മൺസൂൺ ലെറ്റേഴ്സ്: ഒരു കുട്ടനാടൻ പ്രണയകഥ Likeഅടിപൊളി  

രാവിലെ നീ വരുന്നതിനു മുൻപ് ഒരു നീലപ്പക്ഷി കടവിലെ തൂണിലിരുന്നു. നീ വന്നാൽ കാണിച്ചുതരാമെന്നു കരുതി. പക്ഷേ വലിയ വള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ പറന്നുപോയി.

നിനക്കായി ഒരു പക്ഷിയെ കാത്തിരുത്താൻ കഴിയാത്തതുകൊണ്ട് അതിനെക്കുറിച്ച് എഴുതുന്നു.

നവീൻ.

അഞ്ജലി മറുപടി എഴുതി:

പ്രിയപ്പെട്ട നവീൻ,

നീ പക്ഷിയോട് പറഞ്ഞില്ലേ ഞാൻ സാധാരണ നേരത്തെ വരുമെന്ന്?

ഇന്ന് ഗണിതപരീക്ഷ മോശമായി. അതിനെക്കുറിച്ച് നേരിൽ പറഞ്ഞാൽ നീ പരിഹസിക്കും. അതുകൊണ്ട് കത്തിൽ പറയുന്നു.

നാളെ പരിഹസിച്ചാൽ ഈ കത്ത് തിരിച്ചുവാങ്ങും.

അഞ്ജലി.

മറ്റൊരു കത്തിൽ അവൾ ആദ്യമായി അവസാനം എഴുതി:

സ്നേഹത്തോടെ,

നിന്റെ അഞ്ജലി.

കത്ത് കിട്ടിയശേഷം നവീൻ നേരിൽ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അഞ്ജലി രണ്ടുദിവസം കാത്തിരുന്നു.

ഒടുവിൽ ചോദിച്ചു:

“കത്ത് കിട്ടിയോ?”

“കിട്ടി.”

“മുഴുവൻ വായിച്ചോ?”

“വായിച്ചു.”

“അവസാനംവരെ?”

“കത്തുകൾ സാധാരണ അവസാനംവരെ വായിക്കും.”

“ഒന്നും പറയാനില്ലേ?”

“എന്തിനെക്കുറിച്ച്?”

അഞ്ജലി ദേഷ്യത്തോടെ നടന്നുപോയി.

അടുത്ത ദിവസം നവീന്റെ കത്ത് കിട്ടി.

പ്രിയപ്പെട്ട അഞ്ജലി,

കത്തിലെ അവസാനവാക്ക് ശ്രദ്ധിച്ചില്ലെന്ന് നീ കരുതിയെന്നു തോന്നുന്നു.

ശ്രദ്ധിച്ചു.

ഈ വാക്കിന് താഴെ പേര് എഴുതേണ്ടതില്ലായിരുന്നു. കൈയക്ഷരം കണ്ടാൽ അറിയാം.

സ്നേഹത്തോടെ,

നിന്റെ.

ആ കത്ത് അഞ്ജലി മറ്റുള്ളവയിൽനിന്ന് വേർതിരിച്ചുവെച്ചു.

ചെറിയ സമ്മാനങ്ങളും അവരുടെ ഇടയിൽ സഞ്ചരിക്കാൻ തുടങ്ങി.

അഞ്ജലി നവീനു നല്ലൊരു പേന വാങ്ങി. പട്ടണത്തിൽ അച്ഛനോടൊപ്പം പോയപ്പോൾ കടയിൽ കണ്ടത്. ഇരുണ്ട നീല നിറം. സ്വർണനിറമുള്ള ക്ലിപ്പ്.

“ഇത് വളരെ വിലയുള്ളതാണ്,” നവീൻ പറഞ്ഞു.

“വില പറഞ്ഞിട്ടില്ലല്ലോ.”

“കണ്ടാൽ അറിയാം.”

“എല്ലാം

കണ്ടാൽ അറിയാമോ സാറിനു.”

“ഞാൻ വാങ്ങില്ല.”

“ഇത് ഞാൻ ഇന്നലെയെ വാങ്ങിക്കഴിഞ്ഞു.”

“ഞാൻ എടുക്കത്തില്ലെന്നാ പറഞ്ഞെ.”

“അപ്പോൾ വെള്ളത്തിലിടും.”

“നീ ഇടില്ല.”

അഞ്ജലി പേന വെള്ളത്തിനുമുകളിൽ പിടിച്ചു.

“അഞ്ജലി.”

“വാങ്ങുമോ?”

നവീൻ അവളുടെ കൈയിൽനിന്ന് പേന പിടിച്ചെടുത്തു.

“ഇത് ഭീഷണിയാണ്.”

“സമ്മാനം സ്വീകരിപ്പിക്കാൻ ചെയ്ത ചെറിയൊരു ശ്രമം.”

“ഇതിന് പകരം ഞാൻ എന്തുതരണം?”

“സമ്മാനം കണക്കാണോ?”

അവൻ മിണ്ടാതായി.

കുറച്ചുദിവസങ്ങൾക്കുശേഷം നവീൻ അവൾക്കു ചെറിയൊരു മരക്കഷണം നൽകി. നന്നായി മിനുക്കിയിരുന്നു. മുകളിൽ ഒരു തുളയും അതിലൂടെ നീലനൂലും. രണ്ടു അക്ഷരങ്ങൾ കൊത്തിയിരുന്നു.

എ. എൻ.

“ഇത് എന്താണ്?” അഞ്ജലി ചോദിച്ചു.

“ബുക്ക്മാർക്ക്.”

“എവിടെനിന്ന് കിട്ടി?”

“പഴയ വള്ളത്തിന്റെ പലകയിൽനിന്ന് ഉണ്ടാക്കി.”

“വള്ളം പൊളിച്ചോ ?”

“ചെറിയൊരു കഷണം എടുത്തു.”

അഞ്ജലി വിരലുകൊണ്ട് അക്ഷരങ്ങളിലൂടെ തൊട്ടു.

“എ, എൻ. പഴയ അടയാളങ്ങൾ തന്നെയാണോ?”

“പേരുകൾ അറിഞ്ഞാലും ചില രഹസ്യങ്ങൾ സൂക്ഷിക്കാമല്ലോ.”

അത് അവൾ തന്റെ പ്രിയപ്പെട്ട നോവലിനകത്ത് വെച്ചു.

ഓണംപ്രമാണിച്ച് സ്കൂളിന് അവധിയായപ്പോൾ അഞ്ജലി മായയോടൊപ്പം പൂക്കളം ഒരുക്കാൻ നവീന്റെ വീട്ടിലെത്തി.

ആദ്യമായി ആ വീട്ടിൽ കയറുമ്പോൾ നവീൻ അസ്വസ്ഥനായിരുന്നു.

മേൽക്കൂരയിലെ പല ഓടുകളും പൊട്ടിയിരുന്നു. മഴ ചോരുന്ന ഇടങ്ങളിൽ ഇപ്പോഴും പാത്രങ്ങൾ വെച്ചിരുന്നു. ചുവരിലെ കുമ്മായം അടർന്നുപോയി. പഴയ മേശയുടെ ഒരു കാൽ ഇഷ്ടികകൊണ്ട് താങ്ങിയിരുന്നു. മായയുടെ പുസ്തകങ്ങൾ തുണിയിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്.

അഞ്ജലി എന്തു ചിന്തിക്കുമെന്ന് അവൻ നോക്കി.

അവളുടെ മുഖത്ത് സഹതാപം കാണുമോ എന്ന് ഭയപ്പെട്ടു.

സഹതാപം സ്നേഹത്തേക്കാൾ വേദനിപ്പിക്കുമെന്ന് അവന് തോന്നിയിരുന്നു.

പക്ഷേ അഞ്ജലി ആദ്യം ശ്രദ്ധിച്ചത് മായയുടെ പുസ്തകങ്ങളാണ്.

“ഇവ ഇങ്ങനെ

വെച്ചാൽ വീണ്ടും തിരയേണ്ടിവരും,” അവൾ പറഞ്ഞു.

“ചേച്ചി എന്റെ കണക്കുപുസ്തകം എല്ലായ്പ്പോഴും കാണാതാകും,” മായ പറഞ്ഞു.

“അത് പുസ്തകത്തിന്റെ കുറ്റമല്ല എന്റെ മായകുട്ടി.”

അവർ പഴയൊരു പെട്ടി വൃത്തിയാക്കി പുസ്തകങ്ങൾ ക്ലാസ് അനുസരിച്ച് നിരത്തി. പിന്നെ മീനാക്ഷിയോടൊപ്പം അടുക്കളയിൽ കായ വറുക്കാൻ സഹായിച്ചു. പുക കണ്ണിൽ കയറിയപ്പോൾ കണ്ണുനീർ വന്നു. മായ അതുകണ്ട് ചിരിച്ചു.

Updated: September 29, 2026 — 12:15 am

Leave a Reply

Your email address will not be published. Required fields are marked *