കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” ഹലോ, അച്ഛാ ” ഞാൻ കാൾ അറ്റൻഡ് ചെയ്തു.

 

” അജു നീ പെട്ടന്ന് വീട്ടിലേക്ക് വാ ”

 

” അത് അച്ഛാ, എന്താ പ്രശ്നം ഇവിടെ കുറച്ചു ഇമ്പോര്ടന്റ്റ്‌ പണിഉണ്ട് ”

 

” അതൊക്കെ ആശ്യാമിനെ വല്ലോം ഏൽപ്പിചിട്ട് നീ ഇങ് വാ ”

 

” ശരി, ഞാൻ ദേ ഇറങ്ങി ” സംഗതി എന്തോ സീരിയസ് ആണെന്ന് തോന്നിയത് കൊണ്ട് ഫോൺ കട്ട്‌ ചെയ്തു ഞാൻ ഇറങ്ങി.

 

വീട്ടിൽ ചെല്ലുമ്പോൾ നന്ദു അടക്കം എല്ലാരും അവിടെ ഉണ്ട്. ഞാൻ ഇത്തിരി ടെൻഷൻ ഓടെ കേറിചെന്നു അന്നേരം ഹാളിൽ കസേരയിൽ ഒരു കഷായവസ്ത്രധാരി ഇരിക്കുന്നു. മുന്നിൽ മേശയിൽ ഒരു പലകയും മറ്റും. ഒരു ചെറിയ പുസ്തകം എടുത്തു വായിച്ചു കൊണ്ട് ഇരിക്കുകയാണ് ഒരു അറുപത്തിനോട് അടുത്ത് പ്രായം തോന്നും പറയാതെ വയ്യ നല്ല തേജസ്‌ ഉള്ള മുഖം കഴുത്തിലും കയ്യിലും ഒക്കെ രുദ്രാക്ഷം പറ്റെ വെട്ടി നിർത്തിയിരിക്കുന്ന നരച്ചു തുടങ്ങിയ താടി, മുടി മൊട്ട അടിച്ചിരിക്കുന്നു. ഏതോ ഒരു ജ്യോതിഷി വന്നു അത് ആണ് എന്നെ ഇത്ര അത്യാവശ്യം ആയി വിളിച്ചു വരുത്തിയത്. എനിക്ക് ഇത്തിരി ദേഷ്യം വരാതെ ഇരുന്നില്ല.

 

” അപ്പൊ ഇയാൾ ആണോ ഈ ജാതകക്കാരൻ?? ” പുസ്തകത്തിൽ നിന്ന് നോട്ടം മാറ്റാതെ പുള്ളി ചോദിച്ചു. അന്നേരം ആണ് അവിടെ കൂടി ഉണ്ടായിരുന്നവർ പോലും എന്നെ കാണുന്നത്.

 

” അതേ ” അച്ഛൻ പറഞ്ഞപ്പോ പുള്ളി ഒന്ന് അമർത്തി മൂളി.

 

ഞാൻ നടന്നു ചെന്ന് നന്ദുവിന്റെയും അച്ചുവിന്റെയും അടുത്ത് നിന്നു.

 

” ഇതേതാ പുതിയ ആൾ, അച്ഛൻ സ്ഥിരം കാണാറുള്ള വ്യക്തി അല്ലല്ലോ? ” ഞാൻ സ്വകാര്യം ആയി അച്ചുവിനോട് ചോദിച്ചു

 

” ah ഇത് അയാളുടെ ഗുരു ആണ്, വലിയ ജ്ഞാനി ആണത്രേ, ഏതോ യാത്രയിൽ ആയിരുന്നു വന്നപ്പോ അച്ഛൻ ചേട്ടായിയുടെ ജാതകം നോക്കാൻ ആയി വിളിച്ചോണ്ട് വന്നതാ ” അച്ചു, പറഞ്ഞപ്പോൾ ഞാൻ ഒന്ന് തല ആട്ടി. പുച്ഛത്തോടെ നന്ദുനെ നോക്കി ഞങ്ങൾ രണ്ടു പേരും ചിരിച്ചു.

 

” പാപ ജാതകം ആണ്, ഈ ജാതകം മുമ്പ് വേറെ ആരെങ്കിലും കാണിച്ചിരുന്നോ?? ” അച്ഛനോട് ആണ് ചോദ്യം.

 

” അല്ല കാണിച്ചിട്ടും കാര്യം ഇല്ല, അങ്ങനെ അത്ര പെട്ടന്ന് ഒന്നും അർക്കും ഇയാൾ പിടിച്ചു കൊടുക്കില്ല ” അച്ഛൻ എന്തേലും പറയുന്നതിന് മുൻപ് അയാൾ തന്നെ ഉത്തരം പറഞ്ഞു. പിന്നെ തുടർന്നു.

 

” മുൻജന്മ ദോഷം, അല്ലേൽ അന്ന് ചെയ്ത പാപങ്ങളുടെ ഫലം അതാണ് ഈ ജന്മത്തിൽ ഇയാളെ കാത്തിരിക്കുന്നത് ” എന്നെ നോക്കി യാണ് അത് പറഞ്ഞത്

 

” മുൻജന്മ ദോഷം എന്ന് പറയുമ്പോൾ?? ” അച്ഛൻ

 

” നാരി ശാപം ഏറ്റ ജന്മം ആണ്. സ്ത്രീകളും ആയി പ്രശ്നം ആയിരിക്കും. മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം വരെ വിധിച്ചിരിക്കുന്നു ” അയാൾ കത്തികയറുകയാണ്.

 

” വല്ല പത്രത്തിൽ നിന്നും ചൂണ്ടിയത് ആവും ” ഞാൻ നന്ദു ന്റെ ചെവിയിൽ പറഞ്ഞു. അവൻ ചിരിച്ചു. ഇത് കേട്ട അച്ചു എന്റെ തുടയിൽ നുള്ളി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.

 

” ഇയാൾ മാനഹാനി, ധനനഷ്ടം, കാരാഗൃഹവാസം ഇവ ഒക്കെ അനുഭവിക്കാൻ അറിഞ്ഞോ അറിയാതെയോ ഒരു നാരി തന്നെ ആവും കാരണം ആയി വരുക ” പുള്ളി അത് പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി. അവളുടെ മുഖം എന്റെ ഉള്ളിലേക്ക് ഓടി എത്തി. എന്റെ കണ്ണിൽ പകയുടെ കനൽ ആന്തി. പെട്ടെന്ന് അയാൾ എന്നെ ഒരു നോട്ടം നോക്കി. അയാൾക്ക് എന്തൊ മനസ്സിലായത് പോലെ.

 

” മൃത്യു യോഗം പോലും കാണുന്നുണ്ട്, ജാതകക്കാരൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ 25 വയസ് താണ്ടു ” അയാൾ അത് പറഞ്ഞപ്പോ എല്ലാരും ഒന്ന് ഞെട്ടി.

 

” ഇതിന് പ്രതിവിധി ഒന്നുമില്ലെ ?? ” എന്റെ രണ്ടാനമ്മ ആണ്.

 

” മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം എന്ന് അല്ലേ, നാരിശ്യപം പേറുന്ന ഇയാക്ക് ആ ദോഷം മാറണം എങ്കിൽ, ഒരു പെണ്ണ് തന്നെ വിചാരിക്കണം. അവൾ ഇയാളുടെ ജീവിതത്തിലേക്ക് കടന്ന് വരണം. ഇരുപത്തി നാലാം വയസ്സ് കഴിയുന്നതിനു മുന്നേ ഇയാൾ വിവാഹിതൻ ആവണം ” എന്തോ ആലോചിച്ചു ഗാഢമായ ചിരിയോടെ അയാൾ പറഞ്ഞു. അത് കേട്ട് കൂടുതൽ ഞെട്ടിയത് ഞാൻ ആണ്. കല്യാണം ഒരുപെണ്ണിനെ ഞാൻ എന്റെ തലയിൽ കെട്ടിവെക്കണം പോലും. നടുക്കൂല്ല. ഞാൻ അച്ഛനെ കത്തുന്ന ഒരു നോട്ടം നോക്കി. പക്ഷെ അച്ഛൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പെട്ടിരിക്കുന്നു അല്ലേൽ ഈ മനുഷ്യൻ എന്നെ പെടുത്തി ഇരിക്കുന്നു.

 

പെട്ടന്ന് ആണ് എനിക്ക് മറ്റൊരു ആംഗിൾ തോന്നിയത്. ഇന്നത്തെ ദിവസം കൊള്ളാം ഞാൻ തേടി നടന്നത് ഒക്കെ എന്നെ തേടി വരുന്നു. ഒരു വെടിക്ക് രണ്ട് പക്ഷി എന്നൊക്ക പറയില്ലേ അതേപോലെ ഒരു ഐറ്റം. ആരതി. അവൾ അവൾക്ക് ഇഷ്ടപ്പെട്ട ഒരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നതിലും നല്ലത് അല്ലേ ഒരു താലി ചരടിൽ കെട്ടി അവളെ ഇവിടെ ഇട്ടു ചവിട്ടി അരക്കുന്നത്. ഇതാണ് പറ്റിയ വഴി. അവളെ നരകം എന്ത് ആണെന്ന് ഞാൻ കാണിച്ചു കൊടുക്കും. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷെ ഇവരെ എങ്ങനെ കൺവിൻസ്‌ ചെയ്യും. അവളെ സമ്മതിക്കാൻ ഉള്ള പെർഫെക്ട് പ്ലാൻ എന്റെ കയ്യിൽ ഉണ്ട്.

 

” ശരി ഞാൻ കല്യാണത്തിന് സമ്മതിക്കാം, പക്ഷെ കല്യാണം കഴിക്കുവാണേൽ എന്റെ മനസ്സിൽ ഒരാൾ ഉണ്ട് അവളെ മാത്രം. അത് പറ്റില്ല എങ്കിൽ പിന്നെ എന്നെ നിർബന്ധിക്കരുത് ” ഞാൻ അത് പറഞ്ഞപ്പോ എല്ലാർക്കും അത്ഭുതം ആർക്കും അവരുടെ കാതുകളെ വിശ്വസിക്കാൻ ആയില്ലന്ന് തോന്നുന്നു.

 

” ആൾ ആരാ?? ” അച്ചു ആണ് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

” ആരതി ” ഞാൻ അത് പറഞ്ഞപ്പോ നന്ദുവും അച്ചുവും ഒഴികെ എല്ലാരും ഞെട്ടി. അവർക്ക് രണ്ടുപേർക്കും ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന ഏകദേശ ഊഹം കിട്ടിയിരിക്കണം.

 

” ആരതി?? ഏത് അന്ന് നിനക്ക് എതിരെ സാക്ഷി പറഞ്ഞ ആ പെണ്ണോ?? അത് വേണ്ട ” അച്ഛൻ ആണ്.

 

അച്ഛൻ അത് പറഞ്ഞപ്പോ ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് തിളങ്ങിയത് ഞാൻ ശ്രദ്ധിച്ചു. പുള്ളിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

” അപ്പൊ, കാരാഗൃഹ വാസം കഴിഞ്ഞു അല്ലേ, അതിന് കാരണക്കാരി ആയ ഒരു പെണ്ണും ഉണ്ട്. ഇയാൾ ഇപ്പൊ കെട്ടണം എന്ന് പറഞ്ഞത് ആ പെണ്ണിനെ ആണെങ്കിൽ അത് നടത്തി കൊടുക്കാൻ നോക്കുക. എല്ലാം വിധി പോലെയെ വരൂ ” എന്നും പറഞ്ഞു അയാൾ തന്റെ തോൾ സഞ്ചിയിൽ അവിടെ ഇരുന്ന പലകയും മറ്റും എടുത്തു വെച്ച് എഴുന്നേറ്റു. അച്ഛൻ കൊടുത്ത നോട്ടുകളിൽ നിന്ന് ഒരു നൂറുരൂപ നോട്ട് മാത്രം വാങ്ങി എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ട് ആ മനുഷ്യൻ പുറത്തേക്ക് നടന്നു. എവിടെ ആണെന്ന് വെച്ചാൽ കൊണ്ട് വിടാം എന്ന് അച്ഛൻ പറഞ്ഞെങ്കിലും അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *