‘ഇനിയിപ്പോ സന്ധ്യ ആകാറായില്ലേ.. നാളെ ഉത്സവം കൂടെ കഴിഞ്ഞിട്ട് ഒരുമിച്ച് പോകാം നിങ്ങൾക്ക്. ഇവിടെ കൂടാം..’
ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു അത്. രണ്ട് ദിവസം ആണേലും അവളെ ഇവിടെ വിട്ടിട്ട് പോരാൻ എനിക്കൊരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അവര് എന്നേ ഇവിടെ താമസിപ്പിക്കാൻ മാത്രം മുതിരുമെന്ന് ഞാൻ കരുതിയില്ല. ഇഷാനി എന്തോ കളി കളിച്ചിട്ടുണ്ട്. അല്ലേൽ ഇങ്ങനെ ഒന്നും ഇവർ പറയില്ല.. അവരുടെ നിർബന്ധത്തിൽ ഞാൻ അവിടെ നിൽക്കാൻ സമ്മതിച്ചു.
‘കുളിച്ചിട്ട് വാ.. നമുക്ക് അമ്പലത്തിൽ പോകേണ്ടതാ..’
ഇഷാനി എന്റെ അടുത്തേക്ക് വന്നു പറഞ്ഞു
ഇവിടെ കിടക്കാൻ സ്‌ഥലം ഇല്ലാത്തത് കൊണ്ട് എനിക്ക് വേണ്ടി മുകളിൽ ഉള്ള വീട് ആയിരുന്നു സെറ്റ് ആക്കിയത്. അത് ഇഷാനിയുടെ വീടാണ്. അവൾ വാടകയ്ക്ക് കൊടുത്തിരുന്ന വീട്. ഇപ്പൊ വാടകക്കാർ ഇല്ലാത്തത് കൊണ്ട് അവിടെ എന്നേ നിർത്താം എന്ന് അവര് തീരുമാനിച്ചു.. അടുത്തിടെ ആരോ തൂത്തു തുടച്ചു വാരി ഇട്ടിട്ടുണ്ട് ഇവിടെ. ഞാൻ ആ വീട്ടിൽ കയറുമ്പോ ആലോചിച്ചു. ഇഷാനിയുടെ വൃത്തി അവരുടെ വീട്ടുകാർക്കും ഉണ്ടെന്ന് എനിക്ക് തോന്നി. ആൾ താമസം ഇല്ലാത്ത ഈ വീട്ടിലെ വൃത്തി ഞാൻ താമസിക്കുന്ന എന്റെ വീട്ടിൽ കാണില്ല..
കുളിക്കാൻ പോകുന്നതിന് മുമ്പ് അവൾ എനിക്ക് വേണ്ടി ഡ്രസും ബ്രഷും സോപ്പും എല്ലാം കൊണ്ട് വന്നു. എന്റെ ഡ്രസ്സ് ഒക്കെ അവൾ കൊണ്ട് വന്നിട്ടുണ്ടന്ന് എനിക്ക് അപ്പോളാണ് മനസിലായത്. ഇവൾ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വന്നിരിക്കുന്നെ..
‘എല്ലാവരോടും എന്ത് പറഞ്ഞാ സമ്മതിപ്പിച്ചേ…?
ഞാൻ ചോദിച്ചു
‘അതൊക്കെ സീക്രെട് ആണ്. ഞാൻ പറഞ്ഞപ്പോ നിനക്ക് വിശ്വാസം ഇല്ലാരുന്നല്ലോ.. കണ്ടല്ലോ ഇപ്പൊ. ഇഷാനി പറഞ്ഞാൽ ഇവർക്ക് ആർക്കും എതിർ വാക്ക് ഇല്ല..’
അവൾ പറഞ്ഞു.
‘ഈ വീട് കൊള്ളാമല്ലോ. ഒന്ന് പെയിന്റ് ഒക്കെ അടിച്ചു സെറ്റ് ആക്കിയെടുത്താൽ കിടു ആണ്..’
ഞാൻ വീടിന് ചുറ്റും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.
‘അതേ.. പിന്നേ ആ ബ്ലാക്ക് ഷർട്ട് ഇട്ടോണം. ഞാനും ബ്ലാക്ക് ആണ്. ആ മുണ്ടും ഉടുക്കണം..’
എന്നേ അതെല്ലാം പറഞ്ഞു ഏൽപ്പിച്ചിട്ട് അവൾ പോയി.
കുളിച്ചു കഴിഞ്ഞു ഡ്രസ്സ് എല്ലാം ഇട്ടു ഞാൻ അങ്ങോട്ട് ചെന്നു. അവളും അപ്പോളേക്ക് റെഡി ആയിരുന്നു. ഒരു കറുപ്പ് ചുരിദാർ ആയിരുന്നു അവളും ധരിച്ചിരിന്നത്. അമ്പലത്തിലേക്ക് ഞങ്ങൾ തിരിച്ചു. അവരുടെ സ്വന്തം അമ്പലത്തിലേക്ക് ആണ് അവൾ പോകുന്നത് എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഉത്സവം നടക്കുന്ന ആ അമ്പലത്തിലേക്ക് ആയിരുന്നില്ല അവൾ എന്നേ കൊണ്ട് പോകാൻ ഉദ്ദേശിച്ചത്. കുറച്ചു കൂടി മാറിയുള്ള ഒരു ശിവക്ഷേത്രത്തിൽ ആണ് ഞങ്ങൾ ചെന്നെത്തിയത്..
കുറച്ചു കയറ്റത്തിൽ ആണ് അമ്പലം ഇരിക്കുന്നത്. കുറെ പടികൾ കയറിയാൽ മാത്രമേ മേലെ ചെല്ലാൻ പറ്റൂ. അത്ര വലിയ അമ്പലം ഒന്നുമല്ല. ആളുകൾ ഒക്കെ കുറവാണ്. പക്ഷെ ഒരു വല്ലാത്ത പോസിറ്റീവ് അന്തരീക്ഷം അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ സന്ധ്യ ആകുന്നു. ഇഷാനി അവിടെ വഴിപാട് കഴിക്കാൻ വേണ്ടി പോയി. അമ്പലത്തിനു മുന്നിൽ ഒരു കൽവിളക്ക് ഉണ്ട്. അതിൽ എണ്ണ ഒഴിച്ച് ഞാനും അവളും വിളക്കിൽ ദീപം അണിയിച്ചു.. ചെറിയ കാറ്റുണ്ടെങ്കിലും തിരികൾ ഒന്നും കെടുന്നില്ല
‘നിങ്ങളുടെ അമ്പലത്തിൽ ഉത്സവം നടക്കുമ്പോ നീ എന്തിനാ ഈ അമ്പലത്തിൽ വന്നു തൊഴുന്നെ…?
തിരി കത്തിക്കുന്നതിന് ഇടയിൽ അവളോട് ഞാൻ ചോദിച്ചു
‘ഞാൻ ഇവിടെ മിക്കപ്പോഴും വരാറുള്ളതാ. ഇതാണ് ഞങ്ങളുടെ അടുത്തുള്ള ശിവ ക്ഷേത്രം..’
അവൾ പറഞ്ഞു
ദീപാരാധന ആയപ്പോൾ കുറച്ചു കൂടി ആളുകൾ എത്തി തുടങ്ങി. നടയുടെ മുന്നിൽ പ്രാർത്ഥിച്ചിട്ട് ഞാൻ മാറിയപ്പോളും അവൾ കണ്ണടച്ചു നിന്ന് പ്രാർഥിക്കുകയായിരുന്നു. ഞാൻ മാറി അത് നോക്കി നിന്നു. അവളുടെ കവിളിലൂടെ കണ്ണ് നീർ ഒഴുകുന്നത് എനിക്ക് കാണാം. അവൾ കരയുകയാണ്. ഇഷാനി സൈലന്റ് ആയി കരയുന്നത് ഞാൻ ആദ്യമായി കാണുവാ. സാധാരണ വിങ്ങി പൊട്ടി ഏങ്ങലടിച്ചു ആണ് അവൾ കരയുന്നത്.. പ്രാർഥിച്ചു കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നപ്പോൾ അവളോട് ഞാൻ ചോദിച്ചു
