“അത് കഴിഞ്ഞാൽ?”
“പോകും.”
“കള്ളം.”
“എങ്ങനെ അറിയാം?”
“നീ എന്നെ ഇവിടെ നിർത്തിപ്പോകില്ല.”
നവീൻ വള്ളം പടിയോട് ചേർത്തു.
“അത്ര ഉറപ്പുണ്ടോ?”
“ഉണ്ട്.”
“എന്തുകൊണ്ട്?”
അഞ്ജലി മറുപടി പറയാതെ വള്ളത്തിൽ കയറി.
മഴ നേർത്തതെങ്കിലും തുടർച്ചയായി പെയ്തു. വള്ളത്തിന്റെ അടിയിൽ വെള്ളം കെട്ടിയിരുന്നു. നവീൻ ഒരു ചെറിയ പാത്രം അവളുടെ അടുത്തേക്കു നീക്കി.
“ഇത് കോരിക്കളയാമോ?”
“ഞാനോ?”
“വള്ളത്തിൽ മറ്റാരുമില്ലല്ലോ.”
“നീയല്ലേ വള്ളക്കാരൻ?”
“നീ യാത്രക്കാരിയല്ലേ? വള്ളം
മുങ്ങിയാൽ രണ്ടുപേരും ഒരേ വെള്ളത്തിലാണ്.”
അഞ്ജലി പാത്രമെടുത്ത് വെള്ളം കോരിത്തുടങ്ങി.
“ഇതിന് വേറെ കൂലി കിട്ടുമോ?” അവൾ ചോദിച്ചു.
“യാത്രക്കൂലിയിൽനിന്നു കുറയ്ക്കാം.”
“എപ്പോഴാണ് നീ എന്നിൽനിന്ന് കൂലി വാങ്ങിയിട്ടുള്ളത്?”
“അച്ഛന് കൊടുക്കുന്നുണ്ടല്ലോ.”
“അത് കണക്കാണ്.”
“എല്ലാം കണക്കാണോ?”
അഞ്ജലി അവനെ നോക്കി.
“എന്താണ് കണക്കല്ലാത്തത്?”
നവീൻ തുഴ വെള്ളത്തിലിറക്കി. മറുപടി പറഞ്ഞില്ല.
വള്ളം നടുത്തോട്ടിലെത്തിയപ്പോൾ മഴ ശക്തമായി. കാറ്റ് കുട ഉപയോഗിക്കാൻ അനുവദിച്ചില്ല. അഞ്ജലി തലയിൽ ദുപ്പട്ട വലിച്ചിട്ടു. അതും നനഞ്ഞു.
“മഴ നിനക്കിഷ്ടമാണെന്ന് പറഞ്ഞിരുന്നില്ലേ?” നവീൻ ചോദിച്ചു.
“ഞാൻ എപ്പോഴാണ് നിന്നോട് പറഞ്ഞത്?”
അവന്റെ കൈ തുഴയിൽ നിശ്ചലമായി.
കത്തുകളിലെ ‘എ’ മഴ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. അഞ്ജലിയോട് അത് ചോദിച്ചിട്ടില്ല.
“ജനലരികിൽ നിന്നു മഴ നോക്കുന്നത് കണ്ടിട്ടുണ്ട്,” അവൻ വേഗം പറഞ്ഞു.
“എപ്പോഴാണ്?”
“വള്ളത്തിൽ പോകുമ്പോൾ.”
“അപ്പോൾ നീ ഞങ്ങളുടെ വീട്ടിലേക്കു നോക്കാറുണ്ടോ?”
നവീൻ ഒരു നിമിഷം നിശ്ശബ്ദനായി.
“വീട് തോടിന്റെ അരികിലാണ്. നോക്കിയാൽ കാണും.”
“എല്ലാ ദിവസവും?”
“അഞ്ജലി, ഞാൻ തുഴയുമ്പോൾ മുന്നോട്ടും വശങ്ങളിലേക്കും നോക്കണം.”
“ശരി.”
അവൾ ചിരി മറയ്ക്കാൻ വെള്ളം കോരുന്നതിൽ ശ്രദ്ധിച്ചു.
“നീ എന്തിനാണ് ചിരിക്കുന്നത്?” നവീൻ ചോദിച്ചു.
“ഒന്നുമില്ല.”
“നീ കള്ളം പറയുമ്പോൾ വെള്ളത്തിലേക്കു നോക്കും.”
“അത് ഞാൻ നിന്നോടു പറഞ്ഞതാണ്.”
“ഫലിക്കുന്ന വാക്കുകൾ ആവർത്തിക്കുന്നതിൽ തെറ്റില്ല.”
“ഗോപാലൻ മാഷിനെപ്പോലെ സംസാരിക്കരുത്.”
“എന്തുകൊണ്ട്?”
“നിനക്കത് ചേരില്ല.”
“എന്താണ് പിന്നെ ചേരുന്നത്?”
“തർക്കം.”
നവീൻ ചിരിച്ചു.
ആ ചിരി അഞ്ജലി ആദ്യമായി അടുത്തുനിന്ന് കേട്ടു. ഉത്സവരാത്രിയിൽ ദൂരത്തുനിന്ന് കണ്ട ചിരിയേക്കാൾ വ്യത്യസ്തം. നിയന്ത്രണമില്ലാതെ പെട്ടെന്ന് വന്നത്. അവന്റെ മുഖത്തെ ഗൗരവം
മുഴുവൻ മാറി.
“നീ ചിരിക്കുമ്പോൾ വേറെ ആളെപ്പോലെയാണ്,” അവൾ പറഞ്ഞു.
ചിരി ഉടനെ മങ്ങിപ്പോയി.
“എന്താ… മോശമാണോ ?”
“അല്ല.”
അവൾ അതിൽ കൂടുതൽ ഒന്നും പറഞ്ഞില്ല.
അവളുടെ ഒറ്റവാക്ക് നവീന്റെ മനസ്സിൽ ശേഷിച്ചു.
അടുത്ത ദിവസങ്ങളിൽ അവരുടെ യാത്രകളിൽ സംഭാഷണം കൂടി.
അഞ്ജലിയുടെ പഴയ പട്ടണം. നവീന്റെ ബാല്യകാലം. സ്കൂളിലെ അധ്യാപകർ. വായിച്ച പുസ്തകങ്ങൾ. പാടങ്ങളിൽ വരുന്ന പക്ഷികൾ. വള്ളങ്ങൾക്കും മനുഷ്യരെപ്പോലെ സ്വഭാവമുണ്ടെന്ന നവീന്റെ വിശ്വാസം.
“ഈ വള്ളത്തിന്റെ സ്വഭാവം എന്താണ്?” അഞ്ജലി ചോദിച്ചു.
“പഴയ ആളെപ്പോലെ. അധികം വേഗം പോകില്ല. പക്ഷേ വഴിയിൽ ഉപേക്ഷിക്കില്ല.”
“നിന്റേത്?”
“എന്റെ എന്ത്?”
“സ്വഭാവം.”
“അത് ഞാൻ എങ്ങനെ പറയും?”
“വള്ളത്തിന്റേത് പറയാമല്ലോ.”
“വള്ളത്തെ എനിക്ക് അറിയാം.”
“നിന്നെ അറിയില്ലേ?”
“ആരെയെങ്കിലും പൂർണ്ണമായി അറിയുന്നവർ ആരാണ്?”
അഞ്ജലി മറുപടി പറയാതെ അവനെ നോക്കി.
എൻ. എഴുതിയേക്കാവുന്ന ഒരു വാചകമായിരുന്നു അത്.
അവൾ ചിന്തിച്ചശേഷം ചോദിച്ചു:
“നീ കത്തുകളിൽ എങ്ങനെയാണ് എഴുതുന്നത്?”
നവീന്റെ മുഖം ജാഗ്രതയോടെ മാറി.
“ഉം…എന്തെ അങ്ങനെ ചോദിച്ചേ?”
“നേരിൽ സംസാരിക്കുന്നതുപോലെ തന്നെയാണോ?”
“അറിയില്ല.”
“നിന്റെ തൂലികാസുഹൃത്ത് തർക്കിക്കുമോ?”
“ചിലപ്പോൾ.”
“അവൾക്ക് നിന്നെ ഇഷ്ടമാണോ?”
“അവളാണെന്ന് ഞാൻ പറഞ്ഞില്ല.”
“പറയാതെയും മനസ്സിലാകും.”
“നിന്റെ തൂലികാസുഹൃത്ത് ആൺകുട്ടിയാണോ?”
