റോക്കി – 6 26അടിപൊളി  

‘മഹാനെ…’
ഞാൻ മഹാന്റെ പിന്നിലൂടെ കെട്ടിപിടിച്ചു.. ദേവരാജന്റെ മരണം കണ്ട് അയാളുടെ കൂട്ടാളികൾ ഭയന്ന് കരയാൻ തുടങ്ങി.. ഇതെല്ലാം വേഗം അവസാനിപ്പിക്കണം എന്ന് മഹാന് തോന്നി..

‘നീ പൊക്കോ.. ഇനി ഇവിടെ നിക്കണ്ട.. ഞാൻ ഇതെല്ലാം നോക്കിക്കോളാം..’
മഹാൻ പറഞ്ഞു

‘എങ്ങനെ..?

‘കൊലപാതകം അപകടമരണം ആക്കാൻ ഇവന് മാത്രം അല്ല അറിയുന്നത്.. ഇനി അഥവാ ആരെങ്കിലും ഇത് ചികഞ്ഞു വന്നാലും അതൊന്നും നിന്നിലേക്ക് എത്തില്ല. ഈ മഹാൻ ഉള്ളിടത്തോളം…’
എന്റെ ചുമലിൽ കൈ വച്ചു മഹാൻ പറഞ്ഞു
‘നീ വേഗം ചെല്ല്.. അവരവിടെ ഒറ്റയ്ക്കാണ്..’

പിന്നീട് അവിടെ നടക്കുന്നത് ഒന്നും ഞാൻ കാണരുത് എന്ന് മഹാന് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ പുറത്തേക്ക് നടന്നു. ബൈക്ക് വീടിന് പിന്നിലെ മതിലിന്റെ അടുത്താണ്. മുന്നിലത്തെ ഗേറ്റ് വഴി ഞാൻ പുറത്തേക്ക് കടന്നപ്പോൾ സെക്യൂരിറ്റി എന്നെ ശ്രദ്ധിക്കാതെ സിഗരറ്റ് വലിച്ചു ഇരിക്കുന്നത് ഞാൻ കണ്ടു.. ഇവിടെ ഇത്രയും സംഭവം നടന്നിട്ടും അയാൾ അറിയാഞ്ഞിട്ടല്ലല്ലോ.. ഇയാളും മഹാന്റെ ആളാണ്.. എനിക്ക് മനസിലായി

ബൈക്ക് എടുത്തു ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു. കതക് തുറന്നത് ലച്ചു ആയിരുന്നു.. അവൾ ഉറങ്ങിയിരുന്നില്ല. സമയം ഇപ്പൊ തന്നേ നേരം വെളുക്കാറായി..
‘അവൾ..?
ഞാൻ ചോദിച്ചു

‘ഉറങ്ങി..’
ലച്ചു പറഞ്ഞു

‘വീട്ടിൽ എന്ത് പറഞ്ഞു..?
ഞാൻ ചോദിച്ചു

‘ഞങ്ങൾ ചേച്ചിയുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു. അവൾ ഷൂട്ടിന്റെ കാര്യം ആയിട്ട് ഷോപ്പിൽ ആണ്.. ലേറ്റ് ആയാലും വരുമെന്ന് പറഞ്ഞു..’
ലച്ചു പറഞ്ഞു

ഞാൻ മുറിയിലേക്ക് കയറി. കൃഷ്ണ ഇഷാനിയുടെ മടിയിൽ കിടന്നു നല്ല ഉറക്കം ആയിരുന്നു. ഇഷാനി പക്ഷെ ഉറങ്ങിയിട്ടില്ലായിരുന്നു. എന്നെ കണ്ട് അവൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കൃഷ്ണ ഉണരും എന്ന ചിന്തയിൽ അവൾ അത് ഉപേക്ഷിച്ചു

‘എങ്ങനുണ്ട്…?
ഞാൻ പതിയെ ചോദിച്ചു

‘കുഴപ്പമില്ല.. ഇടയ്ക്ക് കുറച്ചു കരഞ്ഞു..’
അവളും പതിയെ പറഞ്ഞു.
‘കഴിച്ചോ..? ഫുഡ്‌ എടുത്തു വച്ചിട്ടുണ്ട്..’

‘കഴിച്ചോളാം.. നിങ്ങളോ..?
ഞാൻ ചോദിച്ചു

‘ഇവൾ കുറച്ചേ കഴിച്ചുള്ളൂ.. ലച്ചു കുറെ നിർബന്ധിച്ചിട്ടാ കഴിച്ചത്..’
ഇഷാനി പറഞ്ഞു. അവൾ ലക്ഷ്മിയെ ലച്ചു എന്ന് അങ്ങനെ വിളിക്കാറില്ല

‘നീയൊ…?
ഞാൻ ചോദിച്ചു

‘എനിക്ക് വിശന്നില്ല..’
അവൾ പറഞ്ഞു

കൃഷ്ണ ഉറങ്ങുന്നത് കൊണ്ട് അവളോട് കൂടുതൽ സംസാരിക്കാൻ ഞാൻ നിന്നില്ല. മേശപ്പുറത്തു ഫുഡ്‌ വാങ്ങിച്ചത് ഇരുപ്പുണ്ടായിരുന്നു. വിശപ്പ് ഉണ്ടേലും എനിക്ക് കഴിക്കാൻ തോന്നിയില്ല. ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചു. നല്ല പരവേശം ഉള്ളത് കൊണ്ട് ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ തീർത്തു.. ദേഹത്തു മൊത്തത്തിൽ ഒരു ക്ഷീണം ഉള്ളത് കൊണ്ട് ഒന്ന് കുളിക്കാമെന്ന് കൂടി ഞാൻ വച്ചു. ഷവറിന് അടിയിൽ നിന്ന് നടന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞാൻ മനസ്സിൽ ചിന്തിച്ചു.. പലതും ഓർക്കുമ്പോ തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളവ. അങ്കിൾ എന്ന് ചെറുപ്പം മുതൽ വിളിച്ചു നടന്നവന്റെ ഒക്കെ തനി സ്വരൂപം ഇന്ന് കണ്ടപ്പോ എന്തോ മുഴുവൻ ആയി ഉൾക്കൊള്ളാൻ കഴിയാത്തത് പോലെ. എല്ലാം അവിടെ കൊണ്ട് അവസാനിച്ചു എന്ന് ഓർത്തപ്പോ മനസിന് ഒരു തരി ആശ്വാസം കിട്ടി

കുളി കഴിഞ്ഞു ഡ്രസ്സ്‌ മാറി ഞാൻ വാതിൽക്കൽ വന്നു. സമയം നാല് ആകാറായി. റോഡിനു മുന്നിൽ ഞങ്ങളുടെ ആൾക്കാർ ഇപ്പോളും നിൽപ്പുണ്ട് ഞങ്ങൾക്ക് കാവലായി. അവരോട് ഞാൻ കുറച്ചു നേരം സംസാരിച്ചു. പൊക്കോളാൻ പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. അവർ വണ്ടിയിൽ തന്നെ ഇരുന്നു. അവരോട് സംസാരിച്ചിട്ട് മുറ്റത്തേക്ക് തിരിച്ചു വന്നപ്പോൾ ലച്ചു വാതിൽക്കൽ പടിയിൽ ഇരിപ്പുണ്ടായിരുന്നു.. ഞാനും അവളുടെ ഒപ്പം ചെന്നു ഇരുന്നു

‘നീ കഴിച്ചില്ലേ..?
അവൾ എന്നോട് ചോദിച്ചു

‘എനിക്ക് വേണ്ട..’
ഞാൻ പറഞ്ഞു

‘പപ്പി ഇപ്പൊ വരും. അവിടുന്ന് ഇറങ്ങിയിട്ടുണ്ട്..’
ലച്ചു പറഞ്ഞു

‘അവളോട് പറഞ്ഞോ..?
ഞാൻ ചോദിച്ചു

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *