” നിനക്ക് അറിയാന്മേലാഞ്ഞിട്ടാ, പ്രേമം, ഒളിച്ചോട്ടം ഇതൊക്കെ ഗുരുക്കൾക്ക് കേൾക്കുന്ന തന്നെ കലിയാ ” കണ്ണൻ.
” നീ മുത്തശ്ശന്റെ ഫേവറേറ്റ് സ്റ്റുഡന്റ് അല്ലേ, മുത്തശ്ശൻ ക്ഷമിക്കുമെടാ ” ഞാൻ അവനോടു പറഞ്ഞപ്പോ രണ്ടുപേരും ഒന്ന് ചിരിച്ചു.
” സ്വന്തം മോനോട് ഇത് വരെ ക്ഷമിച്ചിട്ടില്ല, പിന്നാ ശിഷ്യനോട് ” സുധി പറഞ്ഞത് മനസ്സിലാവാതെ ഞാൻ അവനെ നോക്കി.
” oh നിന്നോട് പറഞ്ഞിട്ടില്ലല്ലേ, കൃഷ്ണമാമയെ കൂടാതെ ഒരു അമ്മാവൻ കൂടി എനിക്ക് ഉണ്ട്. ഗോപിമാമ. കുളത്തിങ്കൽ തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ചന്ദ്രശേഖരന്റെ ഏക പുത്രി, ശ്രീദേവിയേയും അടിച്ചോണ്ട് പണ്ട് നാട് വിട്ടതാ. അവരു രണ്ടു പേരും കോളേജിൽ ഒരുമിച്ചായിരുന്നു. ഫസ്റ്റ് ഇയറിൽ ഒക്കെ രണ്ടുപേരും കീരിയും പാമ്പും ആയിരുന്നു എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്, പക്ഷെ 2 ഇയറിൽ വെച്ച് അമ്മായിക്ക് അവരുടെ വീട്ടുകാർ കല്യാണം ഉറപ്പിച്ചു. അമ്മായി ആ വീട് വിട്ട് രാത്രി ഞങ്ങളുടെ തറവാട്ടിലേക്ക് വന്നു, അപ്പോഴാ ഇവർ രണ്ടുപേരും പ്രേമത്തിൽ ആണെന്ന് പോലും എല്ലാരും അറിയുന്നത് തന്നെ, മുത്തശ്ശൻ കലിപ്പിൽ അമ്മായിയെ ഇറക്കി വിട്ടു, ഗോപിമാമയെ പൂട്ടി ഇട്ടു. രാവിലെ അമ്മയും മുത്തശ്ശിയും ഒക്കെ ചേർന്ന് റൂം തുറന്നു നോക്കിയപ്പോൾ ഗോപിമാമ അവിടെ ഇല്ലായിരുന്നു. അതിനു ശേഷം അവർ രണ്ടുപേരും ഇതേവരെ ഇങ്ങോട്ട് വന്നിട്ടില്ല, ആരും അന്വേഷിച്ചു പോയിട്ടുമില്ല, അല്ലേൽ മുത്തശ്ശൻ പോവാൻ അനുവദിചിട്ടില്ല. ” സുധി പറഞ്ഞു നിർത്തി. ഗോപി, ശ്രീദേവി, നല്ല പരിചയം ഉള്ള പേരുകൾ ആവോ. ഞാൻ സാരമില്ല എല്ലാം ശരിയാകും എന്ന് പറയുംപോലെ കണ്ണന്റെ തോളിൽ തട്ടി.
” എന്നാ പിന്നെ നമുക്ക് പോയാലോ ” അവസാന സിപ്പും കൂടി എടുത്തിട്ട് സുധി ചോദിച്ചു. ഞങ്ങൾ തല ആട്ടി, കാലികുപ്പികളും ഗ്ലാസും അവിടെ ഉപേക്ഷിച്ചു ഞാങ്ങൾ എഴുന്നേറ്റു.
” എടാ സ്മെൽ ഉണ്ടോ?? ” എന്റെ മുഖത്ത് ഊതി കൊണ്ട് സുധി ചോദിച്ചു.
” ഏയ്… എനിക്ക് ഉണ്ടോ എന്ന് നോക്കിക്കേ ” ഞാനും തിരികെ ഊതി. അവനും ഇല്ല എന്ന് പറഞ്ഞു.
” കണ്ണാ, എന്റെ നടപ്പിൽ വല്ല പന്തികേടും തോന്നുന്നുണ്ടോ?? ” ഞാൻ ചോദിച്ചപോൾ അവൻ ഒന്ന് ചിരിച്ചു.
” ഇല്ലടാ, ഇനിപ്പോ ഉണ്ടേലും നിനക്ക് തല കറങ്ങുന്നത് ആണെന്ന് പറഞ് ഊരാല്ലോ ” കണ്ണൻ
” അത് ഐഡിയ ” ഞങ്ങൾ ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ആൽതറയുടെ അങ്ങോട്ട് നടന്നു.
” ഏയ് ഡീസന്റ് ആവ്, ഡീസന്റ് ആവ്” അവരെ ദൂരെന്ന് കണ്ടപ്പോൾ സുധി പറഞ്ഞു. ഞങ്ങൾ മൂന് പേരും പരമാവധി മാന്യമായി നടന്നു ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ കിച്ചുവും ദർശുവും തമ്മിൽ എന്തോ വാ നിറച്ചു പറയുകയാണ്.
” എന്നതാ കിച്ചൂസ് പറയുന്നേ?? ” ഞാൻ കിച്ചുവിന്റെ രണ്ട് സൈഡിലേക്ക് കെട്ടി വെച്ചിരിക്കുന്ന മുടിയിൽ ചെറുതായി പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. അവൾ ഒന്ന് ഞെട്ടി പിന്നെ ഞാൻ ആണെന്ന് കണ്ടപ്പോൾ കൈ ചുരുട്ടി എന്റെ കാലിൽ ഇടിച്ചു.
” അത് അപ്പച്ചി, മൂക്ക് കുത്തുന്ന….. ” അവൾ ഇടിച്ചു കഴിഞ്ഞു പറഞ്ഞു എന്നാൽ അത് പൂർത്തി ആക്കുന്നതിന് മുന്നേ ദർശു അവളുടെ വാ പൊത്തി പിടിച്ചു.
” മൂക്കുത്തി?? ” ഞാൻ ചോദിച്ചു.
” അത് ഒന്നുമില്ല…. അവളു ചുമ്മാ ” ദർശു വിക്കി പറഞ്ഞു. പിന്നെ എന്നെ ഒന്ന് അടിമുടി നോക്കി. കിച്ചുവിനെ താഴെ നിർത്തിയിട്ട് എന്റെ അടുത്തേക്ക് വന്നു, എന്റെ കോളറിൽ പിടിച്ചു
” ഊതിക്കെ ” അവൾ അത് പറഞ്ഞപ്പോ ഞങ്ങൾ മൂന് പേരും ഞെട്ടി, സുധി കൈ കൊണ്ട് അവന്റെ തന്നെ വാ പൊത്തി.
” ഏ…. ” ഞാൻ
” നിങ്ങൾ കള്ള് കുടിച്ചോ?? ഊതാൻ… ” അവൾ കലിപ്പ് ആണ്.
” ഞാനോ ഏയ്… ” ഞാൻ തപ്പി കളിച്ചു.
” എന്നാ ഊത്… ” അവൾ വിടാൻ ഉദ്ദേശം ഇല്ല, ഞാൻ പതിയെ ഒന്ന് ഊതി.
” aww, എന്തൊരു നാറ്റാ ഇത്?? ” അവളുടെ മുഖം ചുളുങ്ങി
” നാറ്റോ??, സ്മെൽ ഇല്ലാത്ത ഐറ്റം ആ ” ഞാൻ പറഞ്ഞപ്പോൾ ദേഷ്യതിൽ അവൾ എന്നെ ഒന്ന് നോക്കി.