” മോളെ, ഇത്തിരി എടുത്തു ചാട്ടവും ദേഷ്യവും ഉണ്ടന്നെ ഉള്ളു അജു ഒരു പാവം ആണ്, ഇനി മോള് വേണം അവനെ മാറ്റി എടുക്കുവാൻ ” അത് പറഞ്ഞപ്പോ അമ്മയുടെ ശബ്ദം ഇടറി, ആന്റി അമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഞാൻ അടുത്ത് ചെന്ന് അമ്മയുടെ രണ്ടു കയ്യുകളിലും ചേർത്ത് പിടിച്ചു. എല്ലാം ശരിയാവും എന്ന് പറയാതെ പറയുകയായിരുന്നില്ലേ..
” അതേ മെലോഡ്രാമ കഴിഞ്ഞു എങ്കിൽ ഫുഡ് എടുക്കുവോ?? വിശക്കണു ” അച്ചു ആണ്.
” നീ മോളെയും വിളിച്ചോണ്ട് ഡൈനിങ്ലേക്ക് ചെല്ല് ഫുഡ് അങ്ങോട്ട് കൊണ്ടുവരാം ” അമ്മ പറഞ്ഞപ്പോ അച്ചു എന്നെയും വിളിച്ചോണ്ട് പോയി.
” ഫുഡ് ഉണ്ടാക്കുന്ന സെക്‌ഷൻ അമ്മയുടെ കുത്തകയാണ്, നമ്മൾ അതിൽ കൈ കടത്തേണ്ട, നമ്മുടെ ജോലി ഫുഡിങ് മാത്രം ആണ് അത് ചെയ്താ മതി, ചേച്ചി ചുമ്മാ ചെന്ന് സഹായിച്ചു അത് ഒരു ശീലം ആയാൽ അമ്മ എന്നെ കൊണ്ടും പണി എടുപ്പിക്കും സൊ ആ സാഹസത്തിന് ഒന്നും എന്റെ പൊന്ന് ചേച്ചി പെണ്ണ് മുതിരരുത് പ്ലീസ് പണി എടുക്കാൻ വയ്യാത്ത കൊണ്ടാ, ഒരു പെങ്ങളൂട്ടിടെ അപേക്ഷ ആയി കാണണം. ” അച്ചു പോണ വഴി പറഞ്ഞു.
” ഓംബ്രാ ” ഞാൻ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
” എന്താണ് രണ്ടു പേരും തമ്മിൽ ഒരു സ്വകാര്യം ” രാംഅങ്കിൾ ആണ്, നന്ദേട്ടന്റെ അച്ഛൻ.
” അത് ഗേൾസ് സീക്രെട് ആണ്, കണ്ട കിളവന്മാരോട് ഒന്നും പറയാൻ പറ്റൂല്ല “അച്ചു. എടുത്തടിച്ച പോലെ വന്നു മറുപടി.
” ആർക്ക് ആഡി വയസ്സ് ആയത് “എന്നും ചോദിച്ച് അങ്കിൾ അവളുടെ നേർക്ക് ആഞ്ഞതും, കുപ്പിവള കുലുക്കിയ പോലെ ചിരിച്ചു കൊണ്ട് അവൾ ഓടി പുറകെ അങ്കിളും.
അച്ചു ഫസ്റ്റ് ഇയർ എൻജിനിയറിങ് സ്റ്റുഡന്റ് ആണ്, പക്ഷെ കുട്ടിക്കളി ഇതേ വരെ മാറിയിട്ടില്ല. ആതു വിന്റെ ഒരു പതിപ്പ് ആണ്. എന്തായാലും അവളെ miss ചെയ്യില്ല.
” നിങ്ങളുടെ കുട്ടിക്കളി ഇതേവരെ മാറിയില്ലേ മനുഷ്യ?? ” ശബ്ദം കേട്ട് വന്ന ജലജആന്റി ആണ്.
” അവൻ ആണ് ഇവിടെ ഇപ്പൊ ഏറ്റവും ചെറിയ കുട്ടി, അല്ലേലും വയസ് ആവുമ്പോ കുട്ടികളുടെ സ്വഭാവം ആവും എന്ന് പറയുന്നത് ശരിയാണ്. ” അച്ഛൻ ആ ഗ്യാപ്പിൽ അങ്കിളിനെ വാരി.
പെട്ടന്ന് ആണ് ഒരു ഓട്ടോ വന്നു നിന്ന ശബ്ദം കേട്ടത്. ആരാണ് ഇപ്പോ ഓട്ടോയിൽ എന്ന് നോക്കുമ്പോ ഓടി കിതച്ചു കേറിവന്നു കഥാ നായകൻ, എന്റെ കെട്ടിയോൻ.
” എന്താ, എന്ത് പറ്റി?? ” വന്നപാടെ അച്ഛനോട് ചോദിച്ചു.
” എന്ത് പറ്റാൻ?? ” അച്ഛനും അത്ഭുതം.
” അല്ല എന്തോ അത്യാവശ്യ കാര്യം ഉണ്ട്, പെട്ടന്ന് വരാൻ ഈ കുരുപ്പ് വിളിച്ചു പറഞ്ഞു, അത് എന്താ എന്ന് ആ ചോദിച്ചേ ” പുള്ളി അച്ചുവിനെ ചൂണ്ടി ആണ് പറഞ്ഞത്.
” അതോ, അത് ചേട്ടായിയുടെ പുന്നാര ഭാര്യ ചേട്ടായി വന്നിട്ടേ ഫുഡ് കഴിക്കുന്നുള്ളു എന്ന് പറഞ്ഞു, ഇവിടെ ഉള്ളവർക്ക് ചേച്ചിയുടെ കൂടയെ ഫുഡ് കഴിക്കൂ എന്ന് വാശി, എനിക്ക് വിശന്നപ്പോ ഞാൻ ചേട്ടായിയെ വിളിച്ചു, ദാറ്റ്‌സ് ആൾ ” അച്ചു നിസാര മട്ടിൽ പറഞ്ഞു തീർത്തു.
” അതിന് ആണോ പെണ്ണെ, നീ എന്തോ അത്യാവശ്യ കാര്യം പോലെ എന്നെ വിളിച്ച് അലറിയത്?? ” പുള്ളി അവളുടെ ചെവിയിൽ പിടിച്ചു തിരുമി കൊണ്ട് ചോദിച്ചു.
“ആ… വിട്.. വിട് വേദനിക്കുന്നു, പിന്നെ വിശപ്പിനോളം എനിക്ക് ഇമ്പോർട്ടന്റ് ആയ ഒന്നും എനിക്ക് വേറെ ഇല്ല, അതാ വിളിച്ചേ, എന്റെ ചെവിക്ക് മാത്രം പിടിക്കുന്നത് എന്ത് മര്യാദ ആണ് ചേച്ചി പറഞ്ഞിട്ട് അല്ലേ വിളിച്ചേ, സൊ ആദ്യം ഭാര്യയുടെ ചെവിക്ക് പിടിക്ക് എന്നിട്ട് മതി എന്റെ ചെവിക്ക് പിടിക്കുന്നത് ” അച്ചു നൈസ് ആയി കുറ്റം എന്റെ പിടലിക്ക് വെച്ചു. പുള്ളിക്കാരൻ അവളെ വിട്ടിട്ട് എന്നെ ഒന്ന് നോക്കി, ഞാൻ തല വെട്ടിച്ച് എന്തോ ആലോചിക്കുന്ന ഭാവത്തിൽ നിന്നു.
” ദുഷ്ട എന്റെ ചെവി പറിച് എടുത്തോ, എന്നാ വേദന ” അച്ചു.
” ആ അഹങ്കാരം കാണിച്ചാൽ അങ്ങനെ ഇരിക്കും ” പുള്ളി ഇത് പറഞ്ഞു തിരിഞ്ഞതും പടക്കം പൊട്ടുന്ന പോലെ ഒരു ഇടി അച്ചു നടുവിന് കൊടുത്തു, എന്നിട്ട് അവൾ അടുത്ത റൗണ്ട് ഓട്ടം തുടങ്ങി, പുറകെ എന്റെ കെട്ടിയോനും.