ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നു.. അത് ഗ്രൗണ്ടിൽ ഓടി തളർന്നിട്ട് അല്ലെന്ന് എനിക്ക് അറിയാം. ഉള്ളിൽ പടർന്നു പന്തലിച്ച നിരാശ ആണ് കാരണം.. ഹാഫ് ടൈമിൽ ബോട്ടിൽ വെള്ളം കുറച്ചു മുഖത്ത് കുറച്ചു കുടിച്ചോണ്ടും ഇരിക്കുമ്പോ ആണ് ഇഷാനി എന്ന് കാണാൻ അവിടേക്ക് വരുന്നത്. മാച്ച് ഒഫീഷ്യൽസും കളിക്കുന്നവരും ഒക്കെയേ ഇവിടേക്ക് വരാറുള്ളൂ. ഗേൾസ് സത്യം പറഞ്ഞാൽ വരാറില്ല. ആ ഒരു ചടപ്പ് അവൾക്ക് ഉണ്ടായിരുന്നു. ഞാനുമായി കമ്പിനി ഉള്ളത് അറിയാവുന്നത് കൊണ്ട് കോളേജിലെ ആരോ കയറ്റി വിട്ടതാണ് അവളെ
‘എങ്ങനെ ഉണ്ടായിരുന്നു എന്റെ കളി..?
ഞാൻ സ്വയം പരിഹസിക്കുന്നത് പോലെ അവളോട് ചോദിച്ചു
എന്ത് പറയണം എന്നോർത്ത് അവളൊന്ന് മിണ്ടാതെ നിന്നു. പിന്നെ എന്റെ അടുത്ത് വന്നു ഇരുന്നിട്ട് പറഞ്ഞു
‘നീ നന്നായി കളിച്ചു…’
‘തൊലിച്ചു.. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും മോശം കളി ഒരിക്കലും കളിച്ചിട്ടില്ല..’
അവളുടെ ആശ്വസിപ്പിക്കലിനു എന്റെ നിരാശ മാറ്റാൻ മാത്രം ഒന്നും കഴിവ് ഇല്ലായിരുന്നു
‘എനിക്ക് നീ നന്നായി കളിച്ചത് പോലെയാ തോന്നിയത്.. ഇനിയും സമയം ഉണ്ടല്ലോ.. നമുക്ക് ജയിക്കാൻ പറ്റും..’
ഇഷാനി എനിക്ക് ഒരു ഹോപ്പ് തരാൻ ശ്രമിച്ചു. ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത് ഇഷാനിയും ഇന്ന് ജേഴ്സി ഒക്കെ ഇട്ടാണ് വന്നിരിക്കുന്നത്.. അതും അര്ജന്റീനയുടെ ജേഴ്സി. വേറെ വലിയ മാറ്റങ്ങൾ ഒന്നുമില്ല. നെറ്റിയിൽ ഒരു മഞ്ഞക്കുറി ഉണ്ട്.. അവളുടെ നിറം കാരണം അത് അവിടെ ഉണ്ടെന്ന് അറിയാൻ തന്നെ പ്രയാസം ആണ്
‘രാവിലെ അമ്പലത്തിൽ ഒക്കെ പോയോ..?
ഞാൻ ചോദിച്ചു
‘പോയി.. നിനക്ക് അമ്പലത്തിലെ പ്രസാദം തൊട്ട് തരട്ടെ..?
അവൾ ബാഗിൽ നിന്നും ഒരു പേപ്പർ തുറന്നു ഇലയിൽ കുഴച്ചു വച്ച പ്രസാദം എടുത്തു കൊണ്ട് എന്നോട് ചോദിച്ചു
‘അത് തൊട്ടാൽ കളി ജയിക്കുമോ..?
ഞാൻ കളിയാക്കി ചോദിച്ചു. അത് അവൾക്ക് ഫീലായ്. അവൾ തല കുനിച്ചു ഇല മടക്കി ബാഗിൽ ഇടാൻ പോയപ്പോ ഞാൻ അവളുടെ കയ്യിൽ പിടിച്ചു ഇലയിൽ നിന്നും ആ മഞ്ഞൾ പ്രസാദം എടുത്തു എന്റെ കയ്യിലിരുന്ന വെള്ളം ചാലിച്ചു എന്റെ നെറ്റിയിൽ തൊടുവിച്ചു..
‘റോക്കി…’
അപ്പോളാണ് പിന്നിൽ നിന്ന് ചന്തുവിന്റെ വിളി വന്നത്. തനിക്ക് പോകാൻ സമയം ആയെന്ന് മനസിലായി ഇഷാനി എഴുന്നേറ്റു. ഞാൻ തിരികെ ടീമിന് അടുത്തേക്ക് പോകുന്നതിന് മുമ്പായി അവളെന്നോട് ഒരു കാര്യം പറഞ്ഞിട്ടാണ് പോയത്
‘നീയിപ്പോ വേറെയൊന്നും ആലോചിക്കേണ്ട.. കളിയെ പറ്റി മാത്രം ചിന്തിച്ചാൽ മതി.. ഞാൻ പ്രോമിസ് ചെയ്ത കാര്യം പറയാതെ ഇരിക്കുമോ എന്നൊന്നും ഓർക്കണ്ട.. കേട്ടല്ലോ…’
അവളാ പറഞ്ഞത് കളിയുടെ റിസൾട്ട് എന്ത് തന്നെ ആയാലും അവൾ പറയാനുള്ളത് പറയും എന്നല്ലേ.. അതേ അങ്ങനേ തന്നെ ആണ്. അങ്ങനേ ഓർത്തപ്പോൾ ഒരു പരാജയത്തിന്റെ വായിൽ നിൽക്കുമ്പോളും എന്റെ ചുണ്ടിൽ ഒരു മന്ദഹാസം വിരിഞ്ഞു..
‘ഡാ എന്റെ കാൽ നല്ല പണിയാണ്.. സെക്കന്റ് ഹാഫ് എനിക്ക് ഇറങ്ങാൻ പറ്റില്ല..’
ചന്തു എന്നെ മാറ്റി നിർത്തി സ്വകാര്യമായി പറഞ്ഞു. അവന്റെ കാലിൽ ചെറുതായ് നീര് വച്ചു വരുന്നുണ്ടായിരുന്നു.. വേദന തിന്നാണ് അവൻ ഇത്രയും നേരം കളിച്ചത് തന്നെ. ഇനി അങ്ങനെ കളിച്ചിട്ട് പ്രയോജനം ഒന്നുമില്ല. അടുത്ത ആൾ സബ് ഇറങ്ങുക എന്നെ ഉള്ളു മാർഗം
‘വിനീത് ഇറങ്ങട്ടെ…’
ചന്തുവിന് പകരം ഞാൻ വിനീതിന്റെ പേര് പറഞ്ഞു
‘അവൻ തന്നെ ഇറങ്ങട്ടെ.. പക്ഷെ എന്റെ ക്യാപ്റ്റൻ റോൾ… അത് നീ ഏൽക്കണം..’
‘ദേ അടുത്തത്.. നീ ഇല്ലെങ്കിൽ രാഹുൽ അല്ലേ സാധാരണ ക്യാപ്റ്റൻ ആവാറുള്ളെ..?
ഞാൻ ആ തീരുമാനത്തെ എതിർത്തു
‘അതേ പക്ഷെ നീ ആണ് ഇന്ന് എനിക്ക് പകരം ടീമിനെ ലീഡ് ചെയ്യണ്ടത്.. ഇത് ക്യാപ്റ്റന്റെ തീരുമാനം ആണ്. നിനക്ക് ഒഴിയാൻ പറ്റില്ല..’
അവൻ നിർബന്ധപൂർവ്വം പറഞ്ഞു
‘ഓ നിന്റെ വേറൊരു തീരുമാനം ആയിരുന്നല്ലോ എന്നെ സ്റ്റാർട്ടിങ് ലവനിൽ ഇറക്കുന്നത്.. എന്നിട്ട് ഇപ്പോൾ കൊട്ട കണക്കിന് കിട്ടിയല്ലോ ഗോൾ..’
