മേശയുടെ അറ്റത്ത് ഒരു ചെറു മരപ്പെട്ടിയുണ്ടായിരുന്നു. മുകളിൽ നീളമുള്ള വിടവ്. തെരഞ്ഞെടുപ്പിൽ വോട്ട് ഇടുന്ന പെട്ടിപോലെ. അതിനുമുകളിൽ വെള്ളക്കടലാസിൽ ചുവന്ന അക്ഷരങ്ങളിൽ എഴുതിയിരുന്നു:
തൂലികാസൗഹൃദവേദി
“അതെന്താണ്?” അഞ്ജലി ചോദിച്ചു.
ഗോപാലൻ മാഷിന്റെ
മുഖം തെളിഞ്ഞു.
“അതാണ് നമ്മുടെ പുതിയ പരിപാടി.”
“എന്ത് പരിപാടി?”
“കത്തുസൗഹൃദം. പരസ്പരം പേര് അറിയാത്തവർ തമ്മിൽ കത്തെഴുതും.”
“പേര് അറിയാതെ എങ്ങനെ?”
“പേരിനു പകരം ഓരോരുത്തർക്കും ഒരു നമ്പർ. ചിലർ ഇഷ്ടമുള്ളൊരു അക്ഷരം ഉപയോഗിക്കും. കത്ത് കവറിൽ വെച്ച് ഈ പെട്ടിയിൽ ഇടണം. ഞാൻ അത് ശരിയായ ആളിന് കൊടുക്കും.”
“എന്തിനാണ് പേര് പറയാത്തത്?”
“പേര് കേട്ടാൽ നമുക്ക് പല മുൻവിധികളും വരും. ആൺകുട്ടിയോ പെൺകുട്ടിയോ, സമ്പന്നനോ ദരിദ്രനോ, ഏതു കുടുംബം, ഏതു മതം, ഏതു ജാതി.
ചിലപ്പോൾ പേരിനു മുൻപേ തന്നെ നമ്മൾ ആളെ തീരുമാനിച്ചുകഴിഞ്ഞിരിക്കും.”
അദ്ദേഹത്തിന്റെ ശബ്ദം അവസാന വാക്കുകളിൽ അല്പം മാറിയതായി അഞ്ജലിക്ക് തോന്നി. ഏറെ പഴക്കമുള്ള ഏതോ ഓർമ്മ ആ വാക്കുകൾക്കിടയിലൂടെ കടന്നുപോയതുപോലെ.
“പേര് ഇല്ലെങ്കിൽ?”
“അപ്പോൾ ആദ്യം കാണുന്നത് മനസ്സായിരിക്കും. കുറഞ്ഞത് അങ്ങനെ സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
“ആരെങ്കിലും എന്തെങ്കിലും മോശമായി എഴുതിയാൽ?”
“അങ്ങനെ മോശം എഴുതുന്ന ആളുകൾക്ക് ഇവിടെ സ്ഥാനമില്ല. ഒരിക്കലെങ്കിലും അങ്ങനെ എഴുതിയാൽ അവർ പുറത്താകും. പിന്നെ ഒരു അധ്യാപകനായി വർഷങ്ങളുടെ അനുഭവം എന്നെ ഒരു നല്ല വ്യക്തിത്വം വിവേചിക്കാനുള്ള ശേഷി ഉള്ളവനാക്കിമാറ്റി എന്ന് ഞാൻ വിശ്വസിക്കുന്നു. “
“മാഷ് അത് മറ്റേയാൾക്ക് കൈമാറുകയ്യാണേൽ അപ്പോൾ അത് രഹസ്യമല്ലല്ലോ ?”
“എന്നിൽ നിന്ന് ഇത് രഹസ്യമല്ല,” അദ്ദേഹം ചിരിച്ചു. “നിങ്ങൾ തമ്മിലാണ് രഹസ്യം.”
അഞ്ജലി മരപ്പെട്ടിയുടെ അരികിലേക്ക് ചെന്നു. വിടവിലൂടെ അകത്തേക്ക് നോക്കിയെങ്കിലും ഇരുട്ട് മാത്രമേ കണ്ടുള്ളൂ.
“എത്രപേരുണ്ട്?”
“ഇപ്പോൾ ഏഴുപേർ. നീ ചേർന്നാൽ എട്ട്.”
“എനിക്ക് അറിയാത്ത ഒരാൾക്ക് എന്തെഴുതും?”
“നിനക്ക് അറിയാവുന്ന ഒരാൾക്ക്
പറയാൻ കഴിയാത്തതെന്തെങ്കിലും.”
ആ മറുപടി അവളെ നിശ്ശബ്ദയാക്കി.
പഴയ കൂട്ടുകാരികളോട് പറയാൻ കഴിയാത്ത പലതും ഇപ്പോൾ അവൾക്കുണ്ടായിരുന്നു. പുതിയ സ്ഥലത്തെ വെറുക്കുന്നു എന്ന് എഴുതാം. പക്ഷേ തന്റെ ദേഷ്യത്തിനുള്ളിൽ ഭയമുണ്ടെന്ന് എഴുതാനാകുമോ?
അച്ഛനോട് മോശമായി സംസാരിച്ചതിൽ കുറ്റബോധമുണ്ടെന്ന് പറയാനാകുമോ? വൈകുന്നേരത്തെ വെള്ളത്തിന്റെ ഭംഗി ഇഷ്ടപ്പെടാൻ തുടങ്ങിയെന്നു പറഞ്ഞാൽ ലതയോ സുമിയോ പരിഹസിക്കുമോ ?
അറിയാത്ത ഒരാളോട് ഇവ പറയുന്നത് എളുപ്പമായിരിക്കുമോ?
“വേണ്ട,” അഞ്ജലി പറഞ്ഞു. “ഞാൻ പുസ്തകം മാത്രം എടുക്കാം.”
“തീർച്ചയായും.”
ഗോപാലൻ മാഷ് അവളെ നിർബന്ധിച്ചില്ല. അതു കാരണം തന്നെ അഞ്ജലി വീണ്ടും പെട്ടിയിലേക്ക് നോക്കി.
“ചേരണമെങ്കിൽ എന്തുചെയ്യണം?”
“ഈ കടലാസിൽ നിനക്ക് ഇഷ്ടമുള്ളൊരു അക്ഷരം എഴുതുക. പിന്നെ നിന്റെ പ്രായവും വായിക്കാൻ ഇഷ്ടമുള്ള കാര്യങ്ങളും. പേരെഴുതേണ്ട.”
മാഷ് ചെറിയൊരു ഫോം നൽകി.
അഞ്ജലി പേനയെടുത്തു. ആദ്യക്ഷരമായി ‘അ’ എഴുതാൻ പോയിട്ട് നിർത്തി. അതു വളരെ എളുപ്പത്തിൽ തിരിച്ചറിയുമെന്നു തോന്നി.
“ഇംഗ്ലീഷ് അക്ഷരം ഉപയോഗിക്കാമോ?”
“ഭാഷയ്ക്ക് ഇവിടെ അതിർത്തിയില്ല.”
അവൾ എ എന്നു എഴുതി. ഇംഗ്ലീഷിലെ ‘എ’.
പ്രായം: പതിനാറ്.
ഇഷ്ടങ്ങൾ എന്നിടത്ത് ആദ്യം ‘വായന’ എന്നു എഴുതി. അത് സാധാരണമായിപ്പോയെന്ന് തോന്നി. പിന്നെ ചേർത്തു:
മഴയുടെ ശബ്ദം, പഴയ വീടുകൾ, ദൂരെയുള്ള പട്ടണങ്ങളെക്കുറിച്ചുള്ള കഥകൾ.
എഴുതിക്കഴിഞ്ഞപ്പോൾ അവൾ സ്വയം അത്ഭുതപ്പെട്ടു. മഴയുടെ ശബ്ദം തനിക്ക് ഇഷ്ടമാണെന്ന് മുമ്പ് ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ ആ നിമിഷത്തിൽ എന്തെങ്കിലും എഴുതണമെന്നു തോന്നിയതു കൊണ്ടാവാം.
ഗോപാലൻ മാഷ് കടലാസ് വാങ്ങി വായിച്ചു.
“നല്ലത്.”
“ഇനി?”
“നിനക്കു ചേരുന്ന ഒരാളെ ഞാൻ കണ്ടെത്തും.”
