മസാജ് തെറാപ്പിസ്റ്റ് – 9 10അടിപൊളി  

ധ്വനി പറഞ്ഞതൊക്കെ കേട്ട് ഞാൻ വായും പൊളിച്ച് മിഴിച്ചിരുന്നാണ് വണ്ടി ഓടിച്ചത്. എന്റെ ഇരുപ്പൊക്കെ കണ്ടിട്ട് ധ്വനി പൊട്ടിച്ചിരിച്ചു.

“ആ കള്ളി, അവള്‍ക്ക് ഞാൻ വച്ചിട്ടുണ്ട്.” ഒടുവില്‍ ഞാനും കുറച്ചുനേരം ചിരിച്ച ശേഷം ധ്വനിയോട് പറഞ്ഞു.

“പക്ഷേ എന്തൊക്കെയായാലും ജിനു, അവള്‍ക്ക് നിന്നെക്കുറിച്ച് ഭയങ്കര അഭിമാനമാണ്, നിന്നോട് അടങ്ങാത്ത സ്നേഹവുമാണ്. നിന്നെപ്പോലത്തെ ബുദ്ധിജീവികൾ ഈ ലോകത്ത് തന്നെ വിരളമെന്നാണ് അവളുടെ വിശ്വസം. നിന്നെപ്പോലൊരു അച്ചാച്ചനെ ഒരു അനിയത്തിക്കും കിട്ടില്ലെന്നാണ് അവളുടെ അഹങ്കാരം.” പുഞ്ചിരിയോടെ ധ്വനി പറഞ്ഞിട്ട് പെട്ടന്ന് ആരാധനയോടെ എന്നെ നോക്കി പറഞ്ഞു, “നീയൊരു ബുദ്ധിജീവി ആണെന്ന കാര്യം ജെസ്സി മാത്രമല്ല, നിന്റെ ഈ നാട്ടില്‍ എന്നോട് സംസാരിച്ചിട്ടുള്ള സകലരും പറഞ്ഞിട്ടുണ്ട്.

അതൊക്കെ നിന്റെ റിസര്‍ച്ചിലും, തെറാപ്പിയും, ഔഷധങ്ങളിലൂടേയും ഒക്കെ തെളിയിച്ച് കൊണ്ടിരിക്കുകയല്ലേ.”

അവളുടെ ആരാധനയോടുള്ള നോട്ടവും പുകഴ്ത്തലുമൊക്കെ ഒരു സുഖമായി എന്റെ മനസ്സിനെ പൊതിഞ്ഞു. മറുപടിയായി തിരിച്ചൊന്നും പറയാൻ കഴിയാതെ വെറുതെ ചിരിച്ചിട്ട് ഞാൻ കാര്യം മാറ്റി.

അവളോട് വേറെ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് എന്റെ വണ്ടി ഓടിക്കൽ ഞാൻ തുടർന്നു.

രണ്ട് മൂന്ന്‌ മിനിറ്റ് കൂടി കഴിഞ്ഞ് ഞങ്ങൾ സ്റ്റെല്ല ആന്റിയുടെ വീട്ടിലുമെത്തി. മറ്റെല്ലാവരും മുറ്റത്ത്‌ തന്നെ ഞങ്ങളെയും കാത്ത് അസ്വസ്ഥരായി നില്ക്കുകയായിരുന്നു.

“ഞങ്ങൾ 15 മിനിറ്റിന് മുമ്പേ എത്തിയല്ലോ, നീയെന്താ ഇത്രയും ലേറ്റായത്..?” ഞാനും ധ്വനിയും വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ പപ്പ അടുത്തേക്ക് വന്ന് ചോദിച്ചു.

“രണ്ടുപേര്‍ക്കും ഞങ്ങൾ മാറിമാറി കോൾ ചെയ്തിട്ട് നിങ്ങൾ രണ്ടും എടുത്തില്ല.” അമ്മ പരാതി പറഞ്ഞു.

“ഓഹ് സോറി പപ്പാ, മമ്മി,” ധ്വനി പെട്ടന്ന് എന്റെ പപ്പയും അമ്മയോടും ക്ഷമ പറഞ്ഞു. “എന്റെ മൊബൈൽ സൈലന്റിലായിരുന്നു, കോൾ വന്നത് അറിഞ്ഞില്ലായിരുന്നു.” പറഞ്ഞിട്ട് അവൾ അവളുടെ ഹാന്‍ഡ് ബാഗ് തുറന്ന് മൊബൈലെടുത്ത് പരിശോധിച്ചു.

“ഹ്മ്, അച്ചാച്ചനല്ലേ ചേച്ചിയുടെ ബോസ്സ്, അപ്പൊ മൊബൈൽ സൈലന്റാക്കിയിടുന്ന ആ വൃത്തികെട്ട അച്ചാച്ചന്റെ സ്വഭാവം ചേച്ചിക്കും കിട്ടാതിരിക്കുമോ..?” ജെസ്സി അല്‍പ്പം ദേഷ്യത്തില്‍ എന്നെനോക്കി കുറ്റപ്പെടുത്തി.

അപ്പോ ഞാനൊഴികെ എല്ലാവരും ചിരിച്ചു.

“ഹും, പതിവ് പോലെ എല്ലാം എന്റെ തലയില്‍ തന്നെ വീണു.” ശോകം അഭിനയിച്ച് ഞാൻ പറഞ്ഞപ്പോ എല്ലാവരുടെയും ചിരി കൂടി.

“ജെസ്സി മോള് പറഞ്ഞത് സത്യം തന്നെയാ.” ഒടുവില്‍ ചിരി നിര്‍ത്തി സ്റ്റെല്ല ആന്റീ ജെസ്സിക്ക് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചു.

ഞാൻ അപ്പൊ സപ്പോര്‍ട്ടിനായി എന്റെ അമ്മയെ

നോക്കി.

“എന്നെ നോക്കണ്ട. ഇക്കാര്യത്തിൽ ഞാൻ നിന്നെ സപ്പോര്‍ട്ട് ചെയ്യില്ല. 50 പ്രാവശ്യമെങ്കിലും വിളിച്ചാലെ നിന്നെ ലൈനില്‍ കിട്ടൂ.” അമ്മയും ചിരിച്ചുകൊണ്ട് കുറ്റപ്പെടുത്തി. “എപ്പോ ചോദിച്ചാലും ‘ജോലി തിരക്ക്, മൊബൈൽ സൈലന്റ്, ജോലി തിരക്ക് മൊബൈൽ സൈലന്റ്’” അമ്മ എന്റെ സ്വരവും സംസാര ശൈലിയും അനുകരിക്കാൻ ശ്രമിച്ചു കൊണ്ട്‌ എന്നെ കളിയാക്കി സംസാരിച്ചു.

ഉടനെ ഞാൻ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു പോയി.

“ശെരി, പുറത്ത്‌ തന്നെ നില്‍ക്കാതെ നമുക്ക് അകത്ത് പോകാം.” ചിരി നിര്‍ത്തി ആന്റി പറഞ്ഞതും ഞങ്ങൾ എല്ലാവരും അകത്തേക്ക് നടന്നു.

“എടി കള്ളി, എന്നെക്കുറിച്ച് എന്തൊക്കെയാ നീ ധ്വനിയോട് പറഞ്ഞത്…!” ചിരിച്ചുകൊണ്ട് എനിക്കൊപ്പം നടക്കുന്ന ജെസ്സിയുടെ മുതുകിൽ ഞാൻ നുള്ളി.

അപ്പോ ജെസ്സി ചിരിച്ചു. “ഞാൻ സത്യം തന്നെയല്ലേ പറഞ്ഞത്.”

“അങ്ങനെയുള്ള സത്യമൊന്നും ഇനി പറയല്ലേ.” ജെസ്സിയോട് പറഞ്ഞിട്ട് എന്റെ ഇപ്പുറത്തായി എനിക്കൊപ്പം നടക്കുന്ന ധ്വനിയെ നോക്കി വെറുതെ കണ്ണിറുക്കി കാണിച്ചു.

“ഞാൻ ഇനിയും പറയും. ഒരുപാട്‌ പറയാനുണ്ട്. ധ്വനി ചേച്ചി നമ്മുടെ ഫാമിലിയല്ലേ, അച്ചാച്ചന്റെ ഭ്രാന്ത് ചേച്ചിയും അറിഞ്ഞിരിക്കട്ടെ.” ജെസ്സി എന്നോട് പറഞ്ഞിട്ട് കൊഞ്ഞനം കുത്തി കാണിച്ചു. അത് എല്ലാവരിലും ചിരിയുയർത്തി.

Leave a Reply

Your email address will not be published. Required fields are marked *