‘ഒന്നും അറിയില്ല എന്ന് പറഞ്ഞത് വെറുതെ.. എന്തെങ്കിലും അറിയാതെ ഇരിക്കില്ലല്ലോ…?
അയാൾ ഒരു വളിച്ച ചിരിയോടെ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.. കാര്യങ്ങളുടെ കിടപ്പ് വശം എനിക്ക് പിടികിട്ടി. ഇയാൾക്ക് ഇപ്പോളും എന്നെ സംശയം ഉണ്ട്. എന്റെ താടിയും നീണ്ടു നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയും ഒക്കെ അയാളിൽ ഒരു സംശയം ജനിപ്പിച്ചിട്ടുണ്ട്.. കടങ്കഥ പറഞ്ഞു കളിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മുഖത്ത് നോക്കി തന്നെ കാര്യം പറഞ്ഞു..
‘സാർ എന്താ ഒരുമാതിരി ചോദ്യം ചെയ്യൽ പോലെ.. എനിക്ക് കോളേജിൽ ഡ്രഗ് ഡീലിങ് ഉണ്ടെന്നാണോ സാറിന്റെ സംശയം..’
‘എനിക്ക് അങ്ങനെ സംശയിച്ചു കൂടെ. അതൊക്കെ അല്ലേ എന്റെ ഡ്യൂട്ടി..’
അങ്ങേരും നേരെ വിഷയത്തിലേക്ക് വന്നു..
‘സംശയിക്കാൻ എന്ത് ഉണ്ടായിട്ടാണ്.. ഇത്രയും നേരം എല്ലായിടത്തും കയറി ഇറങ്ങി പരിശോധിച്ചിട്ടും എന്തേലും കിട്ടിയോ…?
ഞാൻ ആത്മവിശ്വാസത്തിൽ ചോദിച്ചു..
‘ഇല്ല. അത് കൊണ്ട് നിങ്ങൾ എന്റെ സംശയത്തിന്റെ ദൃഷ്ടിയിൽ നിന്ന് മാറുന്നുമില്ല..’
‘ഐ ഡോണ്ട് അണ്ടർസ്റ്റാൻഡ്.. ഒരു തെളിവും ഇല്ലാതെ ഞങ്ങളെ സംശയിക്കേണ്ട കാര്യം എന്താണ്..?
ഞാൻ ന്യായമായ സംശയം ഉന്നയിച്ചു
‘ ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ ഒരു ഫേക്ക് ആണെന്ന് ഇപ്പോളും ഞാൻ കരുതുന്നില്ല. അത്രക്ക് ജനുവിൻ ആയ ഒരു ഇൻഫർമേഷൻ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയത്. എന്നിട്ടും ഒന്നും കിട്ടിയില്ല എങ്കിൽ ഇവിടെ കള്ളത്തരം കാണിക്കുന്ന ആൾ അത്രക്ക് സമർഥൻ ആണെന്നാണ് ഞാൻ കരുതുന്നത്.. ഇതെന്റെ സംശയം മാത്രമാണ്.. നിങ്ങൾ കള്ളൻ ആണെന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ നിങ്ങൾ പൂർണമായും നിരപരാധി ആണെന്ന് വിശ്വസിക്കാൻ ആയിട്ടില്ല എന്ന് മാത്രം ആണ്..’
ജോർജ് അയാളുടെ നിരീക്ഷണം എന്നോട് പങ്ക് വച്ചു.. സംശയിക്കപ്പെടുന്ന ആളുടെ മുന്നിൽ തന്നെ അയാൾ അത് പങ്ക് വച്ചത് എന്തിനാണ് എന്നെനിക്ക് മനസിലായില്ല. ചിലപ്പോ എന്തെങ്കിലും പോലീസ് മുറ ആകും
‘സാറിന്റെ സംശയം ഒക്കെ ന്യായം. പക്ഷെ എനിക്ക് അങ്ങനൊരു ബിസിനസ് നടത്തേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഞങ്ങൾക്ക് കോടികളുടെ ബിസിനസ് ഉണ്ട്. അത് പോലും നേരെ ചൊവ്വേ നോക്കാൻ എന്നേ കൊണ്ട് പറ്റുന്നില്ല..’
ഞാൻ എന്റെ അവസ്‌ഥ തന്നെ ആണ് പറഞ്ഞത്
‘അത് ഇവിടെ വന്നപ്പോൾ തൊട്ടുള്ള തന്റെ പെരുമാറ്റത്തിൽ തന്നെ മനസിലായി ഇവിടെ തന്റെ ശ്രദ്ധ എത്താറില്ല എന്ന്..’
ഇവിടെ വന്നപ്പോൾ തൊട്ടുള്ള എന്റെ എല്ലാ ചലനങ്ങളിലും ഇയാളുടെ കണ്ണുകൾ ഉണ്ടായിരുന്നു.. കള്ളത്തരം ഒന്നും ഇല്ലെങ്കിലും അതെന്നെ അസ്വസ്‌ഥനാക്കി.
‘ എനിക്ക് ഇതിന്റെ ഒന്നും പിറകെ പോവേണ്ട കാര്യം ഇല്ല.. സാർ അത് മനസിലാക്കിയാൽ മതി..’
‘ചിലപ്പോൾ ഒരുപക്ഷെ തന്റെ ഈ ആറ്റിട്യൂട് ആയിരിക്കും പ്രശ്നം..’
എന്തോ ആലോചിച്ചിട്ട് അയാൾ പറഞ്ഞു
‘എന്ത്..?
ഞാൻ കാര്യം അറിയാതെ ചോദിച്ചു
‘തന്റെ ശ്രദ്ധക്കുറവ്.. അത് മുതലെടുക്കുന്ന മറ്റൊരാൾ ആകാം കപ്പലിലെ കള്ളൻ.. ഞാൻ ഒരു ഊഹം പറഞ്ഞതാണ്…’
അയാൾ വളരെ ഗാഡമായി ചിന്തിച്ചു പറഞ്ഞതാണ് എന്ന് എനിക്ക് മനസിലായി..
‘അച്ഛന് വയ്യാതെ ആയതിൽ പിന്നെ എല്ലാം നോക്കി നടത്തുന്നെ നിങ്ങളുടെ ഒരു അങ്കിൾ ആയിരുന്നല്ലേ.. എന്താ ആളുടെ പേര്…?
ഞാൻ മറുപടി കൊടുക്കാതെ ചിന്തയിൽ മുഴുകി ഇരുന്നപ്പോൾ അയാൾ അടുത്ത ചോദ്യം ചോദിച്ചു.. മഹാനെ കുറിച്ചാണ് അയാളുടെ ചോദ്യം. അയാളുടെ സംശയം മഹാനിലേക്ക് വരെ നീങ്ങുന്നു എന്നറിഞ്ഞപ്പോ എനിക്ക് പൊള്ളി. എന്റെ മുഖം കുറച്ചു കടുപ്പമായി..
‘മഹാദേവൻ..’
ഞാൻ ആക്ഷോഭ്യൻ ആയി തന്നെ മറുപടി കൊടുത്തു..
‘ആഹ്.. എന്തായാലും നിലവിൽ ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് സോറി.. ഇനി ഞങ്ങളുടെ ഭാഗത്തു നിന്നും ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കട്ടെ..’
ചോദ്യങ്ങൾ എനിക്ക് പിടിക്കുന്നില്ല എന്നയാൾക്ക് പിടികിട്ടിയിരുന്നു. അത് കൊണ്ട് തന്നെ ആ സംസാരം അവസാനിപ്പിച്ചു പിരിയാൻ ആയി ജോർജ് സാർ എഴുന്നേറ്റു..
