‘നീതു അവിടെ കയറി അങ്ങനെ പറഞ്ഞത് ഞാൻ പറഞ്ഞിട്ടാണ് എന്ന് കൂടി പറ.. ‘
ഇഷാനി പറഞ്ഞു
‘അതെന്ത് ആയാലും നിനക്ക് പിന്നെയും ഒരു അവസരമായല്ലോ അവന്റെ മുന്നിൽ മാലാഖ കളിക്കാൻ.. എപ്പോളും കറക്റ്റ് ഇത് പോലെ എങ്ങനെ അവസരം ഒപ്പിച്ചു എടുക്കുന്നെടി…?
കൃഷ്ണ ഒരു ലോജിക്കും ഇല്ലാതെ ഇഷാനിയോട് വഴക്കടിച്ചു. ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യം എല്ലാം അങ്ങനെ ആണ് പുറത്ത് വന്നത്
‘നീ ഇതിലേക്ക് അവനെ വലിച്ചിടണ്ട.. അതൊന്നും എന്നേ ഇപ്പോൾ ബാധിക്കുന്ന കാര്യമല്ല.. ആ ചൊരുക്ക് നീ എന്നോട് കാണിക്കണ്ട..’
ഇഷാനി പറഞ്ഞു
‘ഇതാണ് ഞാൻ പറഞ്ഞത്.. ഇതാണ്.. ഇതാണ് നിന്റെ അഭിനയം.. നീ അവനെ ഗൗനിക്കുന്നില്ല എന്ന് പറയും. പക്ഷെ അവന് ശ്രദ്ധ കിട്ടുന്നിടത്തെല്ലാം നീ ഉണ്ടാകും.. അവൻ മനസിലില്ല എന്ന് പറയും. പക്ഷെ അവനെ മൂവ് ഓൺ ആകാൻ സമ്മതിക്കാതെ നിന്റെ ചുറ്റും ഇട്ട് കറക്കും..’
‘നിനക്ക് വട്ടുണ്ടോ..? ഞാൻ അവനുമായി ഒട്ടാൻ പോകുന്നില്ല. അവനും ഇങ്ങോട്ട് വരുന്നില്ല. ഞങ്ങൾ രണ്ടും അത് അവസാനിപ്പിച്ചതാണ്.. പിന്നെ ഞാൻ അവനോട് ഇപ്പോൾ മിണ്ടി തുടങ്ങിയത് വച്ചാണ് നീ പറയുന്നതെങ്കിൽ അത് അവന് ആക്‌സിഡന്റ് ആയത് അറിഞ്ഞത് കൊണ്ട് മാത്രം ആണ്.. എനിക്ക് വയ്യാണ്ടായി ഇരുന്നപ്പോൾ അവൻ ഒരുപാട് ഹെല്പ് ചെയ്തിട്ടുണ്ട്.. അത് കൊണ്ട് മാത്രം… അല്ലാതെ നിന്റെ വൃത്തികെട്ട വായിൽ നിന്ന് വരുന്നത് പോലെ ഒന്നുമല്ല….’
ഇഷാനിയും അവളോട് അല്പം മുഷിഞ്ഞു തന്നെ സംസാരിച്ചു
‘ഓ എന്റെ ദൈവമേ എത്ര നല്ലവളായ പെൺകൊച്ചു.. ഇതൊക്കെ അവൻ ഇങ്ങനെ ചിന്തിക്കുമെന്ന് നിനക്ക് അറിയാം. അവൻ പിന്നെയും നിന്റെ പുറകെ വരുമെന്ന് നിനക്ക് അറിയാം.. അല്ലാതെ കടപ്പാടിന്റെ പുറത്തൊന്നും അല്ല നീ അവനോട് മിണ്ടി തുടങ്ങിയത് എന്ന് എനിക്ക് അറിയാം..’
കൃഷ്ണ ഭ്രാന്തികളെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു
‘നീ എന്ത് കരുതിയാലും എനിക്ക് ഒന്നുമില്ല…’
ഇഷാനി പറഞ്ഞു
‘നീ എന്റെ മുഖത്ത് നോക്കി പറയെടി നിനക്ക് ഇപ്പോളും അവനോട് ഒന്നുമില്ല എന്ന്.. നീ പറ ഒരു വട്ടം…’
കൃഷ്ണ വെല്ലുവിളിച്ചു..
‘അതൊക്കെ ബോധിപ്പിക്കാൻ നീ ആരാ എന്റെ. ഞങ്ങൾക്ക് ഇടയിൽ ഉള്ളത് ഞങ്ങൾ പറഞ്ഞു തീർത്തോളാം.. അതെന്ത് തന്നെ ആയാലും.. നീ ആരാ…?
ഇഷാനി ദേഷ്യത്തോടെ ചോദിച്ചു..
‘കണ്ടോ.. നിനക്ക് പറയാൻ പറ്റില്ല.. എനിക്ക് അറിയാം നിനക്ക് അതിന് പറ്റില്ല എന്ന്.. അതിന് ഏറ്റവും വലിയ ഉദാഹരണം ആണല്ലോ നിന്റെ കയ്യിൽ കിടക്കുന്നത്….’
കൃഷ്ണ അത് പറഞ്ഞപ്പോ ഇഷാനി ഒന്ന് ഞെട്ടി.. തന്റെ കയ്യിൽ കിടന്ന രുദ്രാക്ഷത്തിൽ അവൾ പെട്ടന്ന് തൊട്ടു.. പിന്നെ ആണ് ഇഷാനിക്ക് മനസിലായത് അവൾ ഉദ്ദേശിച്ചത് കയ്യിലെ പളുങ്ക് മണികൾ കോർത്ത ചെയിൻ ആണെന്ന്… ടൂറിനു പോയി വന്നപ്പോൾ അജയ് വഴി അർജുൻ ഇഷാനിക്ക് കൊടുത്ത സമ്മാനം.. അതിപ്പോളും അവളുടെ കയ്യിലുണ്ട്..
‘നിന്റെ കയ്യിൽ കിടക്കുന്ന ആ സാമാനം അവൻ തന്നതല്ലേ.. അതിപ്പോളും നിന്റെ കയ്യിൽ കിടക്കുന്നുണ്ടേൽ അതിന് അർഥം നിനക്ക് അവനെ മറക്കാൻ കഴിയില്ല എന്ന് തന്നെ ആണ്.. അത് അവനും അറിയാം.. അപ്പോൾ പിന്നെ അവൻ നിന്റെ പിന്നാലെ തന്നെ കിടന്നു കറങ്ങും.. നിനക്ക് വേണ്ടതും അത് തന്നെ ആണ്…’
ആ ചെയിൻ സെലക്ട് ചെയ്തത് കൃഷ്ണ ആയിരുന്നു. അത് കൊണ്ട് തന്നെ അത് ഇഷാനിയുടെ കയ്യിൽ കിടക്കുമ്പോ അതേത് അർഥത്തിൽ ആണെന്ന് കൃഷ്ണയ്ക്ക് മനസിലാകുമായിരുന്നു.. ഇഷാനി അർജുനായി വഴക്ക് ഉണ്ടാക്കി വീട് വിട്ടിറങ്ങിയപ്പോ കയ്യിൽ കിടന്ന ചെയിൻ ഊരി വച്ചിരുന്നു.. ഇപ്പോൾ തൊട്ട് മുമ്പ് അവനായി സംസാരിച്ചു കഴിഞ്ഞപ്പോ ആണ് ബാഗിൽ നിന്ന് അവളത് എടുത്തു കയ്യിൽ അണിഞ്ഞത്.. അത് കൃഷ്ണ കണ്ട് പിടിക്കുകയും ചെയ്തു
‘ഞാൻ ഇത് വെറുതെ ഇട്ടതാണ്.. നീ അതിന് വേറെ അർഥം ഒന്നും കണ്ട് പിടിക്കേണ്ട..’
ഇഷാനി ഒന്ന് പതറി
‘നിനക്ക് അവനോട് ഒന്നുമില്ലെങ്കിൽ അവൻ തന്നത് പൊട്ടിച്ചെറിയെടി.. ചെയ്യ്… ഇപ്പോൾ തന്നെ…’
കൃഷ്ണ അവളെ വെല്ലുവിളിക്കുന്ന പോലെ പറഞ്ഞു.. അവളുടെ മുന്നിൽ ജയിക്കാൻ കയ്യിൽ കിടക്കുന്നത് പൊട്ടിച്ചു അവളുടെ മുഖത്ത് എറിയാൻ ഇഷാനിക്ക് തോന്നി. പക്ഷെ അവൾക്ക് അതിന് കഴിഞ്ഞില്ല.. കഴിയില്ല..
