റോക്കി – 4അടിപൊളി  

 

എന്നാൽ ഞങ്ങളുടെ ഗാലറിയിൽ ആരവങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിയിരുന്നു. കോളേജിനു വേണ്ടി അവരുടെ ഹീറോ ഒരു ഗോൾ നേടിയിരിക്കുന്നു.. അതും തോൽവിയിലേക്ക് വീണു കൊണ്ടിരുന്ന ടീമിൽ നിന്നും.. ഞാൻ പന്തുമായി ഗ്രൗണ്ടിന്റെ മധ്യത്തിലേക്ക് ഓടിയെത്തുമ്പോൾ ഞങ്ങളുടെ പിള്ളേർ ഗാലറിയിൽ ഇരുന്ന് ഈണത്തിൽ ഇങ്ങനെ പാടി

 

‘ഓ.. റോക്കി.. ഓ റോക്കി.. ഓ റോക്കി റോക്കി റോക്കി…’

 

അവർ ശരിക്കും ആഘോഷിക്കുകയായിരുന്നു.. ഇത്ര നേരവും കളിയിൽ ഒച്ചയിടാൻ ഒന്നും ഇല്ലാതെ കടിച്ചു പിടിച്ചിരുന്ന ഞങ്ങളുടെ കോളേജ് തൊണ്ട പൊട്ടി കാറി. കളി വീണ്ടും ഉഷാറായിട്ടും ആ ഗോളിന്റെ ആരവം നിലച്ചിരുന്നില്ല.. ഒരു ഗോൾ വഴങ്ങിയതിന്റെ ഈർഷ്യത്തിൽ എസ് എൻ ശക്തിയായി തിരിച്ചടിച്ചു തുടങ്ങി. പത്തു പേരായി കളിച്ചിട്ടും അവർ ആഞ്ഞടിക്കുന്ന തിരമാല പോലെ ഞങ്ങളുടെ പ്രതിരോധത്തിന് മേൽ വന്നടിച്ചു. അവർ ശരിക്കും ഒരാൾ കുറവുണ്ടോ എന്ന് എനിക്ക് രണ്ട് വട്ടം എണ്ണി നോക്കേണ്ടി വന്നു. അത്രയും രൗദ്ര ഭാവത്തിൽ അവർ കളി അടുത്ത ഗിയറിൽ ഇട്ടു..

 

എന്നിട്ടും ഞങ്ങൾ പിടിച്ചു നിന്നത് തൊട്ട് മുമ്പ് വീണ ഗോൾ ഞങ്ങൾക്ക് തന്ന ജീവനിൽ ആണ്. ആ ജീവൻ ഉടനെ നഷ്ടപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ലായിരുന്നു.. അക്രമം കുറച്ചു ഞങ്ങൾ എല്ലാവരും വീണ്ടുമൊരു ഗോൾ വഴങ്ങാതെ ഇരിക്കാൻ ശ്രമിച്ചു. കോർണറുകളും ഫ്രീ കിക്കുകളും മിനിറ്റിന് മിനിറ്റിന് വീണു. അതിനൊന്നിനും പക്ഷെ വീണ്ടുമൊരിക്കൽ കൂടി ഞങ്ങളുടെ വലയ്ക്കുള്ളിൽ പന്തെത്തിക്കാൻ കഴിഞ്ഞില്ല..

ഏറെ നേരത്തെ പ്രതിരോധത്തിന് ശേഷം ഞങ്ങൾക്ക് ഒരു കൌണ്ടർ ചാൻസ് കിട്ടി. ബോളുമായ് അമീൻ ആണ് മുന്നോട്ടു ഓടിയത്. തടസം നിന്ന എതിരാളികളെ വീട്ടിയുഴിഞ്ഞു അവൻ മുമ്പോട്ടു കുതിച്ചു. അവരും ഒട്ടും പിറകിൽ ആകാതെ അവനൊപ്പം ഓടി. ഓടുന്ന കൂട്ടത്തിൽ തന്നെ അമീൻ പന്ത് നീട്ടി രാഹുൽ ന്റെ മുമ്പിൽ വരുന്ന രീതിയിൽ പാസ്സ് ചെയ്തു. രാഹുൽ അത് കൃത്യമായി കണക്ട് ചെയ്തു മുന്നോട്ടു ഓടി. ലെഫ്റ്റ് വിങ്ങിലൂടെ രാഹുൽ ബോക്സിന് സമീപം എത്തി.. ഞാൻ ഓടി ബോക്സിൽ കയറുകയും ചെയ്തു. എനിക്ക് ചുറ്റും ഡിഫെൻഡർമാരുണ്ട്. രാഹുൽ അവിടെ നിന്നും ഗ്രൗണ്ട് പാസ്സ് ചെയ്യാൻ സാധ്യത എനിക്കാണ്. അത് കൊണ്ട് എന്റെ ഒരു ഷോട്ട് തടയാൻ പാകത്തിന് പ്രതിരോധം ഇതിനകം തന്നെ സജ്ജമായിരുന്നു.. ഞാൻ കണ്ണ് തുറിച്ചു രാഹുലിനെ നോക്കി. ഓടുന്നതിന് ഇടയിലും ഞങ്ങളുടെ കണ്ണുകൾ തന്ത്രം മനസിലാക്കി.. ഇത് എനിക്കും അവനും ഇടയിലുള്ള കണക്ഷൻ കൊണ്ട് പറ്റുന്ന കാര്യമാണ്. ഒരാൾ മനസ്സിൽ കാണുന്നത് മറ്റേയാൾക്ക് തെളിയും. ബോൾ എനിക്കിടാൻ ഞാൻ കൈ കൊണ്ട് ചെറുതായ് ആംഗ്യം കാണിച്ചു. രാഹുൽ കുറച്ചു പിന്നിലായ് ഓടി വന്ന എനിക്ക് ലൈനിനു അടുത്ത് വച്ചു പാസ്സിട്ട്.. പന്ത് നേരെ എന്റെ കാലുകൾക്ക് ഉള്ളിലേക്ക് വന്നു. എന്റെ തൊട്ട് മുന്നിൽ ഗോൾ പോസ്റ്റ്‌ ആണെങ്കിലും രണ്ട് ഡിഫെൻഡർമാരും ഒരു ഗോളിയും എന്റെ ലക്ഷത്തിനു മുമ്പിൽ തടസമായി നില കൊള്ളുന്നുണ്ട്. എന്റെ കാലിന് ഇടയിലേക്ക് വന്ന ബോൾ ഞാൻ അടിക്കുന്നത് പോലെ കാൽ വീശി. ഞാൻ ബോളടിച്ചു എന്ന് കരുതി ഡിഫെൻഡർ കൈ പിന്നിൽ കെട്ടി എനിക്ക് മുന്നിൽ ഒരു മതിൽ പോലെ കയറി നിന്നു. എന്നാൽ എന്റെ കാലിനെ സ്പർശിക്കാതെ ആ ബോൾ പിന്നെയും പിന്നിലേക്ക് പോയി. അതൊരിക്കലും എനിക്ക് മിസ്സ്‌ ആയത് അല്ലായിരുന്നു.. അതായിരുന്നു ഞങ്ങളുടെ പ്ലാൻ

 

ഞാൻ ഫേക്ക് ചെയ്തപ്പോൾ എന്റെ പിന്നാലെ ഓടി വന്ന അമീന്റെ കാലിലേക്കാണ് ബോൾ കൃത്യം വന്നു കയറിയത്. അത് അമീൻ പോലും പ്രതീക്ഷിക്കാത്ത ഒരു നീക്കം ആയിരുന്നു. അതിന്റെ വെപ്രാളം അവനിൽ പെട്ടന്ന് കണ്ടു. പക്ഷെ പൊടുന്നനെ തന്നെ അവൻ മനസ്സാനിധ്യം വീണ്ടെടുത്തു. തനിക്ക് മുന്നിൽ തടസമായി നിൽക്കുന്നവരുടെ ഇടയിലൂടെ അവനൊരു ചെറിയ പഴുത് കണ്ടെത്തി. പടർന്നു പന്തലിച്ച വൃക്ഷത്തിന് കീഴെ സൂചി മുന വലുപ്പത്തിൽ സൂര്യ പ്രകാശം താഴെ എത്തുന്നത് പോലെയൊരു വിടവ്.. അതിലൂടെ അവൻ കൃത്യമായി പന്തിനെ ഗോളിലേക്ക് എത്തിച്ചു.. മരങ്ങളിലും ഇലകളിലും കൊമ്പിലും ഒന്നും തട്ടിച്ചിതറാതെ ആ പ്രകാശം ഭൂമിയിൽ പതിച്ചു.. കളി തീരാൻ പത്തു മിനിറ്റ് ബാക്കി നിൽക്കെ, എൺപതാം മിനിറ്റിൽ ഞങ്ങൾ സമനില ഗോൾ നേടിയിരിക്കുന്നു..

 

ആ സമയം അവിടെ ഉണ്ടായിരുന്ന ഒരാൾക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. എസ് എൻ കോളേജും ഞങ്ങളും ഒരേപോലെ ഈ സമനില കണ്ടു ഞെട്ടി.. ഫസ്റ്റ് ഹാഫ് അമ്പേ തോറ്റു തുന്നം പാടിയ ഞങ്ങൾ സെക്കന്റ്‌ ഹാഫിൽ സ്വപ്നതുല്യമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു.. മികച്ചൊരു കമന്ററി ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവർ എന്തായിരിക്കും ഈ നിമിഷത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുക എന്ന് ഞാൻ ചുമ്മാ ചിന്തിച്ചു. രണ്ട് ടീമിന് പിന്നിൽ നിന്നിട്ട് സമനില പിടിക്കുന്നത് ഫുട്ബോളിൽ വലിയ കാര്യം ഒന്നും അല്ല. എന്നാൽ ഞങ്ങൾ സമനില പിടിച്ചത് ഞങ്ങളെ പച്ചക്ക് വിഴുങ്ങാൻ ശേഷിയുള്ള ഒരു ടീമിന്റെ നേർക്കാണ്..

രണ്ടാം ഗോൾ വീണതിന് ശേഷം കളി ശരിക്കും ടൈറ്റ് ആയി. ബോൾ രണ്ട് ഭാഗത്തേക്കും ഇടതടവില്ലാതെ പാഞ്ഞു. അപ്രതീക്ഷിതമായി സമനില വഴങ്ങേണ്ടി വന്നതിന്റെ പകപ്പ് അവർക്ക് ഉണ്ടായിരുന്നു. അവർക്ക് ആളെണ്ണം ഒരാൾ കുറവാണ് എന്നത് ഞങ്ങൾ മുതലാക്കി. അവരുടെ വേഗതയേറിയ നീക്കങ്ങളെ ഞങ്ങൾ കളം നിറഞ്ഞു നിന്ന് പ്രതിരോധിച്ചു. അവരുടെ മികച്ച ഡിഫെൻഡർമാരിൽ ഒരാളാണ് കാർഡ് വാങ്ങി പുറത്തു പോയത്. ആ വിടവിലൂടെ ഞങ്ങൾ പന്തുമായി അരിച്ചു കയറി. എന്നാൽ രണ്ടു കൂട്ടർക്കും അതൊന്നും ഗോൾ ആക്കാൻ കഴിഞ്ഞില്ല. കളി അതിന്റെ അവസാന നിമിഷത്തിലേക്ക് എത്തിക്കൊണ്ട് ഇരിക്കുന്നു.. ഇപ്പോൾ ബോൾ ഞങ്ങളുടെ കൈവശം ആണ്. കുറിയ പാസുകളിലൂടെ പന്ത് കൈമാറി ഞങ്ങൾ ഗോൾ പോസ്റ്റിലേക്ക് പതിയെ അടുത്ത് കൊണ്ടിരുന്നു.

 

ബോക്സിൽ എത്തുന്നതിനു തൊട്ട് മുമ്പാണ് ആമീൻ ഒരു പടുകൂറ്റൻ ഷോട്ട് ഗോൾ പോസ്റ്റ്‌ ലക്ഷ്യമാക്കി തൊടുത്തു വിട്ടത്. കുറച്ചു കൂടി അടുത്തെത്തിയിട്ട് കുറച്ചു കൂടി നല്ല സ്‌ഥലത്തു വച്ചു അടിച്ചാൽ മതിയായിരുന്നു എന്ന് എനിക്ക് തോന്നി. പക്ഷെ എന്തോ അവന്റെ ഉള്ളിലെ വിശ്വാസം ആയിരിക്കണം അവനെ അപ്പൊ ഷോട്ട് എടുക്കാൻ പ്രേരിപ്പിച്ചത്. പന്ത് ഉയർന്നു പൊങ്ങി എല്ലാവരുടെയും തലയുടെ മേലെ കൂടി പറന്നു മെല്ലെ പോസ്റ്റിലേക്ക് താണിറങ്ങി.. എന്നാൽ അവരുടെ ഗോളി ജാഗരൂകൻ ആയിരുന്നു. കൈകൾ വിടർത്തി ഉയർന്നു ചാടിയ അവന്റെ കൈവിരലുകളിൽ തട്ടി പന്ത് പിന്നിലേക്ക് ഉയർന്നു പോയ്‌. ആ അവസരം ഞങ്ങൾക്ക് നഷ്ടം ആയിരിക്കുന്നു.. അതും കളി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കുമ്പോൾ