റോക്കി – 6 26അടിപൊളി  

വീടിന്റെ ഉള്ളിൽ ഒരു വശത്തു ചെറിയൊരു ബുക്ക്‌ ഷെൽഫ് ഇരിക്കുന്നത് ഇഷാനി അപ്പോളാണ് ശ്രദ്ധിച്ചത്.. അർജുൻ വീട്ടിൽ ഒരു ലൈബ്രറി ഉണ്ടെന്ന് പറഞ്ഞിരുന്നു.. പക്ഷെ അന്ന് ഇഷാനി സങ്കൽപ്പിച്ചത് ഇതിലും വലിയൊരു കളക്ഷൻ ആയിരുന്നു.. സ്വാഭാവികം ആയും ഇഷാനി ആ ബുക്ക്‌ ഷെൽഫിനു അടുത്തേക്ക് ആണ് ചെന്നത്.. അപ്പോളാണ് മുകളിൽ നിന്നും ആരോ ഇറങ്ങി വരുന്ന കാൽപെരുമാറ്റം കേട്ടത്.. അർജുൻ..

അവന്റെ നെറ്റിയിൽ ഒരു കേട്ടുണ്ടായിരുന്നു അപ്പോളും.. കയ്യും അനക്കാതെ ഇരിക്കാൻ തൂക്കി ഇട്ടിരിക്കുന്നു.. കൈയ്ക്ക് ചെറിയ രീതിയിൽ നീര് ഉള്ളത് പോലെ തോന്നി അവൾക്ക്.. പക്ഷെ തന്നെ കണ്ട മാത്രയിൽ അവന്റെ മുഖത്ത് ഉണ്ടായ സന്തോഷം ആണ് അവൾ ഏറ്റവും ശ്രദ്ധിച്ചത്.. ഞാൻ കാണാൻ വരില്ല എന്നാണോ അവൻ കരുതിയിരുന്നത്… അത്രേ ഉള്ളായിരുന്നോ ഞാൻ.. അങ്ങനെ ആയിരുന്നോ അവൻ എന്നെ പറ്റി കരുതിയിരുന്നത്….

‘ഇഷാനി വാ… കുറെ നേരം ആയോ വന്നിട്ട്…?
അർജുൻ ചോദിച്ചു

‘ഇല്ല.. വന്നെ ഉള്ളു.. നിനക്ക് എങ്ങനെ..?
ഇഷാനിക്ക് എങ്ങനെ അവനോട് ചോദിക്കണം എന്ന് അറിയില്ലായിരുന്നു.. എന്തോ ഒരു തടസ്സം അപ്പോളും അവൾക്കുള്ളിൽ തികട്ടി നിന്നു

‘എന്നാൽ ഇരിക്ക്.. കമലേച്ചി…’
വിശാലമായ സോഫ കാണിച്ചു അർജുൻ അവളെ ഇരുത്തി. അതിന് അടുത്തായി അവനും ഇരുന്നു.. അടുക്കളയിലേക്ക് നോക്കിയാണ് അവൻ വിളിച്ചത്.. തനിക്ക് എന്തെങ്കിലും കുടിക്കാൻ പറയാൻ ആകും..

‘എന്താ പറ്റിയത്…? ബൈക്ക് മറിഞ്ഞോ…?
ഇഷാനി ചോദിച്ചു

‘ഓ അത് ചെറുതായി ഒന്ന് സ്ലിപ് ആയതാ.. ഇവിടെ എല്ലാരും പേടിച്ചു.. നിനക്ക് അറിയാല്ലോ ആക്‌സിഡന്റ് എന്ന് കേൾക്കുമ്പോ ഇവിടെ എല്ലാർക്കും പേടിയാ..’

‘ഇത് നല്ല മുറിവ് ഉണ്ടല്ലോ….?
ഇഷാനിക്ക് അവന്റെ മുറിവിൽ, അവന്റെ മുഖത്ത് ഒന്ന് തലോടണം എന്നുണ്ടായിരുന്നു.. പക്ഷെ എന്തോ അവളത് ചെയ്തില്ല. അവളുടെ കൈകൾ ചലിച്ചില്ല

‘ഇതോ…? ഇത് ഒരാഴ്ച പോലും വേണ്ട മാറാൻ.. ഇപ്പോൾ ചെറിയ വേദന ഉണ്ട് ദേഹം അനങ്ങുമ്പോ.. അല്ലാതെ വേറെ പ്രശ്നം ഒന്നുമില്ല..’

‘ഞാൻ.. ഞാൻ ഇന്നലെ വന്നിരുന്നു.. ഹോസ്പിറ്റലിൽ.. നീ അപ്പോളേക്ക് പോയി…’
ഇഷാനി ഒരു കള്ളം പറഞ്ഞു. അവിടെ വന്നിട്ടും കൃഷ്ണ ഉള്ളത് കൊണ്ടാണ് താൻ കാണാൻ കൂട്ടാക്കാഞ്ഞത് എന്ന് അവൾ പറഞ്ഞില്ല..

‘നീ വിളിച്ചു അന്വേഷിച്ചു എന്ന് അവൻ പറഞ്ഞിരുന്നു..’
അത് പറയുമ്പോളും അവന്റെ മുഖത്ത് വലിയ സന്തോഷം ഉണ്ടായിരുന്നു

‘ഞാൻ രാവിലെ വീട്ടിലും പോയിരുന്നു.. അവിടെ.. അവിടെയും കാണാഞ്ഞിട്ട് അവനെ വിളിച്ചപ്പോ ആണ് ഇവിടെ ആണെന്ന് അറിഞ്ഞേ..’

‘ആഹാ നീ അവിടെ പോയിട്ടാണോ ഇങ്ങോട്ട് വന്നെ.. നീ വന്നു തിരക്കാൻ മാത്രം അപകടം ഒന്നും ഇല്ലെടോ.. കണ്ടില്ലേ.. ‘
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘ആട്ടെ ഇവിടോട്ട് വരാൻ കുറെ കറങ്ങിയോ..? വഴി നിനക്ക് അറിയില്ലാരുന്നല്ലോ..’

‘ഓട്ടോ സ്റ്റാൻഡിൽ ചോദിച്ചപ്പോൾ അറിയാമായിരുന്നു. അവര് വാതുക്കൽ കൊണ്ട് ഇറക്കി..’
ഇഷാനി പറഞ്ഞു

‘ഹാ അച്ഛന്റെ പേര് പറഞ്ഞാൽ ഇവിടെ ഒക്കെ എല്ലാവർക്കും അറിയാം..’
അപ്പോളേക്കും അടുക്കളയിൽ നിന്നും ഒരു ചേച്ചി രണ്ട് പേർക്കും ജ്യൂസുമായി എത്തി.. അത് കുടിച്ചു രണ്ട് പേർക്കിടയിലും ഒരു മൗനം കടന്നു വന്നപ്പോൾ ആണ് രഘുനാഥ്‌ അവിടേക്ക് വരുന്നത്

‘ഹാ ഇഷാനി മോൾ ഇതെപ്പോ വന്നു…’
അച്ഛൻ വളരെ സന്തോഷത്തിൽ അവളെ വിളിച്ചു.. അച്ഛൻ തന്നെ ഓർക്കുന്നുണ്ട്

‘ഇപ്പോൾ വന്നെ ഉള്ളു… അച്ഛാ…’
ഇഷാനി പറഞ്ഞു.

‘ഞാൻ ഇവൻ ഇവിടെ വരുമ്പോൾ ഒക്കെ മോളുടെ കാര്യം തിരക്കും.. ഇടയ്ക്ക് ഇങ്ങോട്ട് കൊണ്ട് വരാൻ പറയും. ഇവൻ വീണു പഞ്ചർ ആയപ്പോൾ ആണേലും മോൾ ഇവിടെ വരെ വന്നല്ലോ…’
അച്ഛൻ സംസാരിക്കുമ്പോ എല്ലാം മോൾ എന്ന് വിളിക്കുമ്പോ ഇഷാനിക്ക് ഉള്ളിൽ എവിടെയോ ഒരു നൊമ്പരവും ഒരിത്തിരി സന്തോഷവും ഒരുമിച്ച് മുളച്ചു..

‘അവൾ ക്ലാസ്സ്‌ – കട – വീട് എന്ന് പറഞ്ഞു നടക്കുവാ.. ഫ്രീ ആയി കിട്ടണ്ടേ..’
അർജുൻ അങ്ങനെ പറഞ്ഞത് കൊണ്ട് താനും അവനുമായി ഉടക്കിൽ ആയത് അച്ഛന് അറിയില്ല എന്ന് അവൾക്ക് മനസിലായി.

Updated: January 20, 2025 — 9:06 pm

Leave a Reply

Your email address will not be published. Required fields are marked *