റോക്കി – 6 26അടിപൊളി  

ഇങ്ങനെ ഒക്കെ ഓരോന്ന് ആലോചിച്ചു കൂട്ടി ഇഷാനി അവിടെ കുറെ നേരം ഇരുന്നു. ഇടയ്ക്കു ആ വാതിൽക്കൽ പോയി എത്തി നോക്കും കൃഷ്ണ പോയൊന്നു.. പക്ഷെ അവൾ ഉടനെ ഒന്നും പോകുന്ന ലക്ഷണം കാണുന്നില്ല.. ലാസ്റ്റ് രണ്ടും കല്പിച്ചു അവൾ ഉള്ളപ്പോൾ തന്നെ അവനെ പോയി കണ്ടാലോ എന്ന് വച്ചു ഇഷാനി എഴുന്നേറ്റപ്പോൾ ആണ് ആശുപത്രിയുടെ അങ്ങേ മൂലയിൽ ഒരു മുഖം അവൾ കണ്ടത്..

ആ മുഖം അവൾ അങ്ങനെ ഒന്നും മറക്കില്ല.. അടുത്തേക്ക് വരുന്തോറും അത് അവർ തന്നെ ആണെന്ന് ഇഷാനിക്ക് തീർച്ചയായി.. സ്വന്തം അമ്മ ആണ് ആ വരുന്നത്.. അവരെന്താ ഇവിടെ..? അവർക്കെന്താ അസുഖം.. കണ്ടിട്ട് എന്തോ വയ്യായ്ക പോലെ ഉണ്ട്.. പോയി തിരക്കണോ..? എന്തിന്..? തന്നെ പറ്റി ഇത്രയും നാൾ തിരക്കി വരാത്ത ആളോട് എന്തിനാ കടപ്പാട്.. അതിന്റെ ആവശ്യമില്ല.. ദൂരെ വച്ചേ അവരെ കണ്ടത് കൊണ്ട് അവര് അടുത്ത് വരുന്നതിന് മുന്നേ ഇഷാനി മാറി കഴിഞ്ഞു.. അവർ ഇഷാനിയെ കണ്ടതുമില്ല.. അവരെ കണ്ടതോടെ അവളുടെ മനസ്സ് വല്ലാതെ ആസ്വസ്‌ഥമായി.. ആവശ്യമില്ലാത്ത പഴയ ഓർമ്മകൾ ഒക്കെ മനസിൽ കയറി വരാൻ തുടങ്ങിയപ്പോ ഇഷാനി പുറത്തേക്ക് നടന്നു.. ഇനി ഇവിടെ നിക്കാൻ വയ്യ.. അർജുൻ തിരിച്ചു വീട്ടിൽ വരുമ്പോൾ കാണാം.. അവിടെ ആരുടെയും ശല്യം ഉണ്ടാവില്ലല്ലോ..

പിറ്റേന്ന് ക്ലാസ്സിൽ അർജുൻ വന്നില്ല.. കൃഷ്ണയും.. അവൻ വൈകിട്ട് തന്നെ ആശുപത്രിയിൽ നിന്ന് പോയെന്ന് രാഹുൽ പറഞ്ഞിരുന്നു.. അഥവാ അവൻ ക്ലാസ്സിൽ വരുമെന്ന് വച്ചാണ് താൻ ഇന്ന് ഇവിടോട്ട് വന്നത്.. ക്ലാസിൽ വരാത്ത സ്‌ഥിതിക്ക് അവൻ വീട്ടിൽ കാണും.. ഒന്ന് ഫോൺ ചെയ്തു ചോദിച്ചാലോ. അത് മോശം ആണ്.. നേരിട്ട് പോയി കാണുകയാണ് വേണ്ടത്.. ഇഷാനി ഓർത്തു

ഉച്ച കഴിഞ്ഞു ഇഷാനി ക്ലാസ്സിൽ കയറിയില്ല.. നേരെ അവൻ താമസിക്കുന്ന സ്ഥലത്തേക്ക് പോയി.. പക്ഷെ അവിടെ അവൻ ഉണ്ടായിരുന്നില്ല. വീട് പൂട്ടി കിടക്കുന്നു. അവൻ പിന്നെ എവിടെ പോയി…? ലാസ്റ്റ് അവൾ പിന്നെയും രാഹുലിനെ തന്നെ വിളിച്ചു.. അപ്പോളാണ് അറിയുന്നത് അവൻ അവന്റെ സ്വന്തം വീട്ടിലാണെന്ന്.. അതെവിടെ ആണെന്ന് ഇഷാനിക്ക് അറിയില്ല. രാഹുൽ ആ വഴി ഒക്കെ പറഞ്ഞു കൊടുത്തെങ്കിലും അവൾക്ക് അതൊന്നും ഓർമ്മയിൽ നിന്നില്ല.. പക്ഷെ അതിന്റെ ഒന്നും ആവശ്യം ഇല്ലായിരുന്നു.. ഓട്ടോ സ്റ്റാൻഡിൽ പോയി അവന്റെ അച്ഛന്റെ പേര് പറഞ്ഞപ്പോ തന്നെ അവർക്ക് മനസിലായി എവിടെ ആണെന്ന്.. ഓട്ടോ ഒരു വലിയ വീടിന്റെ മുന്നിൽ ആണ് വന്നു നിന്നത്

കൈതേരി എന്ന് മാർബിളിൽ കൊത്തി വച്ച ഫലകം പതിച്ച വലിയ മതിലിനു മുന്നിൽ ഇഷാനി നിന്നു.. ഒരു വലിയ ഗേറ്റ് വീടിന് മുന്നിൽ ഉണ്ട്.. അതിന്റെ ചെറിയ ഒരു പാളി തുറന്നു ഇഷാനി അകത്തേക്ക് കയറി..

‘ആരാ….?
ഒരു മധ്യവയസ്കൻ പെട്ടന്ന് ഇഷാനിക്ക് അടുത്തേക്ക് വന്നു ചോദിച്ചു.. ആളെ കണ്ടിട്ട് ഇവിടുത്തെ സെക്യൂരിറ്റി ആണെന്ന് തോന്നുന്നു.. ആ വേഷം ധരിച്ചിട്ടില്ല. പക്ഷെ കാഴ്ച്ചയിൽ അങ്ങനെ തോന്നി

‘ഞാൻ… ഞാൻ അർജുന്റെ ഫ്രണ്ട്…’
ഇഷാനി പറഞ്ഞു

‘കോളേജിൽ പഠിക്കുന്നതാണോ..?
അയാൾ പിന്നെയും വിസ്താരം ചെയ്തു.. ഒരു ഫ്രണ്ടിനെ കാണാൻ വരുന്നതിന് ഇത്രയും ചോദ്യം എന്തിനാ.. ഇഷാനിക്ക് അത് മനസിലായില്ല

‘ഏയ്‌.. ഇങ്ങ് വിട്…’
അപ്പോൾ കുറച്ചു മാറി ചെടികൾക്ക് വെള്ളം നനച്ചു കൊണ്ടിരുന്ന ഒരാൾ കൈ കാട്ടി ഇഷാനിയെ ഇങ്ങോട്ട് വിടാൻ ആംഗ്യം കാണിച്ചു.. അത് ഇഷാനിക്ക് പരിചയം ഉള്ള മുഖം ആണ്.. അർജുൻ ഒരിക്കൽ ഇദ്ദേഹത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്.. മഹാൻ…

‘അവനെ കാണാൻ വന്നതാണല്ലേ.. ആൾ മേളിൽ ആകും.. ഞാൻ വിളിക്കാം..’
മഹാൻ വെള്ളം ഒഴിക്കുന്ന ഓസ് താഴെ ഇട്ട് കൈ മുണ്ടിൽ തുടച്ചു..

‘സാരമില്ല.. ഞാൻ കണ്ടോളാം..’
ഇഷാനി പറഞ്ഞു..

അവൾ മെല്ലെ വീട്ടിലേക്ക് കയറി.. വീട് എന്നൊക്കെ പറഞ്ഞാൽ കുറച്ചിൽ ആണ്.. ഒരു കൊട്ടാരം പോലെ ആണ് ഇഷാനിക്ക് തോന്നിയത്.. വീടിന്റെ മുറ്റം തന്നെ നല്ല വിസ്താരം ഉണ്ട്.. പല തരം ചെടികൾ ചട്ടികളിൽ ആയി അടുക്കി വച്ചിട്ടൊക്കെ ഉണ്ട്.. വീടിന് ഉള്ളിൽ ആണെങ്കിൽ ഇഷാനി ഇന്നേ വരെ നേരിൽ കാണാത്ത ഒരുപാട് ആഡംബരങ്ങൾ.. വലിയ ദിവാൻ കോട്ട്, വലിയ അക്വെറിയം, കൊത്തു പണികൾ തീർത്ത ശിലാരൂപം, ഭിത്തിയിൽ തൂക്കിയ പെയിന്റ്ഗ്സ് ഒക്കെ കാണാൻ സാധിച്ചു.. ഇത്രയും വലിയൊരു വീട്ടിൽ ആദ്യമായ് ആണ് ഇഷാനി കയറുന്നത്.. ഇത്രയും വലിയൊരു വീട്ടിലെ പയ്യൻ ആണ് അർജുൻ എന്ന് ഇപ്പോൾ ഇഷാനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല.. അവൻ നല്ല കാശുള്ള വീട്ടിലെ ആണെന്ന് ആദ്യമേ അവൾക്ക് അറിയാമായിരുന്നു.. പക്ഷെ അതിന്റെ പത്രാസോ ജാഡയോ ഒന്നും തന്നെ അവനിൽ ഇല്ലാതിരുന്നത് കൊണ്ട് അവന്റെ ഇടപഴകലിൽ അവനൊരു സാധാരണക്കാരൻ ആയെ ഫീൽ ചെയ്തിട്ടുള്ളു. അവൻ താമസിക്കുന്ന സ്‌ഥലം ആയാലും വളരെ സിമ്പിൾ ആയുള്ളൊരു സ്‌ഥലം ആയിരുന്നു.. പക്ഷെ ഇപ്പോൾ ഈ വീട് കാണുമ്പോൾ ആണ് അവനും താനുമൊക്കെ തമ്മിൽ എന്ത് അന്തരം ഉണ്ടെന്ന് അവൾക്ക് മനസിലായത്.. ഇത്രയും വലിയ വീട്ടിലെ ചെക്കനാണ് തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞു പിറകെ നടന്നത്.. ഇഷാനിക്ക് അപ്പോൾ ചെറുതായൊരു കോംപ്ലക്സ് ഉള്ളിൽ പൊട്ടി..

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *