റോക്കി – 4അടിപൊളി  

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kambi.pw ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

 

നിശബ്ദയായി എന്റെ കഴുത്തിലൂടെ കയ്യിട്ടു തോളിൽ ചാഞ്ഞു കിടന്ന അവളെ ഞാൻ നോക്കി. ആദ്യമായാണ് ഇഷാനി പൊട്ടിക്കരയുന്നത് ഞാൻ കണ്ടത്. അതിന് മാത്രം എന്തെങ്കിലും വലുതായി ഇവിടെ സംഭവിച്ചോ എന്ന് ഞാൻ ആലോചിച്ചു. അവളുടെ അമ്മയാണ് ആ വന്നത്. അവരെ കണ്ടാണ് ഇഷാനി പൊട്ടിക്കരഞ്ഞത്. ചെറുപ്പത്തിൽ ഇഷാനിയെ ഉപേക്ഷിച്ചു പോയത് ആയിരിക്കണം അവരെന്ന് ഞാൻ വെറുതെ ഊഹിച്ചു. അതാകും ഇഷാനിക്ക് അവരോട് ദേഷ്യം. അവളുടെ വീട്ടിൽ എവിടെയും അമ്മയുടെ ഫോട്ടോ ഇല്ലാഞ്ഞതും സംസാരങ്ങളിൽ ഒരിക്കൽ പോലും അമ്മയെ പറ്റി ഇഷാനി കൊണ്ട് വരാഞ്ഞതും എല്ലാം അത് കാരണം ആകും…

 

അമ്മയുടെ ആ വരവ് അവളുടെ സകല ചാർജും തീർത്തത് പോലെ തോന്നി. ഞാൻ ചോദിച്ചതിന് എന്തൊക്കെയോ മറുപടി അവൾ പറഞ്ഞു. അവളിപ്പോളും മറ്റേതോ ലോകത്താണ് എന്നെനിക്ക് തോന്നി. അവളെ ഒന്ന് ചൂടാക്കാൻ ഞാൻ അവളുടെ ചെറിയ അടുക്കളയിൽ കയറി ഞങ്ങൾ രണ്ടാൾക്കും കാപ്പി ഇട്ടു. നിർബന്ധിച്ചു കാപ്പി കുടിപ്പിച്ചത് ഫലം കണ്ടു. അവളുടെ മൂകത പതിയെ മാറി വന്നു

 

‘ആ വന്നത് എന്റെ അമ്മ ആയിരുന്നു..’

എന്നെ നോക്കാതെ വീടിന്റെ ഭിത്തിയിൽ വെറുതെ ശ്രദ്ധ പതിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു. ഗ്ലാസ്സിൽ അപ്പോളും പാതി കാപ്പി ഉണ്ടായിരുന്നു

 

‘എനിക്ക് തോന്നി.. കണ്ടപ്പോൾ…’

ഞാൻ അവളെ നോക്കിയാണ് മറുപടി പറഞ്ഞത്. പക്ഷെ എന്നെ നോക്കാൻ അവളുടെ കണ്ണുകൾ വിസമ്മതിച്ചു

 

‘ഞാനിതു വരെ അമ്മയെ പറ്റി നിന്നോട് പറഞ്ഞിട്ടില്ല അല്ലേ…?

അവൾ മാത്രം അല്ല, ഞാനും എന്റെ അമ്മയെ പറ്റി അധികം അവളോട് സംസാരിച്ചിട്ടില്ല. ആ കാര്യം കൂടി മനസ്സിൽ ഓർത്ത് ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി

 

‘എനിക്കവരെ പറ്റി സംസാരിക്കുന്നത് പോലും ഇഷ്ടം അല്ല അർജുൻ.. നീയീ കാര്യം ഒരിക്കലും എന്നോട് ചോദിക്കരുത്.. പ്ലീസ്..’

അത് പറഞ്ഞപ്പോൾ ഏറെ നേരത്തിനു ശേഷം അവളെന്നെ നോക്കി. ഞാൻ വീണ്ടും അതേയെന്ന മട്ടിൽ തന്നെ തല കുനുക്കിയപ്പോൾ അവൾ കയ്പ്പേറിയ ഒരു ചിരി ചിരിച്ചു

 

‘കാപ്പി ആറിയല്ലോ.. നീ ഇത് വരെ അത് മുഴുവൻ കുടിച്ചില്ലേ..?

ഞാൻ അവൾക്കരികിലേക്ക് കുറച്ചു കൂടി അടുത്തിരുന്നു അവളുടെ ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച്ചു കൊടുത്തു. എന്റെ കയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി അവൾ തന്നെ മിച്ചം ഇരുന്ന കാപ്പി കുടിച്ചു. നേരം സന്ധ്യ ആകാറായത് പോലെ തോന്നി. സമയം നോക്കിയപ്പോൾ ശരിയാണ്. അവളുടെ ഓണർ അമ്മൂമ്മ ഇപ്പോൾ വരും. ഞാൻ അപ്പോൾ ഇവിടെ നിൽക്കുന്നത് അവർക്ക് അത്ര സുഖിക്കില്ല. അത് കൊണ്ട് ഇഷാനിയോട് യാത്ര പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി

 

ഞാൻ പടവുകൾ ഇറങ്ങുമ്പോൾ ആയിരുന്നു ഇഷാനി എന്നെ പിന്നിൽ നിന്നും വിളിച്ചത്..

 

‘അർജുൻ… സോറി..’

ആ സോറി എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല

‘അന്ന് ആ ചുരിദാറിന്റെ കാര്യം പറഞ്ഞു ഞാൻ നിന്നോട് വെറുതെ വഴക്കിട്ടു.. അത് ചിലപ്പോൾ അവർ തന്നെ കൊണ്ട് വച്ചതാകും.. സോറി..’

 

ഇഷാനി ക്വിസ് മത്സരം ജയിച്ചപ്പോൾ ആരോ ഇവിടെ സമ്മാനം ആയി വച്ചിട്ട് പോയ ചുരിദാർ ഞാനാണ് വാങ്ങിയത് എന്ന് പറഞ്ഞു അവൾ വഴക്ക് കൂടിയത് എന്റെ മനസിലേക്ക് ഓടിയെത്തി. അവളുടെ കുട്ടിക്കാലത്തെ പേര് അതിൽ എഴുതിയത് ആയിരുന്നു അവൾക്ക് ദേഷ്യം തോന്നാൻ കാരണം. അപ്പോൾ അതെഴുതി ഇവിടെ സമ്മാനം വയ്ക്കാൻ സാധ്യത അവളുടെ അമ്മ തന്നെ ആയിരിക്കും.. ഇഷാനിയുടെ ക്ഷമ പറച്ചിലിന് അതിന്റെ ഒന്നും ആവശ്യമില്ല എന്ന മട്ടിൽ ഒരു ചിരി കൊണ്ട് ഞാൻ പറഞ്ഞു

 

അവിടെ നിന്ന് പോന്നപ്പോളും എന്റെ മനസ്സ് നിറയെ അവൾ ആയിരുന്നു. അവളെന്നോട് ചേർന്നു നിന്ന ആ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ട് ഞാൻ പുളകം കൊണ്ടു. അന്ന് രാത്രി ഞാൻ ശരിക്കും ഉറങ്ങിയില്ല. വെറുതെ അവളെ ആലോചിച്ചു കൊണ്ട് കിടന്നു. ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയ ഓരോ നിമിഷങ്ങളും എന്റെ മനസ്സിൽ ഓരോന്ന് ഓരോന്നായി തെളിഞ്ഞു വന്നു. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ അവളെന്നോട് പെരുമാറി. ഒന്നും ഓർമിപ്പിക്കരുത് എന്ന് അവളെന്നോട് പറഞ്ഞത് കൊണ്ട് ഞാനും അവളോട് നോർമൽ ആയി പെരുമാറി.

ഞാൻ അവളോട് പണ്ട് ഞങ്ങൾ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ പെരുമാറാൻ തുടങ്ങി. കോളേജിൽ അവൾ വീണ്ടും എന്റെ റീന ആയി അവരോധിക്കപ്പെട്ടു. വീണ്ടും പരദൂഷണങ്ങളും ഗോസിപ്പുകളും പറന്നു നടന്നു. പലതും ഞങ്ങളുടെ ചെവിയിലുമെത്തി.. എന്നാൽ ഇത്തവണ ഞങ്ങളുടെ ബന്ധം തകർക്കാൻ അതൊന്നും പോരായിരുന്നു. പക്ഷെ എത്രയൊക്കെ അവളോട് അടുത്തിടപഴകിയിട്ടും എന്റെ ഉള്ളിൽ എന്തോ കിടന്നു കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.. ഇഷാനിയിൽ നിന്ന് എന്നെ പിറകിലേക്ക് വലിക്കുന്ന ഒരു വലിയ കാരണം – ലക്ഷ്മി