“മല്ലിയിലയില്ല,” കടക്കാരൻ പറഞ്ഞു. “പച്ചമുളക് ഉണ്ട്.”
“മല്ലിയില എവിടെ കിട്ടും?”
“ചന്തയിൽ പോകണം. അല്ലെങ്കിൽ വൈകിട്ട് രാമൻകുട്ടിയുടെ വള്ളം വരും.”
അഞ്ജലി പച്ചമുളക് വാങ്ങി. മടങ്ങാനൊരുങ്ങുമ്പോഴാണ് കടയുടെ എതിർവശത്തെ പഴയ കെട്ടിടം ശ്രദ്ധയിൽപ്പെട്ടത്.
ചുവരിലെ നീല പെയിന്റ് മങ്ങിയിരുന്നു. മേൽക്കൂരയിലെ ചുവന്ന ഓടുകൾക്കിടയിൽ പുല്ല് മുളച്ചിരുന്നു. വാതിലിനു മുകളിൽ
കൈയെഴുത്തുപോലെ തോന്നിക്കുന്ന ബോർഡ്:
പൊതു വായനശാല
താഴെ ചെറിയ അക്ഷരങ്ങളിൽ:
സ്ഥാപിതം: 1963
വാതിൽ തുറന്നിരുന്നു.
അഞ്ജലി കുറച്ചുനേരം അവിടെ നിന്നു. അകത്ത് ആരെയും കാണാനായില്ല. അലമാരകൾ മാത്രം. പഴയ കടലാസിന്റെ പരിചിതമായ മണം പുറത്തേക്കൊഴുകിവന്നു.
പച്ചമുളകിന്റെ പൊതി കൈയിൽ പിടിച്ചുകൊണ്ട് അവൾ റോഡ് മുറിച്ചുകടന്നു.
ഗ്രന്ഥശാലയ്ക്കുള്ളിൽ വെളിച്ചം കുറവായിരുന്നു. ഇരുവശത്തും മരംകൊണ്ടുള്ള അലമാരകൾ. ചിലതിന്റെ ചില്ലുകൾ പൊട്ടിയിരുന്നു. പുസ്തകങ്ങൾ കുത്തിനിറച്ചിരുന്നതിനാൽ പലതും വശത്തേക്ക് ചാഞ്ഞു. മധ്യത്തിൽ നീളമുള്ള മേശ. അതിന്മുകളിൽ പത്രങ്ങൾ മരക്കമ്പിൽ കൊളുത്തിവെച്ചിരുന്നു.
ഭിത്തിയിൽ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ചിത്രങ്ങൾ. പിന്നിലെ മൂലയിൽ പഴയൊരു ഘടികാരം. അത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനാകാത്ത വിധം സെക്കൻഡ് സൂചി മന്ദമായി നീങ്ങി.
“ആരാ?”
പിന്നിൽ നിന്ന് ശബ്ദം കേട്ടപ്പോൾ അഞ്ജലി ഞെട്ടി.
ഒരു വയോധികൻ അലമാരയുടെ മറവിൽ നിന്ന് പുറത്തുവന്നു. മെലിഞ്ഞ ശരീരം. വെളുത്ത മുണ്ടും അരക്കയ്യൻ ഷർട്ടും. കട്ടിയുള്ള കണ്ണട. നെറ്റിയിൽ വിയർപ്പുതുള്ളികൾ. കൈയിൽ പൊടിതട്ടാനുള്ള തുണി.
“ഞാൻ വെറുതേ നോക്കാൻ വന്നതാണ്.”
“വെറുതേ അല്ലാതെ നോക്കുന്നതിനും ഇവിടെ പണമൊന്നും വേണ്ട.”
അദ്ദേഹത്തിന്റെ മുഖത്ത് മൃദുവായൊരു ചിരി.
“പുതിയതായി വന്ന ഓഫീസറുടെ മകളാണല്ലേ?”
അഞ്ജലി അത്ഭുതത്തോടെ നോക്കി.
“എല്ലാവർക്കും എങ്ങനെ അറിയാം?”
“ഈ ഗ്രാമത്തിൽ ഒരാളുടെ വീട്ടിൽ പുതിയ കോഴി വന്നാലും അറിയും. പിന്നെയല്ലേ ഒരു കുടുംബം വന്നത്.”
“അത് അത്ര നല്ല കാര്യമാണെന്ന് തോന്നുന്നില്ലല്ലോ ?”
“രഹസ്യം സൂക്ഷിക്കനാണെങ്കിൽ നല്ലതല്ല. ഏകാന്തതയിലാണെങ്കിൽ നല്ലതാണ്.”
ആ മറുപടി അഞ്ജലിക്ക് ഇഷ്ടപ്പെട്ടു.
“പേരെന്താണ്?”
“അഞ്ജലി.”
“ഞാൻ ഗോപാലൻ. കുട്ടികൾ എന്നെ ഗോപാലൻ മാഷ് എന്നു വിളിക്കും. ഒരുകാലത്ത് സ്കൂളിൽ പഠിപ്പിച്ചിരുന്നു.
ഇപ്പോൾ പുസ്തകങ്ങളെ നോക്കുന്നു. അവയ്ക്ക് കുട്ടികളേക്കാൾ അനുസരണയുണ്ട്. പക്ഷേ പൊടി കൂടുതൽ.”
അഞ്ജലി അലമാരകളിലൂടെ കണ്ണോടിച്ചു.
“ഇവിടെ നിന്ന് പുസ്തകം എടുക്കാമോ?”
“അംഗമാകണം. വർഷം അഞ്ചു രൂപ.”
“അഞ്ചു രൂപയോ?”
“കൂടുതലാണെന്ന് തോന്നുന്നെങ്കിൽ കുറയ്ക്കാം. കുറവാണെന്ന് തോന്നുന്നെങ്കിൽ സംഭാവനയും സ്വീകരിക്കും.”
അവൾ ചിരിച്ചു. ഈ ഗ്രാമത്തിലെത്തിയശേഷം താൻ ആദ്യമായാണ് സ്വാഭാവികമായി ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ ചിരി പെട്ടെന്ന് മങ്ങി.
ഗോപാലൻ മാഷ് ഒരു രജിസ്റ്റർ തുറന്നു.
“എന്തൊക്കെയാണ് വായിക്കുന്നത്?”
“നോവലുകൾ. യാത്രാവിവരണങ്ങൾ. ചിലപ്പോൾ കവിത.”
“ചിലപ്പോൾ എന്നത് പരീക്ഷ വരുമ്പോഴാണോ ?”
“അല്ല. കവിത മനസ്സിലാകുമ്പോൾ.”
“കവിത പൂർണ്ണമായി മനസ്സിലായാൽ അതു കവിതയല്ലാതാകും.”
അദ്ദേഹം രജിസ്റ്റർ അവളുടെ മുന്നിലേക്ക് നീക്കി.
“പേരും വിലാസവും എഴുതൂ.”
അഞ്ജലി ക്വാർട്ടേഴ്സിന്റെ വിലാസം എഴുതി. പുതിയ വിലാസം ആദ്യമായി സ്വന്തം കൈപ്പടയിൽ കണ്ടപ്പോൾ വിചിത്രമായൊരു വികാരം തോന്നി. അത് ഇനി ശരിക്കും തന്റെ വിലാസമാണെന്ന് സമ്മതിച്ചതുപോലെ.
ഗോപാലൻ മാഷ് അലമാരയിൽ നിന്ന് പുസ്തകങ്ങൾ കാണിച്ചുതുടങ്ങി. മലയാള നോവലുകൾ, പരിഭാഷകൾ, കവിതാസമാഹാരങ്ങൾ, പഴയ മാസികകൾ. പല പുസ്തകങ്ങളുടെയും പേജുകൾ മഞ്ഞനിറമായിരുന്നു.
ചിലതിൽ പഴയ വായനക്കാരുടെ പേരുകൾ പെൻസിലുകൊണ്ട് എഴുതിയിരുന്നു.
“ഇഷ്ടമുള്ളത് എടുക്കൂ,” അദ്ദേഹം പറഞ്ഞു.
അഞ്ജലി ഒരു നോവൽ പുറത്തെടുത്തു. അതിന്റെ ഉള്ളിൽ ഉണങ്ങിയ ഒരു ചെറുപൂവ് അടയാളമായി കിടന്നു. പൂവ് തൊട്ടപ്പോൾ പൊടിഞ്ഞുപോകുമെന്നു തോന്നിയതിനാൽ അവൾ പുസ്തകം സൂക്ഷിച്ച് അടച്ചു.
