” ഡാ, ഇവനേം വിളിച്ചോണ്ട് പോവാൻ നോക്ക് ” അവന്റെ കൂടെ ഉണ്ടായിരുന്ന മറ്റേ ആളോട് ആണ് മുത്തശ്ശൻ അത് പറഞ്ഞത്. ഉടനെ തന്നെ അവനെയും വിളിച്ചോണ്ട് അവർ സ്ഥലം കാലി ആക്കി.
” ഞാൻ കാരണം വീണ്ടും….. വീണ്ടും…. ” ദർശു വുതുമ്പുകയാണ്
” എടോ എനിക്ക് ഒന്നുമില്ല ” ഞാൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. ആ തലകറക്കം മാറിഇരിക്കുന്നു.
” തനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ,” മുത്തശൻ ആണ്. ഞാൻ ഇല്ല എന്ന അർഥത്തിൽ തല ആട്ടി. അപ്പോഴേക്കും സുധിയും കണ്ണനും വന്നു
” എന്താ എന്ത് പറ്റി?? ” ആൾക്കൂട്ടം കണ്ടിട്ട് ആവും അവൻ ചോദിച്ചു.
” ആ സഞ്ജീവ് വീണ്ടും പ്രശ്നം ഉണ്ടാക്കി!” ദർശു നടന്ന സംഭവങ്ങൾ പറഞ്ഞു കൊടുത്തു.
” അവനു കിട്ടിയത് ഒന്നും പോരെ?? ” കണ്ണൻ.
” നീ വാടാ ” സുധി കലിപ്പിൽ കണ്ണനെ വിളിച്ചു.
” വേണ്ട, ഇന്ന് ഇനി പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട, കൊടുക്കേണ്ടത് ഇയാൾ കൊടുത്തിട്ടുണ്ട് ” മുത്തശ്ശൻ അത് പറഞ്ഞപ്പോൾ അവന്മാർ രണ്ടും മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. അപ്പോഴേക്കും ക്ഷേത്ര ഭാരവാഹികൾ ആരോ മുത്തശ്ശനെ വിളിച്ചോണ്ട് പോയി.
” ദർശു, അപ്പു ഒക്കെ ആൽത്തറയുടെ അവിടെ ഉണ്ട്. അവിടെക്ക് ചെല്ല്, ഞങ്ങൾ വന്നോളാം ” സുധി ദർശു നോട് പറഞ്ഞു. അവൾ തല ആട്ടിയിട്ട് അങ്ങോട്ട് നടന്നു പിന്നെ ഒന്ന് തിരിഞ്ഞു നിന്നു.
” ഏട്ടാ പ്രശ്നത്തിന് ഒന്നും പോവരുത്, അങ്ങേർക്ക് മേലാത്തത് ആണെന്ന് ഓർമ്മ വേണം ” അവൾ എപ്പോഴുത്തയും പോലെ അധികാര സ്വരത്തിൽ പറഞ്ഞു.
” ഓംബ്രാ ” സുധി, അത് പറഞ്ഞപ്പോൾ ഒന്ന് ഇളിച്ചു കാണിച്ചിട്ട് അവൾ പോയി.
” വാ നടക്ക് ” അവൾ പോയതും കണ്ണനും സുധിയും എന്നേയും കൂട്ടി നടന്നു. അമ്പലപറമ്പിൽ നിന്ന് മാറി, വെള്ള പഞ്ചാര മണൽ ഉള്ള ഒരു കുന്നിൽ ആണ് ഞങ്ങൾ എത്തിയത്. അവന്മാർ ഉടനെ ആ മണലിൽ ഇരുന്നു. എന്താണ് ഉദ്ദേശം എന്ന് അറിയില്ല എങ്കിലും ഞാനും ഇരുന്നു. കണ്ണൻ അരയിൽ നിന്ന് ഒരു കുപ്പി എടുത്തു വെച്ചു, സുധി ഗ്ലാസും വെള്ളവും. അടിപൊളി.
” അപ്പൊ എങ്ങനാ തുടങ്ങുവല്ലേ?? ” കണ്ണൻ,
” പിന്നല്ല, അങ്ങട് കമത്തുക ” ഞാൻ പറഞ്ഞു , ഞങ്ങൾ മൂന്നും ഒഴിച്ച് അടി തുടങ്ങി.
” ഏതാടാ ആ ചെക്കൻ?? ” അടിക്കുന്നതിന് ഇടയിൽ ഞാൻ ചോദിച്ചു.
” ഏത് ചെക്കൻ?? ” കണ്ണൻ
“ഹാ, നേരത്തെ പ്രശ്നം ഉണ്ടാക്കിയവൻ, അവൻ ഏതാ ” ഞാൻ
” ഓ ലവൻ, സഞ്ജീവ്. ഞങ്ങളുടെ പോലെ തന്നെ അത്യാവശ്യം വലിയ വേറെ ഒരു തറവാട് ഇവിടെ ഉണ്ട്, കുളത്തിങ്കൽ തറവാട്. അവിടത്തെ ഇലമുറയിൽ ഉള്ള പുത്രൻ ആണ് അവൻ. രണ്ടു തറവാടുകളും തമ്മിൽ വർഷങ്ങൾ നീണ്ട കുടി പകയാണ്. ഞങ്ങളും അത് കൈ മാറി കൊണ്ടേ ഇരിക്കുന്നു. ഇതേ പോലെ ഉത്സവം നടക്കുമ്പോ ഇവനും ഇവന്റെ ഏട്ടന്മാരും ചേർന്ന് എന്തേലും ചെറിയ കാര്യം ഉണ്ടാക്കും ഞങ്ങൾ നല്ല തേമ്പ് കൊടുത്തു വിടും അത് ഇങ്ങനെ കിടന്നു പുകയും, ലാസ്റ്റ് മഹോത്സവത്തിന്റെ അന്ന് ഒരു കൂട്ടതല്ല് നടക്കും. ഇത് ഞങ്ങടേം അവന്മാരുടേം അച്ഛൻ അപ്പുപ്പന്മാരായി ഉത്സവത്തോട് അനുബന്ധിച്ച നടത്തി വരുന്ന ഒരു ആചാരം ആണ്. സാധാരണ ഞാനോ കണ്ണനോ ആണ് കൊടുക്കാറുള്ളത് ഇത്തവണ നീ കൊടുത്തു. അത് വിട്ട് കള ” സുധി അത് പറഞ്ഞു ചിരിച്ചു. ഞങ്ങൾ ഓരോന്ന് പറഞ്ഞു അടി കണ്ടിന്യൂ ചെയ്തു.
” അല്ലടാ, ദേ അപ്പുവിന്റെ മെഡിസിൻ ഫൈനൽ ഇയർ ആയി, കുറച്ചു നാളുകൂടെ കഴിഞ അവൾ ഒരു ഡോക്ടർ ആവും, അമ്മായി കല്യാണകാര്യം ഒക്കെ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്താ നിങ്ങളുടെ ഉദ്ദേശം?? ” സുധി ആത് ചോദിച്ചപ്പോൾ കണ്ണന്റെ മുഖം മാറി. ഞാൻ എന്താ കാര്യം എന്ന ഭാവത്തിൽ അവരെ നോക്കി.
” നമ്മുടെ അപ്പുവും ഇവനും വർഷങ്ങളായി പ്രണയത്തിൽ ആണ്, വീട്ടിൽ പറയാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. ” സുധി.
” നിന്നെ ഇവിടെ എല്ലാർക്കും ഇഷ്ടം അല്ലേ?? നല്ല മാന്യമായ ജോലി, കാണാനും സുമുഖൻ പിന്ന എന്താ, വീട്ടിൽ പറയാൻ പാടില്ലേ?? ” ഞാനും കണ്ണനോട് ചോദിച്ചു, ആൾ അസിസ്റ്റന്റ് പ്രൊഫസർ ആ, അരുൺ ബാലഗോപാൽ. അതാണ് ശരിക്കും ഉള്ള പേര്.