സെക്കന്റ് ഹാഫ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഫൈസി ആയി സംസാരിച്ചത് ഞാൻ ഓർത്തു. ഫൈസി അവരുടെ ഓരോ നീക്കവും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഒരു കോച്ചിനെ പോലെ വിറളി പിടിച്ചു ഫൈസി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കളി നടക്കുമ്പോ എല്ലാം കാണാമായിരുന്നു.
‘നമുക്ക് എന്തെങ്കിലും ചാൻസ് ഉണ്ടോ..? എന്ത് ചെയ്താൽ നമുക്കൊരു ചാൻസ് ഉണ്ട്..?
ഞാൻ അവനോട് ചോദിച്ചു
‘സത്യസന്ധമായി പറഞ്ഞാൽ അവർക്കെതിരെ നമുക്ക് ഒരു ചാൻസും ഇല്ല. അവർ എന്തെങ്കിലും മണ്ടത്തരം കാണിക്കുന്നത് വരെ വെയിറ്റ് ചെയ്യുക ആണ് വഴി. ദെയ് ആർ റ്റൂ ഗുഡ്. പിന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യം അവരെ മോക്ക് ചെയ്യുക എന്നതാണ്. അവർ ഈസി ആയി ട്രിഗ്ഗർ ആകുന്നുണ്ട്..’
അവൻ പറഞ്ഞത് അപ്പോൾ എനിക്കൊരു വലിയ ഉപദേശമായി തോന്നിയില്ല. കളി നിരീക്ഷിക്കുന്ന ഏതൊരാൾക്കും അതൊക്കെ മനസിലാകും. എനിക്ക് അപ്പോൾ വേണ്ടത് കുറച്ചു കൂടി വിദഗ്ദമായ ഒരു അഭിപ്രായമോ അല്ലെങ്കിൽ ഒരു ടാക്ടിക്സൊ ആയിരുന്നു. എന്നാൽ ഇപ്പോൾ അവൻ പറഞ്ഞതിന്റെ പൊരുൾ എനിക്ക് പിടികിട്ടി. കാലുകൾ കൊണ്ടു കളിക്കുന്ന കളിക്ക് എനിക്കവരെ കീഴ്പ്പെടുത്താൻ കഴിയില്ല. തല വച്ചു കളിക്കുക.. അവൻ പറഞ്ഞത് പോലെ തന്നെ ഞാൻ ഒന്ന് അവരെ ചൊടിപ്പിച്ചപ്പോൾ അവരിലൊരുത്തൻ എന്നെ കേറി ഫൗൾ ചെയ്തു റെഡ് വാങ്ങി. കളി ഈസി ആയി ജയിക്കുമെന്ന ബോധം അവരിൽ ഉണ്ട്. അത് കൊണ്ട് അവരിപ്പോൾ കുറച്ചു കെയർലെസ്സ് ആണ്.. ഞാൻ അവരുടെ ഗോളിയുടെ സ്‌ഥാനം നോക്കി. അയാൾ കുറച്ചു മുന്നോട്ടു കേറി വന്നാണ് നിക്കുന്നത്. ഫൗൾ നടന്നു അടിയായപ്പോൾ അയാൾ ഇവിടേക്ക് ഓടി വന്നതാണ്. തിരിച്ചു മെല്ലെ ആണ് പോയത്. ഇപ്പോളും പോസ്റ്റിൽ എത്തിയിട്ടില്ല.. ഫൈസി പറഞ്ഞ, അവർ കാണിച്ച മണ്ടത്തരം – ഇതാണ് ഇപ്പോൾ ഉപയോഗിക്കേണ്ടത്.
ബോൾ കുറച്ചു കൂടി മുന്നിലേക്ക് നീട്ടി ഇട്ടാൽ രാഹുലിന് അത് ഓടി എടുക്കാൻ കഴിയും. പിന്നെ അവന് മുമ്പിൽ ഗോളി മാത്രമേ ഉള്ളു. എന്നാൽ അവനിലും മുമ്പിൽ ഡിഫെൻസ് ആ ബോൾ ഓടി ക്ലിയർ ചെയ്താൽ പണി പാളി. അല്ലെങ്കിൽ ഗോളി തന്നെ ചാൻസ് നോക്കാതെ മുന്നോട്ടു ഓടി വന്നു ബോൾ എടുത്താൽ അപ്പോളും പാളി.. ബോൾ എന്റെ കാലിലേക്ക് വന്ന നിമിഷത്തിൽ ഇത്രയധികം ചിന്തകൾ എന്റെ ഉള്ളിലൂടെ കടന്നു പോയി..
ഞാൻ ഇപ്പോൾ എന്തൊക്കെ ചെയ്യുമെന്ന് ഈ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ അവരും ചിന്തിച്ചിട്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നി. അങ്ങനെ ആണല്ലോ അവർ ഞങ്ങളുടെ മേലെ ആധിപത്യം സ്‌ഥാപിച്ചത്. അവർക്കൊരിക്കലും ചിന്തിക്കാൻ കഴിയാത്ത രീതിയിൽ വേണം ഇനി ഞാൻ പ്രവർത്തിക്കാൻ.. എസ് എൻ കോളേജിലെ മിടുക്കൻ പിള്ളേരുടെ അത്രയും പ്രതിഭയോ വേഗതയോ എനിക്കില്ല. എന്നാൽ എനിക്ക് കരുത്തുണ്ട്.. ആ കരുത്തിനെ എന്റെ വലതു കാലിലേക്ക് ആവാഹിച്ചു അമ്പത് വാര അകലെ നിന്ന് ഞാൻ ബോൾ ആഞ്ഞു അടിച്ചു. രാഹുലിനും അല്ല അമീനുമല്ല.. നേരെ ഗോൾ പോസ്റ്റിലേക്ക്.. ഞാൻ നിക്കുന്ന ദൂരത്തു നിന്ന് അതൊരു സാധ്യത ഇല്ലാത്ത ഷോട്ട് ആണ്. എന്നാൽ കൃത്യ പൊസിഷനിൽ ഗോളി ഇല്ലെന്ന കാര്യം പരിഗണിച്ചാൽ ചെറിയൊരു ചാൻസ് ഉണ്ട്..
ബോൾ വായുവിൽ ഉയർന്നു പൊങ്ങി. ഞാൻ എന്താണ് കാണിച്ചതെന്ന് ഓർത്തു രണ്ട് ടീമിലെയും കളിക്കാർ അന്തം വിട്ടു ആകാശത്തേക്ക് പറക്കുന്ന ബോളിൽ നോക്കി ഓടി. കൂടിയിരിക്കുന്ന കാണികൾക്കും ഞാൻ എന്താണ് ചെയ്തത് എന്ന ഭാവം ആയിരുന്നു. അവരുടെ ഗോളി മാത്രം അപകടം തിരിച്ചറിഞ്ഞു. അയാൾ ബോളിൽ നിന്ന് കണ്ണെടുക്കാതെ പോസ്റ്റിലേക്ക് പിന്നോട്ട് ഓടി. ഒരു മഴവില്ല് പോലെ വളഞ്ഞു ക്രോസ്സ് ബാറിൽ ഉരഞ്ഞു പോസ്റ്റിന് ഉള്ളിലേക്കു കടന്ന പന്തിനെ പിടിക്കാൻ ഓടി വന്ന ഗോളിക്ക് സാധിച്ചില്ല. ഞാൻ കോളേജിന്റെ മെയിൻ ബിൽഡിങ്ൽ സ്‌ഥാപിച്ച വലിയ ക്ളോക്കിൽ നോക്കി സമയം കണക്ക് കൂട്ടി.. എഴുപത്തൊന്നാം മിനിറ്റിൽ ഞങ്ങളുടെ ആദ്യ ഗോൾ എന്റെ വലതു കാലിൽ നിന്നും വീണിരിക്കുന്നു.
