മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ Likeഅടിപൊളി  

അവിടെ കെട്ടിയിട്ടിരുന്ന നീളമുള്ള വള്ളത്തിന്റെ കയർ അഴിച്ചു. പുസ്തകങ്ങൾ മുന്നിലെ പലകയ്ക്കടിയിൽ സൂക്ഷിച്ചുവെച്ച ശേഷം തുഴയെടുത്തു. അയാൾ വള്ളത്തിലേക്ക് കയറുന്ന രീതിയിൽ അഭ്യാസത്തിന്റെ ലാളിത്യമുണ്ടായിരുന്നു.

വള്ളം ഒരു നിമിഷം വശത്തേക്ക് ചാഞ്ഞെങ്കിലും ഉടനെ നേരെയായി.

കടവിനരികിൽ രണ്ട് സ്ത്രീകൾ കാത്തുനിന്നിരുന്നു. ഒരാളുടെ കൈയിൽ കൊട്ട. മറ്റൊരാൾ മടിയിൽ ഒരു കുഞ്ഞിനെ പിടിച്ചിരുന്നു. യുവാവ് അവരെ വള്ളത്തിൽ കയറ്റി.

മടിയിലെ കുഞ്ഞ് കരഞ്ഞപ്പോൾ അവൻ തുഴയുടെ അറ്റം വെള്ളത്തിൽ മൃദുവായി തട്ടിക്കൊണ്ട് എന്തോ പറഞ്ഞു. കുഞ്ഞ്

കരച്ചിൽ നിർത്തി അവനെ നോക്കി.

അഞ്ജലി അറിയാതെ ആ കാഴ്ച നോക്കിനിന്നു.

യുവാവ് തല ഉയർത്തിയപ്പോൾ അവരുടെ കണ്ണുകൾ ഒരുനിമിഷം കൂട്ടിമുട്ടി.

അവന്റെ മുഖത്ത് ചിരിയില്ല. കൗതുകവും ഇല്ല. പുതുതായി വന്നവളെ ഒറ്റനോട്ടത്തിൽ ശ്രദ്ധിച്ചു എന്നതിലപ്പുറം യാതൊരു പ്രതികരണവുമില്ലാത്ത മുഖം. അടുത്ത നിമിഷം അവൻ കണ്ണ് മാറ്റി തുഴ വെള്ളത്തിലിറക്കി.

അത് അഞ്ജലിക്ക് ഇഷ്ടപ്പെട്ടില്ല.

പുതിയ സ്ഥലത്ത് എത്തുമ്പോൾ എല്ലാവരും തന്നെ ശ്രദ്ധിക്കുമെന്നും ആരെങ്കിലും സംസാരിക്കാൻ ശ്രമിക്കുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നോ? അവൾക്കുതന്നെ അറിയില്ല. പക്ഷേ ആ യുവാവിന്റെ നിസ്സംഗത സ്വന്തം സാന്നിധ്യത്തെ ചെറുതാക്കിയതുപോലെ തോന്നി.

വള്ളം നീങ്ങി.

ഓരോ തവണ തുഴ വെള്ളത്തിൽ പതിക്കുമ്പോഴും അവന്റെ തോളിലെ പേശികൾ മുറുകി. യാത്രക്കാരുടെ സംഭാഷണത്തിൽ അവൻ പങ്കെടുത്തില്ല. പക്ഷേ അവർ എവിടെ ഇറങ്ങണമെന്ന് പറയുന്നതിനു മുൻപേ അറിയുന്നവനെപ്പോലെ വള്ളം ഓരോ കടവിലേക്കും തിരിച്ചു.

അഞ്ജലി പടിയിൽ തന്നെ നിന്നു. വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൾ അതിന്റെ പിന്നാലെ നോക്കിയെന്ന കാര്യം അവൾ സ്വയം സമ്മതിച്ചില്ല.

ഉച്ചയോടെ ചൂട് കനത്തു. വൈദ്യുതി രണ്ടുതവണ പോയി. ഫാൻ നിന്നതോടെ വീട്ടിനുള്ളിൽ വായു നിശ്ചലമായി. അമ്മ പെട്ടികൾ തുറന്ന് സാധനങ്ങൾ ക്രമീകരിക്കാൻ തുടങ്ങി.

“നിന്റെ പുസ്തകങ്ങളെങ്കിലും എടുത്തുവെക്ക്,” അമ്മ പറഞ്ഞു.

“പിന്നെ ചെയ്യാം.”

“എല്ലാറ്റിനും പിന്നെ.”

“എന്താണ് ഇത്ര വേഗം? ഇനി പുതിയ എവിടേക്കെങ്കിലും പോകാനുണ്ടോ?”

അമ്മ കൈയിലുണ്ടായിരുന്ന വസ്ത്രങ്ങൾ കട്ടിലിന് മുകളിൽ വെച്ചു.

“നിനക്ക് എന്നോട് ദേഷ്യമാണോ… അതോ അച്ഛനോടോ ?”

“ആരോടുമില്ല.”

“അപ്പോൾ ഈ മുഖം എന്തിനാണ് ഇങ്ങനെ വച്ചേക്കുന്നെ?”

“എന്റെ മുഖം ഇങ്ങനെയാണ്.”

“പഴയ വീട്ടിലായിരുന്നപ്പോൾ ഇങ്ങനെയായിരുന്നില്ല.”

ആ വാക്കുകൾ കേട്ടതോടെ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു. അമ്മയുടെ മുന്നിൽ കരയരുതെന്ന് അവൾ തീരുമാനിച്ചിരുന്നു. പക്ഷേ പഴയ വീട് എന്ന രണ്ടുവാക്കുകൾ ആ തീരുമാനം തകർത്തു.

“എന്തിനായിരുന്നു ഇപ്പോൾ തന്നെ ഇങ്ങോട്ട് വരേണ്ടത്?” അവൾ ചോദിച്ചു. “എന്റെ പരീക്ഷ കഴിഞ്ഞിട്ടെങ്കിലും പോരായിരുന്നില്ലേ? ഞാൻ അവിടെ ലതയുടെയും ദീപയുടെയും സുമിയുടെയും ഒക്കെക്കൂടെ പഠികക്കുമായിരുന്നു. സ്കൂൾ മാറേണ്ടിയിരുന്നില്ല.”

“ഞങ്ങൾ നിന്നെ ഒറ്റയ്ക്ക് അവിടെ നിർത്തണമായിരുന്നോ?”

“അമ്മക്ക് എന്നോടൊപ്പം നിൽക്കാമായിരുന്നു.”

“അച്ഛൻ ഇവിടെ ഒറ്റയ്ക്കോ?”

“അച്ഛന് പ്രശ്നമില്ലല്ലോ. അച്ഛന് എല്ലായിടവും ഒരുപോലെയാണ്.”

വാതിലിനരികിൽ നിഴൽ വീണപ്പോഴാണ് അച്ഛൻ മടങ്ങിയെത്തിയത് അഞ്ജലി കണ്ടത്.

അദ്ദേഹം എത്രനേരമായി അവിടെ നിൽക്കുകയായിരുന്നു എന്ന് അറിയില്ല.

അമ്മ ഒന്നും പറഞ്ഞില്ല. അഞ്ജലി മുഖം തിരിച്ചു.

അച്ഛൻ ബാഗ് മേശപ്പുറത്തുവെച്ചു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കണ്ണട എടുത്ത് തുടച്ചു. മുഖത്ത് ദേഷ്യമില്ലായിരുന്നു. അതാണ് അഞ്ജലിക്ക് കൂടുതൽ അസ്വസ്ഥത തോന്നിച്ചത്.

“എനിക്ക് എല്ലായിടവും ഒരുപോലെയല്ല,” അദ്ദേഹം ശാന്തമായി പറഞ്ഞു.

അഞ്ജലി മിണ്ടിയില്ല.

“ഞാനും ഇവിടെ വരാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഉത്തരവ് അനുസരിക്കാതിരുന്നാൽ ജോലി പോകും. ജോലി പോയാൽ നിന്റെ സ്കൂൾഫീസ് അടയ്ക്കാൻ കഴിയില്ല. വീടിന്റെ വാടക അടയ്ക്കാൻ കഴിയില്ല.

Updated: September 29, 2026 — 12:15 am

Leave a Reply

Your email address will not be published. Required fields are marked *