” ഇതാണോ ദേവാ നിന്റെ കൂട്ടുകാരൻ ” സുധിയുടെ മുത്തശിആണ്. അവൻ അതേ എന്ന ഭാവത്തിൽ തല ആട്ടി.
” ദേവൻ, മോന്റെ കാര്യം പറഞ്ഞായിരുന്നു. ആശുപത്രിയിൽ വന്നു കാണണം എന്ന് ഉണ്ടായിരുന്നു, പക്ഷെ നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആണ് ” അവന്റെ മുത്തശ്ശി എന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ചുമ്മാ ചിരിച്ചു കാണിച്ചു.
” ഡാ ഇത് ലെച്ചുസ്, ലക്ഷ്മിയമ്മ എന്റെ മുത്തശ്ശി. ” സുധി എനിക്ക് അവന്റെ മുത്തശ്ശിയെ പരിചയപ്പെടുത്തി. മുത്തശ്ശിയെ കണ്ടു നല്ല പരിചയം ഉള്ളത് പോലെ… എവിടെ ആ എന്ന് മാത്രം ഓർമ്മ കിട്ടുന്നില്ല. ഹാ ആരതി, അവളുടെ നല്ല കട്ട് ഉണ്ട് മുത്തശ്ശിക്ക്, ഞാൻ അത്ഭുതപ്പെട്ടു.
” ഇത് കൃഷ്ണമാമ, ഞങ്ങളുടെ അമ്മാവൻ ആണ് ” സുധി അവിടെ ഉണ്ടായിരുന്ന ഒരാളെ ചൂണ്ടി പറഞ്ഞു, ഞാൻ ഒന്ന് ചിരിച്ചു. പുള്ളിയും.
” ഇതാണ് കിച്ചൂസ്, കൃഷ്ണപ്രീയ കൃഷ്ണമാമ യുടെ മൂത്ത മോൾടെ മോള് ” സുധി ഒരു അഞ്ചു വയസ്സ് കാരിയെ കാട്ടി പറഞ്ഞു.
” അലോ, ” ഞാൻ അത് പറഞ്ഞതും അവൾ അവിടെ ഉണ്ടായിരുന്ന ഒരു പെണ്ണിന്റെ പിറകിൽ ഒളിച്ചു.
” അത് അപർണ, അപ്പു. കൃഷ്ണമാമയുടെ ഇളയ മോള് ” ആ പെണ്ണിനെ കാണിച് ആണ് അവൻ അത് പറഞ്ഞത്.
” അല്ല അമ്മ എന്തിയെ?? ” സുദർശനയാണ് അത് ചോദിച്ചത്.
” അവൾ ഇവൻ ഇന്ന് വരും എന്ന് അറിഞ്ഞു, ആ കുന്ത്രാണ്ടത്തി നോക്കി എന്തൊക്കയോ ഉണ്ടാക്കുവാ” മുത്തശ്ശി അത് പറഞ്ഞപ്പോൾ സുധിയും അവളും എന്നെ ഒന്ന് നോക്കി.
” അതേ അമ്മ യൂട്യൂബിൽ നിന്ന് എന്തോ റെസിപ്പി പരീക്ഷണം ആണ് ” അവൾ എന്റെ ചെവിയിൽ പറഞ്ഞു. സുധിയുടേം അവളുടെം ഭാവത്തിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ. അവർ രണ്ടുപേരും ബസ്റ്റോഫ് ലക്ക് പറയും പോലെ കൈ കാണിച്ചു.
” അല്ല, എനിക്ക് മരുന്ന് തീരുന്ന വരെ ലൈറ്റ് ഫുഡ് മാത്രമല്ലെ കഴിക്കാൻ പറ്റൂ?? ” ഞാൻ അത് ചോദിച്ചപ്പോൾ എല്ലാരും ചിരിച്ചു.
” ഇവർ എല്ലാരും ചേർന്ന് എന്നെ കളിയാക്കുവാ, എന്താടാ ഞാൻ വെച്ചു തരുന്ന കറിക്ക് ഒന്നും രുചി ഇല്ലെടാ ” എന്നും ചോദിച്ചു കൊണ്ട് ഒരു സ്ത്രീ സുധിയുടെ ചെവിയിൽ പിടിച്ചു.
” ആ അമ്മ വേദനിക്കുന്നു, വിട് വിഡ് ” അവൻ ചിണുങ്ങി.
” ഇതാണ് എന്റെ പുന്നാര അമ്മ ” പിന്നെ അവൻ എന്നെ പരിചയപ്പെടുത്തി. അന്നേരം ആണ് അകത്തു നിന്ന് ഒരു മനുഷ്യൻ വന്നത്. ഒരു ആറടിയോളം പൊക്കം, 75, 80വയസ്സിന്റെ അടുത്ത് പ്രായം കാണും, എന്നാലും പ്രായത്തിന്റെ യാതൊരു അവശതയും അദ്ദേഹത്തിന് ഇല്ല, നല്ല ബിൽഡ് ചെയ്ത ശരീരം, തലയിൽ മുടി ഒക്കെ ഏകദേശം പൂർണമായും പോയിരിക്കുന്നു, എന്നാൽ നല്ല നീണ്ടു വെളുത്ത താടിഉണ്ട്, നെറ്റിയിൽ ഒരു ചുവന്ന കുറി, ഒരുകാതിൽ ഒരു കടുക്കൻ, കാവി മുണ്ടും തോളിൽ ഒരു ഒറ്റമുണ്ടും ആണ് വേഷം, കഴുത്തിൽ സ്വർണം കെട്ടിയ ഒരു പുലിപ്പല്ല് മാല, കയ്യിൽ കുറച്ചു രുദ്രാക്ഷം, ഗൗരവം തുളുമ്പുന്ന മുഖം, മൊത്തതിൽ നല്ല ആഢ്യത്വം ഉള്ള ഒരു മനുഷ്യൻ. എവിടെക്കയോ എനിക്ക് മുത്തശ്ശനെ ഓർമ്മ വന്നു. അദ്ദേഹം വന്നതും ഞാൻ പോലും അറിയാതെ ഇരുന്ന ഇടത്ത് നിന്ന് എഴുന്നേക്കാൻ ഒന്ന് നോക്കി, പക്ഷെ ബാലൻസ് കിട്ടാഞ്ഞത് കൊണ്ട് അവിടെ തന്നെ ഇരുന്നുപോയി. അദ്ദേഹം അത് കണ്ടു, ഇരിക്കാൻ പറയുന്ന പോലെ കൈ കാണിച്ചു.
” ഇതാണോ നിന്റെ ഫ്രണ്ട്?? ” സുധിയോട് ആണ് ചോദ്യം. രൂപം പോലെ തന്നെ പവർഫുൾ ആയ ശബ്ദം. അവൻ അതേ എന്ന് പറയുന്ന പോലെ തല ആട്ടി.
” ഞാൻ അത്യാവശ്യം ആയി പുറത്ത് വരെ പോവുകയാണ്, വന്നിട്ട് വിശദമായി സംസാരിക്കാം. ഇപ്പൊ വിശ്രമിക്ക് ” എന്റെ തോളിൽ തട്ടി അത് പറഞ്ഞിട്ട് അദ്ദേഹം സുധിയുടെ അമ്മയെ നോക്കി.
” ഇയാൾക്ക് താമസിക്കാൻ ഉള്ള മുറി ഒക്കെ ശരിയാക്കിയിട്ടില്ലേ?? ” സുധിയുടെ അമ്മയോട് ആണ് ആ ചോദ്യം.
” ശരിയായിട്ടുണ്ട് അച്ഛാ ” സുധിയുടെ അമ്മയുടെ മറുപടി ഉടനെ വന്നു, അച്ഛനോട് ഉള്ള പേടിയും ബഹുമാനവും ആ ശബ്ദത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ഒന്ന് തല ആയിട്ട്, അവന്റെ കൃഷ്ണമാമയുടെ കൂടെ പോയി.