“ഞാൻ ആ ഹെര്‍ബല്‍ ടീ വലിയ അളവില്‍ സ്റ്റോക്കാക്കി വെക്കാറില്ല, ആന്റി. ഇപ്പൊ ഇവിടെ എന്റെ ആവശ്യത്തിനായി 150, 200 /ഗ്രാമം മാത്രമേ കാണൂ.” ഞാൻ മറുപടി പറഞ്ഞു. “ആവശ്യക്കാര്‍ ഓര്‍ഡര്‍ ചെയ്യുമ്പോൾ മാത്രമാണ് ഞാൻ വലിയ അളവില്‍ തയ്യാറാക്കി കൊടുക്കറുള്ളത്.”
“ഓഹ്..,” ആന്റിയുടെ മുഖത്ത് പെട്ടന്ന് നിരാശ പടർന്നു. “ഇത്രയും ഗുണങ്ങളുള്ള ഹെര്‍ബല്‍ ടീ പാക്ക് തയ്യാറാക്കുന്നത് ഈസിയായിരിക്കില്ലെന്ന് ഊഹിക്കാനേയുള്ളു. ദിവസങ്ങൾ വേണ്ടിവരും, അല്ലേ..? അത് തയ്യാറാക്കാന്‍ എത്ര ദിവസം വേണ്ടിവരും…? ഈയിടെയായി നീ ഭയങ്കര ബിസിയാണെന്ന് സ്റ്റെല്ല പറഞ്ഞായിരുന്നു, അപ്പൊ ഈ ഹെര്‍ബല്‍ ടീ പാക്ക് കിട്ടാൻ ചാൻസില്ല, അല്ലേ..?” നിരാശ മാറാതെ തന്നെ ആന്റി ഒറ്റ ശ്വാസത്തിൽ അത്രയും സംസാരിച്ചു.
അപ്പോ ഞാൻ പുഞ്ചിരിച്ചു.
“ആന്റി വിഷമിക്കേണ്ട..,
ആ ഹെര്‍ബല്‍ ടീ ഉണ്ടാക്കാൻ ദിവസങ്ങളൊന്നും വേണ്ട. വലിയ തോതില്‍ ചിലവാകുന്ന സാധനമായത് കൊണ്ട് എല്ലാ ഇൻഗ്രീഡിയൻസും സെപ്പറേറ്റ് സെപ്പറേറ്റായി ബൾക്കായി തന്നെ ഞാൻ റെഡിയാക്കി വച്ചിട്ടുണ്ട്. ഇനിയിപ്പോ ചെയ്യേണ്ടത്.. എല്ലാ ഇൻഗ്രീഡിയൻസും വേണ്ട അളവിനെടുത്ത് മിക്സ് ചെയ്യണം, അതിന്റെ കൂടെ ഒരു സ്പെഷ്യൽ ഹെര്‍ബല്‍ ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് എന്റെ ഒരു സ്പെഷ്യൽ ഇൻഗ്രീഡിയൻറ്റ് ഉണ്ടാക്കി ചേര്‍ക്കണം. പിന്നെ അതൊക്കെ കൊണ്ടുപോയി ഒരു ഇലക്ട്രിക് കണ്ടെയ്നറിൽ നിശ്ചിത ടെംപറേച്ചർ സെറ്റ് ചെയ്ത് മുക്കാല്‍ മണിക്കൂര്‍ ഇട്ടിരുന്നാൽ ഹെര്‍ബല്‍ ടീ റെഡി. നിങ്ങൾ പോകും മുമ്പ് ഞാൻ റെഡിയാക്കി തരാം.”
ഞാൻ പറഞ്ഞത് കേട്ട് ആന്റിയുടെ നിരാശ പെട്ടന്ന് മാറി. പക്ഷേ പെട്ടന്ന് ആന്റിയുടെ മുഖത്ത് ഒരു വിഷമം നിറഞ്ഞു. “ശെരി ഞങ്ങൾ അകത്ത് വെയിറ്റ് ചെയ്യാം, നിങ്ങൾ സംസാരിച്ച് കഴിഞ്ഞിട്ട് അകത്തേക്ക് വരൂ.” അത്രയും പറഞ്ഞിട്ട് ശ്രീവിദ്യ ആന്റി സ്റ്റെല്ല ആന്റിക്ക് നേരെ തിരിഞ്ഞു.
“നി വാ, ഇവിടെ കിച്ചനിൽ നിനക്ക് ഞാൻ തന്ന ആ ടീ പാക്ക് മാത്രമല്ല, വേറെയും ഒരുപാട് വെറൈറ്റി ഹെര്‍ബല്‍ ടീ പാക്കുണ്ട്. നമുക്ക് എല്ലാം പരീക്ഷിക്കാം.” സ്റ്റെല്ല ആന്റി പറഞ്ഞിട്ട് ശ്രീവിദ്യ ആന്റിയേയും കൂട്ടിക്കൊണ്ടു പോയി.
“ഹ്മ്, ഇവിടെ എന്റെ ഒരു സീരിയസ് കാരത്തിനായിട്ടാണ് ഞങ്ങൾ വന്നത്, പക്ഷേ എന്നെ കൈയൊഴിഞ്ഞിട്ട് നിന്റെ ഹെര്‍ബല്‍ ടീ വെറൈറ്റിയൊക്കെ പരീക്ഷിക്കാന്‍ എന്റെ ഭാര്യ ഉത്സാഹത്തോടെ പോകുന്നത് കണ്ടില്ലേ..!?” അങ്കിൾ പതിഞ്ഞ ശബ്ദത്തിൽ എന്നോട് തമാശയായി പറഞ്ഞിട്ട് താഴ്ന്ന ശബ്ദത്തിൽ ചിരിച്ചു.
“ഹും, വെറൈറ്റിയായ ഹെര്‍ബല്‍ ടീ ഉണ്ടാക്കി കുടിക്കാന്‍ ചാൻസ്
കിട്ടുമ്പോ എന്റെ ഭർത്താവിനെ എത്രവട്ടം വേണമെങ്കിലും ഞാൻ കൈയൊഴിയും.” ശ്രീവിദ്യ ആന്റിയുടെ ചിരി കലര്‍ന്ന വാചകങ്ങൾ വീട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകി വന്നു.
“ഞാനും ഈ ചാൻസിനെ നഷ്ട്ടമാക്കില്ല.” സ്റ്റെല്ല ആന്റിയും ചിരിച്ചുകൊണ്ട് പറയുന്നത് ഞങ്ങൾക്ക് പുറത്ത് കേട്ടു.
“ഇപ്പൊ മനസ്സിലായോ ജിനു സ്ത്രീകളുടെ കേള്‍വി ശക്തി എന്താണെന്ന്..!” അങ്കിൾ ചിരിച്ചു.
സത്യത്തിൽ ഈ ദമ്പതികളെ എനിക്ക് ഒരുപാട് ഇഷ്ടായി. കാരണം, ചില സീരിയസ് പ്രശ്നങ്ങളുണ്ടെങ്കിലും ഇവർ രണ്ടുപേരും ദുഃഖത്തിൽ മാത്രം വീണു കിടക്കാതെ സന്തോഷവും നര്‍മ്മവുമൊക്കെ കണ്ടെത്തി ലൈഫിനെ കളർഫുള്ളാക്കാൻ ശ്രമിക്കുന്നു.
“ഓക്കെ അങ്കിൾ, ഈ വെയിലത്ത് നില്‍ക്കാതെ നമുക്ക് എന്റെ കാർ ഷെഡ്ഡിലോട്ട് പോകാം.. അവിടെ ഇരുന്ന് സംസാരിക്കാൻ വേണ്ട സൗകര്യങ്ങളൊക്കെയുണ്ട്.”
“ഓക്കെ, അങ്ങോട്ട് പോകാം.” അങ്കിൾ ഓക്കെ പറഞ്ഞതും ഞാൻ എന്റെ വീട്ടില്‍ നിന്നും മാറിയുള്ള കാർ ഷെഡ്ഡിന് നേര്‍ക്ക് നടന്നു.
എന്റെ മൊബൈലിലുള്ള റിമോട്ട് ഉപയോഗിച്ച് ഷെഡ് ഞാൻ തുറന്നതും അങ്കിൾ വായ പൊളിച്ച് എന്നെ നോക്കി.
“ഇത് കാർ ഷെഡ് തന്നെയാണോ..?”, അങ്കിൾ ആശ്ചര്യത്തോടെ ചോദിച്ചു. “അതോ ഏതെങ്കിലും ലാബോ..?”
