“ഓക്കെ, ഓക്കെ, ഞാൻ വേഗം വരാം. നിങ്ങൾ പൊയ്ക്കൊ.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം ബാത്റൂമിൽ കേറി.
ഞാൻ 12 മിനിറ്റിനകത്ത് ചെറിയൊരു കുളിയും പാസാക്കി, ജെസ്സി കൊണ്ടു തന്ന ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും ഇട്ടുകൊണ്ട് വേഗം ഡൈനിംഗ് റൂമിലുമെത്തി.
ഞാനും, ജെസ്സിയും, ധ്വനിയും, ഷീനയും, അലനും ഒരുമിച്ചിരുന്ന് ചെറിയ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് കഴിച്ചു. ഭാഗ്യത്തിന് ഫുഡ് കഴിച്ച് തീരും മുമ്പ് തന്നെ ജെസ്സിയുടെ പിണക്കം അലിഞ്ഞ് പോയിരുന്നു. അവൾ പഴയപോലെ എന്നോട് സംസാരിക്കാനും തുടങ്ങി. അതോടെ എന്റെ മനസിലെ ഭാരവും അലിഞ്ഞുപോയി.
“ഇനി എന്റെ ട്രെയിനിങ് തുടങ്ങാം, ചേട്ടാ.” കഴിച്ചിട്ട് എല്ലാവരും കൂടി ഡൈനിംഗ് റൂം ഒതുക്കിയ ശേഷം ഷീന ഉത്സാഹത്തോടെ എന്നോട് പറഞ്ഞു.
“ഞാനും കൂടെ ഉണ്ടെങ്കിലും ബുദ്ധിമുട്ടാകുമോ..?” അലൻ എന്നോട് ചോദിച്ചു.
“എന്ത് ബുദ്ധിമുട്ട്. നീയും വാ.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
“എന്നാൽ ഞാനും വരട്ടെ..?” ധ്വനി ആകാംഷയോടെ ചോദിച്ചു.
“ഞാനും വരുന്നു.” ജെസ്സിയും പറഞ്ഞു.
“ഓക്കെ, ഓക്കെ, എല്ലാവരും വാ. നമുക്ക് ഹാളില്‍ തന്നെയിരിക്കാം.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. “പിന്നേ, എന്റെ ലാപ്ടോപ്പ് വണ്ടിയിലാണ്, ഞാൻ പോയി എടുത്തോണ്ട് വരാം.”
ഞങ്ങൾ എല്ലാവരും ഹാളിലേക്ക് വന്ന ശേഷം ഞാൻ എന്റെ ലാപ്ടോപ്പ് എടുക്കാൻ പുറത്തേക്ക് പോകാൻ തിരിഞ്ഞു.
“ജിനുവേ..!” അന്നേരം എന്റെ പേര് വിളിച്ചുകൊണ്ട് സേവിയർ അങ്കിൾ മുകളിലത്തെ നിലയില്‍ നിന്നും താഴേക്ക് സ്റ്റെപ്സിറങ്ങി വന്നു.
“എന്താ അങ്കിൾ..?” അങ്കിള്‍ എന്റെ അടുത്തേക്ക് വന്നു നിന്നപ്പോ ഞാൻ ചോദിച്ചു. അങ്കിൾ എന്തിന് വന്നു എന്നറിയാൻ മറ്റുള്ളവരും കൗതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുകയായിരുന്നു.
അങ്കിൾ പുഞ്ചിരിയോടെ ഞങ്ങളെ തന്നെ നോക്കി നില്ക്കുന്നവരുടെ മുഖത്തേക്ക് കണ്ണോടിച്ചു. എന്നിട്ട് എന്റെ തോളില്‍ കൈയിട്ട് എന്നെ പുറത്തേക്ക് നയിച്ചു. “നി വാ, ലണ്ടനിലെ നമ്മുടെ ബിസിനസ്സ് കാര്യം കുറിച്ച് ഒരു കാര്യം സംസാരിക്കാനുണ്ട്, പിന്നീട് ഞാൻ മറന്നുപോകും, അതുകൊണ്ടാണ് അതിനെ കുറിച്ച് ഓര്‍ത്തതും ഇപ്പോള്‍തന്നെ ഞാൻ വന്നത്.” മറ്റുള്ളവർ കേൾക്കാൻ തരത്തിൽ അങ്കിൾ ഉറക്കെയാണ് സംസാരിച്ചത്. എന്നിട്ട് എന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
അങ്കിളിന്റെ നാടകം കേട്ട് ഞാൻ മനസ്സിൽ ചിരിച്ചു. സത്യത്തിൽ അങ്കിൾ എന്തിനാണ് വന്നതെന്ന് എനിക്കറിയാമായിരുന്നു.
ഞങ്ങൾ എന്റെ
വണ്ടിക്കടുത്ത് എത്തും വരെ അങ്കിള്‍ ഞങ്ങളുടെ ബിസിനസ്സ് കുറിച്ച് എന്തൊക്കെയോ സംസാരിച്ചു. ഒടുവില്‍ വണ്ടിക്കടുത്ത് വന്നതും ബിസിനസ്സ് നാടകം മതിയാക്കി എന്റെ തോളില്‍ നിന്നും അങ്കിൾ കൈയെടുത്തു മാറ്റി.
“പിന്നേ ജിനുവേ…,” അങ്കിൾ തുടങ്ങി, പക്ഷേ പെട്ടന്ന് സംസാരം നിര്‍ത്തി ആരെങ്കിലും ഞങ്ങളെ പിന്തുടർന്നു വന്നോന്ന് അറിയാനായി അങ്കിൾ വീട്ട് നടയിലേക്ക് കണ്ണോടിച്ചു. ശേഷം ആശ്വാസത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. “മറ്റെ ഔഷധം നിന്റെ വണ്ടിയിലുണ്ടോ..? എനിക്ക് വേണമായിരുന്നു.” അങ്കിൾ പറഞ്ഞിട്ട് വീണ്ടും നടയിലേക്ക് കണ്ണോടിച്ചു.
“ഉണ്ട് അങ്കിൾ.” ഞാൻ മറുപടി പറഞ്ഞു. “സാധാരണയായി ആ സ്പെഷ്യൽ ടൈപ്പ് ഔഷധം എന്റെ വണ്ടിയില്‍ ഞാൻ സ്റ്റോക്ക് ചെയ്യാറില്ല. പക്ഷേ ഇങ്ങോട്ട് വരുന്നത് കൊണ്ട് ഞാൻ എടുത്ത് വച്ചായിരുന്നു.”
“ഹോ സമാധാനമായി.” അങ്കിൾ ആശ്വാസത്തോടെ ചിരിച്ചു. “നിന്റെ വണ്ടിയില്‍ കാണില്ലെന്നാണ് വിചാരിച്ചത്. തിരക്കിനിടക്ക് നിന്നോട് വിളിച്ച് പറയാനും ഞാൻ മറന്നുപോയി. എന്തായലും നി മിടുക്കനാണ് ജിനുവേ, നിന്നെ സമ്മതിച്ചിരിക്കുന്നു. എന്റെ കാര്യം നീ മറന്നില്ലല്ലോ..!!” അങ്കിളിന്റെ മുഖത്ത് സന്തോഷം വര്‍ധിച്ചു വന്നു. “ശെരി, പിള്ളാരാരെങ്കിലും കാണും മുമ്പ് വേഗം അതിങ്ങെടുത്തു താ.” അങ്കിൾ തിടുക്കത്തിൽ പറഞ്ഞിട്ട് വീണ്ടും വീട്ട് നടയിലേക്ക് നോക്കി.
