കടുംകെട്ട് – 3 [ Full ]അടിപൊളി  

 

” അച്ചു, അവർ എന്തിയെ?? ” വീട് പൂട്ടി ഇറങ്ങിയപ്പോൾ ഞാൻ അച്ചുവിനോട് ചോദിച്ചു.” അവർ ചിതയുടെ അവിടെ നിന്ന് പ്രാർഥിക്കുവാ ചേച്ചി ” അച്ചു, അത് പറഞ്ഞപ്പോൾ ഞങ്ങളും ബാഗ് ഒക്കെ എടുത്തു അവിടേക്ക് ചെന്നു. തൊടിയിൽ അമ്മ എരിഞ്ഞൊടുങ്ങിയ സ്ഥലത്തു നിറകണ്ണുകളോടെ നിൽക്കുകയാണ് കീർത്തന. തൊട്ട് പറ്റെ എന്താ ഏതാ എന്ന് ഒന്നും മനസിലാവാതെ കാർത്തിക്കും. അച്ഛൻ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു, പിന്നെ കാറിന്റെ അടുത്തേക്ക് നടന്നു. അനിയനിയന്റെ കയ്യിൽ മുറുകെ പിടിച്ചു, കണ്ണുനീർ തുടച്ചു അവൾ അച്ഛന്റെ ഒപ്പം വന്നു. ഞങ്ങളുടെ കൂടെ വീട്ടിലേക്ക് പോരാൻ പറഞ്ഞപ്പോൾ സത്യത്തിൽ ആദ്യം അവൾ സമ്മതിച്ചില്ല. അത് എന്റെ കെട്ടിയോനെ പേടിച്ചു ആവണം. അവർക്ക് വേറെ ബന്ധുക്കൾ ആരും ഇല്ല, അച്ഛൻ കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി അയച്ച് കൊടുത്ത പണം കൊണ്ട് കെട്ടിപ്പൊക്കിയ, തേച്ചിട്ട് പോലുമില്ലാത്ത ഈ വീട് മാത്രം ആണ് അവരുടെ ഏക സമ്പാദ്യം, ചെറുപ്പത്തിലേ അവൾക്ക് അച്ഛനെ നഷ്ടമായി, ഇപ്പൊ അമ്മയേയും. ഇങ്ങനെ ഒരു അവസ്ഥയിൽ ഇവരെ തനിച്ചാക്കാൻ അച്ഛന്റെ മനസ്സ് അനുവദിച്ചില്ല. അമ്മയും എതിർ ഒന്നും പറയാത്തത് കൊണ്ട് അച്ഛൻ അവരെ ഞങ്ങളുടെ കൂടെ കൂട്ടാൻ തീരുമാനിച്ചു. അവളുടെ ചേട്ടായിയുടെ സ്വഭാവം നന്നായി അറിയാവുന്ന കൊണ്ട് ആവണം അച്ചു ഈ തീരുമാനത്തോട് വലിയ താല്പര്യം ഒന്നുമില്ല. പിന്നെ അവരുടെ അവസ്ഥ അറിയാവുന്ന കൊണ്ട് മൗനം പാലിച്ചു.

 

ഞങ്ങൾ കാറിൽ കയറി, കീർത്തന ഒന്നുകൂടി തിരിഞ്ഞു നോക്കി. താൻ കളിച്ചു വളർന്ന, തന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ്. അവരോടു മനസ് കൊണ്ട് യാത്ര പറഞ്ഞിട്ട് വണ്ടിയിൽ കയറി. ഞങ്ങൾ നാട്ടിലേക്കു തിരിച്ചു.

 

മൂന് ദിവസം മുന്നേ അച്ഛൻ ഓടി വന്ന് റെഡിയാകാൻ പറഞ്ഞപ്പോൾ ഒരിക്കലും ഓർത്തില്ല അത് അങ്ങേരുടെ അമ്മയുടെ ഫ്യൂണറൽന് പോവാൻ ആയിരിക്കും എന്ന്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ അമ്മയാണ്, മരിച്ചത് ആരാണ് എന്നൊക്കെ എനിക്കും അച്ചുവിനും പറഞ്ഞു തന്നത്. അത് കേട്ടപ്പോ അച്ചുവിന് ആദ്യം ദേഷ്യം ആണ് വന്നത്. ചേട്ടന്റ അല്ലേ പെങ്ങൾ. പിന്നെ ആ കൊച്ചിന്റെ കരച്ചിൽ ഒക്കെ കണ്ടപ്പോൾ അവൾ ഒന്ന് അടങ്ങി. ഞങ്ങൾ എത്തി ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞാണ് നന്ദേട്ടൻ എന്റെ കെട്ടിയോനെ കൂട്ടികൊണ്ട് വന്നത്. ഒരു വലിയ പൊട്ടിത്തെറി ആണ് ഞങ്ങൾ പ്രതീക്ഷിച്ചത്. പക്ഷെ അത്ര വലിയ ഭൂകമ്പം ഒന്നും ഉണ്ടായില്ല. സത്യം പറഞ്ഞാൽ കീർത്തന ആരാണ് എന്നൊക്കെ നന്ദേട്ടന് നേരത്തെ അറിയാം എന്ന് അറിഞ്ഞത്, അങ്ങേർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ആ നെഞ്ച് തകർന്നു പോവുന്നത് ഞാൻ നേരിൽ കണ്ടതാ.

നന്ദേട്ടനോട് സംസാരിക്കുമ്പോൾ ദേഷ്യപ്പെടുകയാണ് എന്ന് തോന്നുമെങ്കിലും അങ്ങേര് കരച്ചിൽ അടക്കാൻ പാട് പെടുകയായിരുന്നു. ഇനിയും നിന്നാൽ കരഞ്ഞു പോവും എന്ന് തോന്നിയത് കൊണ്ടാവും അവിടെ നിന്ന് പോന്നത്. പക്ഷെ ആ അമ്മയുടെ ചിതക്ക് തീ വെച്ചിട്ട് എങ്കിലും പോവാമായിരുന്നു. ഒരു മകൻ എന്ന നിലയിൽ ആ ഒരു കടമയെങ്കിലും പൂർത്തി ആക്കാൻ പാടില്ലായിരുന്നോ. എന്തൊക്ക ആയാലും പെറ്റവയറല്ലേ.

 

അങ്ങേര് പോയിട്ട് ഇന്ന് മൂന് ദിവസം ആവുന്നു ഇതേവരെ ഒന്ന് വിളിക്കണം എന്ന് പോലും തോന്നിയിട്ടില്ല. എല്ലാരും നല്ല ടെൻഷനിൽ ആണ്, പ്രതേകിച്ച് അച്ചു. മൂന് ദിവസം ആ വീട്ടിൽ അവൾ കഴിച്ചു കൂട്ടിയത് എങ്ങനെ ആണെന്ന് അവൾക്കേ അറിയൂ. ഈ മൂന് ദിവസം ഞങ്ങൾ അവരുടെ വീട്ടിൽ ആയിരുന്നു.

 

” വാ ഇറങ്ങ്, ഇതാണ് ഇനിമുതൽ നിങ്ങളുടെ വീട്, സ്വന്തം വീട് പോലെ കരുതണം ” അമ്മ കീർത്തനയോട് പറഞ്ഞതാണ്. അച്ചു അന്നേരം അകത്തേക്ക് കയറി പോയി. ഞാൻ കീർത്തനയുടെ കവിളിൽ ഒന്ന് തലോടി, എന്നിട്ട് അവളെയും വിളിച്ചോണ്ട് അകത്തേക്ക് കയറി. ഒപ്പം അമ്മയും. അന്നേരം നന്ദേട്ടൻ വന്നു അച്ഛനോട് എന്തൊക്കയോ പറഞ്ഞു.

 

” നന്ദേട്ടാ ” തിരികെ ബൈക്കിൽ കയറി പോവാൻ പോയ നന്ദേട്ടനെ ഞാൻ വിളിച്ചു.

 

” എന്താ ആരതി?? ”

 

” അങ്ങേരെ കുറിച്ച് വല്ല വിവരവും ഉണ്ടോ?? ” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. നന്ദേട്ടൻ ഒന്ന് പുഞ്ചിരിചു.

 

” ഇത് വരെ ഇല്ല, ഉടനെ കണ്ട് പിടിക്കാം, അവൻ ഫോൺ എടുത്തിട്ടില്ല. ഞാൻ ACP അളിയനെ വിളിച്ചുരുന്നു. ട്രാഫിക് കാം, ടോൾ ഒക്കെ നോക്കി അവന്റെ വണ്ടിയും അവനും എവിടെ ആണ് എന്നും ഒക്കെ ഉടനെ കണ്ട് പിടിക്കാം എന്നാണ് അളിയൻ പറഞ്ഞത്. ” നന്ദേട്ടൻ.

 

” നന്ദേട്ടാ, കേൾക്കുമ്പോൾ സില്ലി ആണെന്ന് തോന്നാം. പുള്ളി പോയി മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ എന്താണ് എന്ന് അറിയാത്ത ഒരു ഭാരം. പുള്ളിക്ക് എന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ ” പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ ഈ അൺഈസിനെസ്സ് സഹിക്കാൻ വയ്യ.

” ഏയ്‌ അവന്‌ ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. ” ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.

______________________________

 

എനിക്ക് ബോധം വന്നപ്പോൾ ഒരു ബെഡിൽ ചാരി കിടക്കുകയായിരുന്നു. ഞാൻ  ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു ഹോസ്പിറ്റലിൽ ആണ്. ഞാൻ ഒന്ന് എഴുന്നേക്കാൻ നോക്കി പറ്റുന്നില്ല. തല ചുറ്റുന്നപോലെ ബാലൻസ് കിട്ടുന്നില്ല. തലയിൽ ഒരു കെട്ട് ഉണ്ട്. വലത് കൈ ഒടിഞ്ഞു എന്ന് തോന്നുന്നു, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അല്ല പ്ലാസ്റ്റർ അല്ല, ബാന്റയ്ഡ് വെച്ച് കൈ എന്റെ നെഞ്ചിൽ ചേർത്ത് ഒട്ടിച്ചു വെച്ചിരിക്കുകയാണ്. ഇടത് കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നു. അന്നേരം ആണ് എന്റെ കട്ടിലിന്റെ സൈഡിൽ കയ്യ് വെച്ച് മുഖം പൊത്തി  കിടന്നുറങ്ങുന്ന ഒരു പെണ്ണിനെ ഞാൻ കണ്ടത്.

 

” ആരതി ” ഞാൻ വിളിച്ചു. അവൾ പെട്ടന്ന് മുഖം ഉയർത്തി. ഞാൻ ഉണർന്നു എന്ന് കണ്ട് അവളുടെ മുഖം വിടർന്നു, പിന്നെ ഒരു പുഞ്ചിരി തെളിഞ്ഞു. ഒറ്റനോട്ടത്തിൽ ആരതി ആണെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ അല്ല. ഇവൾ ആണ് നേരത്തെ  ആക്‌സിഡന്റ് ഉണ്ടായപ്പോൾ എന്റെ അടുത്തേക്ക് വന്ന സ്കൂട്ടറുകാരി. ഞാൻ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ നോക്കി. പക്ഷെ നേരത്തെ പോലെ ബാലൻസ് കിട്ടിയില്ല, ഞാൻ വീണ്ടും കിടന്നു പോയി.

 

” എഴുന്നേൽക്കാൻ നോക്കണ്ട, ആ ആക്‌സിഡന്റ്ൽ ചെവിക്ക് ചെറിയ ഡാമേജ് പറ്റിയിട്ടുണ്ട്, ഡോക്ടർ പറഞ്ഞത് ക്ലോക്ലിയയോ something ലൈക് ദാറ്റ്‌, അതിനാണ് ഡാമേജ്. കേൾവിക്ക് കുഴപ്പം ഒന്നുമില്ല ബട്ട് ബോഡി ബാലൻസ് ഒന്ന് രണ്ടാഴ്ചത്തേക്ക് പ്രശ്നം ആവും. പിന്നെ കൈയ്യും ഷോൾഡറും തമ്മിൽ ഉള്ള ജോയിന്റിന്റ അവിടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ട്. ആ ഭാഗത്ത്‌ പ്ലാസ്റ്റർ ഇടാൻ പറ്റാത്ത കൊണ്ട് ഇങ്ങനെ കൈ നെഞ്ചിൽ വെച്ച് ഒട്ടിക്കാനെ പറ്റൂ. സൊ മാക്സിമം അനക്കാതെ ഇരിക്കാൻ ശ്രമിക്കണം ” അവൾ പറഞ്ഞു. പിന്നയും ഏതാണ്ട് ഒക്കെ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *