ഞാൻ ചൂടായി സംസാരിച്ചത് കൊണ്ടാണ് അവളുടെ ഈ പിണക്കം. പണ്ടേ അവൾ അങ്ങനെയാണ്. ഞാൻ അവളോട് തമാശയ്ക്ക് ദേഷ്യപ്പെട്ടാൽ പോലും അവൾ നാലഞ്ച് ദിവസമെങ്കിലും എന്നോട് പിണങ്ങിയിരിക്കും.
“ജെസ്സി..!”
“— — —”
“മോളെ..!”
“— — —”
“ജെസ്സി മോളെ..!!
“— — —”
“ഞാൻ നിന്നോട് ദേഷ്യപ്പെട്ടതല്ല, അങ്ങനെ പറഞ്ഞുപോയതാണ്, സോറി..!!”
“— — —”
“എടി സോറി പറഞ്ഞില്ലേ, ഇങ്ങനെ പിണങ്ങിയിരിക്കല്ലെ..!”
“— — —”
അവളുടെ പിണക്കം മാറ്റാനായി ഞാൻ എന്തൊക്കെയോ സംസാരിച്ചു നോക്കി. എത്രയോ വട്ടം സോറിയും പറഞ്ഞു. പക്ഷേ എന്നെ മൈന്റ് ചെയ്യാതെ പുറത്തേക്ക് നോക്കി അവൾ ഒറ്റ ഇരുപ്പാണ്.
ഇനി കാര്യമില്ല. പിണക്കം മാറി അവളായിട്ട് വന്നാലെ രക്ഷയുള്ളുവെന്നറിയാം. അതുകൊണ്ട് ഞാൻ സങ്കടം മറച്ച് മിണ്ടാതെ വണ്ടി ഓടിച്ചു.
തുറന്നിട്ടിരുന്ന ഗെയിറ്റിലൂടെ വണ്ടി ഞാൻ മുട്ടത്ത് കൊണ്ട് നിര്‍ത്തി. ഞങ്ങൾ എത്താറായെന്ന് ജെസ്സി വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് ഞങ്ങളുടെ അമ്മയും പപ്പയും
സിറ്റൗട്ടിൽ തന്നെ കാത്തിരിക്കുകയായിരുന്നു.
വണ്ടി നിര്‍ത്തിയതും ഒന്നും മിണ്ടാതെ ജെസ്സി പുറത്തിറങ്ങി. തല്‍ക്കാലത്തേക്ക് അവളുടെ സങ്കടം മറച്ച് സന്തോഷത്തോടെ ഓടിച്ചെന്ന് ആദ്യം ഞങ്ങളുടെ അമ്മയെ അവൾ കെട്ടിപ്പിടിച്ചു. എന്നിട്ട് അമ്മയെ വേഗം വിട്ടിട്ട് അവള്‍ ചെന്ന് ഞങ്ങളുടെ പപ്പയെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.
ഞാനും ഇറങ്ങി നേരെ ഞങ്ങളുടെ അമ്മയുടെ അടുത്തേക്കാണ് പോയത്. ഉടനെ അമ്മ സന്തോഷത്തോടെ എന്നെ സൈഡിൽ നിന്നും ചേര്‍ത്തുപിടിച്ചു. പപ്പ പുഞ്ചിരിയോടെ എന്റെ തോളില്‍ ഒന്ന് തട്ടി.
ഞാൻ ജെസ്സിയെ നോക്കിയപ്പൊ അവൾ മുഖം വീർപ്പിച്ചു കൊണ്ട് മുഖം തിരിച്ചു കളഞ്ഞു.
“ധ്വനി എന്റെ വീട്ടില്‍ തന്നെയാണോ താമസം..?” ഞാൻ അമ്മയോട് ചോദിച്ചു.
“അതേ, അവളുടെ പഠിത്തവും ജോലിയും ഒരുമിച്ച് കൊണ്ടുപോകണമെങ്കിൽ അവിടെ നില്‍ക്കുന്നതാണ് സൗകര്യമെന്ന് പറഞ്ഞ് എന്നോട് അനുവാദം ചോദിച്ചു. ആലോചിച്ചപ്പൊ അത് നല്ലതെന്ന് എനിക്കും തോന്നിയത് കൊണ്ട് ഞാൻ സമ്മതിച്ചു. നിന്റെ തൊട്ടടുത്ത വീട്ടിലെ ഗ്രേയ്സി കൂട്ടായി നില്ക്കുന്നുണ്ട്. പിന്നെ നീ തിരികെ വന്നതും ധ്വനി ഇങ്ങോട്ട് താമസം മാറ്റാമെന്നും പറഞ്ഞു.”
“മ്മ്.” ഞാൻ വെറുതെ മൂളി.
“ശെരി, രണ്ടും പോയി വേഗം കുളിച്ചിട്ട് വാ, ധ്വനിയും ഉടനെ ഇങ്ങെത്തും. നമുക്ക് സ്റ്റെല്ലയുടെ വീട്ടിലോട്ട് പോകാം. ആയിരം വട്ടമെങ്കിലും ഷീന ഇങ്ങോട്ട് വിളിച്ചിട്ടുണ്ടാകും. വില്യമേട്ടനും ലിസിയും കഴിഞ്ഞ രാത്രിയെ അങ്ങോട്ട് പോയി നമ്മൾ മാത്രം പോയില്ലെന്നാണ് പരാതി. ലിസിയും സ്റ്റെല്ലയും വെളുപ്പിന് തൊട്ടെ വിളിച്ചോണ്ടിരിക്കുവ.” അമ്മ ഞങ്ങളോട് കാര്യം പറഞ്ഞിട്ട് എന്നെ അകത്തേക്ക് ഉന്തിവിട്ടു.
“നീയും ചെല്ല് മോളെ, വേഗം കുളിച്ചിട്ട് വാ. സേവിയറും വില്യവും കഴിഞ്ഞ രാത്രി തൊട്ടെ
വിളിച്ചുകൊണ്ടിരിക്കുന്നു.” പപ്പ ജെസ്സിയോട് പറഞ്ഞിട്ട് അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് തന്നെ അവളുടെ റൂമിലേക്ക് നയിച്ചു.
“ഹും പപ്പയെ കണ്ടോ, അവളെ കൂട്ടിക്കൊണ്ട് പോകുന്നു, പക്ഷേ മമ്മി എന്നെ ഉന്തിവിട്ടു.” ഞാൻ പരാതി പറഞ്ഞപ്പോ അമ്മ ചിരിച്ചു.
“ശെരി വാ, നിന്നെ കൂട്ടിക്കൊണ്ടു പോയി ഞാൻ കുളിപ്പിക്കാം.” അമ്മ എന്റെ കൈക്ക് പിടിച്ചു.
“അയ്യോ വേണ്ട, ഞാൻ തനിയേ കുളിച്ചോളാം.” ഞാൻ ചിരിച്ചിട്ട് നേരെ പോയി എന്റെ വണ്ടിയില്‍ നിന്നും എനിക്ക് വേണ്ട ഡ്രെസ്സെടുത്തിട്ട് ഞാൻ ജെസ്സിയുടെ പഴയ റൂമിലേക്ക് കേറി.
അവിടെ നിന്നും ഒരു ടവലെടുത്തുകൊണ്ട് ഞാൻ കുളിക്കാന്‍ കേറി.
കുളിച്ച് റെഡിയായി ഹാളില്‍ ചെന്നപ്പോ അവിടെ ധ്വനിയും അമ്മയും പപ്പയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് കണ്ടു. അവരെ കണ്ടപ്പോ ശെരിക്കും ഒരു അച്ഛനും അമ്മയും മോളും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ധ്വനിയുടെ സംസാരവും സന്തോഷവും കണ്ടിട്ട് അവള്‍ക്ക് ഇവിടെ ഒരു കുറവുമില്ലെന്ന് മനസ്സിലായി.
