പതിവുപോലെ ജനലിന് പുറത്ത് ബസ് ഹോണുകളില്ല. പാൽക്കാരന്റെ സൈക്കിള് ബെല്ലില്ല. അടുത്ത വീട്ടിലെ റേഡിയോയിൽ നിന്ന് സുപ്രഭാതം കേൾക്കുന്നില്ല. പകരം, അവൾക്ക് അപരിചിതമായൊരു നിശ്ശബ്ദതയുണ്ടായിരുന്നു.
പൂർണ്ണമായ നിശ്ശബ്ദതയല്ല. വെള്ളത്തിന് മീതെ കാറ്റ് വിരലോടിക്കുന്ന ശബ്ദം. ദൂരെ ആരോ വള്ളത്തിന്റെ തുഴ വെള്ളത്തിൽ മുക്കുന്ന മൃദുവായ താളം. തെങ്ങോലകളുടെ ഇടയിൽ കുടുങ്ങിയ കാറ്റിന്റെ നെടുവീർപ്പ്.
ഇടയ്ക്കിടെ കേൾക്കുന്ന താറാവുകളുടെ കൂട്ടക്കരച്ചിൽ.
അഞ്ജലി കണ്ണുതുറന്നു കിടന്നു.
മേൽക്കൂരയിലെ പഴയ ഫാൻ കറങ്ങുമ്പോഴെല്ലാം കരയുന്നപോലെ ശബ്ദമുണ്ടാക്കി. ചുവരിലെ ചെറു വിള്ളലിലൂടെ പുലർച്ചയുടെ വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങി. സ്വന്തം വീട്ടിലെ മുറിയാണെങ്കിൽ കണ്ണടച്ചുതന്നെ ഓരോ വസ്തുവിന്റെയും സ്ഥാനം പറയാമായിരുന്നു. ഇവിടെ, കണ്ണുതുറന്നിട്ടും എല്ലാം അന്യമായിരുന്നു.
കട്ടിലിന് അരികിൽ തുറക്കാതെ കിടന്നിരുന്ന പെട്ടികളുണ്ടായിരുന്നു. അവളുടെ പുസ്തകങ്ങളും കാസറ്റുകളും കൂട്ടുകാരികൾ നൽകിയ ആശംസാകാർഡുകളും അച്ഛൻ പഴയ പത്രത്തിൽ പൊതിഞ്ഞുവെച്ചതിനാൽ മുറിക്കുള്ളിൽ ഒരുതരം അച്ചുമഷിയുടെ മണമുണ്ടായിരുന്നു.
അമ്മയുടെ സാരികൾ സൂക്ഷിച്ചിരുന്ന ഇരുമ്പുപെട്ടിയുടെ മുകളിൽ അഞ്ജലിയുടെ സ്കൂൾബാഗ് കിടന്നു. സ്ഥലംമാറ്റ ഉത്തരവു വന്ന ദിവസം മുതൽ അത് ആരോടോ പിണങ്ങിയതുപോലെ വീർത്തുനിന്നിരുന്നു.
“അഞ്ജലീ, എഴുന്നേറ്റോ?”
അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം.
അഞ്ജലി മറുപടി പറഞ്ഞില്ല.
“ചായ തണുക്കും.”
“തണുക്കട്ടെ.”
അമ്മയുടെ കാലൊച്ച വാതിലിനരികിൽ വന്നുനിന്നു. വാതിൽ പൂർണ്ണമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മരം വീർത്ത് ചട്ടക്കൂടിൽ കുടുങ്ങിയിരുന്നു. അമ്മ അത് തള്ളിത്തുറന്ന് അകത്തേക്ക് നോക്കി.
“എത്ര നേരം ഇങ്ങനെ കിടക്കും?”
“സ്കൂളില്ലല്ലോ ഇന്ന്.”
“സ്കൂളില്ലെങ്കിൽ ജീവിതവും ഇല്ലേ? എഴുന്നേക്കു പെണ്ണേ.”
അഞ്ജലി കിടക്കയിൽ തിരിഞ്ഞ് ചുവരിന് അഭിമുഖമായി. ചുവരിൽ കഴിഞ്ഞ താമസക്കാരിൽ ആരോ പെൻസിലുകൊണ്ട് കുട്ടികളുടെ ഉയരം അടയാളപ്പെടുത്തിയിരുന്നു. ‘രമ്യ, 1989’, ‘രജീഷ്, 1991’ എന്നിങ്ങനെ പേരുകളും വർഷങ്ങളും.
വീടുകൾ മനുഷ്യരെ ഓർക്കുന്നുണ്ടാകുമോ എന്ന് അവൾ ചിന്തിച്ചു. ഇവിടെ താമസിച്ചവർ പോയിട്ടും അവരുടെ ചെറിയ അടയാളങ്ങൾ ചുവരിൽ ശേഷിച്ചിരുന്നു. എന്നാൽ തന്റെ പഴയ വീട്ടിൽ അവൾ എന്താണ് ശേഷിപ്പിച്ചിരിക്കുന്നത്?
“എനിക്ക് അവിടെത്തന്നെ നിന്നാൽ മതിയായിരുന്നു,” അവൾ പറഞ്ഞു.
അമ്മ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
“എനിക്കും,”
ഒടുവിൽ അമ്മ പറഞ്ഞു. “പക്ഷേ എല്ലാകാര്യങ്ങളും നമുക്ക് തീരുമാനിക്കാനാവില്ലല്ലോ.”
അമ്മയുടെ ശബ്ദത്തിലെ ക്ഷീണം അഞ്ജലി കേട്ടു. എങ്കിലും തിരിഞ്ഞുനോക്കിയില്ല.
“ചായ മേശപ്പുറത്തുണ്ട്,” അമ്മ പറഞ്ഞു. “കഴിയുമെങ്കിൽ പുറത്തൊന്ന് ഇറങ്ങി നോക്ക്. വീടിനുള്ളിൽ ഇരുന്ന് ഈ സ്ഥലത്തെ വെറുക്കാൻ വളരെ എളുപ്പമാണ്.”
അമ്മ പോയശേഷം അഞ്ജലി വീണ്ടും കണ്ണടച്ചു. പക്ഷേ ഉറക്കം വന്നില്ല.
ചുവരിനപ്പുറം അച്ഛന്റെ ശബ്ദം കേട്ടു. ഓഫീസിലെ ആരോടോ സംസാരിക്കുകയായിരുന്നു.
“ക്വാർട്ടേഴ്സ് പഴയതാണ്. എങ്കിലും മോശമല്ല. മുൻവശത്തെ തോട് മഴക്കാലത്ത് നിറയും എന്നു പറഞ്ഞു. പിറകിലെ വരമ്പ് ശ്രദ്ധിക്കണം. കുട്ടിക്ക് പുതിയ സ്കൂൾ അല്പം ദൂരമാണ്.”
കുട്ടി.
അച്ഛൻ മറ്റുള്ളവരോട് തന്നെക്കുറിച്ച് പറയുമ്പോഴെല്ലാം അഞ്ജലി ഇപ്പോഴും ഒരു കൊച്ചുകുട്ടിയാണെന്ന തോന്നലിലായിരുന്നു. പതിനാറു വയസ്സ് കഴിഞ്ഞ തനിക്ക് പുതിയ സ്കൂളിൽ എങ്ങനെ പൊരുത്തപ്പെടും, പരീക്ഷയ്ക്കുമുമ്പ് പഠനരീതി മാറുന്നത് എന്തു ബുദ്ധിമുട്ടുണ്ടാക്കും, സുഹൃത്തുക്കളെ വിട്ടുപോവുന്നത് എത്ര വേദനിപ്പിക്കും എന്നൊന്നും അച്ഛന് മനസ്സിലാകുന്നില്ലെന്ന് അവൾക്ക് തോന്നി.
അച്ഛനെ സംബന്ധിച്ചിടത്തോളം സ്ഥലംമാറ്റം സർക്കാർ ജോലിയുടെ ഭാഗമായിരുന്നു. ഉത്തരവു വന്നാൽ പെട്ടികൾ കെട്ടണം. വീടുമാറണം. പുതിയ ഓഫീസിൽ ചേരണം. ജീവിതത്തെ ഒരു ഫയലുപോലെ മടക്കി മറ്റൊരു അലമാരയിൽ വെക്കണം.
