” നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട് ” ശബ്ദം കടുപ്പിച്ചു തന്നെ ചോദിച്ചു.
” ചെറിയ ഷീണം ഉണ്ടായിരുന്നു നല്ലൊരു ഉറക്കം കിട്ടിയപ്പോൾ അത് മാറി ” അവളും ഗൗരവത്തിൽ ആണ്, എങ്കിലും ഇടക്ക് എന്റെ പുറകിൽ ഒളിപ്പിച്ച കയ്യിലേക്ക് പാളി നോക്കുന്നുണ്ട്.
” hmmm” ഞാൻ ഒന്ന് മൂളി.
” എന്താണ് കയ്യിൽ ” കുറച്ചു നേരം നീണ്ടു നിന്ന മൗനം മുറിച്ചു കൊണ്ട് അവൾ എന്നോട് ചോദിച്ചു.
” ഹേ…. ” പെട്ടന്ന് അവൾ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി, പിന്നെ വേഗം എന്റെ കയ്യിൽ ഇരുന്ന മൂക്കുത്തി എന്റെ പുറകിൽ ഉണ്ടായിരുന്ന അലമാരിയുടെ തട്ടിൽ അവൾ കാണാതെ വെച്ചു.
” എന്ത്.. എന്റെ കയ്യിൽ എന്ത് ഇരുന്നാ നിനക്ക് എന്താ ” ഞാൻ കലിപ്പിൽ ചോദിച്ചു. അത് കേട്ട് അവൾ കൊഞ്ഞനം കുത്തുന്ന പോലെ ചുണ്ട് കോടി, പിന്നെ സംശയത്തോടെ നോക്കുന്ന ഭാവത്തിൽ എന്നെ തന്നെ നോക്കി ഇരുന്നു. സാധാരണ ഇങ്ങനെ ഒക്കെ കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരാറാണ് പതിവ്, ബട്ട് ഇന്ന് ഇതൊക്ക എനിക്ക് ക്യൂട്ട് ആയി ആണ് തോന്നുന്നത്.
‘ damn it അജു, നീ ഒരു simp ആയിക്കൊണ്ട് ഇരിക്കുവാണോ?? ‘ ഞാൻ മനസ്സിൽ എന്നോട് ചോദിച്ചു.
” അച്ഛൻ പറഞ്ഞു, നിനക്ക് നിന്റെ വീട്ടിൽ പോണം എന്ന്, കുറച്ചു കഴിയുമ്പോൾ റെഡിയായി നിക്ക്, ഇനീപ്പോ അതായിട്ട് ഒരു കുറവ് വേണ്ട ” ഞാൻ വിഷയം മാറ്റാൻ എന്നോണം അത് പറഞ്ഞിട്ട് വേഗം പുറത്തേക്കു നടന്നു.
” ആഹ് ” മറുപടിയായി അവളുടെ മൂളൽ ഞാൻ പുറകിൽ നിന്ന് കേട്ടു. വീട്ടിൽ പോവുന്നതിൽ അവൾ എത്രത്തോളം സന്തോഷവതി ആണ് എന്ന് എനിക്ക് അവളുടെ ശബ്ദത്തിൽ നിന്ന് അറിയാൻ സാധിച്ചു. എന്റെ ചുണ്ടിലും ഞാൻ പോലും അറിയാതെ ഒരു ചിരി വിടർന്നു.
‘ damn it ‘ ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്?, ആരതി തെറ്റുകാരി അല്ലെന്ന് അറിഞ്ഞതിനു ശേഷം അവളുടെ അരികിൽ എത്തുമ്പോൾ ഞാൻ, ഞാൻ അല്ലാതെ ആവുന്നത് പോലെ, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്തത് പോലെ.
‘ what the hell is going on with me?’
ഞാൻ ഒന്ന് പുകക്കാൻ ടെറസിലേക്ക് പോവാൻ തീരുമാനിച്ചു. മുകളിൽ എത്തിയപ്പോൾ ആണ് അവിടെ സിറ്റിംഗ് ഏരിയയിൽ ആരോ ഇരിക്കുന്നത് കണ്ടത്. അവർ രണ്ടുമാണ്, കീർത്തനയും അനിയനും. ഞാൻ ദേഷ്യത്തിൽ തിരികെ നടക്കാൻ പോയി അന്നേരം ആണ് ആ ചെക്കൻ പറയുന്നത് ഞാൻ കേട്ടത്, എന്തോ അത് കേട്ട് നിക്കാൻ ആണ് എനിക്ക് തോന്നിയത്.
” ഇച്ചേയി, ന്തിനാ കരയനെ?? ആ ബാദ്ഗായ് വീണ്ടും ഇച്ചേയിയെ വയക്കിട്ടോ? ” അവൻ കൊഞ്ഞപ്പോടെ അവളോട് ചോദിക്കുവാണ്. അന്നേരം അവൾ ഇല്ലന്ന് പറയും പോലെ തലയാട്ടി.
” ആ ബാദ്ഗായ് ഇല്ലായിന്നെ ഇച്ചേയിയും ചിരിച്ചേനെ, ഇവിടെ എല്ലാരേം നിക്ക് ഇസ്റ്റാ, അയാൾ എപ്പോയാ പോണേ?? അല്ല മ്മാ എപ്പോഴയാ വന്നേ ” അവൻ ചോദിച്ചപ്പോൾ അവൾ അവനെ കെട്ടിപിടിച്ചു.
” കുഞ്ഞാ… ഏട്ടനെ അങ്ങനെ ഒന്നും വിളിക്കരുത്, നമ്മുടെ ഒക്കെ ഏട്ടനാ അത്. നമ്മൾ ഒക്കെ കാരണം ഏട്ടൻ ഒരുപാട് വിഷമിച്ചിട്ടുണ്ട് അതാണ് നമ്മളോട് അങ്ങനെ ഒക്കെ… എല്ലാം ശരിയാകും അച്ചുചേച്ചിയും ആരുയേച്ചിയും ആന്റിയും അങ്കിളും ഒക്കെ നമ്മളോട് സ്നേഹത്തിൽ അല്ലേ പെരുമാറുന്നെ. നമ്മളും എല്ലാം അറിഞ്ഞു അവർക്ക് ഒരു ശല്യവും ആവാതെ നിക്കണം. ഇച്ചേയി പഠിച്ചു വേഗം ഒരു ജോലി ഒക്കെ വാങ്ങാം എന്നിട്ട് നമുക്ക് ഏട്ടന് ശല്യം ആവാതെ വേറെ എവിടെയെങ്കിലും മാറി താമസിക്കാം, ഇച്ചേയിയും ഇച്ചേയിയുടെ കുഞ്ഞനും ഒരുമിച്ച് താമസിക്കുന്ന ഒരു കൊച്ചു വീട് ” അവൾ അവനെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു.
” അപ്പൊ മ്മ ഉണ്ടാവില്ലേ ഇച്ചേയി?? ” അവൻ സംശയത്തോടെ ചോദിച്ചു. അത് കേട്ടപ്പോൾ അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണീർ വന്നു അവൾ അത് അടക്കി.
