‘നിന്നെ കാണിച്ചു തരാമെടാ..’
എന്തായാലും നനഞ്ഞു. ഇനി എന്നെ കുളിപ്പിച്ചിട്ടേ ബാക്കി കാര്യം ഉള്ളു എന്ന് പറഞ്ഞു ഇഷാനി എന്റെ കൈ പിടിച്ചു പുറത്തേക്ക് വലിക്കാൻ തുടങ്ങി. ഞാൻ പക്ഷെ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇഷാനി രണ്ട് കൈ കൊണ്ടും മുഴുവൻ ശക്തിയും എടുത്തു എന്നെ വലിക്കാൻ തുടങ്ങി. കാണുന്ന പോലെ അല്ല അവൾക്ക് അത്യാവശ്യം ആരോഗ്യം ഉണ്ട്.. പക്ഷെ എന്നെ വലിച്ചു പുറത്ത് ഇടാൻ മാത്രം ഇല്ലെന്ന് മാത്രം.. ഏറെ നേരം നോക്കിയിട്ടും എന്നെ പടിയിൽ ഇറക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. ഒടുവിൽ അണച്ചു ഇഷാനി പടിയിൽ ഇരുന്നു.. ആൾ പിണങ്ങി
‘തോറ്റോ…?
ഞാൻ കളിയാക്കി ചോദിച്ചു
‘പോ…’
അവൾ എന്നെ നോക്കാതെ ശുണ്ഠിയോടെ പറഞ്ഞു
‘വാ നമുക്ക് ഒരുമിച്ച് നനയാം..’
ഞാൻ വാതിൽ ചാരി പുറത്തിറങ്ങി. അവളുടെ കയ്യിൽ പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു..
ഇഷാനി കള്ളപ്പിണക്കത്തിൽ കൈ വിടീക്കാൻ നോക്കിയെങ്കിലും ഞാൻ ബലമായി അവളെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. അവൾ ബലം പ്രയോഗിച്ചു അല്ല എങ്കിലും ഞാൻ നനഞ്ഞു എന്നുള്ളത് കൊണ്ട് അവൾ ജയിച്ചതായി ഇഷാനി കരുതി
‘എങ്ങോട്ടാ..?
റോഡിലൂടെ അവളുടെ കയ്യും പിടിച്ചു നടന്നപ്പോ അവൾ ചോദിച്ചു
‘ചുമ്മാ ഇങ്ങനെ നടക്കാം…’
ഞാൻ പറഞ്ഞു
‘പനി പിടിയ്ക്കും..’
അവൾ പറഞ്ഞു
‘ഇത് പനി വരുന്ന മഴ അല്ല. ഇത് റൊമ്പ നല്ല മഴ..’
ഞാൻ കൈകൾ ഉയർത്തി മഴ ശരിക്കും ആസ്വദിച്ചു കൊണ്ട് പറഞ്ഞു
ഞങ്ങൾ രണ്ട് പേരും റോഡിൽ കൂടി വെറുതെ മഴ നനഞ്ഞു നടന്നു. കാണുന്നവർ ഒക്കെ ഞങ്ങൾക്ക് വട്ടാണെന്ന് കരുതും. അവര് എന്ത് വേണേൽ കരുതട്ടെ. റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വണ്ടികൾ ഇടയ്ക്ക് ഞങ്ങളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു കടന്നു പോയി. കടന്നു പോകുന്ന വണ്ടികളും വഴിയരികിലെ കടകളും എല്ലാം ലൈറ്റ് ഓൺ ആക്കി. സമയം അഞ്ചര ആയതേ ഉള്ളു. പക്ഷെ ഒരു ഏഴു മണിയുടെ പ്രതീതി മൊത്തത്തിൽ ഉണ്ട്.
ആ ഇരുട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ ഇതിനെ രണ്ടിനെയും കൂടാതെ ഞങ്ങൾ രണ്ട് പേര് മാത്രം തോളോട് തോൾ ചേർന്നു നടന്നു. നൂനുവിനെ കാണാത്ത ദുഃഖം ഇപ്പൊ ഇഷാനി മറന്നു. എന്നെ തള്ളിയിടാൻ പറ്റാത്ത പിണക്കവും അവൾ മറന്നു.. ഇപ്പൊ മഴ ആണ് അവളുടെ ഉള്ളിൽ. അവളുടെ മേലെ, അവളുടെ ഹൂഡിക്ക് ഉള്ളിൽ ഒലിച്ചിറങ്ങുന്ന തുള്ളികളിൽ, അവളുടെ ഹൃദയത്തിൽ എല്ലാം മഴയാണ്..
‘ഇങ്ങനെ മഴ നനയാൻ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.. പക്ഷെ ആദ്യമായാണ് ഞാൻ ഇങ്ങനെ നനയുന്നെ… നീ നനഞ്ഞിട്ടുണ്ടോ ഇങ്ങനെ മുന്നേ…?
ഇഷാനി എന്നോട് ചോദിച്ചു
‘പിന്നെ.. എത്രയോ വട്ടം..’
ഞാൻ പറഞ്ഞു
‘ഓ അപ്പോൾ വേറെ പെമ്പിള്ളേരുടെ കൂടെ ഒക്കെ ഇതേ പോലെ നടന്നിട്ടുണ്ടല്ലേ..?
ഇഷാനി കെറുവിച്ചു ചോദിച്ചു
‘അങ്ങനെ ആരാ പറഞ്ഞേ..? ഞാൻ ഫ്രണ്ട്സിന്റെ ഒപ്പം നനഞ്ഞു നടന്നിട്ടുണ്ട്, ബൈക്കിൽ നനഞ്ഞു റൈഡ് ചെയ്തിട്ടുണ്ട്, ഫുട്ബോൾ നനഞ്ഞു കളിച്ചിട്ടുണ്ട്. അങ്ങനെ കുറെ ഉണ്ട്..’
ഞാൻ പറഞ്ഞു
പ്രത്യേകിച്ച് ഒരു ലക്ഷ്യം ഇല്ലാതെ തോന്നുന്ന പോലെ ഞങ്ങൾ നടന്നു. ഒടുക്കം നടന്നു നടന്നു അവൾക്ക് കാൽ കഴച്ചപ്പോൾ അടുത്ത് കണ്ട ഒരു വെയ്റ്റിംഗ് ഷെഡിൽ കയറി ഞങ്ങൾ നിന്നു. ഇവിടെ നിന്നാലും മഴ നല്ലത് പോലെ ആസ്വദിക്കാൻ കഴിയും. അമ്മാതിരി പണിയാണ് ഇത് ഉണ്ടാക്കിയവർ ചെയ്തിട്ട് പോയത്. അവിടെ നിന്ന് കഴിഞ്ഞാണ് എനിക്ക് ഓർമ വന്നത്.. ഇവിടെ ഞങ്ങൾ പണ്ടും ഒരു മഴയത്തു കയറി നിന്നിട്ടുണ്ട്.. അന്ന് അവൾ ബിയർ അടിച്ചു എന്നെ കിസ്സടിച്ച ആ രാത്രിയിൽ മഴ നനഞ്ഞു ഞങ്ങൾ ഇവിടെ ആണ് ആദ്യം കയറി നിന്നത്. അത് ഞാൻ പറഞ്ഞപ്പോ ആണ് അവൾക്കും കത്തിയത്
‘അവിടാണോ ഇത്..? എനിക്ക് നല്ല ഓർമ ഇല്ല..’
അവൾ പറഞ്ഞു
‘അവിടെ തന്നെ.. ഇവിടുന്ന് ആണ് നേരെ നമ്മൾ ഒറ്റയടിക്ക് വീട്ടിലോട്ട് പോയത്.. പിന്നെ ആണ് എല്ലാ സംഭവവികാസങ്ങളും നടക്കുന്നത്..’
ഞാൻ പഴയത് ഒക്കെ അവളെ ചെറുതായ് ഒന്ന് ഓർമ്മിപ്പിച്ചു
‘നീ അതൊന്നും എന്നെ ഓർമ്മിപ്പിക്കല്ലേ..’
ഇഷാനി എന്റെ തോളിലൂടെ കയ്യിട്ടു എന്നോട് ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു
