൻ ഒന്ന് മയങ്ങട്ടെ… നീ മഴ തോരുമ്പോൾ വിളിക്ക്..’

അതും പറഞ്ഞു അവൾ കണ്ണടച്ചു എന്റെ മടിയിലേക്ക് തല വച്ചു ചുരുണ്ടു കൂടി കിടന്നു

 

‘ഉറങ്ങാൻ ആണേൽ ദേ കട്ടിലിൽ പോയി കിടന്നോ..’

 

‘വേണ്ട.. ഞാൻ ഇവിടെ കിടന്നോളാം..’

അവൾ കണ്ണടച്ചു കൊണ്ട് തന്നെ പറഞ്ഞു. ഞാൻ പിന്നെയും പറഞ്ഞെങ്കിലും അവളുടെ മറുപടിയുടെ കനം കുറഞ്ഞു വന്നു. അവൾ പതിയെ ഉറക്കം പിടിച്ചു. മഴയുടെ ഇരമ്പൽ അപ്പോളും കേൾക്കാം.. ഉടനെ ഒന്നും തോരുന്ന ലക്ഷണമില്ല.. ഞാൻ മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.. ഞാൻ ചിന്തിച്ചത് മുഴുവൻ കുറച്ചു മുമ്പ് നടന്ന ചുംബനത്തെ കുറിച്ച് ആയിരുന്നു.. എന്റെ ചിന്തകളിൽ ആ ഓർമ വീണ്ടും വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു.. ആ സുഖലോലുപതയിൽ മുഴുകി ഞാനും ഉറക്കത്തിലേക്ക് വീണു..

 

മഴ തോർന്നത് ആ ഉറക്കത്തിൽ ഞാൻ അറിഞ്ഞില്ല. ഉണർന്നപ്പോൾ ക്ലോക്കിൽ സമയം രണ്ടര. ഇഷാനിയെ ചെറുതായ് ഒന്നു മുട്ടി വിളിച്ചെങ്കിലും അവൾ അനക്കമില്ലാതെ ഉറക്കം തുടർന്നു. ഇനിയിപ്പോ ഈ നേരത്ത് അവളെ എഴുന്നേൽപ്പിച്ചു വീട്ടിൽ കൊണ്ട് പോയി വിടുന്നത് ഓർത്തപ്പോ തന്നെ എനിക്കും മടുപ്പടിച്ചു. അവളെ മെല്ലെ കൈകളിൽ എടുത്തു ഞാൻ കട്ടിലിൽ കിടത്തി. ഞാൻ കരുതിയതിലും ഭാരം ഉണ്ട് ഇവൾക്ക്. അവളെ ശരിക്കും പുതപ്പിച്ചു കഴിഞ്ഞു ഞാൻ സോഫയിൽ വന്നു കിടന്നു. നല്ല ഉറക്കം വരുന്ന സമയം ആയത് കൊണ്ട് അവിടെ കിടന്നു ഞാൻ പെട്ടന്ന് ഉറക്കം പിടിച്ചു

 

നേരം പുലരുമ്പോളുള്ള പ്രകൃതിയുടെ നൈസർഗികമായ ഒരു സംഗീതം ഉണ്ടല്ലോ.. അത് കേട്ടാണ് ഇഷാനി ഉണർന്നത്. കണ്ണ് തിരുമ്മി തുറന്നപ്പോൾ ആണ് താനേതോ അപരിചിതമായ ബെഡിലാണ് കിടക്കുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞത്.. പെട്ടന്ന് ഒരു അങ്കലാപ്പോടെ അവൾ ചാടി എഴുന്നേറ്റു..

 

‘ഉറക്കം എങ്ങനെ ഉണ്ടായിരുന്നു…?

വാതിൽക്കൽ നിന്ന് അർജുന്റെ ശബ്ദം. ഇഷാനിക്ക് ഇന്നലെത്തെ കാര്യങ്ങളുടെ ഓർമ കിട്ടി വരുന്നതേ ഉള്ളു. ഹാങ്ങ്‌ ആയ ഫോൺ പോലെ അവൾ കണ്ണ് തിരുമ്മി ആലോചിച്ചു. ഇന്നലെ മഴയത്തു ഇവിടെ വരെ വന്നിരുന്നു അർജുനുമായി സംസാരിച്ചത് വരെ അവൾക്ക് ഓർമ കിട്ടി. അത് കഴിഞ്ഞു ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ താൻ അരുതെന്ന് കരുതിയ എന്തോ സംഭവിച്ചത് പോലെ ഇഷാനിയുടെ ഉള്ളിൽ ഒരു വല്ലായ്മ തികട്ടി വന്നു

 

‘ബെഡ് കോഫി പതിവ് ഉണ്ടോ..? അതോ ഫ്രഷ് ആയിട്ട് ആണോ..?

അർജുൻ വീണ്ടും ചോദിച്ചു. ഇഷാനിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും ലഭിച്ചില്ല. പെട്ടന്ന് എന്തോ തോന്നിയിട്ടെന്ന പോലെ അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് പോയി. മുഖം വെള്ളം തളിച്ചു കഴുകുമ്പോളും അവൾക്ക് ഇന്നലെ നടന്ന സംഭവങ്ങളിൽ വിശ്വാസം വന്നില്ല.. അതെല്ലാം ഇനി സ്വപ്നം ആയിരുന്നോ..? മുഖത്ത് തണുത്ത വെള്ളം വീണിട്ടും തനിക്ക് എല്ലാം ഓർമയിൽ വരുന്നുണ്ട്.. എല്ലാം നടന്നത് പോലെ തന്നെ.. അപ്പോൾ അതൊന്നും സ്വപ്നം അല്ല. ഇഷാനി തിരിച്ചറിഞ്ഞു

 

കോഫി ഗ്ലാസ്സിൽ എടുത്തു അവളുടെ അടുത്തേക്ക് വരുമ്പോൾ ആണ് ഇഷാനി ധൃതിയിൽ ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുന്നത് അർജുൻ കണ്ടത്

 

‘നീയെന്താ ഒന്നും മിണ്ടാതെ പോകുന്നത്..? ദേ കോഫി കുടിക്ക് ആദ്യം..’

ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് കോഫി നീട്ടി കൊണ്ട് പറഞ്ഞു

 

‘വേണ്ട..’

എന്റെ മുഖത്ത് നോക്കാതെ ഇഷാനി പറഞ്ഞു. മുന്നിൽ നിന്ന എന്നിൽ നിന്നും ഒഴിഞ്ഞു മാറി അവൾ വീണ്ടും പുറത്തേക്ക് പോകാൻ തുനിഞ്ഞു

 

‘എന്നാൽ നിക്ക്.. ഞാൻ കൊണ്ട് പോയി വിടാം..’

ഞാൻ കോഫി ജനൽപ്പടിയിൽ വച്ചിട്ട് പറഞ്ഞു

 

‘വേണ്ട.. ഞാൻ പൊക്കോളാം..’

അവൾ എന്തോ ഒരു വികാരവും ഇല്ലാത്ത സ്വരത്തിൽ പറഞ്ഞു. ഞാൻ അധികം നിർബന്ധിക്കാൻ പോയില്ല. തലേന്നത്തെ പെർഫോമൻസിന്റെ ഓർമ കിട്ടിയപ്പോൾ ഉള്ള ചളിപ്പ് ആണ് അതെന്ന് എനിക്ക് തോന്നി. കോളേജിൽ വരുമ്പോൾ അതെല്ലാം എണ്ണി എണ്ണി അവളെ വാരണം എന്ന് ഞാൻ മനസ്സിൽ കരുതി..