‘റോക്കി ഭായ്.. ബൈ ബൈ..’
എന്നോട് അത് പതിയെ പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ അവൾ ഓടി ബസിൽ കയറി. ബസ് പോയി കഴിഞ്ഞു ഞാൻ മെല്ലെ ലച്ചുവിന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. അവൾ ഒരു അനക്കവും ഇല്ലാതെ പ്രതിമ കണക്ക് എന്നെ തന്നെ നോക്കി നിൽക്കുകയാണ്
‘ലച്ചു.. നീ എന്താ ഇവിടെ..? എവിടെ പോയതാ… ഞങ്ങൾ ഇന്ന് മാച്ച് ജയിച്ചു..’
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് എങ്ങനെയോ വിഷയം തിരിക്കാൻ ശ്രമിച്ചു
‘നീ എന്താ ഞാൻ വിളിച്ചാൽ ഒന്നും എടുക്കാത്തത്..?
അവളുടെ ചോദ്യം വളരെ ഉറച്ച ശബ്ദത്തിൽ ആയിരുന്നു. രണ്ടിൽ ഒന്നിന് ഇന്ന് തീരുമാനം ആകുമെന്ന് എനിക്ക് തോന്നി
‘ഞാൻ മാച്ചിന്റെ ആ തിരക്കിൽ തിരിച്ചു വിളിക്കാൻ വിട്ടു പോയെടി.. കളി കഴിഞ്ഞും ഫോൺ അങ്ങനെ ശ്രദ്ധിച്ചില്ല..’
ഞാൻ അവളുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞത് ആണ് അവൾക്ക് ശരിക്കും മനസിലായത് പോലെ തോന്നി
‘ഇന്നത്തെ മാത്രം കാര്യം അല്ല അർജുൻ. നീ കുറച്ചു ദിവസങ്ങൾ ആയി എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുകയാണ്. നീ മാച്ചിന്റെ കാര്യം പറഞ്ഞു എന്നെ ഒഴിവാക്കി ഒരുപാട്. പക്ഷെ നിനക്ക് അവളെ കാണാനും മിണ്ടാനും ഒക്കെ ഒരുപാട് സമയം ഉണ്ട്. എന്റെ കോൾ ഒന്ന് ജസ്റ്റ് എടുക്കാൻ ആണ് സമയം ഇല്ലാത്തത് അല്ലേ..?
അവൾ കാര്യങ്ങൾ ഏകദേശം മനസിലാക്കിയിരിക്കുന്നു. ഇനിയും അവളുടെ കണ്ണുകളിൽ നോക്കി നുണ പറയാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാം ഒറ്റയടിക്ക് ഇവിടെ വച്ചു സമ്മതിച്ചു കൊടുത്താലോ.. പക്ഷെ അവളുടെ പ്രതികരണം എന്താകും എന്ന് ഓർത്തപ്പോൾ ഒരു മയത്തിൽ എല്ലാം പറയാം എന്ന് ഞാൻ തീരുമാനിച്ചു
‘ലച്ചു.. നീ വേറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവാ.. ഞാൻ മാച്ചിന്റെ തിരക്ക് കാരണം ആണ് നിന്റെ അടുത്ത് വരാതെ ഇരുന്നത്. ഇത് വഴി ജസ്റ്റ് പോയപ്പോൾ ഇഷാനിയെ കണ്ടു ഒന്ന് സംസാരിച്ചതാ..’
അത് പറഞ്ഞു തീർന്നതും ഒരടി എന്റെ കവിളിൽ വീണു കഴിഞ്ഞിരുന്നു. സാധാരണ ലച്ചു എനിക്കിട്ട് വീക്കുന്നത് താടിയിൽ ആണ്. അതെനിക്ക് അത്ര വേദനിക്കില്ല. വേദനിക്കാൻ അല്ല അവൾ അങ്ങനെ വീക്കുന്നതും. എനിക്ക് നൊന്തില്ല എങ്കിലും ഇത് പക്ഷെ അവൾ ശരിക്കും എന്നെ തല്ലിയതാണ്.
‘ഞാൻ വന്നിരുന്നെടാ പട്ടി നിന്റെ കളി കാണാൻ…..’
ലച്ചു ഉറക്കെ രോഷത്തോടെ വിളിച്ചു പറഞ്ഞു.
‘നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ വന്നതാണ്. ജയിച്ചു കഴിഞ്ഞു നിന്നെ കാണാൻ വന്നപ്പോളേക്കും നീ എന്തോ ധൃതിക്ക് വണ്ടി എടുത്തു പോകുന്നത് ആണ് കണ്ടത്. ഇത്രയും ദൂരം ഞാൻ നിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഞാൻ പലതവണ വിളിച്ചിട്ടും നീ അതൊക്കെ ഒഴിവാക്കി. ഇവിടെ നീ അര മണിക്കൂർ നിന്റെ മറ്റവളെ നോക്കി നിന്നപ്പോൾ പോലും ഞാൻ നിന്റെ തൊട്ട് അടുത്ത് നിന്ന് നിന്നെ വിളിച്ചു. അപ്പോൾ എങ്കിലും നീ ഒന്ന് എടുക്കണേ എന്ന് പ്രാർഥിച്ചു. പക്ഷെ എന്റെ പേര് കണ്ടിട്ടും നീ ഫോൺ എടുത്തില്ല. ഇത്രയും ദൂരം നീ വണ്ടി ഓടിച്ചു വന്നത് നിന്റെ ഇഷാനിയെ കാണാൻ അല്ലേ.. കൺ കുളിർക്കേ എന്നിട്ട് എന്റെ മോൻ കണ്ടോ..? രണ്ടും എവിടെ വരെ പോകുമെന്ന് ഇതിൽ ഇരുന്ന് വാച്ച് ചെയ്യണം എന്ന് കരുതിയതാ.. പക്ഷെ എനിക്ക് പറ്റിയില്ല….’
ലച്ചു എനിക്ക് നേരെ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു. അവൾ കളി കാണാൻ വന്നിരുന്നോ…? ഇത്രയും ദൂരം എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നോ..? ഞാൻ അതൊന്നും ശ്രദ്ധിച്ചു കൂടിയില്ല.. മനസ്സിൽ മുഴുവൻ ഇഷാനിയെ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു.
‘നിനക്ക് ഒന്നും പറയാൻ ഇല്ലേ..? പുതിയ കള്ളം ഒന്നും കിട്ടുന്നില്ലേ..?
എന്നെ കളിയാക്കി ഒരു പുച്ഛഭാവത്തിൽ അവൾ ചോദിച്ചു
‘അയാം സോറി.. ലച്ചു.. ഇത് ഇങ്ങനെ ഒരു മൊമെന്റിലേക്ക് വരരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. ബട്ട്…. അയാം സോറി.. റിയലി…’
ഞാൻ തല കുനിച്ചു കൊണ്ട് പറഞ്ഞു
‘എന്ത്.. നിന്റെ കള്ളപ്രേമം ഞാൻ പിടിക്കുന്നത് വരെ വരരുത് എന്നോ..?
