വീടിന്റെ തിണ്ണയിൽ ഒരു കസേര ഇട്ടു എന്നേ അവിടെ ഇരുത്തി. ശ്രുതി ഒരു ഗ്ലാസ് ചായയും തന്നു ഒരു ചിരിയും പാസ്സാക്കി പോയി. ഞാനും രവിയച്ഛനും തിണ്ണയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ളിൽ ബാഗ് എല്ലാം വച്ചു സ്വസ്‌ഥമാകുമായിരുന്നു ഇഷാനി.. പാറുവും ശ്രുതിയും അവളുടെ കൂടെ ഉണ്ടായിരുന്നു
‘മുടി എപ്പോ കളർ ചെയ്തു..? കൊള്ളാല്ലോ…’
ഇഷാനിയുടെ കളർ ചെയ്ത മുടിയിൽ നോക്കി ശ്രുതി ചോദിച്ചു
‘ഈയിടെ ചെയ്തതാടി..’
ഇഷാനി പറഞ്ഞു
‘ഞാൻ കരുതി നീ ട്രെയിൻ ആയിരിക്കും വരുന്നതെന്നാ. ഈ വെയിലത്തു ബൈക്ക് കയറി പോരേണ്ട ആവശ്യം ഉണ്ടായിരുന്നോ..?
ഇഷാനിയുടെ പേരമ്മ അവളുടെ രവിയമ്മ മുറിയിലേക്ക് വന്നു ചോദിച്ചു
അർജുൻ കൂടെ വന്നതിൽ ഉള്ള അസ്വാരസ്യം അങ്ങനെ ആണ് അവര് കാണിച്ചത്. സുഹൃത്തുക്കൾ ആയി വീട്ടിൽ വരുന്നത് മോശം ആയത് കൊണ്ടല്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇത്രയും ദൂരം ഒക്കെ ഒരുമിച്ച് വരുമ്പോൾ നാട്ടുകാർ പലതും ചിന്തിക്കില്ലേ..? ഇതൊരു നാട്ടുമ്പുറം അല്ലേ..? ഏറ്റവും പ്രധാനമായി ഇഷാനിയുടെ കല്യാണത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം തീരുമാനിച്ച നേരത്താണ് അവളുടെ ഇങ്ങനെ ഒരു വരവ്. അത് കൊണ്ട് തന്നെ അർജുനോടുള്ള ഇഷ്ടക്കുറവ് കൊണ്ട് ആയിരുന്നില്ല രവിയമ്മ അങ്ങനെ പറഞ്ഞത്. ഇഷാനിയെ കുറിച്ച് ഓർത്താണ്..
‘ഓ ട്രൈയിനിൽ ഒക്കെ ആടി തൂങ്ങി വരാൻ മേലായിരുന്നു.. പിന്നെ ചേട്ടൻ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു..’
‘ഇത്രയും ദൂരം അത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കണ്ടേ..’
എന്നേ കരുതി രവിയമ്മ പറഞ്ഞു
‘ചേട്ടനതൊന്നും കുഴപ്പമുള്ള കാര്യമല്ല..’
ഇഷാനി ഇവിടെ വച്ചു എന്നെ ചേട്ടൻ എന്നാണ് വിളിക്കാൻ പോകുന്നത് എന്ന് പറഞ്ഞിരുന്നു. ഇവിടെ ഉള്ളവർക്ക് ഒന്നും ഭർത്താവിനെ പേര് എടുത്തു വിളിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. അത് കൊണ്ട് എന്നോടും ഇഷാനി ഒരു ബഹുമാനം വച്ചാണ് സംസാരിച്ചത്..
അവരുടെ തുടർന്നുള്ള സംസാരത്തിൽ നിന്ന് അരും കാര്യം അറിഞ്ഞിട്ടില്ല എന്ന് ഇഷാനിക്ക് മനസിലായി. പാറു എല്ലാം അവതരിപ്പിച്ചേക്കാം എന്ന് പറഞ്ഞതാണ്
‘നീ ഒന്നും പറഞ്ഞില്ലേ പാറു…?
ഇഷാനി പാർവതി ചേച്ചിയോട് ചോദിച്ചു
‘സോറിയെടി.. ഞാൻ പറയാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു..’
പാറു പറഞ്ഞു. അപ്പോളാണ് പറയാതെ വച്ച ആ കാര്യം എല്ലാവരും അറിയുന്നത്. തിണ്ണയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്ന രവിയച്ഛനെ ശ്രുതി വന്നു അകത്തേക്ക് വിളിച്ചു. പിന്നെ അവര് അകത്തു ചർച്ച ഒക്കെ ആയി. അവരായി ഒരു ആലോചന ശരിയാക്കി വന്നപ്പോൾ ഇഷാനി സ്വന്തം ഇഷ്ടം കാണിച്ചത് അവർക്ക് ചെറിയൊരു ഇഷ്ടക്കുറവ് ഉണ്ടാക്കി..
കുറച്ചു സമയം കൊണ്ട് തന്നെ ഒരു പെണ്ണ് കാണാൻ വന്ന അവസ്‌ഥ ആ വീടിന് ഉണ്ടായി. ഇഷാനിയുടെ അടുത്ത ബന്ധുക്കൾ ഒക്കെ അവിടേക്ക് വന്നു. ഉത്സവം ആയത് കൊണ്ട് മിക്കവരും വീട്ടിൽ ഒക്കെ തന്നെ ഉണ്ടായിരുന്നു. മൂന്നാല് പേർക്കിടയിൽ ഇരുന്നു അവരോടെല്ലാം ചോദിക്കുന്നതിനു മറുപടി പറയുന്നത് അരോചകം ആയി എനിക്ക് തോന്നി. പക്ഷെ വേറെ വഴിയില്ലല്ലോ..
‘ഇഷ മോളുടെ ക്ലാസ്സിൽ ആണോ..?
ആ കൂട്ടത്തിലെ ഒരു മാമൻ ചോദിച്ചു
‘അല്ല. ഞാൻ അവളുടെ സീനിയർ ആയിരുന്നു..’
‘ഇപ്പൊ എന്ത് ചെയ്യുന്നു..?
എന്നേ നിരന്തമായി ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന ഒരു അമ്മാവൻ ആണ് അത് ചോദിച്ചത്. പുള്ളിക്ക് എന്നേ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു
‘ഞാൻ ബിസിനസ് ആണ്..’
ഇഷാനി പറഞ്ഞത് പോലെ തന്നെ ഞാൻ എല്ലാം മറുപടി കൊടുത്തു
‘എന്ത് ബിസിനസ് ആണ്…?
അങ്ങേര് പിന്നെയും കുത്തി കുത്തി ചോദിച്ചു. കയ്യിലിരുന്ന കാലൻ കുട പിടിച്ചു വാങ്ങി അയാളുടെ തലയ്ക്കിട്ട് ഒന്ന് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചു. പിന്നെ സംയമനം പാലിച്ചു ഞാൻ ഉത്തരം കൊടുത്തു
‘ഫാമിലി ബിസിനസ് നോക്കി നടത്തുന്നു. ഞങ്ങൾക്ക് എക്സ്പോർട്ടിങ് കമ്പനീസ്, പെട്രോൾ പമ്പ് ഒക്കെയുണ്ട്. അതൊക്കെ നോക്കി നടത്തുന്നു..’
